ഓർമകളാണ് മനുഷ്യ ജീവിതത്തെ വികാരസാന്ദ്രമാക്കുന്നത്. അത് മധുരിക്കുന്നതാണെങ്കിലും വേദനിക്കുന്നതാണെങ്കിലും. യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ മരണം സംഭവിക്കുന്നത്, അയാളെക്കുറിച്ചുള്ള ഓർമ്മകൾ പൂർണ്ണമായും ഇല്ലാതാകുന്ന നിമിഷത്തിൽ മാത്രമാണ്. വിദ്യാഭ്യാസ കാലഘട്ടം എന്നത് , ഒരാളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ്. അത് എത്ര കയ്പ്‌നീര് കുടിച്ചതാണെങ്കിലും മധുരിക്കുന്നതായിരിക്കും. അത്തരത്തിൽ കുറേയേറെ കയ്പ് നീര് കുടിച്ച മധുരിക്കുന്ന സ്‌കൂൾ ഓർമ്മകളുടെ സമാഹാരമാണ് ഷാജി ഹനീഫ് രചിച്ച സ്‌കൂൾ എന്ന വിദ്യാലയ സ്മരണകൾ
ഓർമ്മകൾ വായിക്കുമ്പോൾ അത് വായനക്കാരനേയും അവന്റേതായ ഓർമ്മകളുടെ ലോകത്തേക്ക് സഞ്ചരിപ്പിക്കാൻ ഉതകുന്നതായിരിക്കണം. പൊന്നാനിയിലെ ഗൗരി ടീച്ചറുടെ എൽ.പി സ്‌കൂളും എ.വി ഹൈസ്‌കൂളുമാണ് ഈ ഓർമ്മകളുടെ കേന്ദ്രബിന്ദുവെങ്കിലും വായനക്കാരന് ആ ഒരു സ്‌കൂൾ മുറ്റത്ത് മാത്രം ഒതുങ്ങി നിൽക്കാനാവില്ല. മറിച്ച് , അവൻ അവന്റേത് കൂടിയായ ബാല്യകാല സ്മരണകളിലേക്കും വിദ്യാലയ സ്മരണകളിലേക്കും ആഴ്ന്നിറങ്ങിപ്പോകുന്നു. കുറഞ്ഞ പക്ഷം ഈ പുസ്തകം വായിക്കുന്ന നിമിഷങ്ങളിൽ അവൻ ഒരു സ്‌കൂൾ കുട്ടിയായി രൂപാന്തരപ്പെട്ടു പോകുന്നു. അനാവശ്യമായി മുതിർന്ന് പോവുകയും പ്രശ്‌നങ്ങളിലും സങ്കീർണ്ണതകളിലും കുടുങ്ങിപ്പോവുകയും ചെയ്ത മനുഷ്യനെ അവന്റെ എല്ലാ പ്രക്ഷുബ്ധതകളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും കുറച്ച് ദിവസത്തേക്കെങ്കിലും മുക്തനാക്കാൻ ഈ കൃതിക്ക് സാധിക്കുന്നുണ്ട്.
ഒരു മനുഷ്യൻ അവന്റെ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുന്നത് അവന്റെ ബാല്യകാല ചങ്ങാത്തങ്ങളിലൂടെയും അധ്യാപകരിലൂടെയുമാണ്. ചില ഘട്ടങ്ങളിൽ രക്ഷിതാക്കളേക്കാൾ പ്രാധാന്യം ഈ രണ്ട് ഘടകങ്ങൾക്കുമുണ്ട്. ഇവിടെ ഷാജി ഹനീഫിന്റെ സൗഹൃദങ്ങളും അധ്യാപക വൃന്ദങ്ങളും എങ്ങനെയാണ് അയാളിലെ സാംസ്‌കാരിക -സാഹിത്യ- കലാ തത്പരനായ ഒരു വ്യക്തിയെ രൂപപ്പെടുത്തിയതെന്ന് വായനക്കാരന് ബോധ്യപ്പെടുന്നു. സ്‌കൂളുകൾ എങ്ങനെയാണ് മനുഷ്യരിൽ സാമൂഹ്യബോധം സൃഷ്ടിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട് ഈ കൃതി.
കൃത്യമായ ഫ്രെയിമിനുള്ളിലൂടെ മാത്രം വളരാൻ വിധിക്കപ്പെട്ട അത്യാധുനിക ബോർഡിങ്ങ് സ്‌കൂളിലെ വിദ്യാർത്ഥികളിൽ നിന്നും എങ്ങനെയാണ് പൊതു വിദ്യാലയത്തിലെ വിദ്യാർത്ഥികൾ വേറിട്ട് നിൽക്കുന്നതെന്നും ഈ കൃതി വെളിവാക്കിത്തരുന്നുണ്ട്. വിദ്യാലയം എന്നത് അക്ഷരങ്ങളും ഭാഷയും ശാസ്ത്രവും പഠിക്കാനുള്ള ഒരിടം മാത്രമല്ലെന്നും അത് ജീവിതം പരുവപ്പെടുത്തിയെടുക്കുന്ന ഒരിടം കൂടിയാണെന്നും ഈ കൃതി മനസ്സിലാക്കിത്തരുന്നുണ്ട്. ഒരാളിൽ രാഷ്ട്രീയബോധം വളരുന്ന വഴികളേയും ഈ കൃതി വരച്ചിടുന്നു. 1986 ൽ എസ്.എസ്.എൽ.സി പൂർത്തിയാക്കി, പൊന്നാനി എ.വി. ഹൈസ്‌കൂളിൽ നിന്നും പുറത്തിറങ്ങിയ ഒരു ബാച്ചിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്.
ജീവിതത്തിന്റെ അര നൂറ്റാണ്ട് പൂർത്തിയാക്കിയ ഒട്ടേറെ മനുഷ്യരുടെ കൂടി ഓർമകളാണിത്. ജീവിതത്തിൽ തോറ്റു പോയവരുടേയും വിജയിച്ചവരുടേയും കഥ. പാതി വഴിയിൽ കൊഴിഞ്ഞു പോയവരുടെയും ഇനി ജീവിതം തുടങ്ങാനിരിക്കുന്നവരുടെയും കഥ. ഒരു പറ്റം ഓർമകളുടെ സമാഹാരമാണ് ഓരോ മനുഷ്യജീവിതവും എന്ന യാഥാർത്ഥ്യത്തിലേക്ക് ഓരോ വായനക്കാരനേയും കൊണ്ടെത്തിക്കാൻ ഈ കൃതിക്ക് സാധിക്കുന്നുണ്ട്. വിദ്യാലയ സ്മരണകൾ എന്നത് നെല്ലിക്കയുടേയും നാരങ്ങാ മിഠായിയുടേയും പുളിയച്ചാറിന്റേയും രുചി മാത്രമല്ല, സംഗീത ക്ലാസിൽ ഫീസ് കൊടുക്കാനില്ലാത്ത ഒരു ബാലന്റെ കണ്ണീരിന്റെ കൂടി കഥയാണ്. യുവജനോത്സവത്തിന്റെ ആരവങ്ങളോടൊപ്പം തന്നെ വിടപറയലിന്റെ ഗദ്ഗദങ്ങളുടേത് കൂടിയാണ്. പേടിപ്പെടുത്തുന്ന ചൂരലിനോടൊപ്പം തന്നെ സാന്ത്വനത്തിന്റെ കരസ്പർശം കൂടിയാണ്. ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില 200 രൂപ. പേജ് 160






