Sorry, you need to enable JavaScript to visit this website.

പരിമളം പൂശുവാൻ പാതിരാക്കാറ്റുമണഞ്ഞല്ലോ..

വില്ലരിക്കുന്നിൽ ഏതോ കാലത്ത് ആളും താമസവും ഒഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട വീട്ടിന്റെ ഉത്തരത്തിൽനിന്ന് കൗസുതാത്തയുടെ മയ്യിത്ത് താഴെയിറക്കുമ്പോൾ പുറത്ത് ഇരുട്ട് പരന്നു തുടങ്ങുന്നുണ്ടായിരുന്നു. പുറത്ത് വീശിയിരുന്ന കാറ്റ് മരണം തൊടാനെന്ന പോലെ വീടിനുള്ളിലേക്ക് മൂളിക്കയറി. പുരയുടെ തെക്കുകിഴക്കേ മൂലയിൽനിന്നുള്ള പട്ടിയുടെ കുര മരണമൗനത്തിന് മുകളിലൂടെ തലങ്ങുംവിലങ്ങും പാഞ്ഞു.  ഏതാനും നിമിഷം മുമ്പ് മാത്രം പ്രസവിച്ചതിനാലാകണം തന്റെ കുഞ്ഞുങ്ങളെ പൊതിഞ്ഞുവെച്ച് പട്ടി ശബ്ദിച്ചുകൊണ്ടേയിരുന്നത്.

കൗസുതാത്തയുടെ വിരലോട്ടയിൽ ഇപ്പോഴും ബീഡിയുണ്ടല്ലോ എന്ന് പ്രാന്തൻ കുട്ടിമാൻ വിളിച്ചുപറയുമ്പോൾ മറ്റുള്ളവർ മയ്യിത്ത് നിലത്ത് കിടത്തുകയായിരുന്നു. ജനിക്കുമ്പോൾ തന്നെ കൗസുതാത്തയുടെ വിരലിൽ ബീഡി കുത്തിത്തിരുകാൻ പാകത്തിലൊരു ഓട്ടയുണ്ടായിരുന്നു. ഒട്ടിച്ചേർന്ന പരന്ന ചൂണ്ടുവിരലിനും നടുവിരലിനും നടുവിലുള്ള ഓട്ട ബീഡിവലിക്കാനായി ജനിച്ചപ്പോഴേ പടച്ചോൻ ഒരുക്കിവെച്ചതാണെന്ന കൗസുതാത്തയുടെ വീമ്പു വർത്തമാനം വിരലോട്ടയിൽനിന്ന് കെട്ടുപോയ ബീഡിക്കുറ്റി വലിച്ചുപുറത്തേക്കിടുമ്പോൾ അരയാന്റെപുരയ്ക്കൽ മമ്മദ് ഓർത്തെടുത്തു. ബീഡിക്കുറ്റിക്ക് നേരെ പാഞ്ഞുവന്ന പട്ടി അത് മാംസമല്ലെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്റെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് തിരിച്ചോടി. ബീഡിക്കുറ്റി വലിച്ചൂതൽ ഓൾക്ക് ഹരമായിരുന്നുവെന്നും പൂതിതീർന്ന് മരിക്കാൻ ഭാഗ്യം കിട്ട്യോളാണെന്ന് കൗസുതാത്തയുടെ മേൽ വെളുത്ത തുണി പുതപ്പിക്കുമ്പോൾ സൈതാലി മേനി പറഞ്ഞു. കയർ അഴിച്ചെടുത്ത് കഴുത്തിലെ അടയാളം തുടച്ചുനീക്കാൻ ശ്രമിക്കുന്നതിനിടെ ചെറിയ അവറാൻ കണ്ണുരുട്ടിയത് സൈതാലി കണ്ടു. പൂതി തീർക്കാൻ വന്നിരിക്കുന്നുവെന്ന് ചെറിയവറാൻ പല്ലുറുമ്മി. ഇരുപത്തിമൂന്നാമത്തെ വയസ് മുതൽ അറുപതാം വയസിൽ കയറിൽ കെട്ടിമുറുക്കി ശ്വാസംമുട്ടി തീരുന്നത് വരെയുള്ള കൗസുതാത്തയുടെ ജീവിതം ചെറിയവറാന്റെ പല്ലിറുമ്മലിലുണ്ടായിരുന്നു. തന്റെ ഇക്കാക്കയാണെന്ന ബഹുമാനം പോലും നൽകാതെ ചെറിയവറാൻ പിന്നെയും സൈതാലിയെ തുറിച്ചുനോക്കി. കാലിൽനിന്ന് നീങ്ങിയ വെള്ളത്തുണി ശരിയാക്കുന്നതായി അഭിനയിച്ച് സൈതാലി പുറത്തെ ഇരുട്ടിലേക്കിറങ്ങി.
പുറത്തേക്ക് കൊണ്ടുവരുന്ന മയ്യിത്തിന്റെ കാൽ വാതിൽപ്പടിയിൽ തൊടുമെന്നായപ്പോൾ സൈതാലി കാൽ നേരെയാക്കി. കുന്നിറക്കി താഴെ റോഡിലേക്ക് മയ്യിത്ത് കൊണ്ടുപോകുന്നതിനിടെ ഒരിക്കൽ കൂടി സൈതാലി കൗസുവിന്റെ മുഖത്തേക്ക് നോക്കി. ഇറച്ചിക്കടയിൽ അന്ന് രാവിലെ അറുത്തിട്ട പോത്തിന്റെ കണ്ണുപോലെയായിരുന്നു കൗസുതാത്തയുടെ മുഖം- കണ്ണുതുറിച്ച്, നാവ് കടിച്ചുപിടിച്ചിട്ട്. ഇനിയുള്ള കാലം തന്നെ പേടിപ്പിക്കാൻ കൗസുവിന്റെ അവസാനത്തെ നോട്ടം മതിയെന്ന് ബോധ്യപ്പെട്ട് സൈതാലി ദീർഘനിശ്വാസം വിട്ടു. ആ നെടുവീർപ്പിൽ പത്തുനാൽപ്പതു കൊല്ലം മുമ്പുള്ള അമ്പോട്ടിൽ ഉമ്മറിന്റെ മൂത്ത മകൾ കൗസുവിന്റെ ജീവിതമെല്ലാമുണ്ടായിരുന്നു.


ഉമ്മറിന് കൗസുവിന് താഴെയും മൂന്നു പെൺകുട്ടികളായിരുന്നു. പുറമ്പോക്ക് ഭൂമിയിലെ വീട്ടിൽനിന്ന് ഉമ്മയില്ലാത്ത ഈ മക്കളെയുമായി ഏത് നിമിഷവും ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഉമ്മർ ജോലിക്കൊന്നും പോകാതെ വീട്ടിൽതന്നെ ഇരിക്കാൻ തുടങ്ങിയത്. പണിക്ക് പോകുന്ന നേരത്ത് മക്കളെ ആരെങ്കിലും ഇറക്കിവിട്ട് വീടിന് തീവെക്കുമോ എന്ന പേടിയിൽ അയാൾ കാവലിരുന്നു. ആദ്യമൊക്കെ വീടിന് ചുറ്റിലും നടന്നിരുന്ന ഉമ്മർ അധികം വൈകാതെ മുറ്റത്ത് കസേരയിട്ട് അവിടെ ഇരുത്തം സ്ഥിരമാക്കി. മിന്നുന്ന കൊടുവാളിൽ നിന്ന് പേടിയുടെ വെളിച്ചം ചിലപ്പോഴൊക്കെ പ്രവഹിച്ചു. രാത്രി വീടിനകത്ത് കിടന്നുറങ്ങിയിരുന്ന ശീലം  പോയ്മറഞ്ഞു. നല്ല മഴയുണ്ടെങ്കിൽ മാത്രം ഇറയത്ത് കയറിനിൽക്കും. കട്ടൻചായയും ബീഡിയും ചുണ്ടിൽനിന്ന് മാറിയതേയില്ല. കട്ടനും ബീഡിയും നിർത്തിയാൽ ഉറക്കം വരുമെന്നും ഉറങ്ങിയാൽ ശത്രുക്കളെത്തി വീടിന് തീവെക്കുമെന്നും അയാൾ ഭയപ്പെട്ടു. ബീഡിയുടെ ശേഖരം കഴിഞ്ഞാൽ ഉടൻ കിട്ടിയില്ലെങ്കിൽ അയാളുടെ ശാന്തഭാവം ഇല്ലാതാകും. വീടിന് അയാൾ തന്നെ തീവെക്കുമോ എന്ന് തോന്നിത്തുടങ്ങിയ നിമിഷം നാട്ടുകാർ സംഘം ചേർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മൂർച്ചയുള്ള കൊടുവാൾ വീശി എല്ലാവരെയും ആട്ടിയോടിച്ചു. ഇയാളെ മയക്കുവെടി വെച്ച് പിടിക്കേണ്ടി വരുമെന്ന് ആളുകൾ പറയാൻ തുടങ്ങിയെങ്കിലും ആരും അതിന് ശ്രമിച്ചില്ല. ബീഡി കഴിഞ്ഞാൽ അകത്തേക്ക് നോക്കി കൗസൂന്നൊരു വിളിയാണ്. ഒരൊറ്റ വട്ടമേ വിളിക്കൂ. രണ്ടാമത്തെ വിളി വരുന്നതിന് മുമ്പ് കൗസു മുന്നിലെത്തിയിരിക്കണം-ഏത് പാതിരാത്രിക്കാണെങ്കിലും. ഏത് നേരവും വിളി പ്രതീക്ഷിക്കുന്നതിനാൽ കൗസു പരമാവധി ബീഡിക്കെട്ടുകൾ എടുത്തുവെക്കും.
അയൽപ്പക്കത്തെ വീടുകളിൽ പാത്രം കഴുകിക്കൊടുത്തും അടിച്ചുവാരിയും കൗസു ബീഡിക്കുള്ള പൈസയുണ്ടാക്കി. സൈതാലിയുടെ ഉപ്പ ഖാദറിന്റെ പീടികയിൽ ബീഡി വാങ്ങാനുള്ള കൗസുവിന്റെ യാത്ര സൈതാലിയുടെ ഹൃദയത്തിലേക്ക് കൂടിയായിരുന്നു. പതിനാലാം രാവ് സിനിമ ഇറങ്ങിയ കാലമായിരുന്നു അത്.

കൗസു കടയിലെത്തുന്ന നേരം സൈതാലി പാട്ടുപാടാൻ തുടങ്ങും.
'പനിനീരു പെയ്യുന്നു പതിനാലാം രാവിൽ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശൽ മൂളി പൈങ്കിളി '
സൈതാലിയുടെ മുഖത്തേക്ക് കൂർപ്പിച്ചുനോക്കി കൗസു ബീഡിയും വാങ്ങി തിരിഞ്ഞുനോക്കാതെ നീണ്ടു നടക്കും. കൗസുവിനെ കാണുമ്പോഴെല്ലാം സൈതാലിയിൽ പനിനീര് പെയ്യാൻ തുടങ്ങും. ചുണ്ടിൽ വെള്ളമൊലിപ്പിച്ച് സൈതാലി പാടുന്നത് ആദ്യമൊക്കെ കൗസുവിൽ അറപ്പ് തോന്നിപ്പിച്ചെങ്കിലും പിന്നീട് അയാളുടെ ചുണ്ടിൽ കൗസു തന്റെ കൗതുകം കണ്ടെടുത്തു.
ഒരു ദിവസം ആരുമില്ലാത്ത നേരത്ത് സൈതാലി ആ പാട്ടിലെ മറ്റൊരു വരി കൂടി പാടി.
' ആറ്റക്കിളി മോളിന്നാടിപ്പാടാൻ വരുന്നില്ലേ..'

'എങ്ങോട്ടാടിപ്പാടാൻ.' കൗസു അറിയാതെ ചോദിച്ചുപോയി. ചോദിച്ചപ്പോഴാണ്, റബ്ബുൽ ആലമീനായ തമ്പുരാനേ ചോദിക്കേണ്ടിയിരുന്നില്ലല്ലോ എന്ന് ഞെട്ടിയത്.

'പടിഞ്ഞാറൻകുന്നിലെ പനിനീർക്കാടുകൾ പൂത്തല്ലോ
പരിമളം പൂശുവാൻ പാതിരാക്കാറ്റുമണഞ്ഞല്ലോ.'
സൈതാലി പിന്നെയും പാടി. കൗസുവിന്റെ മുഖത്ത്നിന്ന് നാണം കുറെയൊക്കെ മാറിയെന്ന് സൈതാലിക്കും തോന്നി.
എന്താണ് കാക്കാ ആ കുന്നിലെന്ന് കൗസു പൊട്ടിച്ചിരിച്ച് ചോദിച്ചു.
'കിന്നാരം ചൊല്ലാലോ കണ്ണിൽ നോക്കിയിരിക്കാലോ
അന്യോന്യം കണ്ടു കണ്ടെല്ലാമെല്ലാം മറക്കാലോ'
സൈതാലി പാട്ടിൽ തന്നെയാണ്.
'ഞാനൊരു കുന്നിലേക്കുമില്ല, കാക്ക പോയി പണി നോക്കി' യെന്ന് പറഞ്ഞ് കൗസു ഓടി. പിറകിൽനിന്ന് സൈതാലി ഉച്ചത്തിൽ പാടി.

“പെരുന്നാളു പോയിട്ടു മൈലാഞ്ചി ഇട്ടോളാകല്ലേ
കോടതി കീഞ്ഞിട്ട് കാനോല് കൊണ്ട് ഫലമില്ലേ.''

കൗസു അന്നും നേരെ ഓടിയെങ്കിലും തിരിഞ്ഞുനിന്ന് ചിരിച്ചു.

സൈതാലിയുടെ പടിഞ്ഞാറൻ കുന്നായ വില്ലരിക്കുന്നിൽ പലവട്ടം കൗസുവും സൈതാലിയും കണ്ണിൽ നോക്കിയിരുന്നു. കൗസുവിന്റെ ഉപ്പ ഉമ്മറിനെ ഒതുക്കാനുള്ള പല സൂത്രങ്ങളും സൈതാലി വക കൗസുവിന് കിട്ടിക്കൊണ്ടിരുന്നു. ബീഡിക്കുള്ളിൽ മുളക് കുത്തിത്തിരുകി പരീക്ഷിച്ചത് അങ്ങനെയാണ്. മുളകിട്ട ബീഡി വലിക്കുമ്പോ ഉമ്മർ ചുമച്ച് ചുമച്ച് താഴെ വീഴും. ഈ സൂത്രം മനസിലായതോടെ ബീഡി വലിക്കുന്നതിന് മുമ്പ് രണ്ടു വലി കൗസുവിനെ കൊണ്ടു വലിപ്പിക്കും. കഴുത്തിൽ കത്തിവെച്ചാണ് വലിപ്പിക്കൽ. ആദ്യമൊക്കെ അസ്വസ്ഥത തോന്നിയിരുന്നെങ്കിലും പതുക്കെപ്പതുക്കെ ബീഡി മണത്തോട് കൗസുവിനും ഇഷ്ടം തോന്നിത്തുടങ്ങി. ബീഡിക്കും സൈതാലിക്കും ഒരേ മണമായത് കൗസുവിന്റെ ഇഷ്ടം കൂട്ടി.

കൗസുവിനെയും സൈതാലിയെയും വില്ലരിക്കുന്നിൽനിന്ന് നാട്ടുകാർ പിടികൂടിയാണ് കെട്ടിച്ചത്. എല്ലാം ഒരു രാത്രി കൊണ്ട് കഴിഞ്ഞു. കല്യാണദിവസം വീട്ടിലേക്ക് വന്നവരെല്ലാം ഉമ്മറിന്റെ കണ്ണിൽ സംശയമുണ്ടാക്കി. കത്തി താഴെവെക്കാതെ അയാൾ ഓരോരുത്തരെയും സൂക്ഷ്മമായി നിരീക്ഷിച്ചു. നിക്കാഹിന് പുതിയാപ്പിളക്ക് കൈകൊടുക്കുന്ന സമയത്തും അയാളുടെ ഒരു കയ്യിൽ കത്തിയുണ്ടായിരുന്നു. ഈ നിക്കാഹ് ശരിയാകുമോ എന്ന് ചോദിച്ചയാളുടെ നേരെ ഉമ്മർ കത്തി ഉയർത്തിയതോടെ അയാൾ ഭക്ഷണം പോലും കഴിക്കാതെ സ്ഥലം വിട്ടു.
നാലാമത്തെ കൊല്ലം കൗസുവിനെ വിട്ട് സൈതാലി പോയി. കൗസു ബീഡി വലിക്കുന്നതായിരുന്നു കുറ്റം. ഉമ്മർ വലിച്ചെറിയുന്ന ബീഡിക്കുറ്റിയെല്ലാം പെറുക്കിയെടുത്ത് കൗസു വലിക്കും. നിങ്ങൾക്ക് വലിക്കാമെങ്കിൽ ഞാനും വലിക്കുമെന്ന് കൗസു വീറെടുത്തെങ്കിലും ബീഡി വലിക്കുന്ന പെണ്ണിനെ വേണ്ടെന്ന് സൈതാലി ഉറച്ചുനിന്നു. സൈതാലിയുടെ ഉമ്മയും നാലാമത്തെ പെങ്ങളും ബീഡി വലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും സൈതാലി അഴഞ്ഞില്ല. പതുക്കെപ്പതുക്കെ കുറച്ചുകൊണ്ടുവന്ന് നിർത്താമെന്ന് കൗസു ഒരിക്കൽ സമ്മതിച്ചിരുന്നു. എന്നാൽ രണ്ടു ദിവസം നിർത്തിയ വലി കൗസു തൊട്ടടുത്ത ദിവസം നേരം പുലർന്നപ്പോൾ ആഞ്ഞുവലിക്കാൻ തുടങ്ങി. ബീഡി വേണോ, സൈതാലി വേണോ എന്ന ചിന്തക്കൊടുവിൽ സൈതാലിയെ പോകാൻ കൗസു അനുവദിച്ചു. തനിക്ക് താഴെയുള്ള മൂന്നു പെൺകുട്ടികളെ നോക്കാൻ സൈതാലിക്കൊപ്പമുള്ള ജീവിതം മതിയാകില്ലെന്ന് അതിന് മുമ്പേ കൗസു ഉറപ്പിച്ചിരുന്നു.
ആ തിരിച്ചറിവിനൊടുവിൽ സൈതാലിയെ ഉപേക്ഷിച്ച് ഗൾഫിലേക്ക് വീട്ടുവേലക്ക് വരാൻ കൗസു തീരുമാനമെടുത്തു. വീട്ടിൽനിന്നിറങ്ങുന്നതിന് മുമ്പ് അനിയത്തി റംലയോട് ബാപ്പാക്ക് കൊടുക്കാനുള്ള ബീഡിക്കാര്യം പ്രത്യേകം പറഞ്ഞോർമ്മിപ്പിച്ചു. തന്റെ ബാഗിൽ നാലുകെട്ട് ബീഡി കൗസു എടുത്തുവെച്ചിരുന്നു. അത് ബോംബെ വിമാനത്താവളത്തിൽനിന്ന് ഉദ്യോഗസ്ഥർ കൊണ്ടുപോയി വെയ്സ്റ്റ് ബോക്സിലിട്ടു. കൗസു തനിക്കറിയാവുന്ന ഭാഷയിൽ നിലവിളിച്ചെങ്കിലും നിലവിളി ഭാഷ ഉദ്യോഗസ്ഥരിൽ ചിരിയല്ലാതെ മറ്റൊന്നും ജനിപ്പിച്ചില്ല. ഇങ്ങൾക്ക് പടച്ചോൻ തന്നോളും ഹറാംപെറന്നോരെ എന്ന് ശപിച്ച് കൗസു വിമാനത്തിലേക്ക് നടന്നുപോയി. വിമാനത്തിൽ തേങ്ങിക്കരഞ്ഞ കൗസുവിനെ ചിലർ ആശ്വസിപ്പിച്ചു. അവർക്കറിയില്ലായിരുന്നു ബീഡിയില്ലാത്തതിന്റെ കരച്ചിലാണ് കൗസുവിന്റെതെന്ന്.

നഗരമധ്യത്തിലെ വീട്ടിലായിരുന്നു കൗസുവിന് ജോലി. കുട്ടികളെ നോക്കലും ഭക്ഷണമുണ്ടാക്കലും. പൂച്ചക്ക് പാലും കൊടുക്കണം. തണുത്ത പാൽ പൂച്ച കുടിക്കില്ലെന്ന് കൗസു അറിഞ്ഞത് കുറെ കഴിഞ്ഞാണ്. പ്രസവിച്ചിട്ടില്ലെങ്കിലും കുട്ടികൾക്ക് പാലു കൊടുക്കുന്നത് കൗസുവിന് ഇഷ്ടമായിരുന്നു. പൂച്ചക്ക് പാല് കൊടുക്കുമ്പോഴും കൗസു ആ ആനന്ദം അനുഭവിച്ചു. പാലിന്റെ തണുപ്പ് മാറുന്നത് വരെ അവൾ പൂച്ചയെ താലോലിച്ചുകൊണ്ടിരുന്നു.
ബീഡി വലിക്കാനാകാത്തതിന്റെ വിഷമം വീട്ടിനകത്തെ ഹുക്കയിലെ പുക വലിച്ച് കൗസു തീർത്തു. വീട്ടുകാർ ആരും കാണാതെ ഹുക്ക വലിക്കാൻ കൗസു പ്രത്യേകം ശ്രദ്ധിച്ചു. തന്റെ വിരലോട്ടയിൽ കൊള്ളാവുന്നതിലും അധികം വലുപ്പമുണ്ടല്ലോ ഹുക്കക്ക് എന്നത് മാത്രമായിരുന്നു കൗസുവിന്റെ സങ്കടം. അവിടെ വെക്കാൻ പാകത്തിലുള്ള റോത്ത്മാൻസ് സിഗരറ്റ് ഇടയ്ക്ക് വീട്ടിലെ ബംഗാളി ഡ്രൈവർ നൽകും. ഈ സിഗരറ്റിന് സൈതാലിയുടെ മണമില്ലല്ലോ എന്നോർത്ത് കൗസു സങ്കടപ്പെടും. തന്റെ മുതലാളിക്കും ബംഗാളി ഡ്രൈവർക്കുമുള്ള അതേമണം തന്നെയാണ് റോത്ത്മാൻസ് സിഗരറ്റിനുമെന്ന് കൗസു നെടുവീർപ്പിട്ടു.
മുപ്പതു കൊല്ലം കൗസുവിന് മുന്നിലൂടെ അതിവേഗത്തിൽ പാഞ്ഞുപോയി. അതിനിടക്ക് ആദ്യത്തെ മുതലാളി മരിച്ചു. അയാളുടെ മകനായി സ്പോൺസർ. ഒരുവട്ടം പോലും നാട്ടിലേക്ക് പോകാതെ ഇത്രയും കൊല്ലം കൗസു സിഗരറ്റും വലിച്ചുനിന്നു. മുതലാളിയും മക്കളുമെല്ലാം അമേരിക്കയിലേക്ക് സ്ഥിരതാമസമാക്കാൻ പോകുന്നത് വരെ കൗസു കൂടെനിന്നു. നാട്ടിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് തിരിച്ചുവരാനുള്ള വിസ കൂടി മറ്റൊരാളിൽനിന്ന് ഉറപ്പിച്ചായിരുന്നു കൗസു പോയത്. ബാപ്പക്ക് നൽകാൻ റോത്ത്മാൻസിന്റെ കുറെ കൂടുകളും വാങ്ങിയിരുന്നു.
 
കൗസു വീട്ടിലേക്ക് കയറിവന്നപ്പോൾ ആദ്യമാർക്കും മനസിലായില്ല. അതിനുമാത്രം തടിയും വെളുപ്പും കൊഴുപ്പും കൗസുവിന്റെ ദേഹത്ത് പുതിയ അതിഥികളായി എത്തിയിരുന്നു. കൗസുവിനും തന്റെ വീട് ആദ്യം തിരിച്ചറിയാനായില്ല. വിരലോട്ട കണ്ടാണ് റംലയും സൗജത്തും സമീറയും കൗസുവിനെ തിരിച്ചറിഞ്ഞത്. ഓടിയെത്തി വാരിപ്പുണർന്ന അവർക്ക് കൗസുവിന്റെ പഴയ മണം കിട്ടാതായപ്പോൾ വീണ്ടും സംശയമായി. മൂന്നു പേരും ഒന്നിച്ച് വിരൽ പരിശോധിച്ച് കൗസുവാണെന്ന് വീണ്ടും ഉറപ്പാക്കി. കൗസുവിന് പക്ഷെ ഒരു പരിശോധനയും കൂടാതെ അവരെ മനസിലായി. ദിനേശ് ബീഡിയുടെ മണം അവർക്ക് മൂന്നുപേർക്കുമുണ്ടായിരുന്നു. ബാപ്പ കത്തിവെച്ച് വലിപ്പിച്ചതായിരിക്കണമെന്ന് കൗസു ഉറപ്പിച്ചു. ബാപ്പക്ക് റോത്ത്മാൻസ് സിഗരറ്റ് സമ്മാനിച്ച് കൗസു മാറിനിന്നു. ഒന്നെടുത്ത് വലിച്ച ശേഷം ഉമ്മർ അത് വലിച്ചെറിഞ്ഞു. തണുത്ത പാൽ മണത്തുനോക്കി പൂച്ച തിരിഞ്ഞുനടക്കുന്നത് പോലെ ഉമ്മർ തിരിച്ചുനടന്നു. പുറമ്പോക്കിലെ വീട് പുതിയ സ്ഥലത്തേക്ക് മാറിയെങ്കിലും വലിയ ചുറ്റുമതിലുണ്ടായെങ്കിലും ഉമ്മറിന്റെ കയ്യിൽനിന്ന് കൊടുവാൾ ഒഴിവായിരുന്നില്ല. അനിയത്തിമാരുടെ ഭർത്താക്കൻമാർക്കെല്ലാം ഒന്നിച്ചുതാമസിക്കാൻ വലുപ്പമുള്ള വീട്ടിൽ കാവൽക്കാരനായി ഉമ്മർ മാറിയിരുന്നു. അനിയത്തിമാരുടെ ബീഡി മണം അവരുടെ ഭർത്താക്കൻമാർക്ക് ഒരു പ്രശ്നവുമുണ്ടാക്കുന്നില്ലെന്ന് കൗസു അത്ഭുതത്തോടെ കേട്ടിരുന്നു.
ആറുമാസത്തിന് ശേഷം കൗസു വീണ്ടും വിമാനം കയറി. ഇത്തവണ കോഴിക്കോട്നിന്ന് നേരിട്ടായിരുന്നു വിമാനം. ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ വിമാനത്താവളത്തിൽ എത്തിയയാൾ കൗസുവിനെ ഓരോന്ന് പറഞ്ഞു പേടിപ്പിച്ചുകൊണ്ടേയിരുന്നു. വീട്ടിലെത്തുന്നത് വരെ ഇതൊക്കെ കുറെ കാലമായി കേൾക്കുന്നതാണല്ലോ എന്ന ലാഘവത്തിലിരുന്ന് കൗസുവെല്ലാം മൂളിക്കേട്ടു. വീട്ടിലെത്തിയ നിമിഷം ഡ്രൈവർ പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ കൗസു പൊടിഞ്ഞു.  
ഏത് വാക്കിനൊപ്പവും എന്തെങ്കിലുമൊരു തെറി ഫിറ്റ് ചെയ്ത് സംസാരിക്കുന്നവർ. തനിക്ക് നേരെ ആദ്യമായി ഒരാൾ കയ്യോങ്ങുന്നത് വെറുപ്പോടെ നോക്കിനിൽക്കാൻ മാത്രമേ കൗസുവിന് കഴിഞ്ഞുള്ളൂ. തന്റെ അനുമതിയില്ലാതെ ഒരാൾ തന്റെ ശരീരത്തിന്റെ അവകാശം ചോദിക്കുന്നതും കൗസു ഞെട്ടലോടെ കണ്ടു. അന്യായമായി നീണ്ടുവരുന്ന കൈകൾ പേടിപ്പിച്ചു. കഴിയാവുന്ന നേരത്തെല്ലാം കൗസു പൊട്ടിത്തെറിച്ചു. ഒന്നിനും പറ്റാതാകുമ്പോൾ സ്വയം ശപിച്ചു.  ഏഴു കൊല്ലത്തെ നരകജീവിതത്തിനൊടുവിൽ പീഡനം നേരിടുന്ന എല്ലാ ഗദ്ദാമമാരെയും പോലെ കൗസുവും ഒളിച്ചോടി. നഗരത്തിൽ തന്നെയായിരുന്നു ഈ വീടും എന്നതിനാൽ അധികം പ്രയാസമില്ലാതെ ആളുകളെ കണ്ടെത്താനായി. കൗസുവിന്റെ സങ്കടം കേൾക്കാൻ ആൾക്കാർ കൂടി. വന്നവരോടെല്ലാം ജീവിതം പറഞ്ഞുപറഞ്ഞ് കൗസു കുഴഞ്ഞുവീണു. ഒരു മനുഷ്യശരീരത്തിന് വഹിക്കാവുന്ന അത്രയും രോഗം കൗസുവിന്റെ ദേഹത്തുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. ആരുടെയൊക്കെയോ കരുണകൾക്കൊടുവിൽ കൗസു നാട്ടിലെത്തി.
ഏഴുകൊല്ലം മുമ്പ് വീടുവിട്ടിറങ്ങിയ കൗസുവായിരുന്നില്ല തിരിച്ചെത്തിയത്. അറബിയുടെ വീട്ടിൽനിന്ന് കേട്ട ശാപവാക്കുകൾ സ്വന്തം ഭാഷയിൽ കേട്ടുതുടങ്ങി. ഒന്നും കേൾക്കാതിരിക്കാൻ ചെവി പൊത്തിയെങ്കിലും ചില വാക്കുകൾ ഉന്നംപിഴക്കാതെ ചെവിയിലേക്ക് തന്നെ തുളച്ചുകയറി. അനുജത്തിമാരുടെ ബീഡിമണം ഭർത്താക്കൻമാർക്കും അവരുടെ മക്കൾക്കും പിടിക്കാതായി. തന്റെ വരുമാനം നിലച്ചതായിരുന്നു ബീഡിമണത്തിന് അവർക്കെല്ലാം വെറുപ്പാകാൻ കാരണമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി കൗസുവിനുണ്ടായിരുന്നു. അറബിയുടെ വീടുവിട്ടിറങ്ങിയ പോലെ ഒരു രാത്രി ആവതില്ലാത്ത ആ ശരീരവും താങ്ങി കൗസു വില്ലരിക്കുന്ന് കയറി. പിറ്റേന്ന് വൈകിട്ട് തിരച്ചിലിനൊടുവിലാണ് കൗസുവിന്റെ കണ്ണുതുറിച്ച് നാവുകടിച്ചുപിടിച്ച് തൂങ്ങിയാടുന്ന ശരീരം കണ്ടത്.
വില്ലരിക്കുന്നിന് താഴെ കൗസുവിന്റെ മയ്യിത്തുമായി പോകുന്ന ആൾക്കൂട്ടം സൈതാലിക്ക് ഉറുമ്പുകൂട്ടമായി തോന്നി. ഉറുമ്പുകൾ അരിമണിയുമായി പോകുന്നത് പോലെ. ആരോഗ്യമുള്ള കാലത്തോളം കുറെയാൾക്കാർക്ക് ഭക്ഷണം നൽകിയിരുന്ന കൗസു ഉറുമ്പുകളുടെ അരിമണിയായി അരിച്ചരിച്ചു പോകുന്നു. സൈതാലി വില്ലരിക്കുന്നിലെ പഴയ കാലമോർത്തു. ബീഡി വാങ്ങാൻ ഓടിയെത്തിയിരുന്ന പഴയ കൗസു ഒരിക്കലൂടെ ഓടിവന്നു. വില്ലരിക്കുന്നിൽ കണ്ണിൽ നോക്കിയിരുന്ന പകലറിഞ്ഞു. വലിച്ചെറിഞ്ഞാലും മരിക്കാത്തതാണ് പ്രണയമെന്ന് തിരിച്ചറിയാൻ അയാൾക്ക് കൗസുവിന്റെ ജീവൻ വറ്റിയ ശരീരം കാണേണ്ടി വന്നു. കൊന്നാലും മരിക്കാൻ മടിക്കാത്തൊരു വാക്കാണ് ഇഷ്ടമെന്നും അയാൾ ഓർത്തോർത്തിരുന്നു.  കൗസു മരണത്തിലേക്ക് നടന്നുപോയ വീട്ടിനകത്തേക്ക് അയാൾ കടന്നു. കൗസുവിന്റെ വിരലിൽനിന്ന് ഊരിയെറിഞ്ഞ ബീഡിക്കുറ്റി തപ്പിയെടുത്ത് കത്തിച്ച് അയാൾ ആഞ്ഞുവലിച്ചു.

സൈതാലി ഒരിക്കലൂടെ മൂളി.
പരിമളം പൂശുവാൻ പാതിരാക്കാറ്റുമണഞ്ഞല്ലോ..

ഇല്ലസ്ട്രേഷന്‍-ഒ.ബി നാസര്‍


 

Latest News