Sorry, you need to enable JavaScript to visit this website.

സ്‌നേഹപ്പച്ച... മക്കയിൽ മലപ്പുറത്തിന്റെ വേരുകൾ

ശൈഖ് തലാൽ ബക്കൂർ മലൈബാരി
ശൈഖ് തലാൽ ബക്കൂർ മലൈബാരിയും കുടുംബവും.
ശൈഖ് തലാൽ ബക്കൂർ മലൈബാരിയുടെ പിതാവ് തലാൽ ബക്കൂർ മുഹയുദ്ദീൻ മലൈബാരി
ശൈഖ് തലാൽ ബക്കൂർ മലൈബാരി ഭാര്യ ഡോ. നജില ഉസ്മാൻ.

സൗദിയിലെ ഉന്നതമായ കലാലയത്തിൽ ഉയർന്ന തസ്തികയിൽനിന്ന് വിരമിച്ച ഒരാൾ ഏറനാട്ടിലെ തെളിച്ചമുള്ള പച്ചമലയാളം പറയുന്നത് കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ മക്കയിലെ ശൈഖ് തലാൽ ബക്കൂർ മലൈബാരിയെ അറിയണം. മലയാളം സംസാരിക്കാൻ പറ്റുന്ന സാഹചര്യങ്ങളിലൊക്കെ മറ്റൊരു ഭാഷയും ചുണ്ടിൽ വരാതിരിക്കാൻ ശ്രമിക്കുന്ന ബക്കൂർ മലൈബാരിയെ. മറ്റു ഭാഷകൾ മനോഹരമായ വശ്യതയോടെ ഒഴുകിയെത്തുന്ന ഇദ്ദേഹത്തിന്റെ മലയാളം അച്ചടി ഭാഷയല്ല എന്ന് കേൾക്കുമ്പോഴാണ് ഭാഷ പെറ്റമ്മ കൂടിയാണെന്ന് ബോധ്യമുണ്ടാകുന്നത്.


'ഇങ്ങള് ഇതുവരെ ന്നോട് പ്രധാനപ്പെട്ട ഒരു ചോദ്യം ചോയ്ച്ചിട്ടില്ല. എന്താന്നറിയോ. ഇങ്ങളെങ്ങനെ മലയാളം പഠിച്ചുവെന്ന്. അതൊരു പ്രധാന ചോദ്യാണ്. എന്നോട് മുണ്ടിപ്പറയുന്നോരൊക്കെ ചോദിക്കുന്ന ചോദ്യം. ഇങ്ങളെന്തേ അത് വിട്ടുപോയി.' 
കേരളത്തിൽ ജനിക്കാത്ത ഒരാൾ, കേരളത്തിൽ കുറഞ്ഞ ദിവസങ്ങൾ മാത്രം സന്ദർശനം നടത്തിയ ഒരാൾ ഏറനാടൻ ഭാഷയിൽ സംസാരിക്കുന്നത് കേട്ടിരുന്ന് ചോദ്യം ചോദിക്കാൻ മറന്നുപോയ നേരത്തായിരുന്നു തലാൽ ബക്കൂർ ഈ വാചകം എടുത്തിട്ടത്. 
'ഞങ്ങളത് ചോദിക്കാനിരിക്കുകയായിരുന്നു. അവസാനം ചോദിക്കാ'മെന്ന് കരുതിയെന്ന മറുപടിയിൽ അദ്ദേഹം ചിരിച്ചു. 


'ഇങ്ങളത് അവസാനത്തേക്ക് ബെക്കണ്ട. ഞാന് ഇങ്ങക്ക് പറ്ഞ്ഞ് തരാം. ന്റെ മ്മന്റെ അടി പേടിച്ചാണ് മലയാളം പഠിച്ചത്. ഇമ്മ ന്തേലും മലയാളത്തിൽ ചോയ്ച്ചാൽ അയ്‌ന് മലയാളത്തിൽതന്നെ മറുപടി കൊടുക്കണം. ഇല്ലേച്ചാൽ ഇമ്മ അടിക്ക്ണ അടിക്ക് കണക്ക്ണ്ടാകൂല്ല. മ്മന്റെ അടി പേടിച്ചാണ് മലയാളം പഠിച്ചത്. ഇപ്പളും എവ്ടന്നേലും മലയാളം കേട്ടാൽ മലയാളത്തിൽതന്നെ മറുപടി പറയണന്ന് ഇൻക്ക് നിർബന്ധാണ്.' 
തലാൽ ബക്കൂറിന്റെ ഉമ്മ ഖൽത്തൂം മുഹയുദ്ദീൻ അലവി മലൈബാരി കേരളത്തിൽ ജനിച്ചതല്ല. തലാലിന്റെ ഉപ്പ ബക്കൂർ മുഹയുദ്ദീൻ മലൈബാരിയും കേരളത്തിലല്ല ജനിച്ചത്. എന്നിട്ടും തന്റെ വേരുകളുടെ ഒരറ്റത്ത് മലയാളം ഭാഷയായുണ്ടെന്നും അത് മക്കളെല്ലാം പഠിക്കണമെന്നും ആ മാതാവിനും പിതാവിനും നിർബന്ധമായിരുന്നു. ഉമ്മ തന്റെ ഉപ്പ മുഹയുദ്ദീനിൽനിന്നും പഠിച്ച ഭാഷയാണ് ഇങ്ങിനെ മക്കൾക്ക് കൈമാറിയത്.   ഏറനാട്ടിലെ നാട്ടുഭാഷ മറ്റു ഭാഷകൾക്കൊപ്പം ചേർന്നതൊക്കെ ബക്കൂറിന് അറിയാം. എന്നാലും ഉമ്മയുടെ നാവിൽനിന്ന് കിട്ടിയ ഭാഷക്കൊപ്പം ജീവിക്കാൻ തന്നെയാണ് ബക്കൂറിന് ഇഷ്ടം. അതിനൊരു ഉദാഹരണവും അദ്ദേഹം പറഞ്ഞു.


'നിങ്ങളൊരു സംഗതി ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ചെയ്യാൻ സാധിക്കില്ല എന്നല്ലേ പറയാ. എന്നാൽ ഞാനതിന് കയ്യൂല്ല എന്നാണ് പറയ. അറിവില്ല എന്ന് നിങ്ങൾ പറയുന്നതിനെ പുട്യാട് ഇല്ല എന്നേ എനിക്ക് നാവിൽ വരൂ. അതെന്താച്ചാൽ ന്റെമ്മ പഠിപ്പിച്ചതേ ൻക്ക് വരൂ.' 
വീട്ടുജോലിക്ക് പലപ്പോഴായി എത്തിയ മലയാളി ഡ്രൈവർമാരിൽനിന്നും വിവിധ സ്ഥലങ്ങളിൽനിന്ന് പരിചയപ്പെടുന്നവരുമായും മലയാളം മറന്നു പോകാതിരിക്കാനുള്ള വിദ്യകളെല്ലാം ബക്കൂർ ഇപ്പോഴും അഭ്യസിക്കുന്നു. 

 

 

ബക്കൂർ മലൈബാരിയുടെ ചരിത്രം
 

പത്തു പതിറ്റാണ്ടിലേറെ ചരിത്രമുള്ള ഒരു കഥയിലെ മനുഷ്യനാണ് ബക്കൂർ മലൈബാരി. കേരളത്തിൽനിന്ന് സൗദിയിലേക്ക് കപ്പൽ കയറിയ തികച്ചും സാധാരണമായ ഒരു കുടുംബത്തിന്റെ ഇപ്പോഴത്തെ നാഥനിലേക്കുള്ള വളർച്ച വിസ്മയകരമായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്മളയിൽനിന്നായിരുന്നു ഈ കുടുംബത്തിന്റെ വരവ്. ബക്കൂറിന്റെ ഉപ്പയുടെ ഉപ്പയുടെ ഉപ്പ ഔറുവായിരുന്നു ആദ്യം സൗദിയിലെത്തിയത്. ബക്കൂർ മുഹയുദ്ദീൻ അലവി ഔറു എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കപ്പലിലായിരുന്നു ആ യാത്ര. മക്കയിൽ ഹജിനെത്തുന്നവരെ സഹായിച്ചും മറ്റു ജോലികൾ ചെയ്തും അദ്ദേഹം മക്കയിലെ സജീവ സാന്നിധ്യമായി. അധികം വൈകാതെ മകൻ അലവിയെയും അദ്ദേഹം കൊണ്ടുവന്നു. അലവിയുടെ മകൻ മുഹയുദ്ദീനും പിന്നീട് മക്കയിലെത്തി. ഔറുവും അലവിയും നാട്ടിലേക്ക് തിരിച്ചുപോയി. മുഹയുദ്ദീൻ പക്ഷെ മക്കയിൽതന്നെ തുടർന്നു.


ഇദ്ദേഹമാണ് തലാൽ ബക്കൂർ മുഹയുദ്ദീൻ മലൈബാരി എന്ന പേരിൽ പ്രശസ്തനായത്. മക്കയിൽ സ്ഥിരതാമസമാക്കിയിരുന്ന ചുള്ളിയൻ കുടുംബത്തിലെ മുഹയുദ്ദീന്റെ മകൾ ഖൽത്തൂമിനെയാണ് തലാൽ ബക്കൂർ മുഹയുദ്ദീൻ മലൈബാരി കല്യാണം കഴിച്ചത്. ഖൽത്തൂം ജനിച്ചതും മക്കയിലായിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് അവർ കേരളത്തിലേക്ക് പോയത്. 
തന്റെ ഉപ്പയിൽനിന്നും മറ്റുകുടുംബാംഗങ്ങളിൽനിന്നുമായിരുന്നു അവർ മലയാളം പഠിച്ചത്. ആ ഭാഷയാണ് അവർ മക്കളിലൂടെ നിലനിർത്താൻ ആഗ്രഹിച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് അവർ കേരളത്തിലേക്ക് പോയത്. അൻപതോ അറുപതോ വയസുള്ള സമയത്ത് ഭർത്താവ് തലാൽ ബക്കൂർ മുഹയുദ്ദീൻ മലൈബാരിക്കൊപ്പമായിരുന്നു ആ യാത്ര. ആഴ്ചകൾ മാത്രം നീണ്ടുനിന്ന സന്ദർശനം പൂർത്തിയാക്കി അവർ മടങ്ങി. 


അക്കാലത്ത് സൗദിയിൽ സർക്കാർ ജോലിക്ക് ആളുകൾ പോകുന്നത് വലിയ കാര്യമായി ആരും കണ്ടിരുന്നില്ല. ആവശ്യമുള്ളവർക്കൊക്കെ സർക്കാർ ജോലി കിട്ടുന്ന കാലവുമായിരുന്നു അത്. സർക്കാറിന്റെ പക്കൽ ശമ്പളം കൊടുക്കാൻ കാശുണ്ടായിരുന്നില്ല. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ശമ്പളം കിട്ടിയാലായി. അതുകൊണ്ടു തന്നെ എല്ലാവരും സ്വന്തമായി ബിസിനസായിരുന്നു നടത്തിയിരുന്നത്. മുഹയുദ്ദീന്റെ കുടുംബ വീട്ടിൽ 40 തയ്യൽ മെഷീനുകളൊരുക്കി ബിസിനസ് ചെയ്തു. അമീറുമാർ അടക്കമുള്ളവരുടെ വസ്ത്രങ്ങൾ ഒരുക്കുന്നത് ഈ കുടുംബമായിരുന്നു.  ഈ ബന്ധമാണ് ബക്കൂറിന്റെ ഉപ്പയെ സർക്കാർ ജോലിയിലേക്ക് എത്തിച്ചത്. 
ശൈഖ് തലാൽ ബക്കൂറിന്റെ ഉപ്പയുടെ വലിയ ജേഷ്ഠൻ മുഹമ്മദ് ഖയ്യാത്തായിരുന്നു സർക്കാർ ജോലിയിലേക്ക് തലാൽ ബുക്കൂർ മുഹയുദ്ദീൻ മലൈബാരിയെ കൊണ്ടുവന്നത്. 
പോസ്റ്റ് ഓഫീസിലായിരുന്നു ബക്കൂറിന്റെ ഉപ്പക്ക് ജോലി ലഭിച്ചത്. തലാൽ ബക്കൂർ ഖയ്യാത്ത് എന്ന് മലയാളികൾക്കിടയിൽ അറിയപ്പെട്ട ഇദ്ദേഹം സന്ദൂഖ് അമീൻ എന്ന പോസ്റ്റിൽനിന്നാണ് വിരമിച്ചത്. മക്കയിൽ ബൈത്തുതബാഹ് എന്ന പേരിൽ ഹോട്ടലും തുടങ്ങി. എഴുപത് ജീവനക്കാരുണ്ടായിരുന്ന ഹോട്ടലിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. ലാഭത്തിന് വേണ്ടിയായിരുന്നില്ല ഹോട്ടൽ നടത്തിയിരുന്നത്. മലയാളം കേൾക്കാനും കേരളത്തിന്റെ കിസ്സകൾ അറിയാനുമായിരുന്നുവെന്ന് ബക്കൂർ മലൈബാരി ഓർത്തെടുക്കുന്നു. 


മലയാളികൾക്ക് ആവശ്യമായ മുഴുവൻ നിയമസഹായങ്ങൾക്കും തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കാനും ബക്കൂർ ഖയ്യാത്ത് സമയം ചെലവിട്ടു. രണ്ടു മലയാളികൾക്കൊപ്പംനിന്ന് സൗദി പൗരന് എതിരായി നടത്തിയ നിയമപോരാട്ടം ഒരിക്കൽ ബക്കൂർ ഖയ്യാത്തിന്റെ ജീവനെടുക്കാനുള്ള ശ്രമത്തിലേക്ക് വരെ എത്തി. സൗദി പൗരന്റെ കത്തിക്കുത്തിൽനിന്ന് തലനാരിഴക്കാണ് ഖയ്യാത്ത് രക്ഷപ്പെട്ടത്. മക്കയിലെ വീട്ടിൽ ഏത് സമയത്തും സന്ദർശകരായിരുന്നു. ഓരോ ആവലാതിയുമായി എത്തുന്ന മലയാളികൾ. വീട്ടിൽനിന്ന് കാണാൻ പറ്റുന്നില്ലെങ്കിൽ അവർ മക്കയിലെ ഹറമിലേക്ക് വരും. അവിടെ പ്രാർത്ഥനയിൽ മുഴുകിയും കഅ്ബയെ പ്രദക്ഷിണം വെച്ചും ഖയ്യാത്തുണ്ടാകുമായിരുന്നു. മരിക്കുന്നത് വരെ മലയാളികൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു അദ്ദേഹം. 
ഇപ്പോഴും ബക്കൂർ ഖയ്യാത്തിന്റെ മോനാണോ എന്ന് ചോദിച്ചാണ് ആളുകൾ പരിചയപ്പെടാൻ വരുന്നതെന്ന് അഭിമാനത്തോടെ ശൈഖ് ബക്കൂർ മലൈബാരി പറയുന്നു. ബാപ്പ ചെയ്തുവെച്ച സുകൃതങ്ങളുടെ ഫലമാണ് താനും തന്റെ കുടുംബവും അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 


മക്കയിലെ സുഹൂഹ തർബിയ സ്‌കൂളിൽനിന്ന് അധ്യാപകനായാണ് ബുക്കൂർ മലൈബാരി വിരമിച്ചത്. ജിദ്ദയിലെ ജാമിഅ മലിക്ക് അബ്ദുൽ അസീസ് കോളേജ് അടക്കം നിരവധി വിദ്യാലയങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ പകർന്നുനൽകിയ അധ്യാപകൻ എന്നതിന് പുറമെ, മക്കയുടെ ചരിത്രം ആഴത്തിലറിയുന്ന പണ്ഡിതൻ എന്ന ഖ്യാതി കൂടിയുണ്ട് തലാലിന്. മക്കയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളെല്ലാം വീഡിയോയിൽ പകർത്തി ചരിത്രം തലമുറകൾ മറന്നുപോകാതിരിക്കാൻ നടത്തിയ നീക്കം ബക്കൂർ മലൈബാരിയുടെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു. സൗദിയിലെ പ്രമുഖ പണ്ഡിതരുടെ പിന്തുണ ലഭിച്ച പദ്ധതിയായിരുന്നു ഇത്. 


സൗദിയിൽ വിദ്യാഭ്യാസ പദ്ധതികളുടെ തുടക്കം മുതലുള്ള കാര്യങ്ങൾ മലൈബാരിക്ക് ഓർത്തെടുക്കാനുണ്ട്. ആദ്യകാലത്ത് വൈകുന്നേരങ്ങളിൽ മാത്രമായിരുന്നു സൗദി വിദ്യാർഥികൾ പഠിക്കാൻ എത്തിയിരുന്നത്. പള്ളികളോട് ചേർന്നുള്ള സ്ഥലങ്ങളിലായിരുന്നു പഠനം. എന്നാൽ അക്കാലത്ത് തന്നെ മലയാളികൾ പഠനങ്ങളോട് വലിയ തോതിലുള്ള താൽപര്യം പുലർത്തി. മലയാളികളടക്കം വിവിധ രാജ്യക്കാർ സ്വന്തമായി വിദ്യാലയങ്ങൾ സ്ഥാപിച്ചു. അധികം വൈകാതെ സൗദികളും കലാലയങ്ങൾ ഒരുക്കി. ജിദ്ദയിൽ ഉന്നത വിദ്യാലയങ്ങൾ വന്നതോടെ മക്കയിലും സമാന സ്ഥാപനങ്ങൾ വേണമെന്ന ആവശ്യം ശക്തമായി. അങ്ങനെയാണ് കുല്ലിയത്ത് ശരീഅ ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിയായി പരിവർത്തിപ്പിച്ചത്. മക്കയിലെത്തിയ രാജാവിനോട് മക്കയിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം വേണം എന്ന ആവശ്യത്തോട് രാജാവ് ഉടനടി നൽകിയ മറുപടിയായിരുന്നു ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റി. 


സ്വന്തം മക്കളെയും ഉന്നതമായ വിദ്യാഭ്യാസം നൽകിയാണ് ശൈഖ് തലാൽ ബക്കൂർ മലൈബാരി വളർത്തിയത്. മൂത്ത മകൾ റുബ അബ്ദുൽ ലത്തീഫ് ജമീൽ കമ്പനിയിൽ ഫിനാൻസ് മാനേജറാണ്. രണ്ടാമത്തെ മകൾ ഡോ. ഗദീർ മക്ക ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാണ്. ലണ്ടനിൽനിന്ന് ജേണലിസത്തിൽ ഉന്നതപഠനം പൂർത്തിയാക്കിയാണ് ഗദീർ ഉമ്മുൽ ഖുറയിലെത്തിയത്. ഇവരുടെ ഭർത്താവ് അല പ്രമുഖ കമ്പനിയുടെ ലോജിസ്റ്റിക് മാനേജറാണ്. മറ്റൊരു മകൾ ഹദീർ ഐ.ടി വിദഗ്ധയാണ്. മകൻ മുഹമ്മദ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ഓർത്തോപീഡിക് സർജനാണ്. മറ്റൊരു മകൾ ഡോ. ബറ ഇന്റേണൽ മെഡിസിനിൽ പ്രാക്ടീസ് ചെയ്യുന്നു. ബക്കൂർ തലാൽ, അബ്ദുല്ല എന്നിവർ വിദ്യാർഥികളാണ്. ബക്കൂർ മലൈബാരിയുടെ ഭാര്യ ഡോ. നജില ഉസ്മാൻ റിട്ട. ഇംഗ്ലീഷ് അധ്യാപികയാണ്. 


ഉമ്മ ഖൽത്തൂം മുഹയുദ്ദീൻ അലവി മലൈബാരി മരിച്ചശേഷം മാത്രമാണ് ബക്കൂർ മലൈബാരി കേരളത്തിലേക്ക് പോയത്. ഉമ്മയുടെ ആഭരണങ്ങൾ കുടുംബ മഹല്ലായ പൊന്മളയിലെ പള്ളിക്ക് സംഭാവന നൽകാനായിരുന്നു ആ യാത്ര. അന്നൊരിക്കൽ നാട്ടിലെ കുടുംബവേരുകളിലൂടെയെല്ലാം ബക്കൂർ മലൈബാരി നടന്നു. ഇവിടെയായിരുന്നു തറവാടുണ്ടായിരുന്നത്, ഉമ്മയുടെ വീട് ഇവിടെയായിരുന്നു തുടങ്ങി ഓരോന്നും നാട്ടുകാർ ചൂണ്ടിക്കാണിച്ചു. ബക്കൂറിൽനിന്ന് ആ ഭൂമിയിലേക്ക് നനവ് പടർന്നു. ആ നനവ് പാരമ്പര്യത്തിന്റെ വേരുകളിലേക്ക് ആഴ്ന്നിറങ്ങി. നാട്ടുകാരോടെല്ലാം ബക്കൂർ ഏറനാട്ടിന്റെ തെളിമലയാളത്തിൽ സംസാരിച്ചു. മറന്നുപോയ നാട്ടു ഭാഷയിലേക്ക് ഒരു സൗദി പൗരൻ കുറച്ചുനേരമെങ്കിലും അവരെ വിളിച്ചുകൊണ്ടുപോയിട്ടുണ്ടാകും. ആ ഭാഷ തന്നെയാണ് ശൈഖ് ബക്കൂറിന്റെ നാവിൽ ഇപ്പോഴുമുള്ളത്.
സംസാരം പൂർത്തിയാക്കി ഇറങ്ങാൻ നേരം ശൈഖ് ബക്കൂർ മലൈബാരി വാതിൽക്കൽവരെ പിന്തുടർന്നു.
ഇങ്ങള് ഇഞ്ഞിം വെരീ.. ഞമ്മക്ക് കുറെ കിസ്സ പറയാൻ ബാക്കിണ്ട്....

Latest News