Sorry, you need to enable JavaScript to visit this website.

വീഡിയോ മറയാക്കി മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം; സാമ്പത്തിക അജണ്ടയുമുണ്ട്

മുസ്ലിം പണ്ഡിത വേഷധാരിയായ ഒരു മനുഷ്യന്‍ അനുയായികള്‍ക്കൊപ്പം നിന്ന് ചോറിലും ഇറച്ചിക്കറിയിലും മന്ത്രിച്ച് ഊതുന്നതിന്റെ വീഡിയോ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു.

തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് വര്‍ഗ്ഗീയ പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്തു കണ്ടു. മുസ്ലിംകള്‍ വീടുകളിലും ഹോട്ടലുകളിലും മറ്റും  കൊടുക്കുന്നത് ഇത് പോലെ തുപ്പിയ ഭക്ഷണമാണെന്നും അതിനാല്‍ എല്ലാവരും കരുതലോടെ പെരുമാറണമെന്നും ആഹ്വാനം ചെയ്യുന്ന ധാരാളം വീഡിയോകളും കുറിപ്പുകളും എമ്പാടും പ്രചരിക്കുന്നുണ്ട്.

ചില മുസ്ലിം പേരുള്ള പ്രൊഫൈലുകളില്‍ ഇത്തരം അപരിഷ്‌കൃത നടപടികളെ പുണ്യ പ്രവര്‍ത്തിയായി അവതരിപ്പിച്ചതും കണ്ടു. അതിനായി ഖുര്‍ആന്‍ ആയതുകളും ഹദിസുകളും വരെ നിര്‍മ്മിച്ച് പ്രചാരണം കൊഴുപ്പി ക്കുന്നുണ്ട്. വ്യാജ മുസ്ലിം പ്രൊഫൈലുകളുണ്ടാക്കി എല്ലാത്തരം വൈകൃതങ്ങളെയും മതത്തിന്റെ മേല്‍വിലാസത്തില്‍ അവതരിപ്പിക്കുന്നവരുടെ ഗൂഢ അജണ്ട സോഷ്യല്‍ മീഡിയ സൂക്ഷമതയോടെ നോക്കുന്നവര്‍ക്കേ തിരിച്ചറിയാനാവുകയുള്ളു.

യഥാര്‍ത്ഥത്തില്‍ ഇത് ഏതോ സിദ്ധന്റെ വേഷത്തില്‍ അവതരിച്ച വ്യക്തിയും അനുയായികളും എവിടെയോ ഒത്ത് ചേര്‍ന്ന് നേര്‍ച്ച കൂടിയതിന്റെതാണ് . അയാള്‍ ആരാണ് എന്ന് പോലും അന്വേഷണത്തില്‍ മനസിലാ ക്കാനായില്ല.

ഭക്ഷണത്തിലേക്ക് എന്തോ മന്ത്രിച്ച് ഊതിയതാണെന്ന് തോന്നുന്നു, പക്ഷേ തുപ്പുന്നതായിട്ടാണ് പ്രചരണം. ഇസ്ലാം മത കല്പനകളില്‍ ചൂടുള്ള ഭക്ഷണ മോ പാനീയങ്ങളോ തണുപ്പിക്കാന്‍ പോലും അതിലേക്ക് ഊതാന്‍ പാടില്ല. ചൂട് ചായ ഊതിക്കുടിക്കുന്ന രീതി സാര്‍വത്രികമാണ് അത് പോലും വിലക്കിയ മതത്തില്‍ എങ്ങനെയാണ് തുപ്പലും ഊതലും പുണ്യകര്‍മ്മമാവുക.  

ഇത്തരം ഉഡായ്പ്പുകളെ നിലക്ക് നിര്‍ത്താന്‍ മതസംഘടനകളും പണ്ഡിതന്‍മാരും സജീവമായി രംഗത്ത് വരണം. ആ മതത്തിലെ സിദ്ധന്‍ അങ്ങനെ ചെയ്യുന്നില്ലേ ഈ മതത്തില്‍ ഇങ്ങനെ ചെയ്യുന്നില്ലേ എന്ന മറുചോദ്യമല്ല ഇവിടെ വേണ്ടത്.

ഈ വീഡിയോ മറയാക്കി മുസ്ലിംകള്‍ നല്കുന്ന ഭക്ഷണത്തെ പോലും തെറ്റായിക്കാണാന്‍ പ്രേരിപ്പിക്കുന്ന പ്രെപ്പഗണ്ട അരങ്ങ് തകര്‍ക്കുകയാണ്. ന്യൂനാല്‍ ന്യൂനപക്ഷമായ ഏതെങ്കിലും കള്‍ട്ടുകളും ഗ്രൂപ്പുകളും ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മറയാക്കി ഒരു സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് കേവലം വര്‍ഗ്ഗീയ വിദ്വേഷം മാത്രമല്ല കൃത്യമായ സാമ്പത്തിക അജണ്ട കൂടി അതിന്റെയൊക്കെ പിന്നിലുണ്ട്.

സത്യാനന്തര കാലം ഉണ്ടാക്കുന്ന വിപത്തുകള്‍ കോവിഡ് എന്ന മഹാമാരിയെക്കാള്‍ ആപത്ക്കരമാണ്.

 

Latest News