Sorry, you need to enable JavaScript to visit this website.

ദുബായിലേത് പോലെ നമുക്കും വേണം ഒരു ഹാപ്പിനെസ് മന്ത്രി-ഡോ. ഹുസൈൻ മടവൂർ

നമ്മുടെ നാട്ടിൽ മന്ത്രിമാർ വളരെ ഹാപ്പിയാണ്. പക്ഷെ നമുക്കിവിടെ ഒരു ഹാപ്പിനെസ് മന്ത്രി ( Happiness Minister) ഇല്ല.
ഇതിപ്പോൾ പറയാൻ കാരണമുണ്ട്.
നാല് ദിവസത്തെ ദുബൈ സന്ദർശനം കഴിഞ്ഞ് മടക്കയാത്രക്കായി ഇന്നലെ ദുബൈ എയർപോർട്ടിൽ എത്തിയതായിരുന്നു. ചെക് ഇൻ സമയത്ത് ഒരു പ്രശ്നം. ഒരാൾക്ക് രണ്ട് പെട്ടിയേ അനുവദിക്കുകയുള്ളുവെന്ന് എയർലൈൻസ് ഉദ്യോഗസ്ഥൻ വളരെ ഭവ്യതയോടെയും ബഹുമാനത്തോടെയും പറഞ്ഞു. എനിക്കാണെങ്കിൽഒരു ചെറിയ പെട്ടി അധികമുണ്ട്. കൊറോണക്കാലത്ത് ചൂടാക്കി കുടിക്കാനായി എന്റെ ഒരു സുഹൃത്ത് പാക്ക് ചെയ്ത് തന്ന ഉപഹാരമായിരുന്നു അത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുതകുന്ന ഇഞ്ചിപ്പൊടിയും മഞ്ഞൾ പൊടിയും കറുകപ്പട്ട പൊടിയും ഈത്തപ്പഴവുമൊക്കെയാണ്‌ അതിലുള്ളത്. കുറച്ച് മാസ്കുകളും.
 
എന്നെ ആരോഗ്യവാനായിക്കാണാൻ കൊതിക്കുന്ന സുഹൃത്തിന്റെ ഈ വിലപ്പെട്ട സ്നേഹോപഹാരം എന്ത് ചെയ്യും.
എയർപോർട്ടിൽ ഉപേക്ഷിക്കേണ്ടി വരുമോ. അങ്ങനെ ചെയ്താൽ ഞാൻ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നത് സ്വപ്നം കാണുന്ന ആ സുഹൃത്തിന്നുണ്ടായേക്കാവുന്ന സങ്കടമോർത്ത് എനിക്കും സങ്കടമായി.
എന്തു ചെയ്യും. കൂടെ വന്ന ആളുടെ വശം തിരിച്ച് കൊടുത്തയച്ചാലോ എന്നാലോചിച്ചു. അപ്പോൾ കൗണ്ടറിലെ ഉദ്യോഗസ്ഥൻ തന്നെ എനിക്ക് പരിഹാരം നിർദ്ദേശിച്ചു തന്നു.
 
നിങ്ങളുടെ ലെഗ്ഗേജിന്ന് തൂക്കവും വലുപ്പവും അധികമില്ല. എണ്ണം കൂടിയത് മാത്രമാണ് പ്രശ്നം. അതിനാൽ ഈ രണ്ട് ചെറിയ പെട്ടികൾ റാപ്പ് ചെയ്ത് ഒന്നാക്കിയാൽ മതിയല്ലോ. അങ്ങനെ ചെയ്തു. അങ്ങനെ ആ രണ്ട് പെട്ടികളും എനിക്ക് വേണ്ടി ഒന്നായിക്കഴിഞ്ഞു. എനിക്ക് സന്തോഷമായി. പ്രശ്നം പരിഹരിച്ചതിൽ അയാൾക്കും സന്തോഷമായെന്ന് പറഞ്ഞു.
സന്തോഷം പങ്ക് വെക്കവേ ഞങ്ങളുടെ കൂടെ വന്ന സുഹൃത്ത് പറഞ്ഞു. എല്ലാവർക്കും സന്തോഷം ( Happiness) നൽകണമെന്നതാണ് ഇവിടത്തെ നിയമം. അതിന്നായി UAE യിൽ ഒരു മന്ത്രിയും മന്ത്രാലയവുമുണ്ട്.
( Ministry for happiness).
നല്ല കാര്യം. നമ്മുടെ നാട്ടിൽ ഉപഭോക്താവാണ് രാജാവ് ( Customer is the king ) എന്ന് പറയാറുണ്ട്, എന്നിട്ട് അവരെ പരമാവധി ബുദ്ധിമുട്ടിക്കുകയും ചെയ്യും. അത് ഈ യാത്രയിൽ തന്നെ നന്നായി ബോധ്യപ്പെട്ടതാണ്. അതും കൂടി പറഞ്ഞാലെ പൂർത്തിയാവൂ.
ദുബൈയിലേക്ക് യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂറിന്നുള്ളിൽ കൊറോണ ടെസ്റ്റ് നടത്തിയ സാക്ഷ്യപത്രവുമായി ഞാൻ കരിപ്പൂർ എയർപോർട്ടിലെത്തി. കൊറോണ ടെസ്റ്റ് വീണ്ടും വേണം. അതിന്നായി പണമടച്ചു.
എന്റെ മൂക്കിൽ വീണ്ടും ഒരു കോൽ കയറ്റി തിരിച്ചപ്പോൾ തുമ്മലിന്നിടയിൽ ഞാൻ ചോദിച്ച് പോയി , ഇന്നലെ ടെസ്റ്റ് നടത്തി റിസൽട്ടുമായി വന്ന എന്നെ എന്തിനാ വീണ്ടും ടെസ്റ്റ് നടത്തുന്നത്. ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ എനിക്ക് ദുബായിൽ വെച്ച് അത് മനസ്സിലായി. നാട്ടിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് 2500 രൂപ വാങ്ങാനായിരുന്നു ആ ടെസ്റ്റ് . പുറത്ത് അതിന്ന് 500 രൂപയാണെന്നോർക്കണം.
ദുബൈ സന്തോഷിപ്പിക്കാൻ മന്ത്രിയുള്ള നാടാണല്ലോ. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാർക്ക് കൊറോണാ ടെസ്റ്റ് ഫ്രീ ആണ്.
തിരിച്ച് പോവുമ്പോൾ യാത്രയുടെ രണ്ട് ദിവസത്തിന്നുള്ളിൽ ടെസ്റ്റ് നടത്തിയാൽ പിന്നെ എയർപ്പോർട്ടിൽ ടെസ്റ്റ് വേണ്ട. അവർക്ക് യാത്രക്കാരുടെ 2500 രൂപ വേണ്ടാ എന്നർത്ഥം.
ഒരിക്കൽ ടെസ്റ്റ് നടത്തിയ ആളെ രണ്ട് ദിവസത്തിന്നുള്ളിൽ വീണ്ടും ടെസ്റ്റ് നടത്തുന്നതിന്റെ ലോജിക് എന്നാണെന്ന് ആരും പറഞ്ഞ് തന്നിട്ടില്ല .
കരിപ്പൂർ എയർപ്പോട്ടിൽ പാസ്പോട്ടും ടികറ്റും ടെസ്റ്റ് റിപ്പോർട്ടും വാക്സിനേഷൻ സർട്ടിഫിക്കറ്റും കൗണ്ടറിൽ കൊടുത്തപ്പോൾ അവിടെയിരിക്കുന്ന മനുഷ്യൻ നിഷ്ക്കരുണംപറയുകയാണ് , ഇത് QR കോഡിൽ ബന്ധിപ്പിച്ചിട്ടില്ല, അതിനാൽ യാത്ര ചെയ്യാൻ പറ്റില്ല എന്ന്.
അതറിയില്ലായിരുന്നുവെന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു അതില്ലാതെ പോവാനാവില്ലെന്ന്. പ്രശ്ന പരിഹാരത്തിന്ന് അയാൾ ശ്രമിച്ചതുമില്ല.
ഇനിയെന്ത് ചെയ്യും. ഇവിടെ നാം പറയാറുള്ള പോലെ ഉപഭോക്താവല്ല രാജാവ് എന്ന് മനസ്സിലായി. മറിച്ചാണവസ്ഥ.
ആ രാജാവ് അനങ്ങുന്നില്ല. ഉപഭോക്താവ് വെറും യാചകൻ. അയാളുടെ മുഖത്ത് മാസ്കുള്ളതിനാൽ ആ ക്രൗര്യം ഞാൻ കാണേണ്ടി വന്നില്ല എന്നതിൽ സമാധാനം. അവസാനം, ട്രാവൽസിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ വിളിച്ച് അതെല്ലാം പൂർത്തിയാക്കിയാണ് യാത്ര ചെയ്തത്. റേഷൻ കടയിൽ നിന്ന് പത്ത് രൂപക്ക് സാധനങ്ങൾ വാങ്ങിയാൽ മൊബൈലിൽ മെസേജ് വരുന്ന നാട്ടിൽ ഇരുപത്തിയാറായിരം രൂപയുടെ ടിക്കറ്റെടുത്ത എന്നോട് QR കോഡിന്റെ കാര്യം വിമാനക്കമ്പനിക്ക് നേരത്തെ അറിയിക്കാമായിരുന്നു. ആധാറും ആധാരവും പാൻ കാർഡും തിരിച്ചറിയൽ കാർഡും ബാങ്ക് അക്കൗണ്ടും മറ്റു മറ്റും ബന്ധിപ്പിച്ച് തഴക്കം വന്ന നമുക്കുണ്ടോ നേരത്തെ പറഞ്ഞാൽ ഒരു QR കോഡ് ബന്ധിപ്പിക്കാൻ പ്രയാസം.
പ്രശ്ന പരിഹാരത്തിന്ന് ദുബൈ എയർ പോർട്ടിലെ മലയാളി യല്ലാത്ത സ്റ്റാഫ് എനിക്ക് വേണ്ടി പരിശ്രമിക്കുമ്പോൾ നമ്മുടെ നാട്ടിലെ മലയാളിത്തമ്പുരാൻ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതായി തോന്നി. സങ്കടം തന്നെ.
സ്വന്തം നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ഇവന്മാരെല്ലാം നാട്ടുകാരോടും
വിദേശികളാടും മാന്യമായി പെരുമാറുകയും എല്ലാവർക്കും സന്തോഷം നൽകുകയും ചെയ്യുന്ന ദുബൈയിയെ കണ്ട് പഠിക്കണം. നമ്മളെല്ലാം കുട്ടി പ്രായത്തിൽ സ്കൂൾ അസംബ്ലിയിൽ *ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാകുന്നു...* എന്നെല്ലാം വെയിലത്ത് നിന്ന് പ്രതിജ്ഞയെടുത്തത് എന്തിനായിരുന്നു ആവോ?
നമുക്കും വേണം ദുബൈയിലേത് പോലെ സന്തോഷിപ്പിക്കാനൊരു മന്ത്രി (Minister for happiness). അതോടൊപ്പം എല്ലാ മനുഷ്യർക്കും സന്തോഷം നൽകാനുള്ള പരിശീലനം നേടിയവരെ മാത്രമേ മനുഷ്യരുമായി ഇടപെടുന്ന സ്ഥാനങ്ങളിരുത്താവൂ എന്ന് തീരുമാനിക്കുകയും വേണം.
 
 
 
 
 
 
 
 
 
 
 

Latest News