ആര്യ: മനക്കരുത്തിന്റെ മറുപേര്


ചക്രക്കസേരയിൽ ജീവിതം തള്ളിനീക്കുന്ന ഈ മിടുക്കിക്ക് ഐസറിൽ പ്രവേശനം ലഭിച്ചുവെന്നു മാത്രമല്ല, ദേശീയ തലത്തിൽ ഭിന്നശേഷി വിഭാഗത്തിൽ അഞ്ചാം റാങ്കിനും ഉടമയായി. തന്നെപ്പോലെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഐസറിൽ പ്രവേശനം സുഗമമാക്കാനും ആര്യയിലൂടെ കഴിഞ്ഞിരിക്കുന്നു എന്നതാണ് സുപ്രധാന നേട്ടം. രണ്ട് ആവശ്യങ്ങളായിരുന്നു ലീഗൽ അതോറിറ്റിക്കു മുൻപാകെ ആര്യ സമർപ്പിച്ചത്. തനിക്കു വേണ്ടി പരീക്ഷയെഴുതാനെത്തുന്ന സ്‌ക്രൈബർക്ക് തന്റെ അതേ വിദ്യാഭ്യാസ യോഗ്യത വേണം. ആര്യയോടൊപ്പം പഠിച്ച ഒരു കുട്ടിയെത്തന്നെ സ്‌ക്രൈബായി നിയമിക്കാൻ ഐസർ തയാറായി. 

 

ശാരീരികമായ വെല്ലുവിളികളെ അതിജീവിച്ചു നേടിയ വിജയമാണ് ഈ പതിനേഴുകാരി കരസ്ഥമാക്കിയിരിക്കുന്നത്. ഇഛാശക്തിയും മനോബലവും കൊണ്ടു മാത്രമാണ് ആര്യാ രാജ് എന്ന കോഴിക്കോട്ടുകാരി സ്വപ്‌ന സമാനമായ ഉയരങ്ങൾ കീഴടക്കിയത്. വെസ്റ്റ്ഹില്ലിനടുത്ത വീട്ടിൽ തൊടിയിൽ രാജീവന്റെയും പുഷ്പജയുടെയും മകൾക്ക് നടക്കാനും സ്വന്തം കാര്യങ്ങൾ നിറവേറ്റാൻ പോലും പരസഹായം വേണം. വ്യക്തമായി സംസാരിക്കാൻ പോലുമാവില്ല. എന്നാൽ സ്വപ്‌നം കാണാൻ ആരുടെയും കൂട്ട് വേണ്ടല്ലോ. അവൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. ഇപ്പോഴിതാ ആ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിറവിലാണ് ആര്യ.
ശാസ്ത്രജ്ഞയാകണം എന്നായിരുന്നു ആര്യയുടെ കുട്ടിക്കാലം തൊട്ടേയുള്ള മോഹം. മനസ്സിന്റെ വേഗതക്കൊപ്പം ശരീരത്തിന് ചലിക്കാനായില്ലെങ്കിലും അതൊന്നും അവളുടെ ഇഛാശക്തിയെ തളർത്തിയില്ല. ചക്രക്കസേരയിലെ യാത്രയും സംസാരത്തിലെ വൈകല്യങ്ങളുമൊന്നും മുന്നോട്ടുള്ള പ്രയാണത്തിന് ആര്യക്ക് വിലങ്ങുതടിയായില്ല. മനസ്സിനെയും ശരീരത്തെയും മെരുക്കിയെടുത്തുകൊണ്ടുള്ള ആ പോരാട്ടത്തിന് ഫലപ്രാപ്തിയുണ്ടായിരിക്കുന്നു. ദേശീയ ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ വാതിലുകൾ അവൾക്കായി തുറന്നിരിക്കുന്നു.
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആന്റ് റിസർച്ചിന്റെ (ഐസർ) ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനത്തിനാണ് ആദ്യ റൗണ്ടിൽ തന്നെ ആര്യയെ തെരഞ്ഞെടുത്തിരിക്കുന്നത്. വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നും പ്‌ളസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ഈ മിടുക്കി എസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്‌ളസ് നേടിയിരുന്നു.
ജനിച്ച് ദിവസങ്ങൾക്കകം മഞ്ഞപ്പിത്തം ബാധിച്ചതാണ് ആര്യയുടെ ആരോഗ്യത്തെ ബാധിച്ചത്. സെറിബ്രൽ പൾസി രോഗം ശരീരത്തെ കീഴടക്കിയെങ്കിലും വീട്ടിൽ അടങ്ങിയിരിക്കാൻ ഈ മിടുക്കി തയാറായിരുന്നില്ല. പഠനത്തിൽ അതീവ തൽപരയായ ആര്യയെ സ്‌കൂളിൽ ചേർത്തു. ഓരോ കഌസിലും മികച്ച പ്രകടനമായിരുന്നു ആര്യയുടേത്. റിച്ചാർഡ് ഹോക്കിൻസിനെയും കാൾ റിച്ചാർഡ് ഹേഗനെയും മനസ്സിൽ ആരാധിച്ചുപോന്ന ഈ മിടുക്കിക്ക് അന്നേ ആസ്‌ട്രോ ബയോളജിയോടായിരുന്നു താൽപര്യം. ഈ മോഹമാണ് ആര്യയെ ഐസറിലെത്തിച്ചത്. 


ഐസറിലേയ്ക്കുള്ള പ്രവേശനവും എളുപ്പമായിരുന്നില്ല. ആര്യയെ പോലെ ശാരീരിക വൈകല്യം നേരിടുന്ന ഒരു പെൺകുട്ടിക്ക് പ്രവേശനം നൽകാൻ അവർ ഒരുക്കമായിരുന്നില്ല. ഒടുവിൽ കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി വഴി ഐസർ മേധാവികളെ കക്ഷി ചേർത്ത് ഹരജി നൽകുകയായിരുന്നു. അവരാണ് ആര്യക്കു വേണ്ടി വാദിച്ചത്. കൊൽക്കത്തയിലുള്ള ഐസറിന്റെ ഉദ്യോഗസ്ഥരുമായി ഓൺലൈനിലൂടെ നടത്തിയ അദാലത്തിലൂടെയാണ്  ഒടുവിൽ അവസരം ലഭിച്ചത്. നിയമാവലികൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നായിരുന്നു തുടക്കത്തിൽ അവർ വാദിച്ചത്. എന്നാൽ ശരീരിക അവശതകളെ വെല്ലുവിളിച്ചുകൊണ്ട് ഒരു പെൺകുട്ടി നടത്തുന്ന ധീരമായ ചെറുത്തുനിൽപിനെ കണ്ടില്ലെന്നു നടിക്കാൻ അവർക്കായില്ല. വാദപ്രതിവാദത്തിനൊടുവിൽ മൂന്നാം ദിവസം ആര്യക്കു മുന്നിൽ ഐസറിന്റെ വാതിലുകൾ തുറക്കുകയായിരുന്നു. ആര്യയുടെ ആവശ്യങ്ങൾ അംഗീകരിക്കാനും അവർ തയാറായി. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജിയായ എം.പി. ഷൈജൽ ആയിരുന്നു.
സെപ്തംബർ പതിനേഴിനായിരുന്നു ഐസറിന്റെ അഭിരുചി പരീക്ഷയിൽ ഓൺലൈൻ വഴി ആര്യ പങ്കെടുത്തത്. എൺപതു ശതമാനത്തോളം സെറിബ്രൽ പൾസി നേരിട്ടുകൊണ്ടായിരുന്നു ആര്യയുടെ പോരാട്ടം. ഒക്‌ടോബർ 26 ന് ഫലം പുറത്തു വന്നപ്പോൾ ആര്യ പോലും ഞെട്ടിപ്പോയി. തന്റെ സ്വപ്‌നങ്ങൾക്ക് വർണച്ചാർത്തൊരുക്കിയ വിജയമായിരുന്നു അവളെ കാത്തിരുന്നത്. ചക്രക്കസേരയിൽ ജീവിതം തള്ളിനീക്കുന്ന ഈ മിടുക്കിക്ക് ഐസറിൽ പ്രവേശനം ലഭിച്ചുവെന്നു മാത്രമല്ല, ദേശീയ തലത്തിൽ ഭിന്നശേഷി വിഭാഗത്തിൽ അഞ്ചാം റാങ്കിനും ഉടമയായി. എല്ലാത്തിലുമുപരി തന്നെപ്പോലെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഐസറിൽ പ്രവേശനം സുഗമമാക്കാനും ആര്യയിലൂടെ കഴിഞ്ഞിരിക്കുന്നു എന്നതാണ് സുപ്രധാന നേട്ടം. 
രണ്ട് ആവശ്യങ്ങളായിരുന്നു ലീഗൽ അതോറിറ്റിക്കു മുൻപാകെ ആര്യ സമർപ്പിച്ചത്. തനിക്കു വേണ്ടി പരീക്ഷയെഴുതാനെത്തുന്ന സ്‌ക്രൈബർക്ക് തന്റെ അതേ വിദ്യാഭ്യാസ യോഗ്യത വേണം. പൊതുവെ സ്‌ക്രൈബുകളായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരീക്ഷാർത്ഥികളേക്കാൾ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരാകണം എന്നായിരുന്നു ചട്ടം. ആ ചട്ടം മറികടന്ന് ആര്യയോടൊപ്പം പഠിച്ച ഒരു കുട്ടിയെത്തന്നെ സ്‌ക്രൈബറായി നിയമിക്കാൻ ഐസർ തയാറായി. ആര്യയുടെ സംസാര ശൈലി മനസ്സിലാക്കിയെടുക്കാൻ കഴിയുന്ന കുട്ടിയായിരിക്കണമെന്ന നിബന്ധനയിൽ അവളുടെ സ്‌കൂളിലെ പ്‌ളസ് ടു വിദ്യാർഥിയായ ഹിബയെയാണ് ചുമതലപ്പെടുത്തിയത്. 


മാത്രമല്ല, ഇത്തരം വൈകല്യങ്ങൾ നേരിടുന്ന കുട്ടികൾക്ക് പരീക്ഷാസമയം ദീർഘിപ്പിക്കണം എന്നൊരാവശ്യവും അവൾ ഉന്നയിച്ചിരുന്നു. അതും അംഗീകരിക്കപ്പെട്ടു. അര മണിക്കൂർ കൂടുതൽ സമയം പരീക്ഷയെഴുതാൻ അനുവദിക്കുകയും ചെയ്തു. ഐസറിന്റെ പ്രവേശന കമ്മിറ്റിയുടെ ജോയന്റ് ചെയർമാനായ ആനന്ദ ദാസ് ഗുപ്തയായിരുന്നു അദാലത്തിൽ പങ്കെടുത്തിരുന്നത്.
ഒട്ടേറെ അംഗീകാരങ്ങളാണ് പഠന മികവിലൂടെ ആര്യ സ്വന്തമാക്കിയിരിക്കുന്നത്. അവയെല്ലാം വീട്ടിലെ ചില്ലലമാരയിൽ നിരത്തിവച്ചിരിക്കുന്നതു കാണാം. പ്‌ളസ് ടു പരീക്ഷയിൽ 1200 മാർക്കും നേടി മുഴുവൻ മാർക്കും കരസ്ഥമാക്കിയ മിടുക്കിയാണ് ആര്യ. സംസ്ഥാനത്ത് എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് നേടുന്ന ആദ്യത്തെ സെറിബ്രൽ പൾസി നേരിടുന്ന വിദ്യാർഥി കൂടിയാണ്. 
ജോയന്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഭിന്നശേഷി വിഭാഗത്തിൽ 44 ാം റാങ്കിനുടമയുമാണ് ആര്യ. എൻ.ഐ.ടി പോലുള്ള ഉന്നത സ്ഥാപനങ്ങളിൽ അവസരം ഉറപ്പാണെങ്കിലും ആര്യയുടെ ലക്ഷ്യം ഐസറായിരുന്നു. കാരണം ആസ്‌ട്രോ ബയോളജിയിൽ ഗവേഷണം നടത്തണമെന്നത് അവളുടെ ചിരകാല സ്വപ്‌നമായിരുന്നു. ഐസറിൽ പ്രവേശനം നേടിയെടുക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യമെന്ന് പിതാവ് രാജീവും അടിവരയിടുന്നു. പന്ത്രണ്ടു വയസ്സുള്ളപ്പോൾ യുനിസെഫിന്റെ മികച്ച വിജയം കരസ്ഥമാക്കുന്ന വിദ്യാർഥികൾക്കുള്ള അവാർഡിനും ആര്യ അർഹയായിരുന്നു. ഐസറിലെ അഞ്ചു വർഷത്തെ പഠനത്തിനുശേഷം വിദേശത്തു പോയെങ്കിലും ഇഷ്ടപ്പെട്ട വിഷയത്തിൽ ഗവേഷണം നടത്തി ശാസ്ത്രജ്ഞയാകണമെന്നാണ് തന്റെ സ്വപ്‌നമെന്ന് ആര്യയും പറയുന്നു. നാസയിലോ മറ്റോ ഗവേഷണത്തിന് അവസരം ലഭിച്ചാൽ കൂടുതൽ സന്തോഷമാകുമെന്നും അവൾ കൂട്ടിച്ചേർക്കുന്നു.


ആര്യയുടെ മാതാപിതാക്കളും പ്രതീക്ഷയിലാണ്. പഠനത്തോടൊപ്പം ചികിത്സയും തുടരണമെന്നാണ് അവരുടെ ആഗ്രഹം. കാമ്പസിൽ അവൾക്ക് തുണയായി ആരെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണവർ. കാരണം നടക്കാനും സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനും ആര്യക്ക് പരസഹായം വേണം. മാത്രമല്ല, ഫിസിയോ തെറാപ്പിയും ഒക്യുപേഷണൽ തെറാപ്പിയും ആവശ്യമാണ്. ഇതിനിടയിൽ തൃശൂരിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനിൽ ചികിത്സ തേടിയെങ്കിലും അത് സാധ്യമായില്ല. നിംഹാൻസിലോ വെല്ലൂരിലോ കൊണ്ടുപോയി ചികിത്സിക്കാനാണ് ലക്ഷ്യമിടുന്നത്.
സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജിലിയും ഐ.എസ്.ആർ.ഒയിലെ ഉദ്യോഗസ്ഥനായിരുന്ന ഇ.കെ. കുട്ടിയും അധ്യാപകനായ ഷജിലുമെല്ലാം ആര്യയുടെ സഹായത്തിനായി എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. ഐസർ പ്രവേശനത്തിനും പിന്തുണയുമായി ഇവർ കൂടെയുണ്ടായിരുന്നു. കൂടാതെ യു.എൽ.സി.സി.എസിന്റെ പ്രോത്സാഹനവും ആര്യക്ക് തുണയായി.
ഇന്റീരിയർ ഡിസൈനറായ അച്ഛന്റെയും പി.ഡബ്ല്യൂ.ഡിയിൽ എൻജിനീയറായ അമ്മയുടെയും എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്ന ചേട്ടൻ അർജുൻ രാജിന്റെയും പ്രോത്സാഹനവും പിന്തുണയുമാണ് തനിക്ക് പ്രചോദനമെന്നും ആര്യ പറയുന്നു.

Latest News