സൗഹൃദം വേവിച്ചെടുക്കുന്ന അടുക്കളകൾ


ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കോമൺ കിച്ചൻ ഒരു അനുഗ്രഹമാണ്. രാവിലെ ഏഴര മണിയോടെ മായമില്ലാത്ത, വൃത്തിയുള്ള, പോഷകസമൃദ്ധമായ ഭക്ഷണം വീട്ടിലെത്തുന്നതോടെ അടുക്കളയുടെ നൂലാമാലകളിൽനിന്നും അവർക്ക് മാറിനിൽക്കാനാവും. കൂടുതൽ സമയം ലാഭിക്കാനും ചെയ്യുന്ന ജോലിയിൽ ആത്മാർഥമായി പ്രവർത്തിക്കാനും അവർക്ക് കഴിയുന്നു. മനസ്സിന് സമാധാനവും സ്വസ്ഥതയും തിരിച്ചുകിട്ടി സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന രോഗങ്ങളിൽനിന്നും മുക്തി നേടാനും ഈ സാധാരണ അടുക്കള സഹായിക്കുന്നു 

 

വിശ്രമമില്ലാത്ത അടുക്കളജോലികൾക്ക് അവധി നൽകിയിരിക്കുകയാണ് കുറേ വീട്ടമ്മമാർ. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത പറമ്പിൻ മുകളിലെ ഒരു കൂട്ടം വീട്ടമ്മമാർക്ക് ഇനി ഇഷ്ടംപോലെ സമയമുണ്ട്.  പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഭർത്താവിനും മക്കൾക്കും മാതാപിതാക്കൾക്കുമെല്ലാം ഭക്ഷണമൊരുക്കി ഓഫീസിലെത്തിയിരുന്ന കാലം ഇവർക്ക് പഴങ്കഥയായി മാറിയിരിക്കുന്നു. വിശ്രമമില്ലാത്ത അടുക്കള ജോലിയോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞ ഏഴു വീട്ടമ്മമാർ. ഇവർക്കുവേണ്ട ഭക്ഷണമൊരുങ്ങുന്നതാകട്ടെ അയൽക്കാരി കൂടിയായ തൊടുവൻകുഴിയിൽ ആസ്യയുടെ അടുക്കളയിലും. ഏഴ് കുടുംബങ്ങളിലെ ഇരുപത്തിയാറു പേർക്കു വേണ്ട പ്രഭാത ഭക്ഷണവും ഉച്ചയൂണിന്റെ വിഭവങ്ങളും ആസ്യയുടെ അടുക്കളയിൽ ഒരുങ്ങും. രാവിലെ ഏഴരയോടെ ഇവയെല്ലാം ഓരോരോ വീടുകളിലെയും പുരുഷൻമാർ ആസ്യയുടെ വീട്ടിലെത്തി ശേഖരിക്കുകയാണ് പതിവ്.


മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ രൂപം കൊണ്ട സമൂഹ അടുക്കളയുടെ നേർപതിപ്പാണ് ഇവിടെയും അരങ്ങേറിയിരിക്കുന്നത്. 2020 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച പൊന്നാനി മോഡൽ സമൂഹ അടുക്കളയിൽ മുപ്പതോളം കുടുംബങ്ങളുടെ കൂട്ടായ്മയാണുള്ളത്. അവരിൽനിന്നും ഊർജം ഉൾക്കൊണ്ടാണ് ബാലുശ്ശേരിയിലും ഇത്തരമൊരു കൂട്ടായ്മക്കു രൂപം കൊടുത്തത്. ചുക്കാൻ പിടിക്കുന്നതാകട്ടെ സാമൂഹ്യ പ്രവർത്തകയും ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും റിട്ടയേർഡ് അധ്യാപികയുമായ ഗിരിജാ പാർവ്വതിയും. 2012 ൽ ടീച്ചറും സഹപ്രവർത്തകരും ചേർന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പദ്ധതി പൂർണ്ണതയിലെത്തിയത് ഇപ്പോഴാണെന്നു മാത്രം. അന്ന് സ്‌കൂളിലെ അധ്യാപികമാരെല്ലാം പലയിടങ്ങളിലായിരുന്നതുകൊണ്ടാണ് പദ്ധതി വിജയിക്കാതിരുന്നത്. ഇപ്പോഴാകട്ടെ അര കിലോമീറ്റർ ചുറ്റളവിലുള്ളവരാണ് ഈ അടുക്കളയുടെ ഉപയോക്താക്കൾ. എല്ലാവരും ജോലിക്കു പോകുന്നവരാണ്. പാലോറ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപികയായ കെ.ബിൻസി, വടകര എൻജിനീയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ഇൻസ്ട്രക്ടറായ ആർ.ഡി. പ്രീത, കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ കെ.എം. ഷീന, ഉണ്ണികുളം ഗവൺമെന്റ് യു.പി സ്‌കൂളിലെ അധ്യാപികയായ പി.സിന്ധു, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ കെ.പി. ലൗസി, ബ്യൂട്ടീഷൻ ഷീജ എന്നിവരാണ് ഈ കൂട്ടായ്മയിലുള്ളത്.


ഒക്‌ടോബർ ഒന്നാം തീയതിയാണ് സമൂഹ അടുക്കളയിൽ ഭക്ഷണം പാകം ചെയ്തു തുടങ്ങിയത്. ആദ്യദിവസംതന്നെ ഭക്ഷണത്തിന്റെ രുചിയറിയാനും പിന്തുണ അറിയിക്കാനുമായി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടും ആസ്യയുടെ വീട്ടിലെത്തിയിരുന്നു. നല്ലൊരു പാചകത്തൊഴിലാളിയായതുകൊണ്ടാണ്. അടുക്കളയുടെ ചുമതല ആസ്യയെ ഏൽപിക്കാനുള്ള കാരണം. അവർ  ഹോട്ടലിൽ ജോലി ചെയ്തും വീട്ടിൽതന്നെ കാറ്ററിംഗ് നടത്തിയുമായിരുന്നു ഉപജീവനം നടത്തിയിരുന്നത്. ഇതിനിടയിലാണ് ഭർത്താവിന് മസ്തിഷ്‌കാഘാതം പിടിപെട്ട് ഒരുവശം തളർന്നുപോയത്. അതോടെ ജോലിക്കു പോകാനാവാത്ത അവസ്ഥയുണ്ടായി. ഇപ്പോൾ അവർക്കുള്ള ഭക്ഷണവും ഇതോടൊപ്പം ഉണ്ടാക്കുന്നു.


രാവിലെ നാലുമണിക്ക് തുടങ്ങുന്ന പാചകം ഏഴുമണിയാകുമ്പേഴേയ്ക്കും അവസാനിക്കും. ആറര മണിക്കുതന്നെ ആളുകൾ വീട്ടിൽ എത്തിത്തുടങ്ങും. ചായയും പലഹാരങ്ങളുമെല്ലാം ചൂടോടെയാണ് നൽകുന്നത്. കറികളെല്ലാം അതിരാവിലെയുണ്ടാക്കും. അതിനുശേഷമാണ് പലഹാരങ്ങളുണ്ടാക്കുന്നത്. സമൂഹ അടുക്കളയിലെ ജോലിക്കുശേഷം ആവശ്യക്കാരുണ്ടെങ്കിൽ ബിരിയാണിയുണ്ടാക്കി നൽകാറുണ്ട്. ഗൾഫിലായിരുന്ന മകൻ  കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേയ്ക്കു മടങ്ങി പെയിന്റിംഗ് ജോലിക്കു പോകുകയാണ്. വീടിന്റെ ലോണും ഗോൾഡ് ലോണുമെല്ലാമായി ബാധ്യതകൾ ഏറെയുണ്ട്. എങ്കിലും ഇത്തരമൊരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്- ആസ്യ പറയുന്നു.
പാചകത്തിൽ ആസ്യയെ സഹായിക്കാൻ കൂട്ടായ്മയിലെ ആരുമെത്താറില്ല. പച്ചക്കറികൾ മുറിക്കാനും മറ്റുമായി വീടിനടുത്തുള്ള പത്മിനി എന്ന സ്ത്രീയാണെത്തുന്നത്. ഭർത്താവ് മരിച്ചുപോയ, രോഗിയായ മകളെ ശുശ്രൂഷിക്കാൻ പാടുപെടുന്ന സ്ത്രീയാണവർ. തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കും നൽകുന്നുണ്ട്.


വാഴയുടെ കൂമ്പ്, വാഴപ്പിണ്ടി തുടങ്ങി പരമാവധി നാടൻ വിഭവങ്ങളുപയോഗിച്ച് വീട്ടുരുചിയിൽതന്നെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ചെലവ് മാസാവസാനം ഭാഗംവയ്ക്കുന്നതോടൊപ്പം ആസ്യയ്ക്കുള്ള പ്രതിഫലവും നൽകാനാണ് തീരുമാനം.  പച്ചക്കറികളും പയർവർഗങ്ങളുമെല്ലാം ഒന്നിച്ചാണ് ശേഖരിക്കുന്നത്. അതിനായി ഏഴംഗ സംഘത്തിലെ രണ്ടുപേരെ വീതം നിയോഗിച്ചിട്ടുണ്ട്. തികയാത്തതെന്തെങ്കിലുമുണ്ടെങ്കിൽ അവ ആസ്യ വാങ്ങി കണക്ക് സൂക്ഷിക്കും. പാചകം പലതും കല്ലടുപ്പിലാണ് തയ്യാറാക്കുന്നത്.
ഓരോ ദിവസത്തേയ്ക്കും പ്രത്യേകമായി മെനു നൽകിയിട്ടുണ്ട്. എല്ലാ ദിവസവും വെജും നോൺ വെജും കറികളുണ്ട്. ആഴ്ചയിൽ ഒരു ദിവസം ചിക്കൻ കറിയുണ്ടാക്കും. ഞായറാഴ്ചകളിൽ ബിരിയാണിയും ഉണ്ടാക്കാറുണ്ട്. എങ്ങനെയായാലും വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നതിനേക്കാൾ ചെലവ് കൂടാൻ സാധ്യതയില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.


എന്നെപ്പോലെ അതിരാവിലെ ജോലിക്കു പോകുന്നവർക്ക് വീട്ടിലെ ജോലിയെല്ലാം കഴിയുമ്പോൾ പ്രഭാതഭക്ഷണം പോലും കഴിക്കാൻ കഴിയാറില്ല. ഇതുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഏറെയാണ്. മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി യോഗ പോലുള്ള വ്യായാമങ്ങൾക്കും സമയം കണ്ടെത്താനാവുന്നില്ല. അതിനെല്ലാമുള്ള ഒരു ഉപാധിയായാണ് സമൂഹ അടുക്കളയെ കാണുന്നതെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ലൗസി പറയുന്നു. രാവിലെയും രാത്രിയിലും നല്ലൊരു സമയം അടുക്കളയിൽ ചെലവഴിക്കേണ്ടിവരുന്നതിനാൽ ഇഷ്ടപ്പെട്ട പുസ്തകം വായിച്ചുതീർക്കാൻ ആഴ്ചകളാണ് എടുത്തിരുന്നതെന്ന് ബിൻസി ടീച്ചർ പറയുന്നു. രാവിലെ പത്രം വായിച്ചശേഷം സ്‌കൂളിലെത്തുന്ന എത്ര അധ്യാപികമാരുണ്ട് എന്നവർ ചോദിക്കുന്നു. അടുക്കള ബജറ്റ് മിച്ച ബജറ്റാകുമെന്ന അഭിപ്രായമാണ് ഷീജയ്ക്കുള്ളത്. മാത്രമല്ല, ഭക്ഷണം പാഴാവുന്നില്ലെന്ന ആശ്വാസവുമുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഷീജയുടെ ഭർത്താവിന്റെ അമ്മയും റിട്ടയേർഡ് അധ്യാപികയുമായ നാണിക്കുട്ടി ടീച്ചർക്കു പറയാനുള്ളത് എന്റെ സർവ്വീസ് കാലത്ത് ഇങ്ങനെയൊരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ് എന്നാണ്. സമൂഹ അടുക്കളയ്ക്കുവേണ്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും നാണിക്കുട്ടി ടീച്ചർ മുൻപന്തിയിലുണ്ട്.


പൊതു അടുക്കള എന്ന ആശയം എന്നെപ്പോലുള്ളവരുടെ ഒരു വലിയ സ്വപ്‌നമായിരുന്നു. ജോലിഭാരവും യാത്രാക്‌ളേശവും വീടു സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകുന്ന സമയത്ത് സ്വന്തമായി കുറച്ചുസമയം മറ്റുള്ള കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സമയലഭ്യത വളരെ കുറവായിരുന്നു. പൊതു അടുക്കള യാഥാർഥ്യമായതോടെ കുറേയേറെ സമയം വായനയ്ക്കും പഠനത്തിനുമായി മാറ്റിവയ്ക്കാൻ കഴിയുന്നുണ്ട്. ഇതിന് കുടുംബത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെ വലിയൊരു നേട്ടമായാണ് കാണുന്നത്- ആർ.ഡി. പ്രീത പറയുന്നു. 
ചുമലിൽനിന്നും വലിയൊരു ഭാരം ഒഴിഞ്ഞതുപോലെയാണ് തോന്നുന്നത്. മക്കൾക്ക് എന്തെങ്കിലും വിശേഷപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയുന്നുണ്ട്. ദിവസവും അടുക്കളയിൽ കയറിയുള്ള പെടാപാട് ഒഴിഞ്ഞതിലുള്ള സന്തോഷമാണിപ്പോൾ. പ്രൈമറി സ്‌കൂൾ അധ്യാപികയായ സിന്ധുവിന്റേതാണ് വാക്കുകൾ. 
സമൂഹ അടുക്കളയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞവർ തികഞ്ഞ പ്രോത്സാഹനമാണ് നൽകുന്നതെന്ന് ഗിരിജ ടീച്ചർ പറയുന്നു. സഹപ്രവർത്തകർ പലരും അഭിനന്ദിക്കാറുണ്ട്. തങ്ങളുടെ നാട്ടിലും ഇത്തരമൊരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്നും ടീച്ചർ പറയുന്നു.


സമൂഹ അടുക്കളയ്ക്കു മുന്നോടിയായി പറമ്പിൻ മുകളിലെ വനിതകൾ ഒത്തുചേർന്ന് ഒരു വനിതാ വായനശാല രൂപപ്പെടുത്തിയിരുന്നു. മറ്റാരുടെയും ശല്യമില്ലാതെയുള്ള വായനയും വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകളും അവിടെ അരങ്ങേറുന്നു. കൂടാതെ വൈജ്ഞാനിക സദസ്സുകൾ കേൾക്കാനുള്ള അവസരവും ഓരോ വ്യക്തിയിലും ഒളിഞ്ഞിരിക്കുന്ന സർഗ്ഗചേതനകളെ കണ്ടെത്തി പ്രോത്‌സാഹിപ്പിക്കാനും പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവയ്ക്കാനും കഴിയുന്നു. ജാതിമതഭേദമില്ലാതെ, ഉച്ചനീചത്വങ്ങളില്ലാതെ ഒത്തുചേരാനും ഏതെങ്കിലും തരത്തിലുള്ള വരുമാനം ഉറപ്പാക്കുന്ന സാങ്കേതിക പരിജ്ഞാനം നൽകാനുമെല്ലാമുളള ഒരു പരിശീലനക്കളരിയായി മാറിയിരിക്കുകയാണ് ആ വായനശാല. ഇത്തരം ഒത്തുചേരലുകളിൽനിന്നും ഉരുത്തിരിഞ്ഞുവന്ന കലാസാംസ്‌കാരിക സംഘടനയായിരുന്നു പെണ്ണകം സാംസ്‌കാരികവേദി. സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്കുവേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാൻ ഈ സംഘടനയിലൂടെ കഴിഞ്ഞിട്ടുണ്ട്.

 


കുട്ടികൾക്കുവേണ്ടിയുള്ള പരിശീലന കഌസുകളും സ്ത്രീകൾക്കു മാത്രമായുള്ള വിനോദയാത്രകളും സേവനപ്രവർത്തനങ്ങളും അറിവില്ലായ്മയെ ചോദ്യം ചെയ്യാനുള്ള തന്റേടവുമെല്ലാം പെണ്ണകം പകർന്നുനൽകുന്നു. വേറിട്ട വഴിയിലൂടെ ചിന്തിച്ചതിന്റെ പരിണതഫലമാണ് കോമൺ കിച്ചൻ എന്ന ആശയത്തിലെത്തിച്ചത്. ആ ആശയമാണിപ്പോൾ പ്രാവർത്തികമാക്കിയതും- ഗിരിജ ടീച്ചർ പറയുന്നു.
ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കോമൺ കിച്ചൻ ഒരു അനുഗ്രഹമാണ്. രാവിലെ ഏഴര മണിയോടെ മായമില്ലാത്ത, വൃത്തിയുള്ള, പോഷകസമൃദ്ധമായ ഭക്ഷണം വീട്ടിലെത്തുന്നതോടെ അടുക്കളയുടെ നൂലാമാലകളിൽനിന്നും അവർക്ക് മാറിനിൽക്കാനാവും. കൂടുതൽ സമയം ലാഭിക്കാനും ചെയ്യുന്ന ജോലിയിൽ ആത്മാർഥമായി പ്രവർത്തിക്കാനും അവർക്ക് കഴിയുന്നു. മനസ്സിന് സമാധാനവും സ്വസ്ഥതയും തിരിച്ചുകിട്ടി സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന രോഗങ്ങളിൽനിന്നും മുക്തി നേടാനും ഈ സാധാരണ അടുക്കള സഹായിക്കുന്നു എന്നാണ് ഓരോ വീട്ടമ്മയും അടിവരയിട്ടു പറയുന്നത്. നാടിന്റെ പല ഭാഗത്തും ഇത്തരം അടുക്കളകൾ പ്രാവർത്തികമാകുന്നതോടെ സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ദൂരം കുറയുമെന്ന കാര്യത്തിൽ സംശയമില്ല.


 

Latest News