റണ്‍മല ഉയര്‍ത്തി ചെന്നൈ, റിതുരാജിന് ഓറഞ്ച് ക്യാപ്‌

ദുബായ് -ഐ.പി.എല്ലിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് ചെന്നൈ പടുത്തുയര്‍ത്തിയത്. ഫാഫ് ഡുപ്ലെസിയാണ് (59 പന്തില്‍ 86) പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്നിംഗ്‌സിലെ അവസാന പന്ത് സിക്‌സറിനുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്താവുകയായിരുന്നു. ബാറ്റെടുത്ത മറ്റുള്ളവരും മികച്ച പ്രകടനം കാഴ്ചവെച്ചു. 
റിതുരാജ് ഗെയ്ക്‌വാദ് (27 പന്തില്‍ 32) ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. അവസാന പന്തില്‍ റിതുരാജിനെ കടന്ന് ഓറഞ്ച് ക്യാപ് പിടിക്കാന്‍ ഡുപ്ലെസിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ലോംഗോണില്‍ പിടികൊടുത്തു. റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31) മുഈനലി (20 പന്തില്‍ 37 നോട്ടൗട്ട്) എന്നിവരും അടിച്ചു തകര്‍ത്തു. ലോക്കി ഫെര്‍ഗൂസന്‍ നാലോവറില്‍ വഴങ്ങിയത് 56 റണ്‍സായിരുന്നു. പതിനാറോവറില്‍ 139 ലെത്തിയ ശേഷം നാലോവറില്‍ ചെന്നൈ 53 റണ്‍സടിച്ചു. 
ടോസ് ലഭിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതുവരെ എട്ട് ഫൈനല്‍ കളിച്ചു. അഞ്ചിലും തോറ്റു. മൂന്നു തവണ ചാമ്പ്യന്മാരായി. കൊല്‍ക്കത്ത രണ്ടു തവണ ഫൈനല്‍ കളിച്ചപ്പോഴും ചാമ്പ്യന്മാരായി. 2012 ല്‍ ചെന്നൈയെയാണ് കൊല്‍ക്കത്ത ഫൈനലില്‍ കീഴടക്കിയത്. ചെന്നൈയുടെ 190 രണ്ട് പന്ത് ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു.
ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഫൈനലിന് ഇറങ്ങിയത്. കൊല്‍ക്കത്ത മൂന്നു തവണ ഫൈനലിലെത്തിയപ്പോഴും രണ്ട് കളിക്കാര്‍ ടീമിലുണ്ടായിരുന്നു -സുനില്‍ നരേനും ശാഖിബുല്‍ ഹസനും.
 

Latest News