Sorry, you need to enable JavaScript to visit this website.

പെലെയെ കടന്ന് ഛേത്രി,  ഇന്ത്യ ഫൈനലില്‍

മാലി - വിജയം അനിവാര്യമായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ മാലദ്വീപിനെ 3-1 ന് തകര്‍ത്ത് ഇന്ത്യ സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇരട്ട ഗോളോടെ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചത്. രാജ്യാന്തര ഗോളില്‍ പെലെയെ (77 ഗോള്‍) മറികടന്ന ഛേത്രി (79) ലിയണല്‍ മെസ്സിക്ക് ഒരു ഗോള്‍ പിന്നിലെത്തി. നേപ്പാളിനെയാണ് ഇന്ത്യ സെമിയില്‍ നേരിടുക. മാലദ്വീപ് പുറത്തായി. ഇന്ത്യക്ക് എട്ടും നേപ്പാളിന് ഏഴും പോയന്റാണ്. മാലദ്വീപിന് ആറ് പോയന്റേയുള്ളൂ. ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നുവെങ്കില്‍ സമനില കൊണ്ടും മാലദ്വീപിന് ഫൈനലിലെത്താമായിരുന്നു. 
മുപ്പത്തിമൂന്നാം മിനിറ്റില്‍ മന്‍വീര്‍ സിംഗിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. തുടര്‍ന്നും ഇന്ത്യയാണ് കളിയില്‍ ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ ഇടവേളക്ക് അല്‍പം മുമ്പ് അപ്രതീക്ഷിതമായി ആതിഥേയര്‍ക്ക് പെനാല്‍ട്ടി ലഭിച്ചു. പ്രിതം കോടാലിന്റെ തള്ളില്‍ ഹംസ നിലംപതിച്ചു. അലി അഷ്ഫാഖ് കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഗോള്‍ മടക്കി. 
ലീഡിനായി രണ്ടാം പകുതിയില്‍ ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചു. അറുപത്തിരണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. ഒമ്പത് മിനിറ്റിനു ശേഷം ഛേത്രി വീണ്ടും സ്‌കോര്‍ ചെയ്തു.
 

Latest News