ഫ്രഞ്ച് ഫുട്‌ബോളറെ തടവിലാക്കാന്‍ ഉത്തരവ്

മഡ്രീഡ് - ഫ്രാന്‍സിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും ഡിഫന്റര്‍ ലുക്കാസ് ഹെര്‍ണാണ്ടസിനെ ജയിലിലടക്കാന്‍ മഡ്രീഡിലെ കോടതി ഉത്തരവിട്ടു. 2017 ല്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് ഇത്. 2018 ല്‍ ലോകകപ്പും കഴിഞ്ഞ ദിവസം യൂറോപ്യന്‍ നാഷന്‍സ് ലീഗ് കിരീടവും നേടിയ ഫ്രാന്‍സ് ടീമില്‍ അംഗമാണ് ലുക്കാസ്. താരം അടുത്ത ചൊവ്വാഴ്ച കോടതിയില്‍ ഹാജരാവണം. തടവ് ശിക്ഷക്കെതിരെ ഇരുപത്തഞ്ചുകാരന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. 
കാമുകിയുമായുണ്ടായ ശണ്ഠയുടെ പേരിലാണ് നടപടി. 2017 ഫെബ്രുവരിയില്‍ കാമുകിയെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലുക്കാസ് അന്ന് അത്‌ലറ്റിക്കൊ മഡ്രീഡില്‍ കളിക്കുകയായിരുന്നു. ലുക്കാസിനും കാമുകിക്കും 31 ദിവസത്തെ സാമൂഹിക സേവനമാണ് ആദ്യം വിധിച്ച ശിക്ഷ. ആറു മാസത്തേക്ക് പരസ്പരം കാണരുതെന്നും നിര്‍ദേശിച്ചു. ഈ നിര്‍ദേശം ലംഘിച്ചതിന് ലുക്കാസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും മഡ്രീഡ് വിമാനത്താവളത്തില്‍ വെച്ചാണ് പിടിച്ചത്. 2019 ഡിസംബറില്‍ ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചു. സ്‌പെയിനില്‍ രണ്ടു വര്‍ഷത്തില്‍ താഴെ തടവ് വിധിച്ചവര്‍ ജയിലില്‍ പോകില്ല. എന്നാല്‍ തുടരെ ഉത്തരവ് ലംഘിച്ചതിനാല്‍ ലുക്കാസ് ശിക്ഷ അനുഭവിക്കണം.  

Latest News