Sorry, you need to enable JavaScript to visit this website.

അതിര് വിട്ട അവതാരങ്ങൾ 

ആര്യൻ ഖാൻ
ഷാരൂഖ്
മീര വാസുദേവൻ 
ഗൗരി

ബോളിവുഡിൽ ആണും പെണ്ണുമായി പല തരം ഖാൻമാരുണ്ട്. എല്ലാവരുടേയും ഇഷ്ടം പിടിച്ചു പറ്റിയ ചോക്ലേറ്റ് കുമാരനാണ് ഷാരൂഖ്. നൂറു കണക്കിന് കോടികൾ സമ്പാദിക്കുന്ന താരരാജാവിന് ഇഷ്ടം പോലെ ജീവിക്കാം. സിനിമാ ലൊക്കേഷനുകളിലെത്താറുള്ള ഭാര്യ ഗൗരിയും ഗ്ലാമറിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. അതുകൊണ്ടാവണം ഗോസിപ്പ് കോളങ്ങളിൽ ഷാരൂഖിനെ അങ്ങനെ കാണാറുമില്ല. കുട്ടിക്കുപ്പായമിട്ട് നടക്കാൻ മോൾക്കും മരിജുവാന പ്രാതലാക്കാൻ മകനും അനുവാദം നൽകിയ അഛൻ. എന്നിരുന്നാലും ആ ചെറുക്കൻ ഈ കപ്പലിൽ കയറേണ്ട വല്ല കാര്യവുമുണ്ടായിരുന്നുവോ? അടുത്തിടെ ഒരു അഭിമുഖത്തിൽ ഷാരൂഖ് മുംബൈയിലെ തന്റെ വസതിയ്ക്ക് മുമ്പിലെ ആൾക്കൂട്ടത്തെ പറ്റി വാചകമടച്ചിരുന്നു. അത് അറംപറ്റിയതാണാവോ? അമ്മയുടെ പിറന്നാളിന് പോലും പോകാനാവാതെ  മോന്റെ താമസം ആർതർ റോഡ് തടവറയിലായി. സഞ്ജയ് ദത്തും അജ്മൽ കസബും താമസിച്ച കേന്ദ്രം. ആഡംബരക്കപ്പൽ ലഹരിപ്പാർട്ടിയിൽ അറസ്റ്റിലായ ആര്യൻ ഖാന് കഴിക്കാൻ  ഏതാനും പായ്ക്കറ്റ് മക്ഡൊണാൾഡ് ബർഗറുമായാണ് അമ്മ ഗൗരി ഖാൻ  ഓഫീസിലെത്തിയിരുന്നത്. സുരക്ഷാ കാരണങ്ങളാൽ  ഉദ്യോഗസ്ഥർ ആര്യനെ കാണാൻ സമ്മതിച്ചില്ല.  പ്രത്യേക ഭക്ഷണം നൽകാനും എൻസിബി ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ആര്യനൊപ്പം അറസ്റ്റിലായ മറ്റു പ്രതികൾക്കും ലോക്കപ്പിൽ വീട്ടിൽനിന്നുള്ള ഭക്ഷണം കഴിക്കാൻ അനുവാദം നൽകിയിട്ടില്ല.  ആര്യൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹോട്ടലിൽനിന്നാണ് ഭക്ഷണം ഏർപ്പാടാക്കിയിരിക്കുന്നത്. എൻ.സി.ബി. ആസ്ഥാനത്തിന് സമീപത്തെ നാഷണൽ ഹിന്ദു റസ്‌റ്റോറന്റിൽ നിന്നാണ് പ്രതികൾക്ക് ഭക്ഷണം എത്തിക്കുന്നതെന്ന് ടൈംസ് നൗ  റിപ്പോർട്ട് ചെയ്തു. 

***   ****   ****

മോൻസൺ വിവാദത്തോടെ മലയാളത്തിലെ ചാനലുകൾ പോരിലാണ്. മോൻസൺ ബന്ധം ആരോപിക്കപ്പെടുന്ന ചാനലുകളും അത് ചർച്ചയാക്കുന്ന ചാനലുകളും തമ്മിലാണ് തുറന്നപോരിൽ ഏർപ്പെട്ടിരിക്കുന്നത്. ട്വന്റിഫോർ ന്യൂസും ഏഷ്യാനെറ്റ് ന്യൂസുമായാണ് പോര് കനക്കുന്നത്. 'അവതാരകർ അതിര് വിടരുത്' എന്ന തലക്കെട്ടിൽ ട്വന്റിഫോർ ന്യൂസ് പ്രത്യേക ചർച്ച സംഘടിപ്പിച്ചിരുന്നു. ചാനലുകളുടെ അടി രണ്ട് തരത്തിലാണ് പ്രശ്‌നമുണ്ടാക്കുന്നത്. സീരിയലിലെ അമ്മായി അമ്മ -മരുമകൾ പോര് കാണുന്നതിലും രസമിതാണെന്ന് കരുതി വലിയ വിഭാഗം പ്രേക്ഷകർ പരമ്പരകളെ കൈയൊഴിയും. ടിപ്പു സുൽത്താന്റെ സിംഹാസനത്തിലിരുന്ന പോലീസ് മേധാവിയും അനുബന്ധ സ്‌റ്റോറികൾക്കും വേണ്ട പരിഗണന കിട്ടില്ല. അച്ചടി മാധ്യമങ്ങളിൽ മാവുങ്കൽ കഥകൾ ഇപ്പോഴും നിറഞ്ഞാടുകയാണ്. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താൻ നേരിട്ടാണെന്നും പ്രവാസി വ്യവസായി അനിതാ പുല്ലയിലാണ് ബഹ്‌റയെ പരിചയപ്പെടുത്തിയതെന്നും പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ.  ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ. മ്യൂസിയത്തിലെ തെളിവെടുപ്പിനിടെയാണ് മോൻസൺ ഇക്കാര്യം വെളിപ്പെടുത്തിയിത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ സുജിത്ദാസിന്റെ കല്ല്യാണത്തിന്റെ തലേദിവസമാണ് ബെഹ്‌റയെ ക്ഷണിച്ചതെന്നും മ്യൂസിയത്തിലേക്ക് വന്നപ്പോൾ അദ്ദേഹം എ.ഡി.ജി.പി മനോജ് എബ്രഹാമിനേയും കൂടെ കൂട്ടിയതാണെന്നും മോൻസൺ വ്യക്തമാക്കി. മനോജ് എബ്രഹാമുമായി തനിക്ക് യാതൊരു മുൻപരിചയവും ഇല്ലന്നും അദ്ദേഹത്തെ കൊണ്ട് വാളെടുപ്പിച്ചത് ഡി.ജി.പി തന്നെയാണെന്നുമാണ് മോൻസന്റെ മൊഴി. ഇരുവരും മ്യൂസിയത്തിൽ വന്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഇട്ടത് താനല്ല. തന്റെ ഡ്രൈവർ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.  ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്ത വക്രദൃഷ്ടിയിലെ നിയമസഭ ചർച്ച പല സംശയങ്ങളും ദൂരീകരിക്കും. സർവീസിൽ നിന്ന് വിരമിച്ച ബെഹ്‌റയ്ക്ക് ചേർത്തലയിൽ പതിവായെത്താൻ സർക്കാർ ചെയ്ത കൊച്ചി മെട്രോ സഹായം ഇതിൽ വ്യക്തമാക്കുന്നുണ്ട്. 

***   ****   ****

കേരള സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുളള കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ ഹോട്ടലുകളിൽ 20 രൂപയ്ക്ക് നൽകുന്ന ഊണിന് കറികളൊന്നും ഇല്ലെന്നും ഭക്ഷണത്തിന് നിലവാരം ഇല്ലെന്നുമുളള മനോരമ ന്യൂസ് വാർത്തയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ രോഷം കത്തുന്നതിനിടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരിക്കുന്നത്.  2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.  20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു- മുഖ്യമന്ത്രി വിശദീകരിച്ചു. ദേശീയ ചാനലായ ഇന്ത്യാ ടുഡേ കേരള സർക്കാരിന്റെ ഇരുപത് രൂപ ഊൺ പദ്ധതിയെ പ്രശംസിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചി നഗരസഭ തുടങ്ങിയ ഹോട്ടലിൽ പത്ത് രൂപയ്ക്കും ഊൺ നൽകി തുടങ്ങി. കുറേ പാവങ്ങളുടെ വിശപ്പടങ്ങട്ടെ. 

***   ****   ****

സീരിയലിലെ സിദ്ധാർഥുമായി തനിക്ക് യാതൊരു ബന്ധവും റിയൽ ലൈഫിൽ ഇല്ലെന്ന് കുടുംബവിളക്ക് സീരിയലിലെ കേന്ദ്രകഥാപാത്രമായിട്ടെത്തുന്ന കെ.കെ മേനോൻ എന്ന കൃഷ്ണ കുമാർ മേനോൻ. മലയാളത്തിലെ  ഹിറ്റ് സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. മീര വാസുദേവൻ സീരിയലിൽ മീരയുടെ പെയർ ആയി അഭിനയിക്കുന്നത് കെ.കെ മേനോൻ ആണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന സീരിയലിലെ കെ.കെ മേനോന്റെ സിദ്ധാർഥ് എന്ന കഥാപാത്രം ജനപ്രീതി നേടി എടുത്തിരുന്നു. ആദ്യ ഭാര്യയായ സുമിത്രയെ ഉപേക്ഷിച്ച് അവളുടെ കൂട്ടുകാരിയായ വേദികയുടെ കൂടെ പോയിരിക്കുകയായിരുന്നു സിദ്ധാർഥ്.  അവർ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സീരിയലിൽ ചുരുളഴിയുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സീരിയലിലേക്ക് കടന്ന് വന്നതിനെ കുറിച്ചും തന്റെ സിനിമാ ജീവിതത്തെ കുറിച്ചുമൊക്കെ കൃഷ്ണ കുമാർ പ്രതിപാദിച്ചത്. 
'മഹാമാരി ഒക്കെ വന്ന സമയത്ത് സിനിമയിൽ നിന്നും ഓഫറുകളൊന്നും ഇല്ലായിരുന്നു. അപ്പോഴാണ് കുടുംബവിളക്കിൽ നിന്നും ഓഫർ ലഭിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളറാണ് എന്നെ വിളിച്ചത്. സീരിയലിലേക്ക് താനില്ല. ഏതെങ്കിലും സിനിമയിൽ ചെറിയൊരു വേഷം ആണെങ്കിലും കുഴപ്പമില്ലെന്ന് ഞാൻ പുള്ളിയോട് പറഞ്ഞു. ഏഷ്യാനെറ്റിന് വേണ്ടിയാണ്. ഇതൊരു നല്ല റോളായിരിക്കുമെന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. രജനികാന്ത്, ബാല, ഫഹദ് തുടങ്ങി നിരവധി നായകന്മാരുടെ കൂടെ ഞാൻ അഭിനയിച്ചിരുന്നു.
 എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് പറയുന്നത് ഞാൻ ഏഷ്യാനെറ്റിൽ വരിക എന്നുള്ളതാണ്. രജനികാന്തിന്റെ സിനിമയിലൊക്കെ താനുണ്ടെന്ന് പറഞ്ഞാലും അതൊക്കെ ഇരിക്കട്ടേ, നീ ഏഷ്യാനെറ്റിൽ എപ്പോഴാണ് വരിക എന്നായിരിക്കും ചോദിക്കുക എന്നും അമ്മ പറയും. അങ്ങനെ ആ റോൾ ചെയ്യാമെന്ന് വിചാരിച്ചു. കോർപറേറ്റ് ഹെഡിന്റെ കഥാപാത്രമാണ്. എനിക്ക് ചേരുമെന്ന് അവർ സൂചിപ്പിച്ചിരുന്നു. മീര വാസുദേവൻ ആണ് നായികയായി വരുന്നതെന്നും മറ്റ് വലിയ താരനിര അതിലുണ്ടെന്നും അതിന് ശേഷമാണ് അറിഞ്ഞത്. ഇത്രയും ഹിറ്റായി മാറുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. 

***   ****   ****

പ്ലസ് വൺ ഒന്നും രണ്ടും അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ പലേടത്തും ഫുൾ എ പ്ലസുകാർ വരെ പുറത്തു നിൽക്കുന്നു. മലബാർ ജില്ലകളിൽ അഡീഷണൽ ബാച്ചുകൾ തുടങ്ങുമെന്ന വാഗ്ദാനത്തിൽ നിന്ന് സർക്കാർ പുറകോട്ടു പോയി. പണമില്ലെന്നാണ് പരയുന്നത്. രണ്ടു ലക്ഷം കോടി മുടക്കി തികച്ചും അനാവശ്യമായ സെമി അതിവേഗ റെയിൽ പാതയുണ്ടാക്കാം. പുതിയ തലമുറയ്ക്ക് പഠനസൗകര്യമൊരുക്കാൻ ഫണ്ടില്ല. മാതൃഭൂമി ന്യൂസിലെ ചർച്ചയിൽ സർക്കാരിനെ ന്യായീകരിക്കാൻ മുൻ കാല എസ്.എഫ്.ഐ സാരഥി സുകന്യയെ രംഗത്തിറക്കിയത് കാണുമ്പോൾ കഷ്ടമെന്നല്ലാതെന്ത് പറയാൻ? ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം എത്രയെന്നറിയാത്ത വിദ്യാഭ്യാസ മന്ത്രി റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ്.  കേരളത്തിലെ കായിക വകുപ്പിന്റെ നഷ്ടമാണ് ഈ മന്ത്രി. 
 

Latest News