ക്രൈസ്റ്റ് ചർച്ച്- അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്ക് കിരീടം. ഓസ്‌ട്രേലിയയെ എട്ടുവിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ ഗംഭീര വിജയം. ഇന്ത്യയുടെ നാലാമത്തെ ലോകകപ്പ് കിരീടമാണിത്. ഈ ടൂർണമെന്റിൽ ഇന്ത്യ ഒരു തോൽവിയും അറിഞ്ഞിരുന്നില്ല. മുഴുവൻ മത്സരങ്ങളിലും ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ബോളിംഗിലും ബാറ്റിംഗിലുമെല്ലാം മികച്ച പ്രകടനമാണ് രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ കീഴിലുള്ള ഇന്ത്യ ഫൈനൽ കപ്പിൽ മുത്തമിട്ടത്. 216 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഓസീസ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. മൻജിത് കൽറ നേടിയ സെഞ്ചുറിയാണ് ഇന്ത്യൻ വിജയത്തിന് കരുത്തായത്. 102 പന്തിൽ പുറത്താകാതെയാണ് 101 റൺസ് കൽറ നേടിയത്. ഹർവിക് ദേശായി 61 പന്തിൽ പുറത്താകാതെ 47 റൺസും നേടി. പ്രിഥി ഷാ 41 പന്തിൽ 29 റൺസ് നേടി പുറത്തായി. ശുഭ്മാൻ ഗിൽ 30 പന്തിൽ 30 റൺസ് നേടി പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി മെർലോയാണ് കൂടുതൽ റൺസ് നേടിയത്.