അരങ്ങുകൾ കീഴടക്കിയ അടുക്കള

രുചിവൈവിധ്യങ്ങളുടെ ഇതിഹാസം തീർത്ത വിജയകഥയാണിത്. എത്രയോ രാജ്യാതിർത്തികൾ കടന്ന് ആ ഒത്തുചേരലിന്റെ നറുമണം ഇപ്പോൾ ചരിത്രത്തിൽ അടയാളപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ബലിഷ്ഠമായ നിരീക്ഷണങ്ങൾ എങ്ങനെയാണ് മുഹമ്മദലി ചക്കോത്ത് എന്ന ഗ്രാമത്തനിമ നഷ്ടപ്പെടാത്ത ഈ ചെറുപ്പക്കാരൻ പ്രവൃത്തി പഥത്തിലേക്ക് എത്തിക്കുന്നതെന്ന് അദ്ഭുദാരവോടെ മാത്രമേ നോക്കി നിൽക്കാനാവൂ. വിശ്വാസ്യതയുടെ വിശുദ്ധിയിൽ സ്ഫുടം ചെയ്‌തെടുത്ത ജീവിതാർത്ഥം ഇന്ന് ആയിരങ്ങളിൽ കെട്ടുറപ്പിന്റെ ദിശാബോധമായി വളർന്ന് കഴിഞ്ഞു. മലബാർ അടുക്കള രുചിവൈവിധ്യങ്ങളുടെ ആരവങ്ങളായി മാത്രം നിലനിൽക്കുന്നതല്ല. ആർദ്രതയുടെ സാമൂഹ്യദർശനമായി അതുയർന്നിരിക്കുന്നു. വിശപ്പിന്റെ വിളികേൾക്കാനുള്ള സന്നദ്ധതയായി അവ ഉയർന്നിരിക്കുന്നു. അടുക്കളക്കകത്ത് മുളയ്ക്കുകയും അവിടെത്തന്നെ കരിഞ്ഞുണങ്ങിപ്പോവുകയും ചെയ്യുന്ന നിരവധി രുചിയിൽ തീർത്ത കൈപ്പുണ്യങ്ങൾ എങ്ങനെയാണ് സമൂഹത്തിന്റെ സ്വരൂപമായിത്തീർന്നത്. മലബാർ അടുക്കള ചെയ്ത സുകൃതം അതാണ്. 
ഓരോ വിരൽ തുമ്പിലും വിരിഞ്ഞ രുചിക്കൂട്ടുകൾ അടുക്കളക്ക് പുറത്തേക്കും ആളെക്കൂട്ടി. വയർ മാത്രമല്ല നിറക്കേണ്ടത്, മനസ്സുമാണെന്ന് തിരിച്ചറിഞ്ഞു. പാചകം ഒരു കലാസൃഷ്ടിയായി തീർന്ന കാലത്ത് വിവിധങ്ങളായ സൃഷ്ടി മുകുളങ്ങൾ വർണക്കനവായി വിരിഞ്ഞു. വിവേകപൂർണവും പരിപക്വവുമായ നേതൃത്വത്തിന്റെ അവധാനപൂർവ്വമായ ഇടപെടൽ. ആദർശോഷ്മളതയും, നേരും നെറിയും. തിരക്കുകൾ കൊണ്ട് തിളച്ചുമറിയുമ്പോഴും മുഖത്ത് നിറം മങ്ങാതെ കിടപ്പുണ്ടാവും ഒരു പുഞ്ചിരി. മുഹമ്മദലിയുടെ മുഖശ്രീയാണത്. അശരണരായ അനേകം മനുഷ്യരിൽ കാരുണ്യത്തിന്റെ എത്രയെത്ര പെയ്ത്തുകൾ. വീടായും കിണറായും അന്നമായും നന്മയുടെ മാതൃകകൾ. ഒരു പ്രത്യയശാസ്ത്ര ധാർഷ്ട്യവുമില്ല. ഒരു ചൂണ്ടുവിരൽ പെരുക്കവുമില്ല. ഉള്ളത് ഒരു അതിർത്തിയിലും തളച്ചിടാത്ത മാനുഷികതയുടെ ഒരു തുറന്ന ആകാശം. അവിടെ ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും ദുർഗന്ധങ്ങളില്ല. ഉള്ളത് മനുഷ്യർ എന്ന വലിപ്പപ്പെടലിന്റെ സുഗന്ധം മാത്രം. മുഹമ്മദലി ചക്കോത്ത് എന്ന മനുഷ്യൻ നടന്നു വന്ന വഴികളിൽ നാട്ടിയ അടയാളങ്ങൾ എത്ര വിസ്മയഭരിതമാണ്. 
പ്രതിസന്ധികളെ സമചിത്തതയോടെ നേരിട്ടു. അത്‌കൊണ്ടാണ് വരണ്ട തരിശിടങ്ങൾ പോലും ഹരിതാഭമാക്കാൻ ഈ സംഘത്തിന് കഴിയുന്നത്. മുഹമ്മദലി ചക്കോത്ത് എന്ന ഗ്രാമഗന്ധമുള്ള ഈ മനുഷ്യന് ഈ മേഖലയിൽ പൂർവ്വ മാതൃകകൾ ഉണ്ടായിരുന്നില്ല. ഇന്ന് അടുക്കളകൾ അരങ്ങായിത്തീരുമ്പോൾ, കട്ട പിടിച്ച കരികണക്കെ അസ്വാതന്ത്ര്യത്തിന്റെ ഇരുൾക്കയങ്ങളിൽ നിന്ന് അച്ചടക്കത്തോടെ സർഗാത്മകതയുടെ മറ്റൊരു ഉദയം സംഭവിക്കുകയാണ്. ഒന്നും എളുപ്പമായിരുന്നില്ല, മുമ്പ് ആരും നടന്നുപോയിട്ടില്ല  ഈവഴിയെ. ലോകത്ത് അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന അഞ്ച് ലക്ഷം മനുഷ്യർ ഇന്ന് ഈ ആശയത്തിന്റെ സ്വാർത്ഥ വാഹക സംഘമാണ്. ദസ്തയേവ്‌സ്‌കി കാണിച്ചു തന്ന ഇരുട്ട് പോലെ, മിത്യാകാരമസോവ് ഒരു പാതിരാത്രിയിൽ സെന്റ് പീറ്റേഴ്‌സ് ബർഗിലെത്തി. പല ദിശകളിലേക്കും നീളുന്ന പലവഴികളുടെ പെരും കവല, ഇരുട്ട്... തന്റെ വഴിയേതെന്ന് തിരിച്ചറിയായ്ക. പയ്യോളി അങ്ങാടിയെന്ന ഒരു നാട്ടുമ്പുറ അനുഭവങ്ങളുടെ ഉൾക്കരുത്തുകൊണ്ട് ഈ മണലാരണ്യത്തിലും മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്ന മലബാർ അടുക്കളയുടെ വ്യാപ്തി അത്രമാത്രം വിസ്തൃതമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വലിയ കണക്ക് പുസ്തകമുണ്ടിവിടെ. ലേബർ ക്യാമ്പുകളിലും മറ്റും നടന്ന ഇഫ്താറുകൾ, യൂറോപ്പിലടക്കം ഏകോപിപ്പിക്കപ്പെട്ട ഫുഡ് ബാങ്ക് എന്ന ഉദ്യമം. ഇങ്ങനെ എത്രയോ കാര്യങ്ങൾ കൃത്യമായ പ്ലാനിങ്ങോടെ നടത്തുവാൻ കഴിയുക എന്നത് വിസ്മയകരമാണ്. ജി.സി.സിയിൽ മാത്രമല്ല യൂറോപ്പിലേക്ക് കൂടി വ്യാപിച്ച ഈ മുന്നേറ്റം സ്‌നേഹ സൗഹൃദങ്ങളിലും മാനുഷികതയിലും അടിയുറച്ച് നിൽക്കുന്നു. അത്രയൊന്നും വർണ്ണാഭമല്ല മുഹമ്മദലിയുടെ യൗവ്വനകാലം. കർക്കിടക പകൽ പോലെ ഇരുണ്ട് പോയകാലം. നിരാശയുടെ പെരുങ്കടലിൽ മുങ്ങിപ്പോവുമായിരുന്നു. 
അതിജീവനത്തിന്റെ തണലിടം കണ്ടെത്തണം. മണലാരണ്യത്തിലേക്കുള്ള യാത്ര അങ്ങനെയാണ്. വറ്റിപ്പോയ ഉറവകൾ വീണ്ടെടുക്കണം. വീണുടഞ്ഞോ, വാടി കരിഞ്ഞോ പോയതിനെ തളിപ്പിക്കണം. ഈ നിശ്ചയദാർഢ്യം മുഹമ്മദലിയെ പുതിയ ചാലുകളിലേക്ക് വഴി നടത്തിച്ചു. 
വറുതിയുടെ ശിഖരങ്ങളിൽ എപ്പോഴും പ്രതീക്ഷയുടെ പൂവുകൾ വിരിയും. യൗവ്വനാരംഭകാലത്തെ തീക്കാറ്റ് തന്റെ ജീവിതാനുഭവങ്ങളെ കരുത്തുറ്റതാക്കാൻ ഉതകിയെന്ന് മുഹമ്മദലി പറയും. അന്നം കൊണ്ട് സൗഹൃദങ്ങളുടെ ഒരു ഭൂമിക തീർത്തു എന്നു മാത്രമല്ല ചരിത്രം രേഖപ്പെടുത്തുക. വിവിധങ്ങളായ മേഖലകളിലേക്ക് ഊർജമായും, ഉണർവ്വായും ജീവിതത്തെ പുനർവിന്യസിക്കാൻ ആയിരങ്ങളെ സർവ്വ സന്നാഹമാക്കി എന്നതാവും മുഹമ്മദലിയുടെ അടയാളം. അബ്ദുല്ല ചക്കോത്തിന്റെയും ഫാത്തിമയുടെയും മകനായി 1977 ജനുവരി 5 നാണ് മുഹമ്മദലി ചക്കോത്തിന്റെ ജനനം. നാല് മക്കളിൽ മൂത്ത മകൻ. 
കോഴിക്കോട് ജില്ലയിലെ പയ്യോളി അങ്ങാടിയാണ് സ്വദേശം. റിയാസ്, ഗഫൂർ, സുനീറ എന്നിവരാണ് സഹോദരങ്ങൾ. ബാപ്പക്ക് ഫോറിൻ സാധനങ്ങളുടെ കച്ചവടമായിരുന്നു. ഗൾഫിൽ നിന്നും കൊണ്ടുവരുന്ന കോസ്‌മെറ്റിക്‌സ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ സാധനങ്ങൾ വിലക്കെടുത്ത് ആവശ്യക്കാർക്ക് വിൽക്കുന്നതായിരുന്നു ബാപ്പയുടെ കച്ചവട രീതി. ബാപ്പക്കന്നൊരു സ്‌കൂട്ടറുണ്ടായിരുന്നു. അതിലാണ് സാധനങ്ങൾ കൊണ്ടുവരിക. അക്കാലത്ത് പയ്യോളിയിൽനിന്നും മേപ്പയ്യൂരിൽ നിന്നുമെല്ലാം ഫോറിൻ ഉൽപന്നങ്ങൾ വാങ്ങാൻ ബാപ്പയെതേടി ആവശ്യക്കാരെത്തുമായിരുന്നു. അക്കാലങ്ങളിൽ വീട്ടിൽ സാമ്പത്തിക പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ഗൾഫ് യുദ്ധം ബാപ്പയുടെ ബിസിനസിനെയും ബാധിച്ചു. സാധനങ്ങളൊന്നും വരാതെയായതോടെ കച്ചവടം നിലച്ചു. കുടുംബത്തിൽ ഞെരുക്കമായി. പിന്നീട് ആ മേഖല വിട്ട് ബാപ്പ ഒരു ജീപ്പ് വാങ്ങി. 18 തികഞ്ഞപ്പോൾ ലൈസൻസ് എടുത്തു. ജീപ്പിൽ ഡ്രൈവറായി പോവും. ബന്ധുക്കൾ നടത്തിയ ചക്കോത്ത് ഹോട്ടലിലും, ജ്യൂസ് കടയിലുമെല്ലാം അക്കാലത്ത് ജോലി ചെയ്തിട്ടുണ്ട്. എല്ലാ ജോലിയും ചെയ്യാൻ സന്നദ്ധനായിരുന്നു. സൗത്ത് മാപ്പിള എൽ.പി. സ്‌കൂൾ, കീരൻകൈ, ഗവൺമെന്റ് യു.പി. സ്‌കൂൾ പയ്യോളി അങ്ങാടി, ബാഫഖി തങ്ങൾ മെമ്മോറിയൽ ഹൈസ്‌കൂൾ പയ്യോളി അങ്ങാടി എന്നിവിടങ്ങളിലാണ് മുഹമ്മദലി പഠിച്ചത്. അക്ഷര പാരലൽ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. 


പ്രീഡിഗ്രി കഴിഞ്ഞ് 97 ഒക്ടോബർ 17 ന് ദുബായിലെത്തി. അവിടെയുണ്ടായിരുന്ന ഉമ്മയുടെ സഹോദരൻമാരായ അമ്മദ്ക്കാ, ഷുക്കൂർക്ക എന്നിവരാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. അമ്മദ്ക്ക ദുബായ് പോലിസിൽ ജോലി ചെയ്യുകയാണ്. ഷുക്കൂർക്കാക്ക് സൂപ്പർമാർക്കറ്റായിരുന്നു. ഫ്രീ വിസയിലാണ് എത്തിയത്. പോലീസിൽ ജോലി ചെയ്യുന്ന മാമന്റെ കൂടെ ഒരു മാസത്തോളം താമസിച്ചു. ജോലിയന്വേഷിച്ചുകൊണ്ടിരുന്നു. അൽഐനിലെ അൽ മർമൂമിൽ, അൽ ലിസൈലിലെ കഫ്റ്റീരിയയിൽ ജോലിയുണ്ടെന്ന് അറിയുന്നു. മലപ്പുറത്തുള്ള ആളുടേതായിരുന്നു കഫ്റ്റീരിയ. ഒരുമാസം അവിടെ ജോലി ചെയ്തു. നാട്ടിലേക്ക് തിരിച്ചുപോയാലോ എന്നുവരെ ചിന്തിച്ചുപോയി. 500 ദിർഹംസായിരുന്നു ശമ്പളം. അങ്ങനെയിരിക്കെ ദുബൈ മംമ്‌സാർ ബീച്ചിനടുത്ത്  ഉബൈദ് അൽ ഖസീബ് എന്ന റസ്റ്റോറന്റിൽ ജോലിക്ക് കയറുന്നു. നല്ല തിരക്കുള്ള, ഇന്നും അറിയപ്പെടുന്ന റസ്റ്റോറന്റാണത്. അക്കാലത്ത്  അറബികളായിരുന്നു കസ്റ്റമേഴ്‌സിൽ അധികവും. അറബികൾക്കെല്ലാം മുഹമ്മദലിയുടെ സ്മാർട്‌നെസ് ഇഷ്ടമായി. അവരോടെല്ലാം എളുപ്പം ബന്ധങ്ങൾ സ്ഥാപിച്ചു. ചായയ്ക്കായിരുന്നു ആവശ്യക്കാർ ഏറെ. അവിടുത്തെ ചായ കുടിക്കാൻ അക്കാലത്ത് ജുമൈറയിൽ നിന്നുപോലും അറബികൾ വന്നു തുടങ്ങി. സർക്കാർ തലത്തിലും മറ്റും ഉന്നത സ്ഥാനങ്ങളിലുള്ള അറബികളായിരുന്നു അവിടെ വന്നിരുന്നത്. എല്ലാവരുടെയും ഇഷ്ടക്കാരനായി മാറാൻ എളുപ്പം സാധിച്ചു. കടയിൽ എപ്പോഴും തിരക്കാണ്. റസ്റ്റ് സമയം കുറവായിരുന്നു. ഫ്രീവിസയിലായിരുന്നു. അങ്ങനെ ഒരു ദിവസം ലേബർ ചെക്കിങ്ങിൽ പിടിക്കപ്പെട്ടു. പരിചയമുള്ള ഒരു അറബിയുടെ മുന്നിലേക്കാണ് ലേബർ ഓഫീസർ യാദൃച്ഛികമായി കൊണ്ടുപോയത്. അദ്ദേഹം കസേരയിൽനിന്നും ചാടി എണീറ്റു, എന്താ മുഹമ്മദലിക്ക് പറ്റിയതെന്ന് ചോദിച്ചു. ലേബറിൽ എല്ലാം ശരിയാക്കി, കൂട്ടി കടയിലേക്ക് വന്നു. പരിശോധനയിൽ കുടുങ്ങിയതറിഞ്ഞ് അവിടെ വരുന്ന അറബികൾ അഞ്ച് പത്ത് വണ്ടികളിൽ ഓടിയെത്തി. അപ്പോൾ തന്നെ വിസ മാറ്റാനുള്ള കാര്യങ്ങൾ അവർ തന്നെ ചെയ്തു. യു.എ.ഇയിലെത്തി മൂന്നേകാൽ വർഷം തുടർച്ചയായി നിന്ന ശേഷമാണ് ആദ്യമായി നാട്ടിൽ പോകുന്നത്. 2011 ൽ വിവാഹം നടക്കുന്നു. ഷുക്കൂർക്കായുടെ ഭാര്യാ സഹോദരി ജസീറയെ വിവാഹം കഴിച്ചു. ഇരിങ്ങത്താണ് അവരുടെ വീട്. മക്കൾ നഷ്‌വ, നിദാൽ, നസ്ദ ഫാത്തിമ എന്നിവരാണ് രണ്ടു പേർ പഠിക്കുന്നു. 
തിരിച്ച് ദുബായിലെത്തിയതോടെ പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചു. ദുബായ് ടിവിയിലാണ് ജോലി കിട്ടിയത്. ഓഫീസ് അസിസ്റ്റന്റായി തുടക്കം. ഇപ്പോഴും അതേ സ്ഥാപനത്തിൽ എച്ച്.ആർ ഡിപ്പാർട്‌മെന്റിൽ ജോലി ചെയ്യുന്നു. ദുബായ് സർക്കാരിന് കീഴിലുള്ള ടെലിവിഷൻ ചാനലുകളും പത്രങ്ങളുമടക്കം നിരവധി പ്രസിദ്ധീകരണങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്ഥാപനം. 18 വർഷമായി ദുബായ് ടിവിയിൽ. സ്ഥിരതയുള്ള മെച്ചപ്പെട്ട ജോലി ലഭിച്ചതോടെ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാനും കടങ്ങൾ വീട്ടാനും സാധിച്ചു. നിരവധി പേർക്ക് കമ്പനിയിലും പുറത്തും ജോലി വാങ്ങി കൊടുക്കാനുമായി. 
കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവന്നു. ഒഴിവു സമയങ്ങളിൽ സാമൂഹ്യസേവന രംഗങ്ങളിലും സജീവമാകാൻ തുടങ്ങി. നാട്ടിലെ ചരിച്ചൽ മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിലാണ് ആദ്യം സജീവമാകുന്നത്. മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബത്തിന് ഒന്നര ലക്ഷം രൂപയുടെ ധനസഹായം വരെ നൽകാൻ കൂട്ടായ്മയുടെ സെക്യൂരിറ്റി സ്‌കീമിലൂടെ അന്ന് സാധിച്ചു. ജീവിതത്തിന്റെ പരിമിത വൃത്തങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞ കാലത്ത് സാമൂഹ്യ ബോധത്തിന്റെ വെളിച്ചത്തിലേക്ക് ആനയിച്ചത് ബിസിനസ് രംഗത്തും ജീവകാര്യണ്യ മേഖലയിലും സംഘാടകത്വത്തിലും മികവ് തെളിയിച്ച എ.കെ.അബ്ദുറഹ്മാനും, ഹംസ പയ്യോളിയും, കുഞ്ഞമ്മദ് ചെറുവോട്ടുമാണ്. തന്നെ മാത്രം നോക്കികളായവർക്കിടയിൽ നിന്ന് വീണ് പിടയുന്ന മനുഷ്യരുടെ രോദനം കേൾക്കാൻ തന്നെ സജ്ജമാക്കിയത് ഈ മൂന്ന് മനുഷ്യരുടെയും ശ്രമഫലം കൊണ്ടാണ്. 

ലോകത്തിന് മുന്നിൽ 
തുറന്നുവെച്ച അടുക്കള

മലബാർ അടുക്കളയുടെ പ്രഭവകേന്ദ്രം ഫേസ്ബുക്കാണ്. സാമൂഹ്യ സേവനത്തിനും, ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമെല്ലാം ഫേസ് ബുക്കിനെ ഉപയോഗപ്പെടുത്താൻ തുടങ്ങിയ കാലം, ഞാനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച പയ്യോളി അങ്ങാടി ഫേസ്ബുക്ക് കൂട്ടായ്മക്ക് ലഭിച്ച സ്വീകാര്യതയാണ് മലബാർ അടുക്കളയിലേക്ക് വികസിക്കുന്നത്. 2011ലാണ് പയ്യോളി അങ്ങാടി എന്ന ഫേസ്ബുക്ക് പേജ് തുടങ്ങുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സൗഹൃദത്തിനും പ്രാധാന്യം നൽകുന്നതായിരുന്നു ഈ പേജ്. വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഫേസ്ബുക്ക് എന്ന മാഗസിൻ തുടങ്ങി. പേജിൽ വന്ന കുറിപ്പുകളായിരുന്നു മാഗസിന്റെ ഉള്ളടക്കം. ലേ ഔട്ടും ഡിസൈനുമെല്ലാം ഫേസ്ബുക്ക് പേജ് പോലെ വിന്യസിച്ചു. വലിയ സ്വീകാര്യതയാണ് ആ പേജിന് ലഭിച്ചത്. ഗൾഫിലടക്കം കലാകാരന്മാരെ കൊണ്ടുവന്ന് ഈ കൂട്ടായ്മ സ്റ്റേജ് ഷോകൾ ചെയ്തു. നാട്ടിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും പൂർത്തിയാക്കി. ഈ കൂട്ടായ്മയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറവായിരുന്നു. സ്വതന്ത്രമായ ഒരു ഫേസ്ബുക്ക് കൂട്ടായ്മയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. മുഹമ്മദലി ചക്കോത്ത് ആശയം മുന്നോട്ട് വെച്ചു. രുചിയും സൗഹൃദവുമായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം. മലബാർ അടുക്കള എന്ന പേര് കണ്ടെത്തുന്നു. 2014 ജൂലൈ 5 നാണ് ഫേസ്ബുക്ക് കൂട്ടായ്മയായി മലബാർ അടുക്കള ജനിക്കുന്നത്. മലബാറിന്റെ രുചിയോട് താൽപര്യമുള്ള ഒരു കൂട്ടം എന്നതുമാത്രമായിരുന്നു 
ഉദ്ദേശ്യം. എന്നാൽ വലിയൊരു ശതമാനം പ്രവാസികളും ഇത്തരമൊരു കൂട്ടായ്മയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് കാലം തെളിയിച്ചു. സ്ത്രീകൾക്കിടയിലായിരുന്നു വലിയ വരവേൽപ്പ് കിട്ടിയത്. സ്വന്തം അടുക്കളയിലെ പണികൾ കഴിഞ്ഞാൽ അവർ ഫേസ്ബുക്കിലെ മലബാർ അടുക്കളയിലെ പേജിലേക്ക് ചേക്കേറി. 
മലബാറുകാരിൽ മാത്രം ഒതുങ്ങിയില്ല കൂട്ടായ്മ. അറിയാവുന്ന പാചകക്കുറിപ്പുകളും കുക്കറി വീഡിയോകളും ഓരോരുത്തരും മത്സരിച്ച് പോസ്റ്റ് ചെയ്യാൻ തുടങ്ങി. ചില അംഗങ്ങളുടെ പോസ്റ്റുകൾ പേജിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. ഇന്ന് അഞ്ച് ലക്ഷത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മക്ക് 55 ലേറെ രാജ്യങ്ങളിൽ സജീവ സാന്നിധ്യമുണ്ട്. ജിസിസിയും കടന്ന് യൂറോപ്പിലടക്കം കൂട്ടായ്മ സജീവമായി. വിവിധ ഇടങ്ങളിൽ മലബാർ അടുക്കള കുടുംബ സംഗമങ്ങൾ നടക്കുന്നു. ബാച്ചിലേർസും റസ്റ്റോറന്റുകളിലെ ഷെഫുമാരും വരെ മലബാർ അടുക്കളയുടെ പാചകകുറിപ്പുകൾ നോക്കി പാചകം ചെയ്യാൻ തുടങ്ങി. ഹോട്ടൽ മെനുകളെയും ഈ കുക്കറി നോട്ടുകൾ സ്വാധീനിച്ചു. സ്ഥാപക ചെയർമാൻ മുഹമ്മദലി ചക്കോത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം അഡ്മിൻമാരാണ് ഗ്രൂപ്പിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. മലബാർ അടുക്കള നടത്തിയ പല ഉദ്യമങ്ങളും മറ്റ് കൂട്ടായ്മകൾക്ക് മാതൃകയായതായി മുഹമ്മദലി ചക്കോത്ത് പറയുന്നു. ഫുഡ് ബാങ്ക് സംരംഭം ഇതിനൊരുദാഹരണമാണ്. 12 രാജ്യങ്ങളിലായി 12000 പേർക്ക് ഭക്ഷണമെത്തിക്കാൻ മലബാർ അടുക്കള ഫുഡ് ബാങ്ക് ഉദ്യമത്തിലൂടെ സാധിച്ചു. അമേരിക്കയിലടക്കം മലബാർ അടുക്കള അർഹരിലേക്ക് ഭക്ഷണപൊതിയെത്തിച്ചു. വാട്ട്‌സ്അപ്പ് ഗ്രൂപ്പിലും, ഫേസ് ബുക്ക് പേജിലും ഒരു അറിയിപ്പ് നൽകിയാൽ മാത്രം മതിയായിരുന്നു, ലോകത്തെ വിശക്കുന്നവർക്ക് അന്നം നൽകാൻ ആയിരങ്ങളായ സുമനസ്സുകൾ ഓടിയെത്തി. സ്വന്തം വീടുകളിൽ പാചകം ചെയ്ത ഭക്ഷണവുമായാണ് അവർ തെരുവുകളിലേക്കിറങ്ങിയത്. അത് ഒരു പുതിയ വിപ്ലവവും വഴിത്തിരിവുമായിരുന്നു. പല ഘട്ടങ്ങളിലും ഇത് തുടർന്നു. 
റമദാനിൽ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് എല്ലാ വർഷവും ഇഫ്താർ ഒരുക്കി വരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്ന യജ്ഞവും ഏറ്റെടുത്ത് നടത്തി. രോഗികളും അശരണരായ മനുഷ്യരുമായിരുന്നു ഇതിന്റെ ഗുണഭോക്താക്കൾ. കേരളത്തെ നടുക്കിയ പ്രളയകാലത്ത് 35 ലക്ഷം രൂപയുടെ സന്നദ്ധപ്രവർത്തനങ്ങളാണ് മലബാർ അടുക്കള നിറവേറ്റിയത്. വിവിധ പരിപാടികൾ യു.എ.ഇയിലും, ഖത്തറിലും, സൗദിയിലുമായി സംഘടിപ്പിച്ചു. കോ ഓർഡിനേറ്റർമാരാണ് ഫേസ്ബുക്കിൽ ലൈവായി പല ഇവന്റുകളിലും പ്രത്യക്ഷപ്പെടുക. പൊതു സമൂഹവും ഈ ഉദ്യമങ്ങൾ ഏറ്റെടുത്ത് കൂടെ നിന്നു. നാട്ടിലും പരിപാടികൾ ചെയ്തു. വനിതാ മാഗസിന്റെ ഇവന്റുകളിലടക്കം ഔദ്യോഗിക പങ്കാളിയാവാൻ മലബാർ അടുക്കളക്ക് സാധിച്ചു. മലബാർ അടുക്കള പ്രിന്റ് മാഗസിനും പുറത്തിറക്കി. മലബാർ അടുക്കള മീഡിയ എന്ന പേരിൽ യു.എ.ഇയിൽ മീഡിയ ലൈസൻസ് രജിസ്റ്റർ ചെയ്താണ് ഇത്തരം സംരംഭങ്ങൾ ഏകോപിപ്പിക്കുന്നത്. സ്ത്രീകൾ ഏറെയുള്ള ഗ്രൂപ്പായതിനാൽ സംഘാടനവും ഏകോപനവും വെല്ലുവിളി നിറഞ്ഞതായിരുന്നു. 

മലബാർ
അടുക്കളയുടെ 'സമൃദ്ധി' 

മലബാർ അടുക്കളയുടെ ജീവകാരുണ്യ മുഖമാണ് സമൃദ്ധി. കോഴിക്കോട് വെള്ളയിൽ ബീച്ചിലെ സ്‌കൂളിലടക്കം വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി സമൃദ്ധി എന്ന പേരിൽ ആരംഭിച്ച മലബാർ അടുക്കളയുടെ ഈ ദൗത്യം ഏറെ ശ്രദ്ധിക്കപ്പെടുന്നു. കുറേ കുട്ടികൾ മതിയായ ഭക്ഷണം ലഭിക്കാതെ രോഗങ്ങൾ വന്ന് മരണപ്പെട്ടിരുന്നു. ഇതേക്കുറിച്ച് പഠിച്ചപ്പോൾ പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന കുട്ടികളിലാണ് ഈ ദുരവസ്ഥയെന്ന് കണ്ടെത്തി. അതോടെ മലബാർ അടുക്കള അതൊരു പ്രോജക്ടായി ഏറ്റെടുത്തു. 
3 വർഷമായി ഈ അഭിമാനകരമായ ദൗത്യം തുടരുന്നു. പ്രാഥമിക വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മലബാർ അടുക്കള നടപ്പാക്കുന്ന ഈപദ്ധതിക്ക് വൻ വരവേൽപ്പാണ് സമൂഹം നൽകിയത്. പ്രത്യേകിച്ച് തീരദേശ, മലയോര പ്രദേശങ്ങളിലെ പ്രാഥമിക വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവിനും, അനുബന്ധമായുണ്ടാവുന്ന പ0ന പിന്നോക്കാവസ്ഥക്കും പരിഹാരം കാണാനുള്ള മലബാർ അടുക്കളയുടെ സംരംഭമാണ് സമൃദ്ധി. വിദ്യാർത്ഥികളുടെ സമഗ്രാരോഗ്യ പദ്ധതിയായി വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതി പ്രകാരം എല്ലാ വിദ്യാർത്ഥികൾക്കും പ്രഭാത ഭക്ഷണം, പോഷക സമ്പൂർണ്ണമായ ഉച്ചഭക്ഷണം, മെഡിക്കൽ ക്യാമ്പുകൾ, വിദ്യാർത്ഥി - രക്ഷാകർതൃ ശാക്തീകരണ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയവ ലഭ്യമാക്കുന്നു.

മൊബൈൽ ആപ്പും   
പാചക ഇൻസ്റ്റിറ്റ്യൂട്ടും

മലബാർ അടുക്കളയുടെ മൊബൈൽ ആപ്ലിക്കേഷനാണ് ഈ കൂട്ടായ്മയുടെ പുതിയ വഴിത്തിരിവ്. ആൻഡ്രോയിഡിലും ആപ്പിൾ ഐഒഎസ് പ്ലാറ്റ്‌ഫോമിലും ആപ്പ് ലഭ്യമാണ്. ആയിരക്കണക്കിന് പേർ ഇതിനകം ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നു. പാചകക്കുറിപ്പുകളും വീഡിയോ കുക്കറികളുമാണ് ഇതിന്റെ ഹൈലൈറ്റ്. കുക്കറി മത്സരങ്ങളും ആപ്പിലൂടെ ഏകോപിപ്പിക്കുന്നു. അഫ്‌സൽ കണ്ണാടിപറമ്പാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്. ഒരു പാചക ഇൻസ്റ്റിറ്റിയൂട്ടാണ് അണിയറയിൽ ഒരുങ്ങുന്ന സംരംഭം. അത്യാധുനിക സംവിധാനങ്ങളും ലോകോത്തര നിലവാരവുമുള്ള ഒരു ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടാണ് ലക്ഷ്യം. ഈ അഭിമാനകരമായ പ്രയാണത്തിന് തനിക്കൊപ്പം നിന്നവരിൽ ചില പേരുകൾ എടുത്തുപറയേണ്ടതുണ്ടെന്ന് മുഹമ്മദലി ചക്കോത്ത് പറയുന്നു. 
കുഞ്ഞബ്ദുള്ള കുറ്റിയിൽ, യൂനുസ് പാലക്കുനി, അനസ് പുറക്കാട്, ശ്രീജിത്ത് പുനത്തിൽ, മുഹമ്മദ് എം.സി, നാസിന ഷംസീർ, ഷഹാന ഇല്ലിയാസ്, നഫീസത്ത് പട്ടിലത്ത്, ശരണ്യ വിനീത്, സാജി തൻസീർ, ഫാസില ഇഖ്ബാൽ, ജെസി ഫിറോസ്, ഖമറുന്നീസ സക്കീർ, ഷംസീർ, തസ്‌ലീമ മുസ്തഫ, സജേഷ്‌കുമാർ, മിസ്‌രിയ ആഷിഖ്, കുബ്ര ലത്തീഫ്, ലിജിയ റിയാസ്, ഫൈസൽ മുഹമ്മദ്, വിനീതാ രാജീവ്, സന്ധ്യ മഹേഷ്, റസാഖ് വയനാട്, സുബിനാസ് കിട്ടു, അഹമ്മദ് ഹനീഫ് ദൽഹി, ജിജി ഹാറൂഷ്, ഐശ്വര്യ ബിജു, മുജു കാരയാട്, നബു ഹംസു, സാജിദ നഹ, വഹീദ നിസാർ, സുമ ദിനേഷ് എന്നിവർ അവരിൽ ചിലർ മാത്രം. സ്വാദിന്റെയും സാന്ത്വനത്തിന്റെയും അതിരില്ലായാത്രയിലാണിന്നും മലബാർ അടുക്കള. കുബ്‌റാ ലത്തീഫ്, ഫസ്‌നാ സിറാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജിദ്ദയിൽ മലബാർ അടുക്കളയുടെ പ്രവർത്തനങ്ങൾ. 
പ്രവാസത്തിനിടയിൽ വീണുകിട്ടുന്ന സമയത്തെ വായനയിലും കൂട്ടായ്മകളുടെ ക്രിയാത്മക സഞ്ചാരങ്ങളിലൂടെയുമാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്ന് കുടുംബം പോലെ തന്നെയാണ് മലബാർ അടുക്കളയും. വീട്ടുകാരുടെ കരുതൽ എന്നും കൂടെയുണ്ടായിരുന്നു. ലിനീഷും, രാജേഷും, അജ്മലും പഠനകാലം മുതലുള്ള ആത്മസുഹൃത്തുക്കളാണ്. ഇന്നും ഇഴമുറിയാത്ത ആത്മബന്ധങ്ങൾ. സ്വപ്‌ന ലക്ഷ്യങ്ങളേറെയുണ്ട് മുന്നിൽ. സൗമ്യതയോടെ തികഞ്ഞ കൃത്യതയോടെ മലബാർ അടുക്കളയുടെ പുതിയ ബിസിനസ് സംരംഭങ്ങൾ ഉടനെ തുടക്കം കുറിക്കാനുള്ള സഞ്ചാരം തുടരുകയാണ് മുഹമ്മദലി ചക്കോത്ത്.

Latest News