തമിഴ് പരമ്പരകളുടെ സംപ്രേഷണകാലം 

1994 അവസാനം. ഒരു ദിവസം ഉച്ചയ്ക്ക് ദൂരദർശൻ ആസ്ഥാനമായ മാണ്ഡി ഹൗസിൽ ഡയറക്ടർ ജനറൽ രതികാന്ത് ബാസു എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ ബോംബെയിലെ മൂന്ന് വലിയ പരസ്യക്കമ്പനികളുടെ പ്രധാനികൾ ഇരിക്കുന്നു. ഒരാൾ ലിൻടാസിലെ ഉയർന്ന എക്‌സിക്യൂട്ടീവായ മീനാക്ഷി മാധ്വാനി (അച്ഛൻ മലയാളി, അമ്മ മഹാരാഷ്ട്രിയൻ)യാണ്. എന്റെ നല്ല സുഹൃത്ത്, സംസാരം തുടങ്ങിയപ്പോൾ ബാസു എന്നോട് മദ്രാസ് ദൂരദർശനിൽ സ്‌പോൺസേർഡ് പരമ്പരകൾ സംപ്രേഷണം ചെയ്യുന്നില്ലെന്ന വസ്തുത അറിയാമോ എന്ന് അന്വേഷിച്ചു. എന്റെ ചുമതലകളുടെ ഭാഗമല്ലാത്തതിനാൽ എനിക്കറിയില്ലായിരുന്നു. ഇല്ലെന്ന് ഞാൻ മറുപടി പറഞ്ഞു. മറ്റുളളവർ വിശദീകരിച്ചു: രണ്ട് കൊല്ലമായി അവിടെ സ്‌പോൺസേർഡ് പരമ്പരകൾ സംപ്രേഷണം ചെയ്യുന്നില്ല; അപേക്ഷകൾ കെട്ടിവെച്ചിരിക്കുകയാണ്. അവിടുത്തെ ഉദ്യോഗസ്ഥരിൽ ചിലർ പരമ്പരകൾ നിർമ്മിക്കാൻ തയ്യാറായി സമീപിക്കുമ്പോൾ ഉപദേശിക്കുന്നത് അവ പുതുതായി തുടങ്ങിയ സൺ ടിവിയിൽ കൊടുക്കാനാണ്. 
1993 ഏപ്രിൽ 14-ാം തീയതി തമിഴ് നവവത്സരനാളിലാണ് മൂന്നു മണിക്കൂർ നേരത്തെ പരിപാടികളുമായി സൺ ടിവി തുടങ്ങുന്നത്. പിന്നെ പരിപാടികളുടെ ദൈർഘ്യം നാലര മണിക്കൂറായി. 1995 ജനുവരിയിൽ, കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള ചാനൽ 24 മണിക്കൂറും സംപ്രേഷണമുളള തമിഴിൽ ഉപഗ്രഹ സംപ്രേഷണം നടത്തുന്ന വിനോദ പ്രധാനമായ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായി. പിന്നീട് അവരുടെ സാമ്രാജ്യം വളർന്നുകൊണ്ടേയിരുന്നു. പരസ്യക്കമ്പനിയുടെ മേധാവികൾ പോയ ഉടനെ, ഡയറക്ടർ ജനറൽ എന്നോട് പിറ്റേന്നുതന്നെ മദിരാശിയിലേക്ക് പോകണമെന്നും കഴിയുമെങ്കിൽ മൂന്ന് മാസത്തിനുളളിൽ പരമ്പരകൾ സംപ്രേഷണം തുടങ്ങാനുളള നടപടികൾ ആരംഭിക്കണമെന്നും നിർദ്ദേശിച്ചു. മദിരാശി ദൂരദർശന്റെ അധികച്ചുമതല എനിക്ക് നൽകിക്കൊണ്ടുളള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു; മദിരാശി കേന്ദ്രത്തിന്റെ ഡയറക്ടറെ ഫോണിൽ വിളിച്ച് എന്റെ ചുമതലകളെക്കുറിച്ച് അറിയിക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളിലും എന്റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് പ്രത്യേകം പറയുകയും ചെയ്തു.
മദിരാശിയിൽ പരമ്പരകളുടെ അപേക്ഷകൾ അയ്യായിരത്തിലധികമായിരുന്നു. അവ പ്രാഥമിക പരിശോധന നടത്താൻ തന്നെ, അതായത് അപേക്ഷകൾ നിലവിലുണ്ടായിരുന്ന നിബന്ധനകൾക്കനുസൃതമാണോ എന്ന് നോക്കണമെങ്കിൽ കുറെ മാസങ്ങൾ തന്നെയെടുക്കും. മുൻപ് അവിടെ ജോലിചെയ്ത പരിചയമുണ്ടായിരുന്നതിനാൽ, ഏറ്റവും വിശ്വസ്തരായ മൂന്ന് പേരടങ്ങുന്ന ഒരു കമ്മിറ്റിയുണ്ടാക്കി, അവരുടെ മറ്റ് ജോലികൾ ഒഴിവാക്കി അപേക്ഷകൾ മാത്രം പരിശോധിക്കാൻ ഏർപ്പാടു ചെയ്തു. എൻ.സി.രാജാമണി, കല്യാണി രാമചന്ദ്രൻ, ലോകശിഖാമണി എന്നിവരായിരുന്നു മൂവർ സംഘം. അതിനിടയിൽ ദക്ഷിണമേഖലാ കേന്ദ്രങ്ങളുടെയെല്ലാം ചുമതല എന്നെയേൽപിച്ചു. മാസത്തിൽ പത്ത് ദിവസമെങ്കിലും മദ്രാസ് കേന്ദ്രത്തിൽ ചെലവാക്കേണ്ടിവരുമെന്നതിനാൽ അവിടെ ഓഫീസ് സജ്ജമാക്കുകയും സഹായത്തിന് സ്റ്റാഫിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്നത്തെ ചെന്നൈ കേന്ദ്രം ഡയറക്ടർ നടരാജൻ നല്ല സുഹൃത്തും ഇന്ദിരാനഗറിലെ കേന്ദ്രസർക്കാർ ക്വാർട്ടേഴ്‌സിൽ ഞങ്ങൾ താമസിക്കുന്ന കാലത്ത് അയൽവാസിയുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് പുകൾപെറ്റ നാദസ്വരം വിദ്വാൻ നാമഗിരിപ്പേട്ടൈ കൃഷ്ണൻ. നടരാജന്റെ സഹകരണം ഉറപ്പിച്ചു. നിസ്സാരമായ ഒരു സാങ്കേതികത്വത്തിന്റെ പേരിൽ-ഡയറക്ടറേറ്റിലേക്ക് പരമ്പരകളുടെ അപേക്ഷകൾ പരിശോധിക്കാനുളള പേരുകൾക്ക് അംഗീകാരം കിട്ടിയില്ല എന്നതിനാലായിരുന്നു പരമ്പരകളുടെ അപേക്ഷകൾ പരിഗണിക്കാതിരുന്നത്. അതുകൊണ്ടായിരുന്നു പരമ്പരകളില്ലാതെ പോയതും പരസ്യവരുമാനത്തിൽ വലിയ നഷ്ടമുണ്ടായതും. പ്രാഥമിക പരിശോധന നടത്തുന്നവരെക്കൊണ്ട് രാപ്പകൽ ജോലി ചെയ്യിച്ച് അവയിൽ നിന്ന് ഏകദേശം രണ്ടായിരത്തോളം അപേക്ഷകൾ തെരഞ്ഞെടുത്തു. ശുപാർശകൾ അനേകമുണ്ടായിരുന്നു. ദൂരദർശൻ തമിഴ് പരമ്പരകൾ,  നിർമ്മാതാക്കൾക്ക് കറവപ്പശുക്കളായിരുന്നു അക്കാലത്ത്്. ചുരുക്കപ്പട്ടികയിലെത്തിയ അപേക്ഷകളെ വിലയിരുത്തി സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താൻ പ്രശസ്തരായ വ്യക്തികളങ്ങുന്ന ഒരു കമ്മിറ്റിയുണ്ടാക്കി. ഹൈക്കോടതി ജഡ്ജിയും പ്രശസ്ത പുരാണ പണ്ഡിതനുമായ ജസ്റ്റിസ് എം.എം.ഇസ്മയിൽ, പ്രശസ്ത നടിയായ സുഹാസിനി, മദ്രാസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഉപദേശകസമിതിയുടെ അധ്യക്ഷ സുശീല മാരിയപ്പൻ, മദ്രാസ് വാനൊലിനിലയം ഡയറക്ടർ തിരുവെങ്കിടം, പണ്ഡിതനായ എം.എസ്.ഉദയമൂർത്തി തുടങ്ങിയ പ്രമുഖരായിരുന്നു കമ്മിറ്റിയിൽ. അപേക്ഷകരുടെ പ്രശസ്തിയുടെ പേരിൽ സ്വാധീനിക്കപ്പെടാതിരിക്കാൻ ഇവർക്ക് സ്‌ക്രിപ്റ്റുകൾ നൽകിയത് അവ സമർപ്പിച്ചവരുടെ പേരും മറ്റുവിവരങ്ങളും ഇല്ലാതെയാണ്. അവർ ഓരോരുത്തരം ഓരോ സ്‌ക്രിപ്റ്റിനും നൽകുന്ന മാർക്കുകൾ കംപ്യൂട്ടറിൽ കൂട്ടിച്ചേർത്ത്, ഏറ്റവും കൂടുതൽ മാർക്കുകൾ കിട്ടുന്ന ഏകദേശം മുന്നൂറോളം സ്‌ക്രിപ്റ്റുകൾ കമ്മിറ്റിയുടെ യോഗം വിളിച്ച് തെരഞ്ഞെടുത്തു. സ്‌ക്രിപ്റ്റിന് അംഗീകാരം നൽകിക്കഴിഞ്ഞാൽ (അക്കാലത്ത് ഓരോ പരമ്പരയും അര മണിക്കൂർ വീതം പതിമൂന്ന് ആഴ്ചകളിൽ തീർക്കണം) നിർമ്മാതാവ് സ്വന്തം ചെലവിൽ നിർമ്മിച്ച് നൽകുന്ന നാല് പൈലറ്റ് എപ്പിസോഡുകൾ സ്വീകരിക്കപ്പെട്ടാലേ അന്തിമമായി സംപ്രേഷണം നടക്കൂ.
സ്‌ക്രിപ്റ്റുകൾ നൽകിയവരിൽ തമിഴ് സിനിമാരംഗത്തെ പല പ്രമുഖരുമുണ്ടായിരുന്നു. കൂട്ടത്തിലൊരാൾ കമൽഹാസനായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ നീണ്ടുപോകുമ്പോൾ അദ്ദേഹം ഇടയ്ക്കിടെ ഡൽഹിയിലേക്ക് എന്നെ ഫോണിൽ വിളിക്കുമായിരുന്നു. മദിരാശിയിൽ വരുമ്പോൾ കാണാമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം ഞാനൊഴിവാക്കി. ബോംബെയിലെ വൻകിട പരസ്യക്കമ്പനികളും പുരോഗതി അന്വേഷിച്ചുകൊണ്ടേയിരുന്നു. അന്തിമമായി പട്ടികയിൽ ആദ്യത്തെ പേര് കമൽഹാസൻ സമർപ്പിച്ച കൽക്കിയുടെ 'പൊന്നിയിൽ സെൽവൻ' ആയിരുന്നു. അദ്ദേഹം എന്നെ വിളിച്ച് പ്രത്യേകം നന്ദി അറിയിച്ചു, അഭിനന്ദിച്ചു. ഏതെങ്കിലും പരസ്യക്കമ്പനിക്കാർ അതിന്റെ നിർമ്മാണത്തിന് തയ്യാറാവുമോ, പരിചയപ്പെടുത്താമോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു.  ബോംബെയിലെ ചൈത്ര-ലിയോ ബേണറ്റ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനും ബോംബെ മാട്ടുംഗയിലെ ദക്ഷിണേന്ത്യൻ സ്‌കൂളിന്റെ ചെയർമാനുമായിരുന്ന മലയാളി ആർ.എസ്.നാമൻ, പേരുകൾ പുറത്തുവന്നപ്പോൾ എന്നെഫോണിൽ വിളിച്ച് കമൽഹാസനെ പരിചയപ്പെടുത്താമോ എന്നന്വേഷിച്ചിരുന്നു. കമൽഹാസനെ വിളിച്ച് ഞാൻ വിവരം പറഞ്ഞു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെയും കൂട്ടി കമൽഹാസന്റെ അൽവാർ പേട്ടിലുളള ഓഫീസിലെത്തി. കമൽഹാസന്റെ ആതിഥ്യമര്യാദയും വ്യക്തിവൈശിഷ്ട്യവും എക്കാലവും ഓർമ്മിക്കും. പ്രാരംഭാന്വേഷണത്തിന് ശേഷം ഞാൻ മടങ്ങാനൊരുങ്ങുമ്പോൾ അദ്ദേഹം പിറ്റേദിവസവും വരണമെന്ന് ക്ഷണിച്ചു. അവർ തമ്മിൽ നടന്ന ചർച്ചകളിൽ ഞാൻ പങ്കെടുത്തില്ല. കമൽഹാസൻ എന്തുകൊണ്ടോ പരമ്പര നിർമ്മിച്ചില്ല. പിന്നീട് ഏതാനും കൊല്ലങ്ങൾക്ക് ശേഷം തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിൽവെച്ച് കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്നെ ഓർക്കുകയും പഴയ സൗഹൃദത്തോടെ സംസാരിക്കുകയും ചെയ്തു.
കമൽഹാസൻ മാത്രമല്ല തമിഴ് സിനിമാ, സംഗീത രംഗങ്ങളിലെ പല പ്രമുഖരും ചെന്നൈ തൊലൈക്കാച്ചിയിൽ പരമ്പരകളുമായി രംഗത്തുവന്നു. കെ. ബാലചന്ദർ, ശിവശങ്കരിയുടെ കഥയെ അടിസ്ഥാനമാക്കി മദ്യാസക്തിക്കെതിരെയുളള എ.വി.എം. ശരവണന്റെ പരമ്പര, 'വണ്ണക്കോലങ്ങൾ' എന്ന പേരിൽ എസ്.വി.ശേഖറിന്റെ ഹാസ്യപരമ്പര, എസ്.കൃഷ്ണസ്വാമിയുടെ കഥ അടിസ്ഥാനമാക്കിയ പരമാർത്ഥ ഗുരുകതൈ, ഡോ. ബാലമുരളീകൃഷ്ണയുടെ സിനിമ്യൂസിക്, എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത പരമ്പര എന്നിങ്ങനെ തമിഴ്‌നാട്ടിലെ അതിപ്രഗത്ഭരായവർ ദൂരദർശന് വേണ്ടി 'തൊടർകൾ' (പരമ്പരകൾ) നിർമ്മിച്ചു.
ദൂരദർശനിൽ സ്‌പോൺസേർഡ് പരമ്പരകളുടെ നിർമ്മാണത്തെ സംബന്ധിച്ച അടിസ്ഥാനതത്വം നിർമ്മാതാവ് സ്‌ക്രിപ്റ്റിന് അംഗീകാരം കിട്ടിക്കഴിഞ്ഞാൽ സ്വന്തംചെലവിൽ നാല് പൈലറ്റ് എപ്പിസോഡുകളും അംഗീകരിച്ചാൽ പരസ്യങ്ങൾ സ്വന്തമായി കണ്ടെത്തണം: മുപ്പത് മിനുട്ട് ദൈർഘ്യമുളള എപ്പിസോഡുകളുടെ ആദ്യവും അവസാനവും പരസ്യങ്ങൾ നൽകാം; പിന്നീട് ഇടയിലും ചേർക്കാമെന്ന നിബന്ധന വന്നു. നിർമ്മാതാക്കൾ പരസ്യസമയം സ്വയം വിപണനം ചെയ്യണം. അതിൽ നിന്ന് ദൂരദർശന് ആ സമയത്തേക്കുളള സംപ്രേഷണ ഫീസ് നൽകണം. നിർമ്മാണച്ചെലവും ലാഭവും പരസ്യങ്ങളുടെ വിപണനത്തിൽ നിന്നാണ് ലഭിക്കുന്നത്. പരമ്പരയുടെ അവകാശം നിർമ്മാതാവിൽ തന്നെ നിക്ഷിപ്തമാണ്. ദൂരദർശന് ഒരവകാശവുമില്ല. ഏറ്റവും കൂടുതൽ പ്രേക്ഷകപ്രീതി നേടിയ രാമായണവും മഹാഭാരതവും പിന്നീട് നിർമ്മാതാക്കൾ വിറ്റ് ബഹുശതം കോടികൾ നേടിയതിനു കാരണം ഇതാണ്. ഈ സ്ഥിതി വിശേഷം മറികടക്കാൻ ദൂരദർശൻ തന്നെ മുതൽമുടക്കി നിർമ്മാതാക്കളെ കൊണ്ട് പരമ്പരകൾ നിർമ്മിക്കാൻ വളരെ വൈകി നടപടികളെടുത്തെങ്കിലും അത് ഫലപ്രദമായതായി അറിവില്ല. ദൂരദർശന്റെ വിപണി മൂല്യം അപ്പോഴേക്കും തകർന്നിരുന്നു. മാത്രമല്ല സർക്കാർ നടപടിക്രമങ്ങൾ ഓരോ ഘട്ടത്തിലും വലിയ കടമ്പകളാണ്. ആദ്യകാലങ്ങളിൽ പരസ്യക്കമ്പനികളായിരുന്നു നിർമ്മാതാക്കൾക്ക് പരസ്യങ്ങൾ നൽകിയിരുന്നത്;  അവർക്ക് 15% കമ്മീഷൻ കിട്ടിയിരുന്നു. അതൊഴിവാക്കി ലാഭം മുഴുവൻ നേടാൻ നിർമ്മാതാക്കൾ തന്നെ മാർക്കറ്റിംഗ് കമ്പനികൾ തുടങ്ങി രജിസ്റ്റർ ചെയ്യുകയും അക്രഡിറ്റേഷൻ (അതുണ്ടെങ്കിൽ 90 ദിവസത്തിനുളളിൽ പരസ്യ സംഖ്യ നൽകിയാൽ മതി) നേടുകയും ചെയ്തു. പുതിയ പരമ്പരകളെ ദൂരദർശൻ പ്രേക്ഷകർ സഹർഷം സ്വാഗതം ചെയ്തു. പരമ്പരകൾ പുനരാരംഭിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് തമിഴ്‌നാട്ടിന്റെ പല ഭാഗങ്ങളിൽ നിന്നും ഡയറക്ടർ ജനറലിന് കമ്പിസന്ദേശങ്ങളും കത്തുകളും കിട്ടിയപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു! പതിമൂന്ന് എപ്പിസോഡുകളെന്ന പതിവ് രീതിവിട്ട് പുതുമകളിലേക്ക് കടക്കണമെന്ന് അദ്ദേഹം എന്നോട് നിർദ്ദേശിച്ചു. മദിരാശി കേന്ദ്രം ധാരാളം പരസ്യവരുമാന സാധ്യതകളുളളതാണെന്നും പ്രേക്ഷകർ പുതുമ തേടുന്നവരാണെന്നും അതിന് മാർഗങ്ങൾ കണ്ടെത്താൻ 'പെട്ടിക്ക് പുറത്തുളള' ചിന്തകളും കൂട്ടായ്മകളും ആവശ്യമാണെന്നും ദൂരദർശന്റെ ടെലിവിഷൻ രംഗത്തുളള കുത്തക അവസാനിച്ചിരിക്കുന്നുവെന്ന് മാത്രമല്ല കടുത്ത മത്സരം നേരിടുകയാണെന്ന് സഹപ്രവർത്തകരെ ബോധവത്ക്കരിക്കുകയെന്നത് ഉത്തരവാദിത്തമാണെന്നും പരസ്യവരുമാനം കൂട്ടിയേ പറ്റൂ എന്നും അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു. 


 

Latest News