മലപ്പുറം ഇരുമ്പുഴി സ്വദേശി റെനാ റഷീദ് അഫീഫിന്റെ ഭാവനയിൽ വിരിഞ്ഞത് ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയായിരുന്നു. അക്രിലിക്കിൽ വരച്ച ഈ ചിത്രം നിരവധി പേരെ ആകർഷിച്ചു. ജിദ്ദയിൽത്തന്നെ നിരവധി ചിത്രപ്രദർശനത്തിൽ പങ്കെടുത്തിട്ടുള്ള റെന, ജിദ്ദ ഇന്ത്യൻ സ്‌കൂൾ പൂർവവിദ്യാർഥിനി കൂടിയാണ്. ചെറുപ്പത്തിലേ ചിത്രരചനയിലും പെയിന്റിംഗിലും താൽപര്യമുള്ള റെന, വിവിധ സങ്കേതങ്ങളുപയോഗിച്ച് നിരവധി ചിത്രങ്ങൾ രചിക്കുകയും ചിത്രകലയിലെ നൂതനശൈലിയെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു. ഭർത്താവ്
കണ്ണൂർ സ്വദേശി അഫീഫ്, ജിദ്ദയിൽ ഷിപ്പിംഗ് കമ്പനി ഉദ്യോഗസ്ഥനാണ്.

റെനാ റഷീദ് അഫീഫ്
തിരുവനന്തപുരം ബാലരാമപുരം സ്വദേശി ആമിനാ മുഹമ്മദ് അറബിക് കാലിഗ്രഫിയിൽ രചിച്ച 'കിസ്‌വ ' , എക്‌സിബിഷനിലെ ആകർഷകവും വേറിട്ടതുമായ കാഴ്ചയായിരുന്നു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആമിനയുടെ ഈ രചന, സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് വ്യൂവേഴ്‌സുള്ള പ്രമുഖ പണ്ഡിതൻ മുഫ്തി ഡോ. ഇസ്മായിൽ മെങ്ക് , തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തപ്പോൾ വൻപ്രതികരണമാണ് കിട്ടിയത്. അറബി അക്ഷരങ്ങളിൽ തീർത്ത ഈ സൃഷ്ടിയെക്കുറിച്ച് എല്ലാവരും കൗതുകത്തോടെയാണ് ചോദിച്ചതറിഞ്ഞതെന്ന് ആമിന പറഞ്ഞു. ജിദ്ദ സിഗാല കമ്പനിയിൽ ഉദ്യോഗസ്ഥനായ മുഹമ്മദ് ബൈജുവിന്റേയും ഷാലത്ത് മുഹമ്മദിന്റേയും മകളാണ് ആമിന.






