Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

അവര്‍ ചങ്ങല വിരിച്ച് ഗള്‍ഫിലുമുണ്ട്; കുടുങ്ങുംമുമ്പ് രണ്ട് തവണ ആലോചിക്കണം

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ പേരില്‍ ഗള്‍ഫിലും ഏജന്റുമാര്‍ സജീവമാണ്.
അപകടം അകലെയല്ല എന്നു ഓര്‍മ്മിപ്പിക്കുകയാണ് ഈ ഫേസ് ബുക്ക് പോസ്റ്റ്.

ഒരു നാലഞ്ചു വര്‍ഷം മുമ്പായിരിക്കണം, എന്റെ ഏറ്റവുമടുത്ത സുഹൃത്തുകളിലൊരാളുടെ തോട്ടത്തില്‍ നിന്ന് അപാര പഴുത്ത മാങ്ങ തിന്നു കൊണ്ടിരിക്കുമ്പോഴാണ് മൂപ്പര്‍ പുതിയ ഒരു ഐഡിയ പറഞ്ഞത്. അല്‍പ്പം പൈസ ഇറക്കിയാല്‍ പൈസ വാരാം. മൂപ്പര്‍ പൈസയോട് വല്യ ആര്‍ത്തിയുള്ള ആളല്ല. ഒട്ടും ആര്‍ത്തിയുള്ള ആളല്ല. പൈസ വന്നാലും പോയാലും അത് പടച്ചോനില്‍ നിന്നാണ് എന്നു വിശ്വസിക്കുന്ന, അത് വെറും വാക്കല്ലാതെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അപാര കപ്പാസിറ്റി ഉള്ള ആളാണ്.എന്നാല്‍ എന്റെ ആര്‍ത്തി കണ്ടിട്ടാവണം മൂപ്പര്‍ പുതിയ പരിപാടി എന്റെയടുത്ത് അവതരിപ്പിച്ചത്.  സംഗതി കേട്ടപ്പോള്‍ കയ്യിലുള്ള പഴുത്ത മങ്ങയോടൊപ്പം എന്റെ സ്വപ്നങ്ങളും മൂത്ത് പഴുത്തു. മധുരം.. മധുരത്തോട് മധുരം...
മൂപ്പരുടെ ഒരു സുഹൃത്ത് ഗള്‍ഫിലാണ്. അയാള്‍ക്ക് ചൈനയില്‍ ബിസിനസ് ഉണ്ട്. എന്തോ ബനിയന്‍ പരിപാടി ആണെന്നാണ് പറഞ്ഞത്. അയാളുടെ ബിസിനസില്‍ സ്‌നേഹം കൊണ്ട് ഇദ്ദേഹത്തോട് ചെറിയ പൈസ നിക്ഷേപിച്ചോളാന്‍ പറഞ്ഞിട്ടുണ്ട്. ഒരു അമ്പതിനായിരം കൊടുത്താല്‍ ഒരാഴ്ച്ച കൊണ്ട് ലാഭം കിട്ടിത്തുടങ്ങും. കൊടുക്കാന്‍ മൂപ്പരുടെ കയ്യില്‍ ഒന്നുമില്ല, എന്റെ കയ്യില്‍ ഉണ്ടേല്‍ കൊടുത്താല്‍ മൂപ്പര്‍ ഗ്യാരണ്ടി. എത്ര കിട്ടും എന്ന് ചോദിച്ചു, പതിനായിരമോ മറ്റോ കൊടുത്തപ്പോള്‍ ഒരാഴ്ച്ച കൊണ്ട് രണ്ടായിരമോ മറ്റോ ലാഭം കൊടുത്തു. ആവശ്യം വന്നപ്പോള്‍ ആ പതിനായിരവും തിരിച്ചു കൊടുത്തത്രേ.. ഇത് കേട്ടപ്പോള്‍ എനിക്ക് ഹരം കയറി. അന്ന് എന്റെ വീടിന് തറ കെട്ടുന്ന കാലമാണ്. എടുത്ത് വെച്ച ഒന്നര ലക്ഷമുണ്ട്. അത് പതിയെ ഇറക്കിയാല്‍ വീട് തന്നെ കെട്ടാം. എന്റെ ചൈനയിലെ ബിസിനസ് സാമ്രാജ്യം വികസിച്ചു, മനസ്സില്‍ ചൈനീസ് മതിലുകള്‍ കൊട്ടാകെട്ടി...
അങ്ങനെ സംഗതി തീരുമാനിച്ചു. ഒരു ലക്ഷം ഞാന്‍ ചൈനയിലെ ബനിയന്‍ ബിസിനസില്‍ ഇറക്കി, വീട്ടില്‍ ഉണക്കാന്‍ ഇട്ട ബനിയന്‍ കാണുമ്പോള്‍ എനിക്ക് ചൈനയിലെ എന്റെ ബിസിനസ് ഓര്‍മ്മ വരും, അവിടെ എനിക്ക് വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്ന തൊഴിലാളികളെ ഓര്‍മ്മ വരും, ഞാനെന്ന മുതലാളി അവരെ ഔദാര്യത്തോട് നോക്കും. അവര്‍ക്ക് എന്തേലും ചില്ലറ കൊടുക്കാമായിരുന്നു, പാവങ്ങള്‍ . അങ്ങനെ ആദ്യത്തെ ആഴ്ച്ച ലാഭത്തിന്റെ രൂപത്തില്‍ എനിക്ക് മുവ്വായിരം പറന്നു വന്നു, ഹോ.. എന്റെ കണ്ണ് നിറഞ്ഞു.. ഒപ്പം ഒരു മെസേജുമുണ്ട്. ഈ ആഴ്ച്ച ലാഭം കുറഞ്ഞത് നോക്കണ്ട എന്ന്.. പടച്ചോനെ എന്തൊരു സത്യസന്ധത. അടുത്ത ആഴ്ച്ച രണ്ടായിരം വന്നു. പിന്നെയും അമ്പതിനായിരം ഇറക്കുമോ എന്നൊരു പ്രലോഭിപ്പിക്കുന്ന ചോദ്യവും. പിന്നെയും ഒരാഴ്ച്ച ആയപ്പോള്‍ വീണ്ടും രണ്ടായിരം..
എന്റെ സുഹൃത്തിനും ആവേശമായി, മൂപ്പര്‍ ഭാര്യയുടെ പൊന്ന് ഇറക്കി. ഈ കഥ എന്റെ മറ്റൊരു സുഹൃത്തിനോട് സൂചിപ്പിച്ചപ്പോള്‍ എന്നെ നന്നായി ശകാരിച്ചു. മൂപ്പര്‍ക്ക് ചൈനയില്‍ ശരിക്കും ബിസിനസാണ്, അങ്ങനൊരു ബനിയന്‍ കച്ചോടം ഒന്നും ചൈനയില്‍ ഇല്ല, ഇങ്ങള് ആ പൈസ മാങ്ങിയെടുത്താളി എന്നു കോഴിക്കോടന്‍ ഭാഷയില്‍ എന്നോട് ഉപദേശിച്ചു. വീണ്ടും എന്റെ ചൈനീസ് മതിലില്‍ സംശയത്തിന്റെ വിള്ളല്‍ വീണു, എന്റെ ചൈനീസ് നിര്‍മ്മിത ബനിയനില്‍ ഓട്ട വീണു. ഇനി എങ്ങനെയേലും ആ കായി മാങ്ങി എടുക്കണം..  എന്റെ സുഹൃത്തിനോട് പറഞ്ഞപ്പോ...സംഗതി സിമ്പിള്‍, പൈസ ഇപ്പൊ വേണം എന്ന് പറഞ്ഞാല്‍ ഇന്ന് വൈകിട്ട് അക്കൗണ്ടില്‍ എത്തും. പിന്നേം ഞാന്‍ തൃശങ്കുവിലായി. മാണോ മാണ്ടയോ....
അങ്ങനെ രണ്ടും കല്പിച്ചു പൈസ തിരിച്ചു വാങ്ങാന്‍ തീരുമാനിച്ചു. ചൈനയിലെ മുതലാളിക്ക് ഒരു കുഴപ്പവുമില്ല. ഒരാഴ്ച്ച കൂടി കാത്തിട്ട് വലിയൊരു ലാഭവും കൂടെ  വാങ്ങിയിട്ട് പോരെ എന്നൊന്ന് ചോദിച്ചു, ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു, എനിക്ക് പൈസ കിട്ടിയാല്‍ മതി, ആയ്‌ക്കോട്ടെ നാളെ അക്കൗണ്ടില്‍ കയറും എന്നു മൂപ്പര്‍..  അത് ഒന്നായി, രണ്ടായി, മൂന്നായി, ഒരാഴ്ചയായി. രണ്ടാഴ്ചയായി...പൈസ ഇല്ല. എന്റെ സുഹൃത്തിനും സംശയം തോന്നിത്തുടങ്ങി..
പക്ഷെ സംശയങ്ങള്‍ അസ്ഥാനത്താണ് എന്നു പ്രഖ്യാപിച്ച് എന്റെ പൈസ കിട്ടി. അപ്പോള്‍ സുഹൃത്തിന് ശ്വാസം നേരെ വീണു, മൂപ്പരുടെ ലാഭവും വന്നു, മൂപ്പര്‍ പിന്നെയും ഇറക്കി...
അല്‍പ്പ കാലം കഴിഞ്ഞപ്പോള്‍ ഗള്‍ഫിലെ ആ മുതലാളിയുടെ വാട്‌സ്ആപ്പില്‍ നിന്ന് ബിസിനസ് പൊട്ടിയ കഥന കഥ വന്നു, എന്റെ സുഹൃത്തിന്റെ പൈസ ഉടന്‍ തരാം എന്ന്, പിന്നെ  പതിയെ വാട്‌സാപ്പ് കട്ടായി, ആളെക്കുറിച്ചു വിവരമില്ല എന്നും കേട്ടു. ആ പൈസ സ്വാഹ... ഇപ്പോഴും അത് കിട്ടിയില്ല എന്നാണ് തോന്നുന്നത്... ഭാര്യയുടെ പൊന്ന് പോയത് മിച്ചം....
കഴിഞ്ഞ ആഴ്ച ഒരിടത്ത് പോയപ്പോള്‍ മുന്നിലെ  വീട്ടില്‍ മൂന്ന് ആളുകള്‍, ഇന്‍ ചെയ്ത് എക്‌സി ലുക്കില്‍ മൂന്നു നാലു വീട്ടുകാരെ കൂട്ടി സംഗതി വിശദീകരിക്കുകയാണ്. എന്റെ കൂടെ  ഉണ്ടായിരുന്ന സദറുദ്ദീന്‍ വാഴക്കാട്  അവരോട് എന്താണ് പരിപാടി എന്നു ചോദിച്ചു. മള്‍ട്ടി ലെവല്‍ മര്‍ക്കറ്റിങ് ആണ്. പക്ഷെ അവര്‍ മറ്റൊരു ഓമനപ്പേര് പറഞ്ഞു. സംഗതി മണി ചെയിന്‍ തന്നെ, പൈസ പോവും എന്ന്  വലയില്‍ വീഴാന്‍ പോകുന്ന കോടീശ്വരര്‍ ആകുന്നത് സ്വപ്നം കാണുന്ന പാവങ്ങളെ ഉപദേശിച്ചു നോക്കി. അവര്‍ക്കുണ്ടോ കുലുക്കം.  എക്‌സ്പീരിയന്‍സ്‌കള്‍  നിരത്തി നാല് വര്‍ത്താനം പറഞ്ഞപ്പോള്‍ വല വിരിക്കാന്‍ വന്ന ടീം ഒന്നു പുറകോട്ട് അടിച്ചെങ്കിലും വലയില്‍ വീഴാന്‍ പോകുന്നവര്‍ ഒട്ടും പുറകോട്ട് പോയില്ല. ബാങ്ക് പാസ്ബുക്കും ആധാറും ഒക്കെ കൈമാറുന്നത് കണ്ടു
800 രൂപ കൊടുത്ത് ചേരാന്‍ ഒരു സുഹൃത്ത് കുറച്ച് കാലം  പുറകെ നടന്നിരുന്നു.
എന്ത് ചെയ്താലും ഞാന്‍ വീഴില്ല എന്നു തോന്നിയപ്പോള്‍ അവസാന അടവ് എടുത്തത്  എന്റെ ആധാര്‍ കാര്‍ഡ് ഫോട്ടോ എടുത്ത് അയച്ചു കൊടുക്കാന്‍..
എന്റെ 800 ഓന്‍ കൊടുത്തോളാമെന്ന്...
ഇപ്പോള്‍ ഈ പരിപാടി ചങ്ങല വിരിച്ചു നാട്ടില്‍ സജീവമാണ് എന്നറിയുന്നു, ഒന്നര ലക്ഷം മുടക്കിയാല്‍ ദിവസവും മൂവായിരം വെച്ച് അക്കൗണ്ടില്‍ കയറി സംതൃപതി കൊള്ളുന്നവര്‍ ഒരുപാടുണ്ട് എന്നു കേട്ടു,  അവര്‍ കണ്ണിയായി ആളുകളെ ചേര്‍ത്ത്  ചേര്‍ത്ത് സ്വപ്നം കാണുകയാണ്.. ചേര്‍ന്നവര്‍ക്ക് അതിലും വലിയ സ്വപ്നം..
അപകടം അകലെയല്ല എന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു...
ശുഭം....

 

Latest News