ക്രൈസ്റ്റ്ചർച്ച് - കമലേഷ് നഗർകോടിയും ശിവം മാവിയും പൃഥ്വി ഷായും ശുഭ്മാൻ ഗില്ലുമൊക്കെയായിരിക്കും കളിക്കളത്തിലെ ഹീറോമാർ.
പക്ഷെ ഇന്ത്യ അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെത്തിയതിന്റെ എല്ലാ ക്രെഡിറ്റും രാഹുൽ ദ്രാവിഡിനാണ്. യുവ കളിക്കാരെ ശരിയായ രീതിയിൽ മാർഗദർശനം നൽകുന്നതിൽ മുൻ ഇന്ത്യൻ നായകന്റെ പങ്കിനെ സചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗുമുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം മുക്തകണ്ഠം പ്രശംസിച്ചു. കളിക്കളത്തിലും പുറത്തും കുട്ടികൾക്ക് മാതൃകയാവാൻ ദ്രാവിഡിനോളം മികച്ചൊരു കളിക്കാരനെ കണ്ടെത്തുക പ്രയാസമായിരിക്കും. രണ്ടാം തവണയാണ് ദ്രാവിഡിന്റെ പരിശീലനത്തിൽ ഇന്ത്യൻ ടീം അണ്ടർ-19 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2016 ലെ ഫൈനലിൽ വെസ്റ്റിൻഡീസിനോട് ഇന്ത്യ തോൽക്കുകയായിരുന്നു. ഇത്തവണ ഓസ്ട്രേലിയയുമായാണ് ഇന്ത്യ ഫൈനൽ കളിക്കുക, ശനിയാഴ്ച. ഓസ്ട്രേലിയയെ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ തോൽപിച്ചിരുന്നു.
തന്റെ കഴിവ് മനസ്സിലാക്കിയതു പോലെ ദൗർബല്യങ്ങൾ തിരിച്ചറിയുകയും അതു മറികടക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്താണ് ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റിൽ ഉയരങ്ങളിലേക്ക് മുന്നേറിയത്. രാജ്യാന്തര ക്രിക്കറ്റിൽ സ്തുത്യർഹമായ ഉയരങ്ങളിലെത്തിയവർക്കെല്ലാം കോച്ചിംഗിൽ തിളങ്ങാൻ കഴിയണമെന്നില്ല. അതിന് ഉദാഹരണങ്ങൾ എമ്പാടുമുണ്ട്. എന്നാൽ കോച്ചിംഗിലും ദ്രാവിഡ് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് കോച്ചായിരിക്കെ മലയാളി താരം സഞ്ജു സാംസൺ, കരുൺ നായർ, ധവാൽ കുൽക്കർണി തുടങ്ങിയ യുവ കളിക്കാരെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു ദ്രാവിഡ്.
ലോകകപ്പിന് കളിക്കാരെ ഒരുക്കുമ്പോൾ ബോർഡ് പ്രസിഡന്റ്സ് ഇലവനെതിരെ ഒരു മത്സരം ദ്രാവിഡ് നിർദേശിച്ചു. ജയ്ദേവ് ഉനാദ്കാതും അഭിമന്യു മിഥുനുമൊക്കെയുൾപ്പെട്ട ബോർഡ് ഇലവനെ കുട്ടികളുടെ ടീം 23 റൺസിന് തോൽപിച്ചു. വിജയിക്കുമ്പോൾ മാത്രമല്ല ടീം തോൽക്കുമ്പോഴും ദ്രാവിഡ് കൂടെ നിന്നു. അത്തവണ ഫൈനലിൽ തോറ്റപ്പോൾ ദ്രാവിഡ് പ്രഖ്യാപിച്ചു, എന്റെ മനസ്സിൽ നിങ്ങളാണ് ചാമ്പ്യന്മാർ. പൊരുതിത്തോൽക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ജയം തന്നെയാണെന്ന് കോച്ച് ഓർമിപ്പിച്ചു. ആ പിന്തുണ കുട്ടികൾക്ക് കരുത്തായി. അണ്ടർ-19 ഏഷ്യൻ കപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായി.
ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വളർച്ചയിൽ ദ്രാവിഡിന്റെ പങ്ക് സുപ്രധാനമായിരുന്നു. ഒരു ഘട്ടം കഴിഞ്ഞാൽ കളിയിലെ മുന്നേറ്റത്തിൽ മനോദാർഢ്യമാണ് പ്രധാനമെന്നും അത് മനസ്സിലാക്കിത്തന്നത് ദ്രാവിഡാണെന്നും ഹാർദിക് പറഞ്ഞു. കേദാർ ജാദവ്, യുസ്വേന്ദ്ര ചാഹൽ, ശ്രേയസ് അയ്യർ, ജയന്ത് യാദവ്, മനീഷ് പാണ്ഡെ തുടങ്ങിയ കളിക്കാരെല്ലാം ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യ എ ടീമുകളിലൂടെ സീനിയർ ടീമിൽ കടന്നുവന്നവരാണ്.
പാക്കിസ്ഥാൻ ടീമിന് വഴി കാണിക്കാൻ ദ്രാവിഡിനെപ്പോലൊരു കോച്ചാണ് ഇന്ന് ആവശ്യമെന്ന് മുൻ നായകൻ റമീസ് രാജ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ സെമിയിൽ പാക്കിസ്ഥാന്റെ 203 റൺസ് പരാജയം ഞെട്ടിച്ചുവെന്നും റമീസ് രാജ പറഞ്ഞു. ഇന്ത്യൻ കളിക്കാരിൽ ചിലരുടെ മനോദാർഢ്യം എന്നെ അമ്പരപ്പിച്ചു. ഇത്ര ഫലപ്രദമായി അവരെ ഒരുക്കിയതിന് എല്ലാ പ്രശംസയും ദ്രാവിഡിനാണ്. ക്രിക്കറ്റിനെക്കുറിച്ച് മാത്രമല്ല ഈ കുട്ടികൾക്ക് ദ്രാവിഡിൽ നിന്ന് മനസ്സിലാക്കാനാവുക. എങ്ങനെ കളിക്കളത്തിലും പുറത്തും പെരുമാറണമെന്നും കളിയുടെ ഓരോ ഘട്ടവും എങ്ങനെ മനസ്സിലാക്കണമെന്നും തുടങ്ങി നിരവധി കാര്യങ്ങളാണ് -റമീസ് പറഞ്ഞു. റമീസിന്റെ പ്രതികരണത്തെ പലരും പാക്കിസ്ഥാനിൽ ചോദ്യം ചെയ്തു. പാക്കിസ്ഥാനിലെ എത്ര മുൻകാല കളിക്കാർ ദ്രാവിഡിനെപ്പോലെ അണ്ടർ-19 കുട്ടികളെ പരിശീലിപ്പിക്കാൻ തയാറാവുമെന്ന് അവർ ചോദിച്ചു. മറ്റ് ഇന്ത്യൻ കളിക്കാരൊക്കെ ഐ.പി.എല്ലിന്റെ വെള്ളിവെളിച്ചം തേടിപ്പോയപ്പോഴും കുട്ടികളെ വഴികാട്ടാനുള്ള ദൗത്യമേറ്റെടുത്തതിൽ ദ്രാവിഡിനെ സോഷ്യൽ മീഡിയ അഭിനന്ദിച്ചു.