Sorry, you need to enable JavaScript to visit this website.

വിജയം വലിച്ചെറിഞ്ഞ് പഞ്ചാബ്

ദുബായ് - നാടകീയമായ അവസാന ഓവറില്‍ കാര്‍ത്തിക് ത്യാഗി രണ്ടു വിക്കറ്റെടുത്തതോടെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് അപ്രതീക്ഷിത വിജയം. പഞ്ചാബ് കിംഗ്‌സാണ് കൈയില്‍ കിട്ടിയ വിജയം കളഞ്ഞുകുളിച്ചത്. അവസാന ഓവറില്‍ വിജയിക്കാന്‍ നാലു റണ്‍സ് മാത്രം മതിയായിരുന്ന പഞ്ചാബിന് ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ. അവസാന രണ്ടോവറില്‍ 10 റണ്‍സ് മതിയായിരുന്നു പഞ്ചാബിന്. അവസാന ഓവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗിയാണ് രാജസ്ഥാന്റെ ഹീറോ. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ 185, പഞ്ചാബ് നാലിന് 183.  
തുടക്കത്തില്‍ ആഞ്ഞടിച്ച രാജസ്ഥാന്‍ റോയല്‍സിനെ  പഞ്ചാബ് പിടിച്ചുകെട്ടിയിരുന്നു. അവസാന പന്തില്‍ രാജസ്ഥാന്‍ 185 ന് ഓളൗട്ടായി. പിന്നീട് പഞ്ചാബ് തകര്‍ത്തടിച്ച് അനായാസ വിജയത്തിലേക്ക് നീങ്ങിയതായിരുന്നു. രാജസ്ഥാന് എട്ടു കളികളില്‍ നാലാം വിജയമാണ് ഇത്. പഞ്ചാബിന് ഒമ്പതു കളികളില്‍ ആറാം തോല്‍വിയും. 
അഞ്ചു വിക്കറ്റെടുത്ത പെയ്‌സ്ബൗളര്‍ അര്‍ഷദീപ് സിംഗും (4-0-32-5) ദുബായില്‍ നടന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയുമാണ് (4-0-21-3) രാജസ്ഥാന്റെ കുതിപ്പ് തടഞ്ഞത്. പിന്നീട് ഓപണര്‍മാരായ മായാങ്ക് അഗര്‍വാളും (43 പന്തില്‍ 67) ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും (33 പന്തില്‍ 49) നല്‍കിയ സെഞ്ചുറി കൂട്ടുകെട്ടിന്റെ അടിത്തറയില്‍ പഞ്ചാബ് കുതിച്ചു. രാഹുലും മായാങ്കും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ നാലാമത്തെ മത്സരമാണ് പഞ്ചാബ് തോറ്റത്. രാഹുലും മായാങ്കും തുടര്‍ച്ചയായ ഓവറുകളില്‍ പുറത്തായ ശേഷം നിക്കൊളാസ് പൂരാനും (22 പന്തില്‍ 32) അയ്ദന്‍ മാര്‍ക്‌റമും (18 പന്തില്‍ 25 നോട്ടൗട്ട്) കുതിപ്പ് നിലനിര്‍ത്തി. എന്നാല്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ പൂരാനും ദീപക് ഹൂഡയും (0) പുറത്തായത് പഞ്ചാബിന് തിരിച്ചടിയായി. 

Latest News