അക്ഷരങ്ങളുടെ പ്രണയകുടീരം

'വേതിട്ടു കുളിച്ചു നീരണിരാവിലെത്തങ്ക പ്പൂപൂനിലാവുപോൽ നീയെന്നരികത്തിരുന്നപ്പോൾ.... 
നിൻമടിത്തട്ടിൽ ഗാഢനിദ്രയിലൊരുവേള നമ്മുടെയിളം കുരുന്നൊന്നു പുഞ്ചിരിച്ചപ്പോൾ... അകമേ വെൺതാരക പൂ വിരിഞ്ഞുവോ പൂവിലതുലാനന്ദത്തിൻ കണ്ണുനീരുറന്നുവോ? 


അറിയാതൊരുമാത്ര, മായികമനോജ്ഞമാ മനുഭൂതിയിൽ ലയിച്ചൊക്കെയും മറന്നുവോ?'- കേരള ഭരണച്ചെങ്കോലേന്താൻ മാത്രം കമ്യൂണിസ്റ്റുകാരനായ പ്രഭാവർമ ഏറ്റവും പുതിയ കവിത ഇങ്ങനെ എഴുതുമ്പോഴാണ് ഒ.പി.സുരേഷ് 
'പേടിയാവുന്നു ആരും പേടിപ്പിച്ചിട്ടല്ല. ആധി പെരുകുന്നു ആരും ആക്രമിച്ചിട്ടല്ല' എന്ന് എഴുതുന്നത്. 2020 - ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഒ.പി. സുരേഷിന്റെ താജ്മഹൽ എന്ന സമാഹാരത്തിനാണ്. നേരത്തെ ചെറുകാട് അവാർഡ് നേടിയ ഈ പുസ്തകത്തിൽ 35 കവിതകളുണ്ട്. കവിതയെന്നല്ല ഏത് കലാരൂപവും കാലത്തോട് സംവദിക്കണമെന്നാണെങ്കിൽ ഒ.പി. വർത്തമാന കാല ദുഷ്ടതകളോട് കലഹിച്ചുകൊണ്ടേയിരിക്കുകയാണ്. കാലത്തിന്റെ ഭീതിയും ഹിംസയും സ്വത്വ പ്രതിസന്ധികളും അനുഭവസമ്പന്നവും ഭാവ സാന്ദ്രവുമായി ആവിഷ്‌കരിക്കുന്നുവെന്ന് കവിയും നോവലെഴുത്തുകാരനുമായ ടി.പി.രാജീവൻ ഈ കൃതിയെ വിലയിരുത്തി പറയുന്നു. 
'സ്മാരകങ്ങൾ നിങ്ങൾക്ക് പൊളിക്കാനായേക്കും  സ്മരണകളെ തൊടാനാവില്ല' എന്ന വാക്യത്തോടെയാണ് 'താജ്മഹൽ' ആരംഭിക്കുന്നത്. ബാവൂട്ടിക്കയെയാണ് ഈ ചുവരെഴുത്തിന്റെ സാക്ഷിയാക്കിയത്. 'ബാവൂട്ടിയുടെ നാമത്തിൽ' എന്നത് രഞ്ജിത്തിന്റെ ഒരു സിനിമയുടെ പേരുമാണ്. സ്‌കൂളിന് മുന്നിലെ ഒരു പെട്ടിപ്പീടികയാണ് താജ്മഹൽ സ്റ്റോർ. അത് ഒരു രാത്രി പൊളിച്ചു നീക്കുന്നു.പുതുപുത്തൻ സ്റ്റോറിലേക്ക് ആളുകൾ പായുന്നു. അതിനിടെ കളിക്കിടെ കുട്ടികൾക്ക് ലഭിച്ച ദേവീവിഗ്രഹത്തിന് പിന്നാലെ നാട് ക്ഷേത്ര നഗരിയായി മാറുന്നു. ബാവുട്ടിക്കയുടെ കട പൊളിച്ചുപോകുന്നു. ഹതാശനായ ബാവൂട്ടിക്ക ഭാര്യയെ താജ്മഹൽ കാണിക്കാൻ കൊണ്ടുപോകുമ്പോഴത്തെ പ്രാർഥനയിലാണ്, പദസഞ്ചലനത്തിലോ സത്സംഗത്തിലോ അല്ല ഈ കവിത മുച്ചൂടും രാഷ്ട്രീയമാകുന്നത്. 
'ആഗ്ര വരെ പോണം  താജ്മഹലൊന്നു കാട്ടിക്കൊടുക്കേണം  സർവശക്തനായ തമ്പുരാനേ അവിടെയെത്തിച്ചേരും വരെയെങ്കിലും അതാരും പൊളിക്കാതെ കാക്കണേ...(താജ്മഹൽ) നാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആസുരതകൾ ഒ.പിയുടെ കവിതകളെ രാഷ്ട്രീയവൽക്കരിച്ചിരിക്കുന്നു. നിസ്സഹായമായി അവസാനിക്കുന്ന നിരപരാധിയുടെ പിടച്ചിലുകൾ ഭൂമിയെ പിളർത്തിക്കൊണ്ടിരിക്കുമ്പോഴും അത് കേൾക്കാതിരിക്കാൻ ശീലിക്കുകയാണ് ഓരോരുത്തരും. ചില സന്ദിഗ്ദ്ധതകളും കവി പങ്കു വെക്കുന്നു. എവിടെയാണ് ഞാൻ? വരയ്ക്കപ്പുറമോ ഇപ്പുറമോ? എന്ന് വരകൾ എന്ന കവിതയിൽ സന്ദേഹിക്കുന്നു. 
സംഘ് പരിവാർ ഭീകര നാടിനെ ചൂഴുന്നതിന്റെ ആകുലത തന്നെയാണ് ഒ.പി.യെ അലട്ടുന്നത്.  'അപരാധികളുടെ ആക്രോശങ്ങൾ ദേശീയ ശബ്ദ'മാവുന്ന പ്രഖ്യാപനവും 'ആവർത്തിച്ചാവർത്തിച്ച് സൂചിപ്പിച്ചിട്ടും നിരപരാധികളായി തുടരുന്നവർക്ക്  അപരാധികളുടെ റിപ്പബ്ലിക്കിൽ ഇടമുണ്ടാവില്ലെ'ന്ന മുന്നറിയിപ്പുമുണ്ട്. അപ്പുറം നോക്കിയാൽ ഇപ്പുറം കാണുന്ന സുതാര്യതയായിരുന്ന ഗാന്ധി കട്ടപിടിച്ച ഇരുട്ടിന്റെ മൂന്നു വെടിയുണ്ടകൾ മാത്രമാവുന്നതിന്റെയും ദേശത്തിന്റെ ശിഥിലീകരണത്തിന്റെയും ചിത്രം വരയ്ക്കുകയാണ് ഗാന്ധിയെ നോക്കുമ്പോൾ എന്ന കവിതയിൽ. രാജ്യത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭയം ഫാസിസത്തിന്റെ സൃഷ്ടിയാണല്ലോ. തെളിവുകൾ എന്ന തലക്കെട്ടിൽ ഭയത്തെ കവിതയാക്കുന്നുണ്ട് സുരേഷ്. മാംസത്തിലറിഞ്ഞ വേദനകളെ മന്ദഹാസമാക്കിയിട്ടും സ്വപ്‌നങ്ങളെ കൂച്ചുവിലങ്ങിട്ടും പറഞ്ഞതു മാത്രം പാടിയും തന്നതുമാത്രം തിന്നും അനുസരണ കാട്ടിയിട്ടും ഭയം വിട്ടു പോകുന്നില്ല. കഴുത്തിലൊരു കത്തി, തോക്കിന്റെ ഉന്നം സദാ പിന്തുടരുകയാണ്. 
വാക്കുകളുടെ മേളനത്തിൽ സുരേഷ് സൃഷ്ടിക്കുന്ന അനുഭവപ്രപഞ്ചം ശ്രദ്ധേയമാണ്. കാറ്റ് മുറ്റത്ത് ഉലാത്തുകയും രാത്രികളുടെ നാണം വാതിലുചാരി തല താഴ്ത്തുകയും ചെയ്യുന്നു. മഞ്ഞയുടെ നിരന്തരാശ്ലേഷങ്ങൾ ലജ്ജാവതികളാക്കിയ തെരുവുകൾ, മഴവില്ല് കുലച്ച മനോരാജ്യങ്ങൾ, കനലുകൾ തളിർക്കുന്ന ശ്മശാനം, ഓണത്തിന് മുമ്പെ പീടിക പത്താംക്ലാസ് ജയിച്ചു. തുടങ്ങിയ പ്രയോഗങ്ങൾ ചാരുതയുള്ളതാണ്. ചില്ലിട്ടു വെക്കാവുന്ന ചില ജീവിത നിരീക്ഷണങ്ങൾ ഒ.പി.യുടെ കവിതകളെ ദാർശനികമാനങ്ങളുള്ളതാക്കുന്നുണ്ട്. ചില നേരങ്ങളിലെങ്കിലും നമ്മുടെ മനസ്സിനെ മറ്റുള്ളവർ വ്യാഖ്യാനിച്ച ശേഷം മാത്രമേ നമുക്ക് വായിക്കാനാവുകയുള്ളൂ (മൂക്കുത്തി) ഏകാന്തത ഒരു തോന്നലാണ് എല്ലാ തോന്നലുകളുടേയും ഗർഭഗൃഹം (കൂടിക്കാഴ്ച)
എല്ലാവർക്കിടയിലും 
ഒരു പ്രേമം ഒളിഞ്ഞിരിപ്പുണ്ട്
അറിഞ്ഞു തുടങ്ങമ്പോഴാണത്
തെളിഞ്ഞുവരിക
അടുത്തറിയുമ്പോഴോ 
അലിഞ്ഞില്ലാതാവും (ത്രിമാനം)
സ്വന്തമായൊരു രാജ്യം 
ഏറ്റവും വലിയ പാരതന്ത്ര്യമാണ് (ആകാശത്തിൽ നിന്റെ രാജ്യം)
പല കാലങ്ങളിൽ ഒരു പൂവ്, വെറുതെയിരിക്കുവിൻ എന്നീ കവിതാ സമാഹാരങ്ങളും ഒ.പി.സുരേഷിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താജ്മഹൽ
ഒ.പി.സുരേഷ് 
ഡിസി ബുക്‌സ് 
പേജ് 87
വില 85 രൂപ
 

Latest News