കുളക്കടവ് മിനിസ്‌ക്രീനിന് വഴി മാറിയപ്പോൾ 

വടകര റെയിൽവേ സ്‌റ്റേഷന്റെ സവിശേഷത വൃത്തിയുള്ള ഒന്നാണെന്നതാണ്. പട്ടണത്തിൽ നിന്ന് വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന ഇവിടെ സൂര്യൻ അസ്തമിച്ചാൽ ട്രെയിനുകളുടെ ശബ്ദവും അരോചകമായ അനൗൺസ്‌മെന്റുകളുമല്ലാതെ മറ്റൊന്നും കേൾക്കില്ല. കർണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോകുന്നവർക്കായുള്ള ഇംഗഌഷിലെ പ്രത്യേക അറിയിപ്പ് പറയുന്ന വനിതയെ ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിച്ചതാരാണാവോ? കാൽ നൂറ്റാണ്ടു കാലം അവഗണനയിൽ കഴിഞ്ഞ കാലത്ത് വടകരയുടെ എം.പി ഇന്ദിരാഗാന്ധി ചരടിൽ കെട്ടി ഇറക്കിയ മഹാനായിരുന്നു. സതീദേവി പാർലമെന്റംഗമായത് മുതൽക്കിങ്ങോട്ടാണ് വടക്കേ മലബാറിലെ ആദ്യ പട്ടണത്തിൽ  റെയിൽവേ കേന്ദ്രത്തിന്റെ മുഖഛായ മാറിത്തുടങ്ങിയത്. കേന്ദ്രമന്ത്രി കൂടിയായ മുല്ലപ്പള്ളിയുടെ സമയത്താണ് ആദർശ പദവി ലഭിച്ചത്. കോടികളുടെ വികസനത്തിനാണ് കൊച്ചു സ്‌റ്റേഷൻ സാക്ഷ്യം വഹിക്കുന്നത്. 
പ്ലാറ്റുഫോമുകളിലെങ്ങും  ഡസൻ കണക്കിന് ബെഞ്ചുകൾ. പ്രകാശം ചൊരിയുന്ന ദീപങ്ങൾ. എസ്‌കലേറ്റർ, ലിഫ്്റ്റ്് സൗകര്യങ്ങളെല്ലാമുണ്ട്. ഇതു വല്ല എറണാകുളം നോർത്തിലോ മറ്റോ ആയിരുന്നുവെങ്കിൽ എല്ലാ സീറ്റുകളിലും ഇരിക്കാനാളുണ്ടാവുമായിരുന്നു. ഗ്രാമീണ ഭാവം കൈമോശം വന്നിട്ടില്ലാത്ത വടകരയുടെ പ്രധാന പ്ലാറ്റുഫോമിൽ ബുധനാഴ്ച രാത്രി ഏഴേ നാൽപതിന് ചെന്നൈ എം.ജി.ആർ സെൻട്രൽ സ്റ്റേഷനിലേക്കുള്ള സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് വന്നു നിൽക്കുമ്പോൾ  അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും നല്ല മുഖപരിചയമായി കഴിഞ്ഞു.  ഡസനിൽ കുറച്ച് യാത്രക്കാർ. ട്രെയിനിന്റെ പേരൊക്കെ ഗംഭീരമെങ്കിലും കോഴിക്കോട്ടേക്ക് അറുപത് രൂപയേ യാത്രാ നിരക്കുള്ളു. ഇഴഞ്ഞു നീങ്ങുന്ന സ്വകാര്യ ബസുകൾക്കും കാണും ഇത്രയും ചാർജ്. 47 കിലോ മീറ്ററാണ് ദൂരം. കൊറോണ കാലമായതിനാൽ ബുക്ക് ചെയ്ത സീറ്റിലേ  ഇരിക്കാനൊക്കൂ. ഡിവൺ കോച്ചിൽ 53 ആണ്് സീറ്റ് നമ്പർ. സെക്്ഷനിൽ ഒരു യുവകോമളനല്ലാതെ മറ്റാരുമില്ല. ഇരുപതുകൾ പിന്നിട്ടില്ലാത്ത ജീൻസും ടീ ഷർട്ടുമണിഞ്ഞ സുന്ദരൻ. അദ്ദേഹത്തിന് ഒറ്റ കുഴപ്പമേയുള്ളു. എതിർ വശത്തെ സീറ്റിൽ പാദസ്പർശമേൽപിക്കാതെ ഇരിക്കാനാവില്ല. വാത സംബന്ധമായ അസുഖം വല്ലതുമായിരിക്കും. വിട്ടേക്കാം. ചെന്നൈ സൂപ്പർ ഫാസ്റ്റ് പറക്കുകയാണ്. ഒരിടത്തും സ്‌റ്റോപ്പില്ല. ഇരുപത്തിയെട്ടാമത്തെ മിനുറ്റിൽ കോഴിക്കോട്ടെ ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ നിലം തൊട്ടു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് മറ്റൊരു വാഹനവുമെത്തില്ല, തീർച്ച. രസകരമായ യാത്ര ആസ്വദിച്ച്് കാലിക്കറ്റിലെത്തി ക്ലോക്കിൽ നോക്കിയപ്പോൾ എട്ട് മണി എട്ട്് നിമിഷം. നിലവിലെ ബ്രോഡ് ഗേജ് പാതയിലാണ് ഈ ട്രെയിൻ ഓടുന്നത്. വടകര-കോഴിക്കോട് ദൂരത്തിന്റെ പത്തിരട്ടി ദൂരം വരും തലസ്ഥാനത്തേക്ക്. ഇത് മാതിരി ട്രെയിനുകൾ  അഞ്ച് മണിക്കൂറിൽ താഴെ സമയമെടുത്ത് ലക്ഷ്യത്തിലെത്തും തീർച്ച. പിന്നെന്തിനാണ് ഒന്നര  ലക്ഷം കോടി മുടക്കി പ്രത്യേക പാതയുണ്ടാക്കി ഹൈസ്പീഡ് ട്രെയിനെന്ന പേരിൽ ഓരോന്ന്് പണിയുന്നത്്? ശാസ്ത്ര സാഹിത്യ പരിഷത്തിന് വരെ കാര്യം മനസ്സിലായി. ദീപസ്തംഭം മഹാശ്ചര്യം. 

*** *** ***

ജേണലിസത്തിന്റെ  അടിസ്ഥാന തത്വങ്ങളറിയുന്നവൻ ഇവിടെ എല്ലാവർക്കും പരമാനന്ദം എന്നും പറഞ്ഞ് വാർത്ത എഴുതി പത്രമോ ചാനലോ പ്രസിദ്ധീകരിക്കില്ല. എല്ലാവരും രാവിലെ പത്രം നോക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാര്യങ്ങളെ കുറിച്ചറിയാനാണ്. ഇതേ അലിഖിത നിയമം
ടെലിവിഷൻ ചാനലുകളിൽ വരുന്ന കണ്ണീർ പരമ്പരകൾക്കും ബാധകമാണ്. അവിടുന്ന്് വൈകിട്ട് ഓഫീസ് വിട്ടു വരുമ്പോൾ പൂമുഖ വാതിൽക്കൽ സ്‌നേഹം തുളുമ്പി നിൽക്കുകയായിരുന്നു ഭവതിയെന്നൊക്കെ തിരക്കഥയെഴുതിയാൽ പണ്ടു കാലത്ത് അവാർഡ് പടം തിയേറ്ററിലെത്തിയ പ്രതീതിയാവും.  കേരളത്തിലെങ്ങുമുണ്ടായിരുന്ന കുളക്കടവുകളിൽ കൈമാറിയിരുന്ന കഥകളുടെ ശ്രോതാക്കളെ ഓർമയില്ലേ. മംഗളം വാരികയിലെ മാത്യു മറ്റത്തിൽനിന്ന് വലിയ മാറ്റമൊന്നും കാണികളും പ്രതീക്ഷിക്കുന്നില്ല. അവിഹിതമൊക്ക ഇതിന്റെ അനിവാര്യ ഘടകം. ഭാഗ്യം,  ഒന്നും പ്രാക്ടിക്കലായി കാണിക്കുന്നില്ല. ഈ ലോക്്ഡൗൺ കാലത്ത് വനിതാ പ്രേക്ഷകർക്ക് ആശ്വാസം പകരുന്ന തുടരനുകൾ ടിവി ചാനലുകളുടെ ജീവവായുവാണ്. നാട്ടിലെ കച്ചവട മേഖലയ്ക്ക് ഊർജം പകരുന്നതും ഇതു തന്നെ. ടെലിവിഷൻ അവാർഡ് ജൂറിയെ കുറിച്ച് ഹരീഷ് പേരടിയുടെ അഭിപ്രായം നൂറു ശതമാനം സ്വീകാര്യമാവുന്നതും ഇക്കാരണത്താലാണ്. ജൂറിക്ക് മുൻപിൽ മികച്ച സീരിയലിനുളള പുരസ്‌ക്കാരത്തിനായി ലഭിച്ച ഭൂരിപക്ഷം എൻട്രികളും അവാർഡിന് പരിഗണിക്കാനുളള നിലവാരം ഇല്ലാത്തവ ആയിരുന്നു എന്നാണ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്. ഈ തീരുമാനത്തിന് വലിയ കയ്യടികൾ ലഭിക്കുന്നുണ്ട്. എന്നാൽ ജൂറിക്കെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
മികച്ച സീരിയലിന് പുരസ്‌ക്കാരം നൽകാത്തതിനെതിരെയാണ് നടൻ ഹരീഷ് പേരടി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെ: 'ഈ നിൽക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാൽ 7 മണി മുതൽ 9 മണി വരെ സീരിയലുകൾ ഓടികൊണ്ടിരിക്കുകയായിരിക്കും... അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സിരിയലുകൾ കണ്ടുകൊണ്ടിരിക്കുകയായിരിക്കും... ഇവരുടെ വീടുകളിൽ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളിൽ തകരാൻ പോകുന്നത്.. നിങ്ങളുടെ മുന്നിൽ വന്ന സിരിയലുകൾ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്... അല്ലാതെ നിലവാരം പരിശോധിക്കാനല്ല... അതിന് വേറെ കമ്മിറ്റിയെ സർക്കാർ നിയോഗിക്കും... പറഞ്ഞ പണിയെടുത്താൽ പോരെ... അല്ലെങ്കിൽ നിങ്ങളുടെയൊക്കെ കഥകൾക്കും സിനിമകൾക്കും ഭയങ്കര നിലവാരമല്ലെ?.. നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം ബലാൽസംഗങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്... കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ ?..കേരളത്തിലെ കഥകൾ വിലയിരുത്തുമ്പോൾ പൗലോ കൊയ്‌ലോയുടെ നിലവാരമുണ്ടോ എന്ന് നോക്കിയിട്ടലല്ലോ നിങ്ങൾക്കൊന്നും പലപ്പോഴായി അവാർഡുകൾ തന്നത്.
ഇത്തവണത്തെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലുകളായി ഒന്നുമില്ലെന്നായിരുന്നു ജൂറിയുടെ നിരീക്ഷണം. കലാമൂല്യമുള്ള ഒരു സീരിയലുമില്ലാത്തതിനാലാണ് അവാർഡുകൾക്കായി പരിഗണിക്കാതിരുന്നത്. ജൂറിയുടെ മുന്നിലെത്തിയ എൻട്രികളിൽ ഭൂരിഭാഗവും അവാർഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്‌കാരം നൽകാൻ സാധിച്ചിട്ടില്ലെന്നും ജൂറി വ്യക്തമാക്കി. ടെലിവിഷൻ സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണമെന്നും എൻട്രികൾ വിലയിരുത്തിയ ജൂറി അഭിപ്രായപ്പെട്ടു.
സംവിധായകൻ ആർ. ശരത് ചെയർമാൻ ആയ ജൂറിയാണ് കഥാവിഭാഗത്തിലെ പുരസ്‌കാരം നിർണ്ണയിച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്, അഭിനേത്രി ലെന കുമാർ, സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് പൊതുവാൾ, സംവിധായകൻ ജിത്തു കോളയാട് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. കഥാവിഭാഗത്തിൽ ആകെ 39 എൻട്രികളാണ് സമർപ്പിക്കപ്പെട്ടത്. ടെലിസീരിയൽ വിഭാഗത്തിൽ 6 ഉം ടെലിഫിലിം വിഭാഗത്തിൽ 14 ഉം ടി.വി ഷോ എന്റർടെയ്ൻമെന്റ് വിഭാഗത്തിൽ 11 ഉം കോമഡി പ്രോഗ്രാം വിഭാഗത്തിൽ 8 ഉം എൻട്രികൾ ലഭിച്ചിരുന്നു. കുട്ടികൾ സജീവമായി കാണുന്ന മാധ്യമമായിരുന്നിട്ടുപോലും കുട്ടികൾക്കുവേണ്ടിയുള്ള ഹ്രസ്വചിത്രവിഭാഗത്തിൽ എൻട്രികൾ സമർപ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണെന്നും ജൂറി പറഞ്ഞു.മറ്റു വിഭാഗങ്ങളിലെ എൻട്രികളുടെ നിലവാരത്തകർച്ച കാരണം അവാർഡുകൾ നിർണയിക്കുന്നതിന് ഏറെ പരിശ്രമിക്കേണ്ടി വന്നെന്നും ജൂറി വ്യക്തമാക്കി.
കഥേതര വിഭാഗത്തിൽ ലോക്ഡൗൺ കാലത്ത് ദൃശ്യമാധ്യമ പ്രവർത്തകർക്ക് വലിയതോതിൽ പുറത്തിറങ്ങാൻ കഴിയാതിരുന്നതിന്റെ സകല പരിമിതികളും എൻട്രികളിൽ ഉണ്ടായിരുന്നെന്ന് ജൂറി പറഞ്ഞു. വലിയൊരു രോഗപ്പകർച്ചയുടെ കാലത്തെ ഇച്ഛാശക്തിയോടെ അഭിമുഖീകരിക്കാൻ വാർത്താ-വാർത്തേതര മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കേരള സമൂഹത്തിന്റെ സമകാലിക ജീവിതങ്ങളെ ആവിഷ്‌കരിക്കുന്ന ഇടപെടൽ സ്വഭാവമുള്ള ഡോക്യുമെന്ററികൾ തയ്യാറാക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ചു കാണുന്നില്ല. വിശ്വാസം, ആചാരം, അനുഷ്ഠാനം, കലാരൂപങ്ങൾ, ബയോഗ്രഫി തുടങ്ങിയ വിഷയങ്ങളിൽ മാത്രം ഡോക്യുമെന്ററി സംവിധായകർ താൽപ്പര്യം കാണിക്കുന്നത് ഉചിതമല്ല. വാർത്താബുള്ളറ്റിനുകളിൽ സംപ്രേഷണം ചെയ്ത സ്റ്റോറികളിലെ ബൈറ്റുകൾ വിപുലീകരിച്ച് ഡോക്യുമെന്ററികളുടെ ലേബലിൽ അയക്കുന്നത് ആശാസ്യമല്ലെന്നും ജൂറി വിലയിരുത്തി. എന്തു നല്ല സുഭാഷിതം? ഇതെല്ലാം പറയുന്ന ചലച്ചിത്ര അക്കാദമിയിലെ സാറന്മാർ പഴയ വില്ലേജ് ആപ്പീസറുടെ നിലവാരത്തിലാണ് അപേക്ഷ സ്വീകരിച്ചതെന്നത് വേറെ കാര്യം. കനത്ത തുക എൻട്രി ഫീയും വാങ്ങി. വീഡിയോ അയച്ചുതന്നതിനൊപ്പം നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയതിന്റെ രേഖയും അപേക്ഷയ്‌ക്കൊപ്പം വെക്കണമായിരുന്നു. സർ, നമ്മളേത് കാലത്താണ് ജീവിക്കുന്നത്? പ്രേക്ഷകരിൽ നിന്ന്് ഡിജിറ്റലായി നാമനിർദേശം സ്വീകരിക്കരുതോ? അംശം അധികാരിയുടെ സർട്ടിഫിക്കറ്റുണ്ടാക്കലൊക്കെ കലാകാരന്മാർക്കും എഴുത്തുകാർക്കും വലിയ പാടല്ലേ?

*** *** ***

യു.എ.ഇ സർക്കാരിന്റെ ഗോൾഡൻ വിസ സ്വീകരിച്ച് നടി നൈല ഉഷ.മമ്മൂട്ടിക്കും മോഹൻലാലിനും ടോവിനോ തോമസിനും ശേഷം ആദ്യമായാണ് ഒരു മലയാള നടിക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ഗൾഫിലെ റേഡിയോ പ്രേക്ഷകർക്ക് സുപരിചിതയാണ് ഈ താരം.  'ഈ അത്ഭുതകരമായ രാജ്യത്ത് നിന്ന് ഗോൾഡൻ വിസ ലഭിച്ചതിൽ അഭിമാനിക്കുന്നു.'- നൈല ഉഷ കുറിച്ചു. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകുന്നത്. മലയാള സിനിമയിലെ മറ്റ് യുവതാരങ്ങൾക്കും വൈകാതെ തന്നെ ഗോൾഡൻ വിസ ലഭിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സപ്്തതി ആഘോഷിക്കുന്ന വേളയിലാണ് അറബ് നാട്ടിൽ നിന്ന് അദ്ദഹത്തെ തേടി അംഗീകാരമെത്തിയത്.  അദ്ദേഹം അതിലും വലുത് പലതും അർഹിക്കുന്നുണ്ടെന്ന് ഇന്ദ്രപ്രസ്ഥത്തിലിരുന്ന് ഭരണചക്രം തിരിക്കുന്നവർക്ക് ഒരു ഓർമപ്പെടുത്തലും കൂടിയാണിത്. 

*** *** ***

വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. എല്ലാ വാർത്തകളും വർഗീയ ചുവയോടെയാണ് ചില മാധ്യമങ്ങൾ നൽകുന്നത്. ഇത് രാജ്യത്തിന്റെ പേര് മോശമാക്കുമെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. ദേശീയ ടി.വി ചാനലുകളിൽ പലതിനേയും നിയന്ത്രിക്കുന്നവർക്ക് ഇല്ലാത്ത തിരിച്ചറിവ്.  നിസാമുദ്ദീനിലെ തബ്് ലീഗ്  ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾക്ക് എതിരായ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ. വി രമണ നിയന്ത്രണങ്ങളില്ലാതെ വെബ് പോർട്ടലുകളും, യൂട്യൂബ് ചാനലുകളും പ്രവർത്തിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയത്. ആർക്കും വെബ് പോർട്ടലുകളും, യൂട്യൂബ് ചാനലുകളും തുടങ്ങാം എന്ന അവസ്ഥയാണ്. ആരോടും ഉത്തരവാദിത്തം ഇല്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
 

Latest News