അതിജീവനത്തിന്റെ നെറ്റിപ്പട്ടം

കെട്ടിടനിർമാണത്തിനിടെ താഴെ വീണ് ശയ്യാവലംബിയായി. ജീവിതസമരത്തിനിടെ മാജിക്കും മിമിക്രിയും പഠിച്ചു. കോവിഡ് ആ അവസരങ്ങളെ ഇല്ലാതാക്കിയപ്പോൾ നെറ്റിപ്പട്ടനിർമാണത്തിലേക്ക് തിരിഞ്ഞു. കൊട്ടാരക്കരയിൽ നിന്ന് കോഴിക്കോട്ടേക്ക് ജീവിതം പറിച്ചുനട്ട രാജീവന്റെ അതിജീവനകഥ.

വിധിയുടെ കൈയിൽ മനുഷ്യൻ വെറുമൊരു കളിപ്പാട്ടം മാത്രം. കൊതിക്കുന്നതല്ല വിധി സമ്മാനിക്കുന്നത്. എങ്കിലും മനുഷ്യൻ സദാ വിധിയോട് പൊരുതിക്കൊണ്ടിരിക്കുന്നു. രാജീവനെപ്പോലെ...
വീഴ്ചയിൽ ജീവിതം ചക്രക്കസേരയിലേയ്ക്ക് പറിച്ചുനട്ടെങ്കിലും കോഴിക്കോട് ചെറൂപ്പയിലെ വൈത്തല കുന്നുമ്മൽ രാജീവൻ വെറുതെയിരിക്കുന്നില്ല. നെറ്റിപ്പട്ടം നിർമ്മിച്ചും അനുകരണകലയിലൂടെയും ജീവിതം അർഥപൂർണമാക്കുന്നതിനുള്ള അതിജീവനശ്രമത്തിലാണ് ഈ യുവാവ്.
വേരുകൾ കൊട്ടാരക്കരയാണെങ്കിലും അച്ഛന്റെ ബിസിനസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയതാണ് രാജീവൻ. അച്ഛനും അമ്മയും സഹോദരനും ചേർന്ന കുടുംബം പിന്നീട് കോഴിക്കോട് സ്ഥിരതാമസമായി. അച്ഛൻ വാസുദേവൻനായരും അമ്മ സരസ്വതിയമ്മയും അനുജനും ചേർന്ന കുടുംബം. അനുജന് കുട്ടിക്കാലത്ത് സംഭവിച്ച ഒരു അപകടത്തെ തുടർന്ന് കേൾവിശക്തിക്ക് കാര്യമായി തകരാറുണ്ടായിരുന്നു.
അച്ഛന് ഒരു വീഴ്ച സംഭവിച്ചതോടെയാണ് രാജീവിന്റെ ജീവിതത്തിൽ താളപ്പിഴകൾ തുടങ്ങുന്നത്. വീഴ്ചയിൽ തലയ്ക്കു പരിക്കേറ്റ അച്ഛൻ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചുതുടങ്ങിയതോടെ മാനസികരോഗാശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. തുടർന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം മൂത്ത മകനായ രാജീവന്റെ ചുമലിലായി. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പതിമൂന്നാം വയസ്സിൽ രാജീവൻ ജോലിക്കു പോയിത്തുടങ്ങി. അച്ഛന്റെ ചികിത്സയും കുടുംബത്തിന്റെ ദൈനംദിന ചെലവുകളുമായി ഞെരുങ്ങിക്കഴിയുകയായിരുന്നു ആ കുടുംബം. സഹായിയായി കൂടെ നിർത്താമെന്ന് കരുതിയ സഹോദരന് ജോലിക്കു പോകാനാവാത്ത അവസ്ഥയായതോടെ കുടുംബത്തിന്റെ താങ്ങും തണലുമായി നിൽക്കാൻ രാജീവൻ മാത്രമേയുണ്ടായിരുന്നുള്ളു.


കെട്ടിട നിർമ്മാണരംഗത്തെ ഏറെക്കാലത്തെ അധ്വാനത്തിനിടയിൽ രാജീവന്റെ ജീവിതവും മെച്ചപ്പെട്ടുവരികയായിരുന്നു. വിവാഹിതനായി ഒരു കുഞ്ഞിന്റെ അച്ഛനുമായി. ഇതിനിടയിലാണ് വിധിയുടെ കടുത്ത പ്രഹരം രാജീവനു മേൽ പതിക്കുന്നത്. 2016 മാർച്ച് പതിമൂന്നാം തീയതി രാജീവന് മറക്കാനാവില്ല. അന്നാണ് മാളിക്കടവിനടുത്തുള്ള ഒരു വീടിന്റെ രണ്ടാംനിലയിൽനിന്നും തേപ്പുപണിക്കിടെ കാലുതെന്നി താഴേയ്ക്കു വീണത്. വീഴ്ചയിൽ കാര്യമായ പരിക്കൊന്നും പുറത്തു കാണാത്തതിനാൽ ജോലിസ്ഥലത്തുതന്നെ തുടരുകയായിരുന്നു. വേദന അസഹ്യമായപ്പോൾ കോൺട്രാക്ടറെ വിളിച്ചുവരുത്തി ആശുപത്രിയിൽ പോകുകയായിരുന്നു. മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് അപകടത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. മൂന്നാഴ്ചയോളം അബോധാവസ്ഥയിലായിരുന്നു രാജീവൻ. അവിടെ മാസങ്ങളോളം നീണ്ട ചികിത്സ. ഒടുവിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിച്ചു. കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. സ്വന്തം വീടിന്റെ നിർമ്മാണത്തിനിടയിൽ സംഭവിച്ച അപകടമായിട്ടുകൂടി കോൺട്രാക്ടറിൽനിന്ന്്് ഒരു സഹായവും രാജീവന് ലഭിച്ചില്ല.
ഒടുവിൽ നാട്ടുകാരുടെ കാരുണ്യത്തിലാണ് ചികിത്സ തുടർന്നത്. വെല്ലൂരും കോയമ്പത്തൂരും ബാംഗ്ലൂരുമെല്ലാം കൊണ്ടുപോയി ചികിത്സിച്ചു. വെല്ലൂരിലെ ചികിത്സയ്ക്കുശേഷം കുറേക്കാലം 'തണലി' ന്റെ സംരക്ഷണത്തിലായിരുന്നു. തണലിൽ ചികിത്സയ്‌ക്കെത്തിയ ഒരു റിട്ടയേർഡ് പൊലീസുകാരനാണ് കെട്ടിടമുടമയിൽനിന്നും നഷ്ടപരിഹാരം ലഭിക്കാനുള്ള അർഹതയുണ്ടെന്നു പറഞ്ഞത്. രാജീവന്റെ ചികിത്സയ്ക്കായി രൂപീകരിച്ച കമ്മിറ്റി അംഗങ്ങൾ കോൺട്രാക്ടറെ സമീപിച്ചപ്പോൾ ഒരു ലക്ഷം രൂപ നൽകാമെന്നേറ്റു. ആവശ്യമുന്നയിച്ച് പലതവണ സമീപിച്ചപ്പോഴാണ് ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് നൽകിയത്. ബാങ്കിൽ കൊടുത്തപ്പോഴാണ് അറിയുന്നത് അത് വണ്ടിച്ചെക്കാണെന്ന്. ഇതിനെതിരെ പരാതി കൊടുത്തപ്പോൾ രാജീവൻ മദ്യപാനിയാണെന്നു പറഞ്ഞ് അയാൾ കേസ് വഴിതിരിച്ചുവിടുകയായിരുന്നു.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതോടെ ജീവിതം കിടക്കയിലായി. നാട്ടുകാരുടെ സംരക്ഷണത്തിലായിരുന്നു പിന്നീടുള്ള ജീവിതം. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ഒരിക്കൽ വീട്ടിലെത്തിയ ബീറ്റ്്് പൊലീസ് ഉദ്യോഗസ്ഥരായ ടൗൺ പൊലീസ് സ്റ്റേഷനിലെ സുനിതയും മാവൂർ സ്റ്റേഷനിലെ രാജേഷും ദുർഘടാവസ്ഥ കണ്ടറിഞ്ഞ് ഫാദർ ജോർജ് കണ്ണന്താനത്തെ സമീപിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ബാംഗ്ലൂരിൽ ചികിത്സ തേടിയത്. അതോടെയാണ് ചക്രക്കസേരയിൽ ഇരിക്കാമെന്ന അവസ്ഥയിലെത്തിയത്. ശരീരവും കാലുകളുമെല്ലാം മരവിച്ച അവസ്ഥയിലായതിനാൽ അനങ്ങാനാവില്ലായിരുന്നു. ആകെ ചലിപ്പിക്കാൻ കഴിയുന്നത് കൈകൾ മാത്രം.
തണലിലെ ചികിത്സയ്ക്കിടയിൽ അവിടത്തെ ഡോക്ടർമാരാണ് നാട്ടുകാർ രൂപീകരിച്ച കമ്മിറ്റിയോട് രാജീവനെ മലയ്ക്കു മുകളിലുള്ള വീട്ടിൽനിന്നും താഴേയ്ക്കു കൊണ്ടുവരണമെന്നു ഉപദേശിക്കുന്നത്. രോഗത്തിന്റെ തീവ്രത പറഞ്ഞുമനസ്സിലാക്കി എന്തെങ്കിലും അത്യാവശ്യമുണ്ടായാൽ ഡോക്ടറുടെ സഹായം തേടണമെങ്കിൽ റോഡിനടുത്തു വീടുവേണം. ഒടുവിൽ കമ്മിറ്റിക്കാരുടെയും ചില സംഘടനകളുടെയും വ്യക്തികളുടെയുമെല്ലാം സഹായസഹകരണം കൊണ്ടാണ് ചെറിയൊരു വീടു പണിതുകിട്ടിയത്.
ശയ്യാവലംബിയായതോടെ ഏക ആശ്രയം ടെലിവിഷൻ പരിപാടികളായിരുന്നു. അതിലേറെ പ്രിയപ്പെട്ടതായിരുന്നു ഫഌവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം. ആ പരിപാടിയിൽ ആകൃഷ്ടനായാണ് മിമിക്രി പഠിക്കാനുള്ള ആഗ്രഹമുണ്ടായത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട നിഥിനാണ് അതിന് അവസരമൊരുക്കിയത്. വ്യത്യസ്തതയ്ക്കുവേണ്ടി മാജിക്ക് പഠിക്കാനും ശ്രമമുണ്ടായി. രാജീവ് മേമുണ്ടയാണ് മാജിക്ക് പഠിപ്പിച്ചത്. ചെയ്യുന്ന കാര്യങ്ങളെല്ലാം വീഡിയോ ആക്കി അയച്ചുകൊടുക്കാൻ നിഥിനാണ് പറഞ്ഞത്. തുടർന്ന് ഫഌവേഴ്‌സ് ചാനലിലേയ്ക്കുള്ള ഒഡീഷന് ക്ഷണവും ലഭിച്ചു. ആയിരങ്ങൾ നിറഞ്ഞുനിൽക്കുന്ന വേദിയിലേയ്ക്കാണ് എത്തിയത്. എന്തൊക്കെയാണ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നു ചോദിച്ചു. അഞ്ചാറ് ഐറ്റങ്ങൾ ചെയ്തുകൊടുത്തു. മതി പൊയ്‌ക്കോളൂ എന്നുപറഞ്ഞപ്പോൾ പുറത്തായി എന്നാണ് കരുതിയത്. എന്നാൽ മുന്നൂറ്റിനാലാം എപ്പിസോഡിൽ ഞാനായിരുന്നു താരം. തന്നെപ്പോലുള്ളവർക്ക് ആത്മവിശ്വാസം പകർന്നുനൽകാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു. പിന്നീട് സ്‌കൂളുകളിൽ മോട്ടിവേഷൻ ക്ലാസുകൾ നൽകാൻ പോയിത്തുടങ്ങി. എന്നാൽ കൊറോണ അവിടെയും വില്ലനായി.


എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം എന്ന ചിന്തയാണ് ഒടുവിൽ നെറ്റിപ്പട്ട നിർമ്മാണത്തിലെത്തിച്ചത്. സുഹൃത്ത് നൽകിയ ടാബിൽ നിന്ന് യൂട്യൂബ് നോക്കിയാണ് ബാലപാഠങ്ങൾ പഠിച്ചത്. പിന്നീട് കൂട്ടുകാർ മുഖേന ബാങ്ക് ഉദ്യോഗസ്ഥനായ ബിജുവേട്ടനാണ് കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചത്. അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലെത്തി നെറ്റിപ്പട്ടത്തിന്റെ നിർമ്മാണവിദ്യ അഭ്യസിപ്പിച്ചു. നെറ്റിപ്പട്ടം നിർമ്മിക്കാനുള്ള സാധനസാമഗ്രികൾ എത്തിച്ചുതരുന്നതും മറ്റൊരു സുഹൃത്താണ്. വീട്ടിൽ അലങ്കാരത്തിനുപയോഗിക്കുന്ന നെറ്റിപ്പട്ടം വാങ്ങാൻ ആളുകൾ കുറവാണെന്നാണ് രാജീവിന്റെ പക്ഷം. മാത്രമല്ല, ഒരു നെറ്റിപ്പട്ടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ മൂന്നാഴ്ചയോളം സമയമെടുക്കും. ഇപ്പോൾ ആവശ്യക്കാർ വന്നുപറഞ്ഞാൽ മാത്രമേ നിർമ്മാണം തുടങ്ങാറുള്ളു. കാരണം ഒരു നെറ്റിപ്പട്ടം നിർമ്മിക്കുന്നതിന് ഏകദേശം അയ്യായിരത്തിനു മുകളിൽ ചെലവു വരും.
ചികിത്സയ്ക്കായി ലക്ഷങ്ങളാണ് ഇതുവരെ ചെലവഴിച്ചത്. പലരോടും വാങ്ങിയ കടം ഇനിയും തിരിച്ചുനൽകിയിട്ടില്ല. അമ്മയും അമ്മൂമ്മയും ഭാര്യയും കുഞ്ഞും അനുജനുമെല്ലാം ഏക ആശ്രയം രാജീവനാണ്. മാത്രമല്ല, മരുന്നിനു മാത്രം മാസം പതിനായിരത്തോളം രൂപ ചെലവു വരും. യാതൊരു വരുമാനവുമില്ലാതെ എങ്ങനെയാണ് നിലനിൽക്കാനാവുക. ഉറക്കമില്ലാത്ത രാത്രികളാണ് രാജീവനെ വേട്ടയാടുന്നത്.
ആറുവർഷത്തോളമായി മരുന്നുകളുടെ മനംമയക്കുന്ന ഗന്ധവും പേറിക്കഴിയുന്ന രാജീവന് ഒരു സ്വപ്‌നം മാത്രമേയുള്ളു. ഒരു വാഹനമുണ്ടെങ്കിൽ പുറത്തിറങ്ങി എന്തെങ്കിലും വിൽപന നടത്താമായിരുന്നു. ഉദാരമതികളുടെ സഹായംകൊണ്ടുമാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. കൈകൾ കൊണ്ട് ചെയ്യാനാവുന്ന എന്തു ജോലിയും ചെയ്യാൻ രാജീവൻ തയ്യാറാണ്. തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ച് മുറിക്കുള്ളിൽ നിന്നും പുറംലോകത്തേക്ക് ഇറങ്ങണം എന്നുമാത്രമാണ് രാജീവന്റെ ആഗ്രഹം. രാജീവന്റെ ഫോൺ നമ്പർ: 9744816558.
രാജീവന്റെ ദയനീയ സ്ഥിതിയറിഞ്ഞ് സഹായിക്കുന്നതിന് സന്മനസ്സുള്ളവർക്ക് സ്‌റ്റേറ്റ്്് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴിക്കോട് പൂവാട്ടുപറമ്പ് ബ്രാഞ്ചിൽ 38610748611 എന്ന നമ്പറിൽ അക്കൗണ്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ. 0012195.

Latest News