ഇന്ത്യയിൽ ദുർബലമായ ഒരു സർക്കാർ ഭരിച്ച വേളയിലാണ് ഇറാഖ് കുവൈത്തിനെ വിഴുങ്ങിയത്. പ്രധാനമന്ത്രി സ്ഥാനത്ത് വി.പി സിംഗ് ഇരിക്കും. അവിശ്വാസം പാസായാൽ എപ്പോഴാണ് ചന്ദ്രശേഖറിന് ഒഴിഞ്ഞു കൊടുക്കേണ്ടി വരികയെന്നറിയാതെയുള്ള ഇരിപ്പ്. ഇറാഖ് ഇന്ത്യയുടെ മിത്രം. സമ്പന്ന രാജ്യമായ കുവൈത്തിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ കഴിയുന്നു. പ്രതിസന്ധി ഘട്ടത്തിൽ 1991ൽ ഇന്ത്യ പ്രശ്ന പരിഹാരത്തിന് രംഗത്തിറങ്ങിയിരുന്നു. ഇന്ത്യയുടെ വിദേശ മന്ത്രി ഐ.കെ ഗുജ്്റാളിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചെന്ന് സദ്ദാം ഹുസൈനെ നേരിൽ കണ്ടു. ലോക ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. എയർ ഇന്ത്യാ വിമാനങ്ങളിൽ ലക്ഷക്കണക്കിന് ഭാരതീയരെ ജോർദാനിലെ അമ്മാൻ വഴി മുംബൈയിലെത്തിച്ചു. 37 പേരെ എയർഫോഴ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചത് ബഡായിയായി മാറുന്ന കാലമാണിത്. അന്ന് ഗുജ്്റാൾ ദൗത്യവുമായി പുറപ്പെട്ടപ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ കാർട്ടൂൺ ഇതിനെ പരിഹസിക്കുന്നതായിരുന്നു. പ്രിയ ഇറാഖ്, പ്ലീസ് ഒന്ന് പിന്മാറി തരൂ...,എന്ന രീതിയിൽ. അന്ന് ഇന്ത്യ ചെയ്ത കാര്യത്തിന്റെ മഹത്വം മനസ്സിലാവുക ഇപ്പോൾ ഐക്യരാഷ്ട്രസഭയെ നയിക്കുന്നവരുടെ നിസ്സഹായത കാണുമ്പോഴാണ്. യു.എൻ എന്നൊന്നുണ്ടോയെന്ന് ഹൈസ്കൂൾ കുട്ടികൾ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനിടയ്ക്ക് എല്ലാവരേയും പോലെ പത്രത്തിലും ടിവിയിലും വായിച്ച് വിവരമറിഞ്ഞ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ജനീവയിലെ കുമാരേട്ടന്റെ ചായക്കടയിലിരുന്ന് ഒരു തട്ട് തട്ടി. കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന ചാവേറാക്രമണത്തെ അദ്ദേഹം പഴം പൊരി കഴിക്കുന്നതിനിടെ അപലപിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. വളരെ നല്ല കാര്യം. ഇതിലും കഷ്ടമാണ് നമ്മുടെ ബൈഡന്റെ കാര്യം. അമേരിക്കയെ നന്നാക്കാനുള്ള പുറപ്പാടിലായിരുന്നു മൂപ്പർ. ഒരുത്തനുണ്ടല്ലോ സദാ പ്രാകി നടക്കുന്നു. പിന്നെങ്ങിനെ ബൈഡന് മനസ്സമാധാനം കിട്ടും? അഫ്്ഗാനിസ്ഥാനിൽ ഈ കഴിഞ്ഞ രണ്ടു ദശകങ്ങളിൽ യു.എസ് എന്തെടുക്കുകയായിരുന്നു. താലിബാൻ മെയിനും അൽ ഖാഇദയും ഐ.എസും സബ്സിഡിയറിയുമായി പഠിപ്പിക്കുന്ന കലാലയങ്ങളുടെ വളർച്ച കണ്ടു രസിക്കുകയായിരുന്നുവോ? വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞത് പോലെ ഓമനത്വമുള്ള ബൈഡന് ഇനി അനുഭവിച്ചു തീർക്കാം. വൈറ്റ് ഹൗസ് കണ്ണുനീർ പുഴയായി മാറട്ടെ. യുദ്ധവും കലാപവുമൊക്കെ വരുമ്പോൾ ആദ്യം മരിക്കുക സത്യമാണെന്ന് പറയുന്നത് വെറുതെയല്ല. അഫ്്ഗാനിൽ നിന്നിതാ പരേതൻ മരിച്ചിട്ടില്ല എന്ന രീതിയിലൊരു വാർത്ത. അഫ്ഗാനിസ്ഥാനിൽ ദാരിദ്ര്യത്തെക്കുറിച്ചു വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ താലിബാൻ സംഘം വളഞ്ഞിട്ടു മർദിച്ചുവെന്നതാണ് അപ്്ഡേറ്റഡ് ന്യൂസ്. ടോളോ ന്യൂസ് റിപ്പോർട്ടർ സിയാർ യാദിന് ആണ് മർദനമേറ്റത്. രാജ്യത്തെ ദാരിദ്ര്യത്തെക്കുറിച്ചു റിപ്പോർട്ട് ചെയ്യുന്നതിനിടെ താലിബാൻ പിടികൂടി മർദിക്കുകയായിരുന്നുവെന്ന് ടോളോ ന്യൂസ് പറയുന്നു. സിയാർ യാദിനെയും കാമറാമാനെയും താലിബാൻ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ഇവരുടെ ഫോണും മറ്റും സംഘം കൈക്കലാക്കി. മർദനമേറ്റ് യാദ് മരിച്ചതായി വാർത്തകൾ വന്നെങ്കിലും അതു തെറ്റാണെന്ന് അറിയിച്ച് അദ്ദേഹം തന്നെ രംഗത്തുവന്നു. നേരത്തെ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയെ താലിബാൻ വെടിവച്ചുകൊല്ലുകയായിരുന്നു. അഫ്ഗാന്റെ നിയന്ത്രണം പിടിക്കുന്നതിനു മുമ്പായിരുന്നു അത്.
*** *** ***
അവിഹിത സീരിയൽ എന്ന വിളിപ്പേര് ഉണ്ടെങ്കിലും മലയാളത്തിലെ ഏറ്റവും ഹിറ്റായി ഓടുന്ന സീരിയലാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. സിദ്ധാർഥ്-സുമിത്ര ദമ്പതിമാരെ ചുറ്റിപറ്റിയുള്ള കഥയാണെങ്കിലും ഇപ്പോൾ പുതിയ ചില കഥാപാത്രങ്ങൾ കൂടി വന്നതോടെ സീരിയലിന് വലിയ മാറ്റമാണ് സംഭവിച്ചത്. നല്ലൊരു വീട്ടമ്മയായിരുന്ന സുമിത്രയെ ഒഴിവാക്കി വേദികയുടെ പിന്നാലെ പോയ സിദ്ധാർഥ് അനുഭവിച്ച് തുടങ്ങി. പിതാവിന്റെ വഴിയെ മകൻ അനിരുദ്ധും മറ്റൊരു ബന്ധത്തിലേക്ക് പോവുന്നതാണ് ഇനി കാണാൻ പോവുന്നത്. ഡോക്ടർ ദമ്പതിമാരായ അനിരുദ്ധും ഭാര്യ അനന്യയും അടുത്ത സുഹൃത്തുക്കളെ പോലെയാണ്. എന്നാൽ ഇരുവർക്കുമിടയിലേക്ക് സീനിയർ ഡോക്ടറായ ഇന്ദ്രജ കടന്ന് വന്നതോടെ അതൊരു ദുരന്തമായി മാറുമെന്നുള്ള മുന്നറിയിപ്പാണ്. മെഡിക്കൽ ക്യാംപിന് പോകാനുള്ള അവസരം അനന്യയ്ക്ക് ലഭിച്ചെങ്കിലും ഡോക്ടർ ഇന്ദ്രജയുടെ ഇടപെടലിലൂടെ അനിരുദ്ധിലേക്ക് അത് മാറി. അങ്ങനെ അനിരുദ്ധും ഇന്ദ്രജയും ക്യാംപിന് പോവുകയാണ്. ട്രെയിനിൽ പോവാമെങ്കിലും ഇന്ദ്രജയുടെ നിർദ്ദേശപ്രകാരം യാത്ര കാറിലാക്കുന്നു. യാത്ര തുടങ്ങിയ ഉടനെ അനിരുദ്ധിനെ അനന്യ വിളിക്കുന്നുണ്ട്. ഡ്രൈവ് ചെയ്താണ് പോവുന്നതെന്നും താൻ ഒറ്റയ്ക്കാണെന്നും അനിരുദ്ധ് കള്ളം പറഞ്ഞെങ്കിലും കൃത്യമായി അനന്യയുടെ മുന്നിൽ തന്നെ വന്ന് പെടുകയായിരുന്നു. കരിക്ക് കുടിക്കാൻ കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അനന്യ ഭർത്താവിനെ സീനിയർ ഡോക്ടർക്കൊപ്പം കാണുന്നത്. തന്നോട് നുണ പറഞ്ഞതെന്തിനാണെന്ന് ചിന്തിച്ച് ആശങ്കപ്പെട്ടെങ്കിലും അനന്യയുടെ ഭാഗത്ത് നിന്ന് മറ്റ് പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. ഇനി ഒരു അവിഹിതം കൂടി ഇതിൽ ഉണ്ടായാൽ ഹേറ്റേഴ്സ് ഇതിനെ അവിഹിത വിളക്ക് എന്ന് വിളിക്കുന്നതിൽ ഒരു തെറ്റുമില്ല. സിദ്ധാർഥ്-വേദിക ബന്ധത്തിലൂടെ അങ്ങനൊരു പേര് വന്ന് കഴിഞ്ഞു. 80കളിൽ കേരളത്തിൽ പൈങ്കിളി വാരികകളുടെ സുവർണ കാലത്ത് ഒരു കാമുകി കാമുകനോട് പറഞ്ഞ ആശ്വാസ വചനം ഓർത്തു പോവുകയാണ്. അമ്മ മുടങ്ങാതെ മംഗളം വായിക്കുന്നുണ്ട്.
*** *** ***
പ്രശസ്ത നടികളായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവർ മയക്കുമരുന്ന് ഉപയോഗിച്ചതായി സെൻട്രൽ ഫോറൻസിക് സയൻസ് ലാബോറട്ടറി (സിഎസ്എഫ്എൽ) സ്ഥീരീകരിച്ചു. വാർത്ത ദേശീയ മാധ്യമങ്ങളിലും ന്യൂസ് 9 ചാനലിലും. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കേസിൽ ഇവന്റ് മാനേജർ വീരേൻ ഖന്ന, മുൻമന്ത്രിയുടെ മകനും നടൻ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ അൽവ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. വലിയ വാർത്തയായതിന് പിന്നാലെ മയക്കുമരുന്ന് ഉപയോഗം നിഷേധിച്ച് ഇവർ രംഗത്തുവന്നിരുന്നു.നടിമാർക്കൊപ്പം വീരേൻ ഖന്ന, രാഹുൽ ടോൻസ്, ഇവന്റ് മാനേജർമാർ എന്നിവർമാർ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. കേസ് അന്വേഷിക്കുന്ന സിറ്റി ക്രൈംബ്രാഞ്ച് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി പ്രതികളുടെ മുടികൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ആദ്യം ലാബ് ഇത് നിരസിച്ചിരുന്നു. അടുത്തിടെ വീണ്ടും അത് നൽകിയിരുന്നു. പരിശോധനാഫലം വേഗത്തിൽ നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
9 മാസങ്ങൾക്ക് മുൻപ് നഖങ്ങളുടെയും മൂത്രത്തിന്റെയും സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചിരുന്നു. കർണാടകയിൽ ആദ്യമായാണ് മയക്കുമരുന്ന് കേസിൽ മുടി പരിശോധയ്ക്ക് അയച്ചത്. മുടി പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ചാൽ അതിന്റെ അംശം ഒരുവർഷം വരെ ശരീരത്തിലുണ്ടാകും. എന്നാൽ രക്തവും മൂത്രവും 48 മണിക്കൂറിനുള്ളിൽ പരിശോധിച്ചാൽ മാത്രമെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താവൂ. ഉദ്യോഗസ്ഥർ കേസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഇതെല്ലാം അറിയുമ്പോൾ അവിടെ തടവറയിൽ കഴിയുന്ന നീന്താനറിയുന്ന മലയാളി യുവാവിനെ കുറിച്ചോർക്കുമ്പോഴാണ് വിഷമം.
*** *** ***
പണ്ടും കേരളത്തിലെ പത്രക്കാർ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കാര്യങ്ങൾ നേടിയിരുന്നു. ഒരു യു.ഡി.എഫ് മന്ത്രിസഭയിലെ കള്ള് മന്ത്രിയെ പടിച്ച് സ്ഥലംമാറ്റങ്ങളിലിടപെട്ടവർ. അതു കഴിഞ്ഞ് എൽ.ഡി.എഫ് വന്നപ്പോൾ ഇതേ മന്ത്രിയുടെ വകുപ്പിലെ അഴിമതിയെ കുറിച്ച് തുടരൻ പരമ്പരയുമെഴുതി. അപൂർവം ചിലരേ അങ്ങിനെ ഉണ്ടായിരുന്നുള്ളു. സമൂഹം നല്ല ബഹുമാനം നൽകിയ തൊഴിലായിരുന്നു മാധ്യമ പ്രവർത്തനം. അച്ചടി മാധ്യമങ്ങളുടെ സുവർണ കാലം പിന്നിട്ട് ദൃശ്യ മാധ്യമങ്ങളായപ്പോൾ മുഖത്ത് ടോർച്ചടിക്കുന്നത് പലർക്കും രസിച്ചു. അതിന്റെ കൂടെ ധനസമ്പാദന സാധ്യതകളുമേറി. നയതന്ത്ര സ്വർണക്കടത്ത് മുതൽ മുട്ടിൽ മരം മുറി വരെ ദൃശ്യമാധ്യമ പ്രവർത്തകർ ഇടപെടുന്ന കേസുകൾ കൂടി വരികയാണ്.
മുട്ടിൽ മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ആരോപണ വിധേയനാണ് ട്വന്റിഫോർ ന്യൂസിലെ മാധ്യമ പ്രവർത്തകൻ ദീപക് ധർമടം. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിറകെ, ദീപകിനെ ധർമടത്തെ ട്വന്റിഫോറിന്റെ റീജിയണൽ മേധാവി പദവിയിൽ നിന്ന് മാറ്റുകയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ട്വന്റിഫോർ ന്യൂസിന്റെ ചീഫ് എഡിറ്റർ ആയ ആർ. ശ്രീകണ്ഠൻ നായരുടെ പ്രതികരണമാണ് ചർച്ചയാകുന്നത്. ദീപക് ധർമടത്തിനെതിരെ വാർത്ത കൊടുത്തതിൽ ഏഷ്യാനെറ്റ് ന്യൂസിനെ പ്രശംസിക്കുന്ന മട്ടിലാണ് ശ്രീകണ്ഠൻ നായർ സംസാരിക്കുന്നത്.
ശ്രീകണ്ഠൻ നായർ മുമ്പ് ഏഷ്യാനെറ്റിന്റെ സീനിയർ വൈസ് പ്രസിഡന്റും ആയിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ആണ് ഫ്ളവേഴ്സും ട്വന്റിഫോറും ആയി അദ്ദേഹം രംഗത്ത് വരുന്നത്. മുട്ടിൽ മരം മുറി കേസിൽ ദീപക് ധർമടത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കൊടുത്തതിനെ കുറിച്ചാണ് ശ്രീകണ്ഠൻ നായർ പറഞ്ഞുവരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് രണ്ട് ദിവസമായി ആ വാർത്ത നല്ല രീതിയിൽ കൊടുത്തിട്ടുണ്ട്. രാവിലെ ഏഴ് മണിമുതൽ തന്നെ വാർത്ത കൊടുത്തു. ദീപക് ധർമടത്തിനെതിരെ ഒരു നല്ല വാർത്ത കൊടുത്തു എന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിൽ വാർത്ത കൊടുത്തതിൽ തനിക്ക് വലിയ സന്തോഷമുണ്ട് എന്നും ശ്രീകണ്ഠൻ നായർ പറയുന്നു. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ശ്രീകണ്ഠൻ നായർക്ക് സന്തോഷം എന്ന് സ്വാഭാവികമായും സംശയം തോന്നും. അതിന് ഒരു കാരണവും ഉണ്ട്. സാധാരണ ഗതിയിൽ മാധ്യമ പ്രവർത്തകർ എന്തെങ്കിലും കുഴപ്പം ചെയ്തു കഴിഞ്ഞാൽ മാധ്യമങ്ങൾ അത് ഒളിച്ചുവയ്ക്കാൻ ശ്രമിക്കുമത്രെ. എന്നാൽ, അത് ഒതുക്കി വയ്ക്കരുത് എന്ന രീതിയിൽ ദീപക് ധർമടത്തിന്റെ കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അത് നന്നായി ചെയ്തു എന്നതാണത്രെ അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നത്. ഞങ്ങളുടെ ഇടയിൽ നിന്ന് ഒരാൾ എന്തെങ്കിലും തെറ്റ് വരുത്തിയാലും, അയാളെ വെറുതേ വിടില്ല എന്നൊരു പുതിയ മൂല്യബോധം മാധ്യമ രംഗത്ത് സൃഷ്ടിക്കാൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു എന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. അത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊരു പ്രശംസയാണോ അതോ പരിഹാസമാണോ എന്നതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ചർച്ച. ഇതിനൊപ്പം ഒരു വെല്ലുവിളി കൂടി ശ്രീകണ്ഠൻ നായർ ഉയർത്തുന്നുണ്ട്. ഇനി മുതൽ തങ്ങളും ഇങ്ങനെ മറ്റ് മാധ്യമ പ്രവർത്തകർക്കെതിരെ വാർത്ത കൊടുക്കും എന്നതാണത്. നല്ല കാര്യം ആര് ചെയ്താലും അത് പിന്തുടരണമല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒരു വെല്ലുവിളി. മാധ്യമ പ്രവർത്തകർ വാർത്ത കൊടുക്കുന്നതിന്റെ ഭാഗമായി മദ്യപിക്കും, പ്രസ് ക്ലബ്ബിൽ പോയിരുന്ന് മദ്യപിക്കും എന്നൊക്കെയാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. മന്ത്രിമന്ദിരങ്ങളിൽ കയറിയിറങ്ങി അത്യാവശ്യം പോസ്റ്റിങ്ങുകളും ട്രാൻസ്ഫറുകളും ഒക്കെ നടത്തിക്കൊടുത്ത് പണം വാങ്ങിക്കും എന്നും ശ്രീകണ്ഠൻ നായർ ആരോപിക്കുന്നുണ്ട്. ചില ഒറ്റപ്പെട്ട സംഭവങ്ങൾ എന്നാണ് വിശേഷണം. എന്നാൽ ഇതെല്ലാം മാധ്യമങ്ങൾ പൊതുവേ ഒതുക്കി വയ്ക്കുകയാണ് എന്നാണ് പരാതി. മനോരമ ദിനപത്രത്തിൽ ദീപക് ധർമടത്തെ കുറിച്ച് ഒരു കാർട്ടൂണും വന്നിരുന്നു. ഇതെല്ലാം പരാമർശിക്കുന്നുണ്ട് ശ്രീകണ്ഠൻ നായർ. എല്ലാ മാധ്യമങ്ങളും മൂല്യബോധത്തിന്റെ പിന്നാമ്പുറ കാര്യങ്ങളുമായി ഇറങ്ങി. ഇനിയിപ്പോൾ ഒരു മാധ്യമ പ്രവർത്തകനേയും രക്ഷിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കില്ല എന്ന് പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്റേയും മറ്റുള്ള ചാനലുകളുടേയും നിലപാട് തങ്ങളും ശക്തിയുക്തം പിന്താങ്ങുന്നു എന്നും പറയുന്നുണ്ട്. കേരളത്തിൽ ഏറ്റവും ഒടുവിൽ തുടങ്ങിയ വാർത്താ ചാനൽ ആണ് ട്വന്റിഫോർ ന്യൂസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധയും അവർ നേടിയിട്ടുണ്ട്. ചാനൽ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ അപ്രമാദിത്തം തകർക്കുന്ന രീതിയിൽ വലിയ മുന്നേറ്റവും ട്വന്റിഫോർ നടത്തിയിരുന്നു. ബാർക്ക് റേറ്റിങ്ങിൽ ചുരുങ്ങിയ കാലം കൊണ്ടാണ് ട്വന്റിഫോർ രണ്ടാം സ്ഥാനത്ത് എത്തിയത്. ട്വന്റി ഫോറിനെ ശരിപ്പെടുത്താൻ ഇതു തന്നെ അവസരമെന്ന് മറ്റു ചാനലുകൾ കരുതി. കിടമത്സരം നിലനിൽക്കുന്ന ഇവിടെ ഇത് സ്വാഭാവികമാണ്. മംഗളം ടിവി ഹണി ട്രാപ്പ് പൊട്ടിച്ചപ്പോൾ കണ്ടതും ഇതേ ഐക്യപ്പെടലാണല്ലോ. മംഗളം ചെയ്തതിന്റെ മെറിറ്റ് അവിടെ നിൽക്കട്ടെ. മന്ത്രിയെ രക്ഷിച്ചത് ചാനലുകളുടെ നിലപാടായിരുന്നുവെന്നതാണ് വസ്തുത.
*** *** ***
പോൺ വീഡിയോ കേസിൽ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ നടി ശിൽപ്പ ഷെട്ടി പൊതുപരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷി നടി മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്. സൂപ്പർ ഡാൻസർ 4 എന്ന റിയാലിറ്റി ഷോയിലേക്കാണ് ശിൽപ്പ മടങ്ങിയെത്തിയത്. ഷോയുടെ ജഡ്ജിമാരിൽ ഒരാളാണ് ശിൽപ്പ. ഓഗസ്റ്റ് 17ന് ആയിരുന്നു ഷൂട്ടിംഗ്. നേരത്തെ നടിക്ക് പകരം കരിഷ്മ കപൂറിനെ അടക്കം താൽക്കാലിക ജഡ്ജായി കൊണ്ടുവന്നിരുന്നു സൂപ്പർ ഡാൻസർ. എന്നാൽ ശിൽപ്പ ഷെട്ടിയെ സ്ഥിരമായി മാറ്റുന്നതിനോട് ഷോയുടെ പിന്നണി പ്രവർത്തകർക്ക് താൽപര്യമില്ലായിരുന്നു.ശിൽപ്പ ഷെട്ടിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു സൂപ്പർ ഡാൻസർ. എന്നാൽ താൻ മടങ്ങിവരാനുള്ള മാനസികാവസ്ഥയിൽ അല്ലെന്ന് നടി റിയാലിറ്റി ഷോ അണിയറക്കാരെ അറിയിച്ചിരുന്നു. തുടർന്ന് കുറച്ച് ഇടവേള അവർക്ക് നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിവരാൻ തയ്യാറാണെന്ന് ശിൽപ്പ ഷെട്ടി റിയാലിറ്റി ഷോ ടീമിനെ അറിയിച്ചത്. കുടുംബത്തിനും കുട്ടികൾക്കും വേണ്ടി മാത്രമല്ല, സ്വന്തം പ്രതിസന്ധികളെ മറികടക്കുന്നതിനും കൂടിയാണ് അവർ വന്നത്. സൂപ്പർ ഡാൻസർ ടീം അവരെ സ്വാഗതം ചെയ്തു. മത്സരാർത്ഥികൾക്ക് മുമ്പിൽ അവർ പൊട്ടിക്കരയുകയും ചെയ്തു ശിൽപ്പ ഷെട്ടി. സഹ ജഡ്ജുമാരായ അനുരാഗ് ബസുവും ഗീതാ കപൂറുമാണ് അവരെ ആശ്വസിപ്പിച്ചത്. കല്യാണാലോചന വരുമ്പോൾ നല്ലത് അറേഞ്ച്്ഡ് മാര്യേജാണെന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല.






