ദുഃസ്വപ്‌നം പോലെ ഒരാൾ

യാത്രകൾ എക്കാലവും എനിക്ക് പ്രിയങ്കരമായിരുന്നു. ചെറുപ്പകാലം തൊട്ടേ എന്റെ ഗ്രാമമായ പരളത്തുനിന്ന് നടന്നുപോകാവുന്ന ദൂരത്തിലുളള ചുറ്റുമുളള ഗ്രാമങ്ങളിലെല്ലാം വെറുതെ അലയുന്ന സ്വഭാവം ചിലപ്പോൾ വീട്ടുകാരുടെ ശിക്ഷ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. സർക്കാരുദ്യോഗത്തിന്റെ ഭാഗമായി, ദൂരദർശൻ ജോലിക്കാലത്ത്, ഡൽഹിയിലായിരുന്നപ്പോൾ പ്രത്യേകിച്ചും ഇന്ത്യയുടെ നാനാഭാഗങ്ങളിലും പല തവണ വിവിധ വിദേശരാജ്യങ്ങളിലും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. ഔദ്യോഗിക യാത്രകൾ എല്ലാം തന്നെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരുന്നു. 
ദൂരദർശന്റെ വിപണനവിഭാഗത്തിന്റെ ചുമതല കുറെ വർഷങ്ങളോളം കൈകാര്യം ചെയ്തിരുന്നതിനാലും ആകാശവാണിയിലും ദൂരദർശനിലും പ്രക്ഷേപണസമയത്തെ വിപണനത്തെക്കുറിച്ച് പഠിക്കാൻ വാർത്താവിതരണപ്രക്ഷേപണമന്ത്രി കാര്യാലയം നിയമിച്ച ഉന്നതാധികാര സമിതിയുടെ മെംബർ സെക്രട്ടറി എന്ന നിലയിലും മുംബൈ നഗരത്തിലേക്കുളള സന്ദർശനങ്ങൾ മാസത്തിൽ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും വേണ്ടിവന്നിരുന്നു. അതുപോലെ പാർലമെന്റിന്റെ കൺസൾട്ടേറ്റീവ് സമിതികളുടെ സന്ദർശനത്തിന് അവരെ അനുഗമിച്ച് ഏതാണ്ടെല്ലാ ദൂരദർശൻ കേന്ദ്രങ്ങളും സന്ദർശിക്കേണ്ടി വന്നിരുന്നു.
പക്ഷേ ഔദ്യോഗികകൃത്യങ്ങളുടെ ഭാഗമായി നേരിട്ട് ചുമതലയില്ലാത്ത കാര്യങ്ങളെക്കുറിച്ച് നടത്തേണ്ടിവന്നിരുന്ന യാത്രകൾ ഒട്ടും സുഖകരമായ ഓർമ്മകളല്ല. അവ പരാതികളെക്കുറിച്ചന്വേഷിച്ച് വസ്തുനിഷ്ഠവും സത്യസന്ധവുമായ റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിയുക്തമായപ്പോഴാണ.് അത്തരം യാത്രകൾ ഏതാണ്ടെല്ലായ്‌പ്പോഴും സ്ഥാപനത്തിന്റെ മേധാവികളെക്കുറിച്ചുളള പരാതികൾ പരിശോധിക്കാനായിരുന്നു. അത്തരമൊന്ന് ജീവിതത്തിലൊരു കാലത്തും മറക്കാനാവാത്ത ദുഃസ്വപ്‌നമാണ്. അത് മനോഹരമായ മേഘാലയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഷില്ലോംഗിലേക്ക് നടത്തേണ്ടിവന്ന യാത്രയാണ്.
1993 ഒക്ടോബറിലാണ് ഷില്ലോംഗ് ദൂരദർശൻ കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതിന്റെ സ്റ്റുഡിയോ സംവിധാനങ്ങളും പ്രക്ഷേപിണി (ട്രാൻസ്മിറ്റർ)യും നഗരത്തിൽ നിന്നുമാറി ഏകദേശം 5000 അടി ഉയരത്തിലുളള ലെയ്തികോർ കുന്നിൻമുകളിലാണ്. കേന്ദ്രത്തിന് ഷില്ലോംഗിൽ നഗരമധ്യത്തിൽ ധൻഖേതിയിൽ ഒരു സിറ്റി ഓഫീസുണ്ട്. വടക്ക് കിഴക്കൻ കേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുളള ഉപഗ്രഹചാനലായ ഡിഡി നോർത്ത് ഈസ്റ്റ് നിലവിൽ വന്നിരുന്നില്ല. പക്ഷെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങൾക്ക് പൊതുവായ മേൽനോട്ടത്തിന് ഗുവാഹത്തിയിൽ ഒരു മേഖലാ ഓഫീസുണ്ടായിരുന്നു വർഷങ്ങളോളം. 
ഷില്ലോംഗ് കേന്ദ്രത്തിന്റെ മേധാവിയെക്കുറിച്ചുള്ള പരാതികളുടെ എണ്ണം കൂടിക്കൂടി വരികയും, അവ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തുകയും അവിടെ നിന്നും നിജസ്ഥിതി അന്വേഷിച്ചുകൊണ്ടുളള റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് പെട്ടെന്നൊരു ദിവസം എന്റെ മേലധികാരി പ്രസാർ ഭാരതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നെ വിളിച്ച് ഉടനെ തന്നെ ഷില്ലോംഗിലേക്ക് പോകാൻ നിർദ്ദേശിച്ചത്. അദ്ദേഹം ഒട്ടേറെ പരാതികളടങ്ങുന്ന ഫയൽ എന്നെ ഏൽപിച്ചു. അവയിൽ അന്വേഷിക്കേണ്ട വിഷയങ്ങളെപ്പറ്റി ഒരു മെമ്മോ തന്നു. 
ഗുവാഹത്തിയിൽ വിമാനമിറങ്ങി അവിടെ നിന്ന് കാറിൽ അക്കാലത്ത് നാലഞ്ച് മണിക്കൂർ യാത്ര ചെയ്തുവേണം ഷില്ലോംഗിലെത്താൻ. എന്റെ പ്രൈവറ്റ് സെക്രട്ടറി യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങളുടെ കൂട്ടത്തിൽ ഷില്ലോംഗ് കേന്ദ്രത്തിൽ വിളിച്ച് ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന് ഷില്ലോംഗ് വരെ യാത്രചെയ്യാനും അവിടെ ഗവണ്മെന്റിന്റെ അതിഥിമന്ദിരത്തിൽ താമസിക്കാനും ഏർപ്പാട് ചെയ്യാനാവശ്യപ്പെട്ടു. പിറ്റേ ദിവസം തന്നെ യാത്ര ചെയ്യാനായിരുന്നു എനിക്ക് കിട്ടിയ നിർദ്ദേശം.
വൈകുന്നേരം ഓഫീസിൽ നിന്ന് വീട്ടിലെത്തിയ ഉടനെ ഭാര്യ ഷില്ലോംഗിലേക്ക് യാത്ര ചെയ്യുന്നുണ്ടോ എന്നന്വേഷിച്ചു. ഞാൻ വിവരം പറഞ്ഞപ്പോൾ ഒരു കാരണവശാലും പിറ്റേന്ന് യാത്ര ചെയ്യരുതെന്ന് കടുംപിടിത്തം തുടങ്ങി. പോയേ തീരൂ എന്ന് ഞാനും വാശി പിടിച്ചപ്പോൾ, എങ്കിൽ കൂടെ കൊണ്ടുപോകണമെന്ന് ശാഠ്യമായി. ഒടുവിൽ ഇന്ത്യൻ എയർലൈൻസിന്റെ സഫ്ദർജംഗിലെ ഓഫീസിൽ പോയി ഒരു ടിക്കറ്റെടുക്കേണ്ടി വന്നു. 
ഇത്രയും ദുർവാശിക്ക് കാരണമന്വേഷിച്ചപ്പോഴാണ്്, ഉച്ചയ്ക്ക് ശേഷം ഷില്ലോംഗ് കേന്ദ്രത്തിന്റെ ഡയറക്ടർ ഫോണിൽ വിളിച്ച് യാത്രയുടെ അപകടസാധ്യതകളെക്കുറിച്ച് ബോധ്യപ്പെടുത്തിയ കാര്യം പറയുന്നത്. പിറ്റേന്നും അടുത്തദിവസവും കലാപകാരികൾ ഹർത്താലാചരിക്കുകയാണെന്നും ഗുവാഹത്തിയിൽ നിന്ന് ഷില്ലോംഗ് വരെയുളള ചില സ്ഥലങ്ങളൊക്കെ അപകടകരമാണെന്നും അതിനാൽ ചിലപ്പോൾ ജീവനോടെ മടങ്ങിയെത്തുകയില്ലെന്നും അവർ താക്കീത് ചെയ്തിരുന്നുവത്രെ, റോഡിൽ കുഴിബോംബുകളോ വെടിവെപ്പോ ഇടയ്ക്കിടെ നടക്കാറുണ്ടെന്നും പറഞ്ഞു. 
വീട്ടിൽ മടങ്ങിയെത്തിയ ഉടനെ ഞങ്ങളുടെ ഡൽഹിയിലെ അയൽക്കാരനായിരുന്ന, അപ്പോൾ അസം പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്ന അടുത്ത സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു. 
ഷില്ലോംഗ് യാത്രയ്ക്കും താമസത്തിനുമുള്ള ഏർപ്പാടുകൾ അദ്ദേഹം ചെയ്യാമെന്നേറ്റു. ദൂരദർശൻ കാറിൽ യാത്ര ചെയ്യരുതെന്നും ഉപദേശിച്ചു. അസം പൊലീസിന്റെ കാറിൽ ഒരു വാൻ നിറയെ ആയുധധാരികളായ പൊലീസുകാരോടൊപ്പമായിരുന്നു യാത്ര. ഞങ്ങളുടെ കാറിൽ ഒരു മുതിർന്ന പൊലീസുദ്യോഗസ്ഥനുമുണ്ടായിരുന്നു. ഷില്ലോംഗിൽ പൊലീസ് ക്ലബ്ബിലായിരുന്നു താമസം. 
പിറ്റേദിവസം നേരത്തെ ലെയ്തികോർ കുന്നിൻ മുകളിലെ സ്റ്റുഡിയോവിലെത്തി ചുറ്റും നടന്നുകണ്ടു. അതിമനോഹരമായ പ്രകൃതിഭംഗി നടമാടുന്നത് കാണാൻ വളരെ സന്തോഷം തോന്നി. കുറെ നേരം കാത്തിരുന്നിട്ടും കേന്ദ്രത്തിന്റെ, മധുരമുളള പേരുളള മേധാവി എത്തിയില്ല. ഫോണിൽ വിളിച്ചപ്പോൾ സിറ്റി ഓഫീസിലാണ് ഞാനാദ്യം ചെല്ലുന്നതെന്ന് കരുതി അവിടെയാണെന്നറിയിച്ചു. ധൻഖേതിയിൽനിന്ന് സ്റ്റുഡിയോ സെന്ററിലേക്ക് 13 കിലോമീറ്ററേ ദൂരമുളളുവെങ്കിലും നഗരത്തിലെ തിരക്കും ചെങ്കുത്തായ മലമുകളിലൂടെയുളള കയറ്റവും നിമിത്തം അവിടെയെത്താൻ രണ്ടര മണിക്കൂറെങ്കിലും എടുക്കുമെന്നും അവർ അറിയിച്ചു. 
ഏതായാലും, അവരില്ലാത്തതിനാൽ ഓഫീസിലുളള വളരെയേറെ ഉദ്യോഗസ്ഥർ പരാതികളിൽ പലതും സത്യമാണെന്ന് തെളിയിക്കുന്ന രേഖകൾ തന്നു. മദിരാശിയിൽ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഏതാനും എഞ്ചിനീയർമാരും ക്യാമറാമാന്മാരും ഷില്ലോംഗിലുണ്ടായിരുന്നു. അവർ പഴയ 
സൗഹൃദം പുതുക്കി. കുടുംബസ്വത്ത് പോലെയാണ് ഡയറക്ടർ കേന്ദ്രം നടത്തുന്നതെന്നും സർവ്വവിധ നിയമങ്ങളും നടപടികളും കാറ്റിൽ പറത്തിക്കൊണ്ടാണ് ഓഫീസ് കാര്യങ്ങൾ നിർവ്വഹിക്കുന്നതെന്നും കേൾക്കുന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. കുടുംബത്തിലുളളവരെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൂരദർശൻ കേന്ദ്രത്തിൽനിന്ന് വരുമാനം പറ്റുന്നു. എല്ലാ ആഴ്ചയിലും ഷില്ലോംഗിൽനിന്ന് കാഴ്ചവസ്തുക്കളുമായി ഗുവാഹത്തിയിലേക്ക് വാഹനം ഓടുന്നു. 
അക്കാലത്ത് മേഘാലയ ഗവർണർ ആദരണീയനായ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുമായിരുന്ന എം.എം.ജേക്കബായിരുന്നു. വൈകുന്നേരം കാണാൻ അനുമതി ചോദിച്ചപ്പോൾ അദ്ദേഹം പുറത്തായിരുന്നതിനാൽ എ.ഡി.സിയായിരുന്നു ഫോണെടുത്തത്. നാല് മണിക്ക് വേറെ പരിപാടിയില്ലെന്നും  കാണാമെന്നുമറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഞാൻ നഗരമധ്യത്തിലെ ധൻഖേതിയിലെ ദൂരദർശൻ സിറ്റി ഓഫീസിലെത്തി. അപ്പോൾ കിട്ടിയ മറുപടി സ്റ്റുഡിയോവിലേക്ക് പോയിരിക്കയാണെന്നായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒരു മടിയും കൂടാതെ ആരോപണങ്ങളിൽ ചൂണ്ടിക്കാണിച്ച ഫയലുകൾ തന്നു.
വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ യഥാർത്ഥ ഇന്ത്യൻ സമയവുമായി വളരെയേറെ വ്യത്യാസമുണ്ടെന്ന് മുൻകാല സന്ദർശനങ്ങളിൽനിന്ന് അറിയാമായിരുന്നു. ജേക്കബ് സാറിനെ കണ്ട ഉടനെ അദ്ദേഹം പറഞ്ഞു, ''ഓ, നിങ്ങളായിരുന്നോ? എന്നോട് പറഞ്ഞത് ഡൽഹിയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ കാണാൻ വരുന്നുണ്ടെന്നാണല്ലോ? നിങ്ങൾക്കിവിടെ താമസിക്കാമല്ലൊ''. 
അദ്ദേഹത്തിന്റെ ആതിഥേയത്വവും സ്‌നേഹവാത്സല്യങ്ങളും വളരെ നേരം ഞങ്ങളനുഭവിച്ചു. രാത്രിയിലെ അത്താഴം കഴിഞ്ഞേ അദ്ദേഹം ഞങ്ങളെ പോകാനനുവദിച്ചുളളു. ഷില്ലോംഗ് രാജ്ഭവനിലെ തുറക്കാത്ത അറയുടെ ചരിത്രമൊക്കെ അദ്ദേഹം വിശദീകരിച്ചു. സംഭാഷണമധ്യേ അദ്ദേഹം ഡയറക്ടർ ഫോണിൽ വിളിച്ചിരുന്നുവെന്നും അവർക്ക് ദോഷകരമായ ഒന്നും റിപ്പോർട്ട് ചെയ്യരുതെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചിരുന്ന കാര്യവും പറഞ്ഞു. ഔദ്യോഗിക കാര്യങ്ങൾക്കല്ലാതെ ഞായറാഴ്ചകളിലെ പളളി പ്രാർത്ഥനകളിൽ അവരെ പതിവായി കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
പിറ്റേന്ന് രാവിലെ ഗുവാഹത്തിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ദൂരദർശൻ ഡയറക്ടർ കാണാനെത്തുന്നത്. തലേന്ന് ഓഫീസിലും സ്റ്റുഡിയോവിലും കാണാൻ പറ്റാത്തതിൽ ക്ഷമ ചോദിച്ചുകൊണ്ട് അവർ സംസാരം തുടങ്ങി. ചില കാര്യങ്ങൾ വിശദീകരിച്ച് സംസാരിക്കാനാവശ്യപ്പെട്ടെങ്കിലും, അവർ സ്വന്തം കുടുംബത്തിലെ ക്ലേശങ്ങളെക്കുറിച്ച് കണ്ണീരോടെ സംസാരിക്കുകയാണ് ചെയ്തത്.
 ഓഫീസ് നടത്തിക്കൊണ്ടുപോകുന്നതിൽ മറ്റുദ്യോഗസ്ഥരിൽ പലരും സഹകരിക്കുന്നില്ലെന്നും അതിനാലാണ് ഇത്രയും പരാതികൾ ഉയരുന്നതെന്നും ഞാൻ മനസ്സിലാക്കി കരുണയോടെ കാര്യങ്ങൾ വിലയിരുത്തണമെന്നും അവർ കൂടുതലായി എന്റെ ഭാര്യയോടും എന്നോടുമായി പറഞ്ഞു. ഷില്ലോംഗിലേക്ക് വരുന്നവർക്ക് വലിയ ഉപഹാരങ്ങൾ നൽകാറുണ്ടെന്നും 'സാർ'  സ്വീകരിക്കുമെങ്കിൽ നൽകാനനുമതി നൽകണമെന്നും അവർ രാഗിണിയോടഭ്യർത്ഥിച്ചു. 
അവരെ ഫോണിൽ വിളിച്ച് എന്റെ ജീവൻ അപകടത്തിലാവുമെന്ന് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ എന്റെ സുരക്ഷയെക്കുറിച്ച് ആത്മാർത്ഥമായും വ്യാകുലയായതുകൊണ്ടാണങ്ങനെ പറയേണ്ടിവന്നത് എന്നായിരുന്നു മറുപടി. 
മിക്കപ്പോഴും അവർ പൊട്ടിക്കരഞ്ഞു. ഷില്ലോംഗിൽ വരുന്നവർ ചിറാപുഞ്ചി കാണാൻ പോകുന്നത് പതിവാണെന്നും, വഴിയിൽ ഒട്ടേറെ പ്രകൃതിരമണീയമായ മനംമയക്കുന്ന വനസ്ഥലികളുടെ കാഴ്ചകളുണ്ടെന്നും യാത്ര ചെയ്യാൻ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും കൂടെ സ്റ്റാഫിനെ അയയ്ക്കാമെന്നും അവർ പറഞ്ഞു. ഉളളിൽ സ്ഥലം കാണാനാഗ്രഹമുണ്ടെങ്കിലും ഉടനെ മടങ്ങുകയാണെന്നും സ്ഥലം കാണാനുളള സാഹചര്യമല്ലെന്നും പിന്നീടൊരിക്കലാവാമെന്നും അവരെ അറിയിച്ചു. അത് പിന്നീട് നടന്നില്ല.
വൈകുന്നേരം ഗുവാഹത്തിയിലെത്തി സുഹൃത്തിന്റെ പോലീസ് ക്വാർട്ടേഴ്‌സിൽ താമസിച്ച് പിറ്റേന്ന് ഡൽഹിയിലേക്ക് മടങ്ങി. രണ്ടുദിവസത്തിനകം എന്റെ മേലധികാരിക്ക് അന്വേഷണ റിപ്പോർട്ട് നൽകി. പിറ്റേദിവസം അവരെ ഗുവാഹത്തിയിലേക്ക് ഭരണച്ചുമതലകളില്ലാത്ത ഒരു പദവിയിലേക്ക് സ്ഥലംമാറ്റി.
 

Latest News