ഒരു പാരലൽ കോളേജധ്യാപകന്റെ  'പാരലൽ ജീവിതം'

കോവിഡിനെത്തുടർന്ന് പാരലൽ കോളേജധ്യാപക ജോലി നഷ്ടമായ ഒഞ്ചിയത്തെ മീത്തൽ ബാബു, വാർക്കപ്പണിക്കാരനും ഹോട്ടൽ തൊഴിലാളിയും സ്‌റ്റോർകീപ്പറുമൊക്കെയായി കെട്ടിയാടിയ വേഷങ്ങളെക്കുറിച്ച്. മഹാമാരി വരുത്തിവെച്ച തൊഴിൽരഹിതരായ ആയിരങ്ങളുടെ പ്രതിനിധിയായ ബാബു ജീവിതം പറയുന്നു.

കോവിഡ് എന്ന മഹാമാരി ജീവിതം മാറ്റിമറിച്ച നിരവധി പേരുണ്ട്. നിത്യതൊഴിലിൽ ജീവിതം തള്ളിനീക്കിയിരുന്ന പലരും ഇന്ന് ത്രിശങ്കുവിലാണ്. പിടിച്ചുനിൽക്കാനാവാതെ ജീവിതം അവസാനിപ്പിച്ചവരും ഏറെയാണ്. ഈ ദുർഘടാവസ്ഥകൾ ശമിച്ച് നല്ലൊരു നാളെ സ്വപ്‌നം കണ്ടുകഴിയുന്നവർ വേറെയും. അക്കൂട്ടത്തിൽപ്പെട്ടവരാണ് പാരലൽ കോളേജ് അധ്യാപകർ. സാമൂഹ്യാകലം ജീവിതത്തോടുതന്നെ അകലം പാലിച്ചപ്പോൾ മറ്റു തൊഴിലുകൾ തേടിയിറങ്ങിയവരും കുറവല്ല.
വടകരയിലെ ഒഞ്ചിയത്തുള്ള പാലേരി മീത്തൽ ബാബു എന്ന അൻപത്തിയാറുകാരനെ കേരളം മറന്നിട്ടുണ്ടാവില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വടകരയിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടേറെ പാരലൽ കോളേജുകളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ബാബു. ജീവിതത്തിൽ ഇടിത്തീയായി മാറിയ മഹാമാരിയെത്തുടർന്ന്  ഈ പാരലൽ കോളേജ് അധ്യാപകൻ കോൺക്രീറ്റ് പണിക്കാരനായി മാറുകയായിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും മഹാമാരി ശമിക്കാതെ വന്നപ്പോഴാണ് അദ്ദേഹം പുതിയ തൊഴിലിലേയ്ക്ക് ചുവടുമാറ്റിയത്. ഇപ്പോൾ നാലാമത്തെ ജോലിയിലാണ് അദ്ദേഹം ഏർപ്പെട്ടുവരുന്നത്. അധ്യാപകൻ, വാർക്കപ്പണിക്കാരൻ, ഹോട്ടൽ സൂപ്പർവൈസർ... ഒടുവിലിതാ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയാണ്.
വടകര സാഗർ, മേമുണ്ട അൻസാർ കോളേജ്, ഓർക്കാട്ടേരി യത്തീംഖാന... തുടങ്ങി പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുപ്പതു വർഷത്തോളമായി അധ്യാപകനായിരുന്നു അദ്ദേഹം. അനവധി വിദ്യാർത്ഥികൾക്ക് ആംഗലേയ ഭാഷയിൽ കഥകളും കവിതകളും പഠിപ്പിച്ചുകൊടുത്ത ഈ ഗുരുനാഥന് പുതിയ ജോലിയിൽ നിലനിന്നുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ.


ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്റ്റോർ കീപ്പറായി ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടുമാസമേ ആയിട്ടുള്ളു. സൊസൈറ്റിയുടെ ചങ്ങനാശ്ശേരി ഓഫീസിലാണ് ജോലിനോക്കുന്നത്. ആലപ്പുഴ, ചങ്ങനാശ്ശേരി എ.സി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ ഓഫീസിനു കീഴിൽ പുരോഗമിക്കുന്നത്. 
''കോവിഡ് വന്നതോടെ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. പല ജോലികളും ചെയ്തു. ഏറെ ശ്രമത്തിനൊടുവിലാണ് ഈ ജോലി തരപ്പെട്ടത്. ഇനി ജോലിക്കായുള്ള അലച്ചിൽ അവസാനിപ്പിച്ച് സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.''- ബാബു മാസ്റ്റർ പറയുന്നു.
കോവിഡ് പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ വർഷം ജൂണിലാണ് കെട്ടിട നിർമ്മാണ തൊഴിലാളിയായി വാർക്കപ്പണിക്ക് പോയിരുന്നത്. ഡിഗ്രി പഠനകാലത്ത് ഒഴിവുദിവസങ്ങളിൽ കോൺക്രീറ്റ് ജോലിക്കു പോയിരുന്ന പരിചയമാണ് തുടർന്നും ആ ജോലിയിലേയ്ക്കു മടങ്ങാൻ പ്രേരണയായത്. ഒരു മാസത്തോളം വാർക്കപ്പണിയിൽ തുടർന്നെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതോടെ അതും നഷ്ടപ്പെട്ടു. വീടുകളിൽ ചെന്ന് കുട്ടികളെ ട്യൂഷനെടുത്തായിരുന്നു പിന്നീട് ജീവിതം തള്ളിനീക്കിയത്. അതുകൊണ്ടൊന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയില്ലെന്നു വന്നതോടെയാണ് വള്ളിക്കാട്ടുള്ള ഒരു ഹോട്ടലിൽ സപ്ലയറായും സൂപ്പർവൈസറായുമെല്ലാം ഒരു ആൾറൗണ്ടർ ജോലി സ്വീകരിച്ചത്.


കോൺക്രീറ്റ് ജോലി അവസാനിപ്പിക്കാൻ കാരണമായത് ഉണ്ടായിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പലതും നിലച്ചതുകൊണ്ടായിരുന്നു. ഉള്ളതിൽതന്നെ അന്യസംസ്ഥാന തൊഴിലാളികളെയായിരുന്നു കൂടുതലും നിയോഗിച്ചത്. ആരോഗ്യപരമായി അവർ മുൻപന്തിയിൽ നിൽക്കുന്നതിനാൽ കോൺട്രാക്ടർമാർ പലരും അവരെയാണ് പരിഗണിച്ചത്. വീടുകളിൽ ട്യൂഷൻ എടുത്തു തുടങ്ങിയപ്പോഴാകട്ടെ സി.ബി.എസ്.ഇ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒഴിവാക്കി. അതോടെ പല മാതാപിതാക്കളും കുട്ടികൾക്ക് വീട്ടിൽനിന്നുള്ള ട്യൂഷനും വേണ്ടെന്നുവച്ചു. അതോടെ ആ ജോലിയും നിലച്ചു. ഹോട്ടലുകളിൽ പാർസലുകൾ മാത്രമായപ്പോൾ ആ ജോലിക്കും തിരശ്ശീല വീണു.
എസ്.എസ്.എൽ.സി വിദ്യാർത്ഥിയായിരിക്കേ വീട്ടിലെ ദാരിദ്ര്യാവസ്ഥയിൽ മനംനൊന്ത് നാടുവിട്ടുപോയ ഒരു പൂർവ്വചരിത്രവും ബാബുവിനുണ്ട്. കള്ളവണ്ടി കയറി ചെന്നൈയിലേയ്ക്കു യാത്രതിരിക്കുമ്പോൾ എന്താവുമെന്നൊന്നും ചിന്തിച്ചില്ല. ചെന്നൈയിലെത്തിയപ്പോൾ ഒഞ്ചിയംകാരൻ തന്നെയായ സി.കെ.ചാത്തുവിന്റെ മൈലാപ്പൂരിലെ ചായക്കടയിൽ ജോലികിട്ടി. തിരക്കു കുറഞ്ഞ സമയങ്ങളിൽ പത്രവായനയ്ക്ക് സമയം കണ്ടെത്തി. മലയാളം പത്രങ്ങൾ കിട്ടാതെ വന്നപ്പോൾ ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചുതുടങ്ങി. കൂടെ ജോലി ചെയ്തിരുന്ന തിക്കോടിക്കാരൻ രാജനാണ് അറിയാത്ത ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം പറഞ്ഞുകൊടുത്തത്.
നാലുവർഷം അവിടെ ജോലി ചെയ്തു. ഇതിനിടയിൽ കിട്ടാവുന്ന പത്രങ്ങളും മാസികകളുമെല്ലാം വായിച്ച് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിത്തുടങ്ങി. നാലുവർഷത്തെ ചെന്നൈ വാസത്തിനുശേഷം നാട്ടിലേയ്ക്കു മടങ്ങാൻ തീരുമാനിച്ചു. നാട്ടിലെത്തിയാൽ പത്താം ക്ലാസ് പഠിച്ച് പാസാകണമെന്നായിരുന്നു ഹോട്ടൽ ഉടമയായ ചാത്തുവിന്റെ ഉപദേശം. ആ ഉപദേശം സ്വീകരിച്ച ബാബു പത്താം ക്ലാസ് പാസായി. തുടർന്ന് പഠിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ ജോലിക്കു പോയിത്തുടങ്ങി. ഇതറിഞ്ഞ് സൗദിയിൽ വ്യാപാരിയായിരുന്ന അത്താഫി രാമചന്ദ്രനാണ് പഠിക്കാനുള്ള സഹായം വാഗ്ദാനം ചെയ്തത്. ഇംഗ്ലീഷ് സാഹിത്യം ഐച്ഛികമായെടുത്ത് മടപ്പള്ളി കോളേജിൽ ബിരുദപഠനത്തിനു ചേർന്ന് പാസായി. തുടർന്ന് എം.എക്ക് പ്രൈവറ്റായി പഠിച്ചു. ഇതിനിടയിലും പല പണികളും ചെയ്തുപോന്നു.
ബാബുവിന്റെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവിണ്യം തിരിച്ചറിഞ്ഞ വടകരയിലെ സാഗർ കോളേജ് ഉടമയായ സി.കെ.ശശിയാണ് ഇംഗ്ലീഷ് അധ്യാപകനായി നിയമിക്കുന്നത്. പതിനെട്ടുവർഷത്തോളം അവിടെ അധ്യാപകനായി ജോലി നോക്കി. പിന്നീട് വടകരയിലെ മറ്റു പല കോളേജുകളിലും പന്ത്രണ്ടുവർഷത്തോളം ഇംഗ്ലീഷ് അധ്യാപകനായി.
അക്കാലത്ത് തരക്കേടില്ലാത്ത വരുമാനമായിരുന്നു പാരലൽ കോളേജുകൾ നൽകിയിരുന്നതെന്ന് ബാബു പറയുന്നു. കുട്ടികൾ കുറഞ്ഞതോടെ നില പരുങ്ങലിലായിത്തുടങ്ങിയിരുന്നു. കോവിഡ് കൂടി വന്നതോടെ വരുമാനം നിലച്ചു. വീട്ടമ്മയായ ഭാര്യയും വിദ്യാർത്ഥികളായ രണ്ട് ആൺമക്കളുമടങ്ങിയ കുടുംബജീവിതം വഴിമുട്ടിത്തുടങ്ങി. പഠനച്ചെലവിനു പുറമെ ചോറോടിനടുത്ത് പുതിയ വീട് നിർമ്മിച്ചതിന്റെ ബാങ്ക് ലോൺ വേറെയും. ബാബുവിന്റെ ദുരവസ്ഥയറിഞ്ഞ് സുഹൃത്തും കരാറുകാരനുമായ ശശിയാണ് കൂടെ ജോലി ചെയ്യാൻ താൽപര്യമെങ്കിൽ വരാമെന്നു പറഞ്ഞത്. ചെറുപ്പകാലത്ത് ചെയ്തിരുന്ന ജോലിയാണെങ്കിലും പ്രായത്തിന്റെ ബുദ്ധിമുട്ട് ബാബുവിനെ അലട്ടിയിരുന്നു. എങ്കിലും സുഹൃത്തായ ശശി എപ്പോഴും കൂടെ നിന്നു.
1982 ൽ അന്നത്തെ പതിനെട്ടുകാരനായ ബാബു കുറച്ചുകാലം ഊരാളുങ്കൽ സൊസൈറ്റിയിൽ ജോലി നോക്കിയിരുന്നു. തൊട്ടിൽപ്പാലത്തെ റോഡ് നിർമ്മാണത്തിൽ മെറ്റലുകൾ നിറയ്ക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. അന്നത്തെ സഹപ്രവർത്തകരിൽ പലരും ഇന്ന് ഊരാളുങ്കൽ സൊസൈറ്റിയുടെ ഡയറക്ടർമാരായി മാറിയിരുന്നു.
സഹകരണ മേഖലയിൽ ഏറെ ജോലി സാധ്യതകൾ സൃഷ്ടിക്കുന്ന സ്ഥാപനമായി വളർന്നിരിക്കുകയാണ് ഊരാളുങ്കൽ സൊസൈറ്റി. മുൻകാലങ്ങളിൽ ജീവനക്കാരായെത്തിയ പലരുമാണ് ഇന്ന് ആ സ്ഥാപനത്തിന്റെ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നത്. തങ്ങളുടെ ഗുരുനാഥൻ ജീവിതായോധനത്തിനായി വാർക്കപ്പണിക്ക് പോയതറിഞ്ഞ് പൂർവ്വ വിദ്യാത്ഥികൾ ധനസമാഹരണം നടത്തുകയും ആ പണം വടകരയിലെയും പരിസരപ്രദേശങ്ങളിലെയും ഇരുപതോളം പാരലൽ കോളേജ് അധ്യാപകർക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ജീവിതത്തിലെ ദുർഘടാവസ്ഥയിൽനിന്നും വെളിച്ചത്തിന്റെ പച്ചത്തുരുത്തിലേയ്ക്കുള്ള യാത്രയാണ് ബാബുവിന് കൈവന്നിരിക്കുന്നത്. മൂത്ത മകൻ അർജുൻ ബാബു പ്ലസ് ടുവും സിവിൽ എൻജിനീയറിംഗ് ഡിപ്‌ളോമയും കഴിഞ്ഞ് യു.എൽ.സി.സിയിൽതന്നെ സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു. ഇളയ മകൻ പാർത്ഥിപ് ബാബു പ്ലസ് ടു വിദ്യാർത്ഥിയാണ്. ഭാര്യ അജിതകുമാരി വീട്ടമ്മയും.
എന്തു ജോലിയും ചെയ്യാൻ സന്നദ്ധമായ മനസ്സുണ്ടെങ്കിൽ ജീവിതത്തിലെ ഏതു ദുർഘടാവസ്ഥയെയും തരണം ചെയ്യാൻ കഴിയുമെന്നാണ് ഈ ഗുരുനാഥന്റെ പക്ഷം.

Latest News