ഒരു നാടിന്റെയും, ആ നാടിന്റെ സംസ്കാരത്തെയും അവിടുത്തെ ഭാവിതലമുറയെയും വാർത്തെടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ നൽകിയിരുന്ന വായനശാലകളിലേക്ക് ടെലിവിഷൻ പ്രവേശിക്കപ്പെട്ടപ്പോൾ, സംഭവിച്ച ശോഷിപ്പ് ഇവിടെയും സംഭവിച്ചു എന്നതാണ് സത്യം. വായനാസ്വാദന ശൈലിയിൽ നിന്നും ദൃശ്യാസ്വാദനശൈലിയിലേക്കുള്ള മാറ്റം നമ്മുടെ നാട്ടിലെ മിക്ക വായനശാലകളും നിലച്ചു പോകാൻ നിമിത്തമായിട്ടുണ്ട്.
നദീതടങ്ങൾ മനുഷ്യരുടെ സംസ്കൃതിയും ജീവനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഓരോ ആറിനും ആറ്റിൻകരയ്ക്കും ഓരോ കഥകൾ പറയാനുണ്ടാവും, അവിടെ ജീവിച്ചു മരിച്ച ഓരോ ജീവിതങ്ങളുടെയും, ജീവിക്കുന്ന ഓരോ മനുഷ്യരുടെയും കഥ. മീനച്ചിലാറും അതിന്റെ തീരങ്ങളും ഒരുപാട് കഥകൾക്കും ജീവിതങ്ങൾക്കും സംസ്കൃതിക്കും പൈതൃകങ്ങൾക്കും സാക്ഷി. കോട്ടയം താഴത്തങ്ങാടി മീനച്ചിലാറിനരികിലുള്ള ശാന്ത സുന്ദരഗ്രാമം. താഴത്തങ്ങാടിയും കുമ്മനവും ഇരട്ടസഹോദരങ്ങൾ എന്ന് വേണമെങ്കിൽ പറയാവുന്ന അടുത്തടുത്ത ഗ്രാമങ്ങൾ ആണ്. താഴത്തങ്ങാടി പാലം വരുന്നതിനു മുന്നേ കുളപ്പുരക്കൽ കടവിലെ വള്ളവും ചങ്ങാടവും ആയിരുന്നു ടൗണുമായി ബന്ധിപ്പിച്ചിരുന്ന മാർഗം . അതിനാൽ പാലം വരുന്നതിനു മുന്നേ ആളുകൾ താഴത്തങ്ങാടിയിൽ ഒത്തുകൂടുകയും വള്ളത്തിലോ ചങ്ങാടത്തിലോ ഉള്ള യാത്രകൾ അവരെ തമ്മിൽ മാനസികമായി അടുപ്പിക്കുകയും ചെയ്തിരുന്നു.

അത് അവരുടെ സാംസ്കാരിക വളർച്ചക്കും കലാപരമായ അല്ലെങ്കിൽ സാഹിത്യപരമായ പുരോഗതിക്കും ഉതകുന്നതരത്തിലുള്ള സംഘടനാ സൃഷ്ടികളിലേക്കും നയിച്ചു. അതിന്റെ പരിണത ഫലമാണ് 1947 മാർച്ച് 2 നു കുളപ്പുരക്കൽ മീനച്ചിലാറിനഭിമുഖമായി സ്ഥാപിതമായ മൗലാന അല്ലാമാ ഇക്ബാലിന്റെ പേരിലുള്ള ഇക്ബാൽ ലൈബ്രറി. ഒരിടക്കാലത്തു കാലപ്പഴക്കം കൊണ്ട് കെട്ടിടവും അവിടുത്തെ പുസ്തകങ്ങളും ഇല്ലാതായിരുന്നു. പക്ഷെ ഇന്ന് താഴത്തങ്ങാടി മുസ്ലിം കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ ലൈബ്രറിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം വിജയം കണ്ടു. കഴിഞ്ഞ വർഷം കോട്ടയം എം. എൽ. എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുനരുദ്ധരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. വായനയെ ഇഷ്ടപ്പെടുന്ന, വായനയെ പരിപോഷിപ്പിക്കുന്ന ധാരാളം ആളുകളിൽ നിന്ന് പുസ്തകങ്ങൾ സംഭാവനയായി സ്വീകരിച്ചുകൊണ്ടും കോട്ടയം പബ്ലിക് ലൈബ്രറിയുടെ പിന്തുണകൊണ്ടും ഇക്ബാൽ ലൈബ്രറി സജീവമാകുകയാണ്. കൾച്ചറൽ ഫോറം സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ, ചെയർമാൻ പ്രൊഫ. ഷാവേസ് ഷെരിഫ്, വൈസ് ചെയർമാൻ മുഹമ്മദ് സാലി, ഹഫീസ് മുഹമ്മദ്, അജ്മൽ റസാഖ് എന്നിവരാണ് ഇതിനു നേതൃത്വം നൽകുന്നത്. ഇതിനോടകം ധാരാളം ആളുകൾക്ക് അംഗത്വം നൽകാനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനുമൊക്കെ ഈ നേതൃത്വത്തിന് കഴിഞ്ഞു. ഈ വർഷത്തെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസിലെ മികച്ച വിജയികൾക്ക് പ്രശസ്തിപത്രവും അവരുടെ മുന്നോട്ടുള്ള പഠനത്തിനുള്ള സഹായസഹകരണങ്ങളും നൽകി, ഈ അടുത്ത് തന്നെ ഇക്ബാൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ. മാർച്ച് രണ്ടു 2022 നു എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുവാൻ ഒരുങ്ങുന്ന ലൈബ്രറി യുടെ സെക്രട്ടറി ഉനൈസിന്റെ വാക്കുകളിലൂടെ ഒരു എത്തിനോട്ടം ലൈബ്രറി ചരിത്രത്തെ പറ്റി. രാജ്യമെങ്ങും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ദേശീയ നേതാക്കളുടെ സമരവീര്യം, അവരുടെ നീക്കങ്ങൾ, അവരുടെ ശബ്ദങ്ങൾ എല്ലാത്തിനും കാതോർത്തുകൊണ്ടു നാട് മുഴുവനും....ആ നേതാക്കളിൽ അഭിഭാഷകരുണ്ട്,കവികളുണ്ട്,ഗായകരുണ്ട്,എഴുത്തുകാരുണ്ട്, കർഷകരുണ്ട്.

സ്വാതന്ത്ര്യസമര രംഗത്തുള്ളവർ അന്നത്തെ യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും ആവേശവും, പ്രചോദനവുമായിരുന്നു.അവരുടെ പ്രഭാഷണങ്ങൾ,എഴുത്തുകൾ,രചനകൾ, സംഗീതം, ജീവിത രീതികൾ,വസ്ത്രധരണം എന്നിവ, മാത്രമല്ല അവർ തന്നെ പ്രചോദനമായി അവരോടൊപ്പം സമരരംഗത്ത് എത്തിച്ചേർന്നവർ വരെ ഉണ്ടായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനൊപ്പം നിലകൊള്ളുകയും സമരത്തിന് ഊർജവും, വീര്യവും നൽകുകയും ചെയ്ത യുവതയെയും,വിദ്യാർത്ഥികളെയും ഏറ്റവും ആകർഷിക്കുകയും, ആവേശം കൊള്ളിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഉർദു കവിയായിരുന്ന 'അല്ലാമാ ഇഖ്ബാൽ’. 1938 ൽ അദ്ദേഹം മരണപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ കവിതകളും, രചനകളും വാക്കുകളും നൽകിയ ഊർജം യുവതയെ വല്ലാതെ ആവേശം കൊള്ളിച്ചിരുന്നു.
തിരുവതാംകൂറിലും ഒരു കൂട്ടം വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര പോരാട്ടത്തിന് ശക്തി പകർന്നു കൊണ്ട്, ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞു രചനകൾ നിർവഹിച്ച അല്ലാമാ മുഹമ്മദ് ഇഖ്ബാൽ എന്ന മഹാകവിയുടെ ആവേശം ഉൾക്കൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിനായി ഒരുങ്ങിയിരുന്നു. അധിനിവേശത്തിന്റെ ഇരുളുകൾ നീങ്ങി വരും ദിനങ്ങളിലെ ഏതെങ്കിലും പുലരി സ്വാതന്ത്ര്യത്തിന്റെ പൊൻകിരണങ്ങളുമായി പിറവിയെടുക്കുമെന്ന്.

അതിന് മുന്നോടിയായി 02 മാർച്ച് 1947 ൽ വിദ്യാർത്ഥികളായിരുന്ന ഇവർ തിരുവതാംകൂർ മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷന്റെ, കോട്ടയം താഴത്തങ്ങാടി യൂണിറ്റിന്റെ കീഴിൽ ഇഖ്ബാൽ വായനശാല സ്ഥാപിക്കുന്നത്. പുരാതന കോട്ടയത്തിന്റെ ആസ്ഥാനമായിരുന്ന മീനച്ചിലാറിന്റെ തീരത്തുള്ള താഴത്തങ്ങാടിയിൽ ഒരു പഴയ കെട്ടിടം 10 ഉറുപ്പിക മാസവാടക ഇനത്തിൽ നൽകി ആരംഭിച്ച വായനശാലക്കു വേണ്ടി, ആഘോഷ വേളകളിലെ സായാഹ്നങ്ങളിൽ മീനച്ചിലാറ്റിലൂടെ വഞ്ചി തുഴഞ്ഞു വീടുകളിൽ കയറി സംഭാവന സ്വീകരിക്കുകയും, പണമായി തരാൻ നിവൃത്തിയില്ലാത്തവരിൽ നിന്നും ഉൽപന്നപിരിവും (തേങ്ങ) നടത്തി, ദിവസങ്ങളോളം ജലമാർഗം തന്നെ കോട്ടയത്തെ വിവിധ ദിക്കുകളിലേക്ക് ദൂരങ്ങൾ താണ്ടി യാത്ര ചെയ്തു പണം കണ്ടെത്തുകയായിരുന്നു. ഉൽപന്ന പിരിവായി ലഭിച്ച വിഭവങ്ങൾ, കമ്പോളത്തിൽ കൊണ്ട് വന്ന് കച്ചവടം ചെയ്ത് ഉറുപ്പികയാക്കി മാറ്റിയിരുന്ന ഇവർ ഏകദേശം രണ്ടായിരത്തോളം ഗ്രന്ഥങ്ങളും ആരംഭത്തിൽ തന്നെ വായനശാലയിലേക്ക് ശേഖരിച്ചിരുന്നു.

ഇത്ര ക്ലേശകരമായി ഏഴു പതിറ്റാണ്ടു മുൻപ് ഈ വായനശാല സ്ഥാപിക്കുന്നതിനു വേണ്ടി വന്ന വിവരങ്ങൾ, വായനശാലയുടെ സ്ഥാപകരിൽ ഇന്ന് ജീവിച്ചിരിക്കുന്ന പി. കെ. മുഹമ്മദ് പാഴൂർ തന്റെ ഓർമകളിലൂടെ പങ്ക് വെക്കുമ്പോഴും അദ്ദേഹത്തിന്റെ സ്മൃതിപദങ്ങളിൽ അന്നത്തെ വിദ്യാർത്ഥിയുടെ ആവേശം ഒട്ടും ചോർന്നിട്ടുണ്ടായിരുന്നില്ലെന്ന് വാക്കുകൾ സാക്ഷി. വിവിധ മതവിഭാഗങ്ങളുടെയും, അവരുടെ പൗരാണിക ദേവാലയങ്ങളാലും, ഭാവനങ്ങളാലും പൈതൃകപ്പെരുമയിൽ സമ്പന്നമായ താഴത്തങ്ങാടിയിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും വിവര വിജ്ഞാനസാംസ്കാരിക മണ്ഡലങ്ങളിൽ ആറു പതിറ്റാണ്ടോളം സ്വാധീനം ചൊലുത്തിയിരുന്ന പതിനായിരത്തോളം ഗ്രന്ഥങ്ങൾ ഉണ്ടായിരുന്ന ഈ വായനശാല കഴിഞ്ഞ പത്തു വർഷമായി പ്രവർത്തനരഹിതമായി കിടക്കുന്നു എന്നുള്ളത് ഖേദകരമാണ്. ഒരു നാടിന്റെയും, ആ നാടിന്റെ സംസ്കാരത്തെയും അവിടുത്തെ ഭാവിതലമുറയെയും വാർത്തെടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ നൽകിയിരുന്ന വായനശാലകളിലേക്ക് ടെലിവിഷൻ പ്രവേശിക്കപ്പെട്ടപ്പോൾ, സംഭവിച്ച ശോഷിപ്പ് ഇവിടെയും സംഭവിച്ചു എന്നതാണ് സത്യം. വായനാസ്വാദന ശൈലിയിൽ നിന്നും ദൃശ്യാസ്വാദനശൈലിയിലേക്കുള്ള മാറ്റം നമ്മുടെ നാട്ടിലെ മിക്ക വായനശാലകളും നിലച്ചു പോകാൻ നിമിത്തമായിട്ടുണ്ട്. വിസ്മൃതിയിലായ വായനശാലകളുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ താഴത്തങ്ങാടി ഇഖ്ബാൽ വായനശാല എന്ന നാമാക്ഷരങ്ങൾ എഴുതിചേർക്കപ്പെടുമെന്നുറപ്പ്.






