കളിയെഴുത്തിൽ കവിതയുടെ ചാരുത

ഒളിമ്പ്യൻ പി.ടി.ഉഷയുടെ അവതാരിക കേരളത്തിലെ എണ്ണപ്പെട്ട ജേണലിസ്റ്റുകളുടെ ലേഖനങ്ങൾ, കളിക്കാരുടെ ഓർമക്കുറിപ്പുകൾ ....-ഇവ ചേർന്ന അപൂർവ പുസ്തകം എഴുത്തിന്റെ ഉസ്താദിനെ കുറിച്ചുള്ളതാണ്- കീപ്പർ അബു- കളിയെഴുത്തിന്റെ ഉസ്താദ്. പോളിടെക്‌നിക്ക് ഡിപ്ലോമ നേടി ടെക്‌നിക്കൽ സ്‌കൂൾ അധ്യാപകനായി ജീവിതം തുടങ്ങുകയും കളിയെഴുത്തിന്റെ ഉസ്താദായി മലയാള മനോരമയിൽനിന്ന് റസിഡന്റ് എഡിറ്ററായി വിരമിക്കുകയും ചെയ്ത കെ. അബൂബക്കർ കോയയെ സെവൻസ് ഗ്രൗണ്ടിനോളം പോന്ന പുസ്തകത്തിൽ ഓർമകൾ കൊണ്ട് ആദരിക്കുകയാണ്.
ഓർമയെഴുത്തുകൊണ്ട് പുസ്തകത്തെ ധന്യമാക്കിയവരെല്ലാം മാധ്യമരംഗത്തെ അതികായർ. മനോരമ എഡിറ്റോറിയൽ ഡയരക്ടറായിരുന്ന തോമസ് ജേക്കബ്, മനോരമ എഡിറ്റോറിയൽ ട്രെയിനിംഗ് ആന്റ് റിസർച്ച് ഡയരക്ടറായിരുന്ന കെ. ഉബൈദുള്ള, കളിയെഴുത്തുകാരനായിരുന്ന ക്രിസ് തോമസ്, കോപ്പി എഡിറ്ററായി വിരമിച്ച എം.ബാലഗോപാൽ, അസിസ്റ്റന്റ് എഡിറ്ററായിരുന്ന പി.ദാമോദരൻ,ജൻമഭൂമി റസിഡന്റ് എഡിറ്റർ കെ.എൻ.ആർ.നമ്പൂതിരി, ഇന്ത്യ ലൈഫ്.യു.എസ്. എഡിറ്റർ ജോർജ് ജോസഫ് എന്നിവരാണ് മുഖ്യ എഴുത്തുകാരെങ്കിലും കേരളത്തിലെ പ്രമുഖരായ കളിക്കാരും കളിയെഴുത്തുകാരും അബുവുമൊത്തുള്ള ഹൃദ്യമായ അനുഭവങ്ങൾ കോറിയിടുന്നു. അബു സാർ - അങ്ങനെ വിളിക്കാനാണ് ഞങ്ങൾ കോഴിക്കോട്ടുകാർക്ക് ഇഷ്ടം എന്നു പറഞ്ഞുകൊണ്ടാണ് ഒളിംപ്യൻ പി.ടി.ഉഷയുടെ അവതാരിക ആരംഭിക്കുന്നത്. അതിരാവിലെ ഒരു ചുടുചായ ആസ്വദിച്ചു കഴിക്കുന്ന അനുഭൂതിയാണ് അബുസാറിന്റെ അടുത്ത് സംസാരിച്ചിരിക്കുമ്പോൾ. ഒത്ത കടുപ്പമായിരിക്കും, ആവി പറക്കുന്നുണ്ടായിരിക്കും. നല്ല നിറമായിരിക്കും, അദ്ദേഹത്തിന്റെ മനസ്സ് പോലെ. നല്ല മധുരവും. എന്നു വെച്ചാൽ സമഭാവനയോടെ സ്വഭാവനൈർമല്യത്തോടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന സമഗ്രത- ഉഷ അബു സാറിനെ നോക്കിക്കാണുന്നതിങ്ങനെയൊക്കെയാണ്. 
തോമസ് ജേക്കബിന്റെ അബു പറയാത്ത കഥകളിൽ അബുവിന്റെ തൂലികാ നാമങ്ങൾ എണ്ണുന്നു. അബു, എൻ.അബു, അബൂബക്കർ, കീപ്പർ, യേക്കെ, നാരങ്ങാപ്പുറം, എ.എൻ.ഇബ്‌നു അബ്ദുല്ല. 1966ൽ കൊച്ചിയിലെ സന്തോഷ് ട്രോഫി ടൂർണമെന്റിനിടെ ബംഗാളിന്റെ ജർണയിൽ സിംഗ് നിർണായകമായ ഒരു ഗോളിൽ നിന്ന് ടീമിന്റെ രക്ഷകനായപ്പോൾ പ്രസ് ബോക്‌സിൽ ചന്ദ്രികയുടെ റിപ്പോർട്ടറായിരുന്ന അബു മനോരമയുടെ ലേഖകനായ എനിക്കൊരു കുറിപ്പ് തന്നു. 
ഇന്ന് ജർണയിൽ സിംഗിന്റെ ജന്മദിനമാണ്. വിരൽതുമ്പിൽ സകല വിവരങ്ങളും ലഭ്യമല്ലാത്ത അക്കാലത്ത് ഓരോ കളിക്കാരനെയും കുറിച്ച് ഇത്തരം വിവരങ്ങൾ കളിയെഴുത്തിനെ അപൂർവമാക്കുമായിരുന്നുവെന്ന് തോമസ് ജേക്കബ് ഓർക്കുന്നു. മലയാള മനോരമ എങ്ങനെ മലബാർ കീഴടക്കിയെന്നു കൂടി തോമസ് ജേക്കബ് ഈ ലേഖനത്തിൽ പറയുന്നു. മാതൃഭൂമി അവഗണിച്ച തീയരുടെയും മുസ്ലിംകളുടെയും ചരമങ്ങൾ അതിലൊന്നായിരുന്നു. മന്ത്രിയായിരിക്കെ എം.പി.എം. അഹമ്മദ് കുരിക്കളുടെ മരണം രാഷ്ട്രപതിയുടേതെന്ന പോലെ പ്രാധാന്യത്തിൽ കൊടുത്തത് സമുദായം നെഞ്ചേറ്റിയെന്നും അതിന് ഫീച്ചറുകൾ തയ്യാറാക്കിയത് അബുവായിരുന്നുവെന്നും തോമസ് ജേക്കബ് പറയുന്നു. 
കുടുംബക്കാരൻ കൂടിയായ ഉബൈദുള്ള അബുവിന്റെ അതേ പാതയിൽ ചന്ദ്രിക വഴി മനോരമയിലെത്തുകയും ഉന്നത പദവിയലങ്കരിക്കുകയും ചെയ്ത പത്രപ്രവർത്തകനാണ്. മുസ്‌ലിംലീഗ് നേതാവും രാജ്യസഭാംഗവുമായിരുന്ന ബി.വി.അബ്ദുല്ലക്കോയയുടെ പുത്രൻ അബൂബക്കർകോയ അബുവാകുന്നത് ചന്ദ്രികയിലെ നാളുകളിലാണെന്ന് ഉബൈദുള്ള സാക്ഷ്യം. 
പ്രശസ്ത കളിക്കാരായ സേതുമാധവൻ, വിക്ടർ മഞ്ഞില, ടി.എ.ജാഫർ, സൈമൺ സുന്ദർരാജ്, സി.പി.എം. ഉസ്മാൻകോയ,ഹാരിസ് റഹ്മാൻ, ഭുവൻദാസ്, കളിയെഴുത്തുകരായ പി.എൻ.ശ്രീധരൻ, ബാബു മേത്തർ, ഇഗ്നേഷ്യസ് തുടങ്ങിയവരെ അണി നിരത്തുകയാണ് ക്രിസ് തോമസ്. വാർത്താ വിസ്‌ഫോടനമുണ്ടാകുമ്പോൾ മനോരമയെ അണിയിച്ചൊരുക്കുന്നതിലെ വൈഭവം വിവരിക്കുകയാണ് ബാലഗോപാലൻ. പ്രകാശ് ഷെട്ടിയുടെ കാരിക്കേച്ചറുമായി ഇറങ്ങിയ പുസ്തകം എല്ലാം കൊണ്ടും സമ്പന്നമാണ്. മലയാള മനോരമയിലെ ഇത്രയേറെ പ്രഗത്ഭർ അണിയിച്ചൊരുക്കിയ പുസ്തകമാണിതെന്ന് വായിച്ചു നോക്കിയാലേ മനസ്സിലാകൂ. കെട്ടും മട്ടും കൊണ്ട് തിരിയില്ല.
കീപ്പർ 
അബു- കളിയെഴുത്തിന്റെ ഉസ്താദ്
പ്രസാധനം- 
സഹപ്രവർത്തക കൂട്ടായ്മ
പേജ് - 107. വില 150 രൂപ.

Latest News