കോവളം കടപ്പുറത്ത് പണ്ട് വിദേശ വനിത അപമാനിക്കപ്പെട്ടപ്പോൾ ഇ.കെ നായനാരായിരുന്നു പോലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി. സംഭവത്തെ കുറിച്ച് ചോദ്യമുന്നയിച്ച പത്രക്കാരനോട് നായനാർ പറഞ്ഞു: എടോ ആട ഇതെല്ലം ചായ കുടിക്കുന്നത് പോലെയാണ്. നായനാർ പറഞ്ഞതിന്റെ മെരിറ്റ്് അവിടെ നിൽക്കട്ടെ. പടിഞ്ഞാറൻ നാടുകൾ പൊതുവേ കുറേക്കൂടി ലിബറലാണ്. പക്ഷേ, എന്നുണ്ട്. പ്രസിഡന്റ് കളവ് പറഞ്ഞാൽ അവർ പൊറുക്കില്ല. ബിൽ ക്ലിന്റൺ വൈറ്റ് ഹൗസ് അടിച്ചു വാരാനെത്തിയ പെണ്ണുങ്ങളെ തനിക്ക് അറിയുകയേ ഇല്ലെന്നാണ് പറഞ്ഞത്. അതാണ് അവിടെ പ്രശ്‌നമായതും. യു.എസിന്റെ പുതിയ പ്രസിഡന്റിന്റെ ജനപ്രീതി ഇടിഞ്ഞു വരികയാണ്. അഫ്്ഗാനിസ്ഥാൻ താലിബാനൊരു സമ്മാനമായി നൽകിയത് അമേരിക്കക്കാർക്ക് അത്രയ്ക്കങ്ങ് പിടിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പുറത്തു വന്ന പോപ്പുലാരിറ്റി ഇൻഡക്്‌സിൽ ബൈഡന് ഏഴ് ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ബൈഡനേക്കാൾ ഭേദം കമല ഹാരിസാണെന്ന അഭിപ്രായമുള്ളവർ ഏറി വരികയാണ്. സംഗതി ഇത്രയൊക്കെയായിട്ടും ബൈഡൻ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത് കേട്ടില്ലേ? എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ ന്യായീകരണക്കാരനായി മാറിയത്. കാബൂളിൽ അമേരിക്കൻ വിമാനത്തിൽ നിന്ന് ആളുകൾ നിലത്ത് വീണതിനെ കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ കുറച്ചു ദിവസം മുമ്പ് നടന്ന കാര്യങ്ങളല്ലേയെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനായിരുന്നു ശ്രമം. അഫ്ഗാൻ വിഷയത്തെ ന്യായീകരിക്കാനായിരുന്നു പ്രസിഡന്റ് ജോ ബൈഡൻ ശ്രമിച്ചത്. ആ രാജ്യത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ കഴിയാത്തതാണെന്നും, യു എസ് വിമാനത്തിൽ നിന്നും അഫ്ഗാനികൾ നിലത്ത് വീണത് അഞ്ചു ദിവസം മുമ്പത്തെ കാര്യമാണെന്നുമായിരുന്നു എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞത്.
കാബൂൾ താലിബാന് മുന്നിൽ കീഴടങ്ങാൻ 2021 അവസാനം വരെയെങ്കിലും വേണ്ടിവരുമെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ തന്നെ അറിയിച്ചതെന്നും ബൈഡൻ അവകാശപ്പെട്ടു. എന്നാൽ പത്ത്് ദിവസം പോലും ഇതിനായി വേണ്ടിവന്നില്ലെന്നതാണ് യാഥാർത്ഥ്യം. യുഎസ് പിൻമാറ്റത്തെയും ബൈഡൻ ന്യായീകരിച്ചു. ‘ഇത് നിസാര കാര്യമാണ്. അഫ്ഗാനിസ്ഥാനിൽ ഒരു ഗവൺമെന്റുണ്ടായി, അതിന്റെ നേതാവ് ഒരു വിമാനത്തിൽ കയറി മറ്റൊരു രാജ്യത്തേക്ക് സ്ഥലം വിട്ടു.
ഞങ്ങൾ പരിശീലിപ്പിച്ച അഫ്ഗാൻ സേനയും പാടെ തകർന്നു, മൂന്ന്് ലക്ഷത്തോളം പേരുണ്ടായിട്ടും ഉപകരണങ്ങൾ ഉപേക്ഷിച്ച് അവർ പിൻവാങ്ങി. അതാണ് സംഭവിച്ചത്' -പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയോളം അഫ്ഗാൻ പ്രതിസന്ധിയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന ശേഷമാണ് പ്രസിഡന്റ് ആദ്യമായി പ്രതികരിച്ചത്.
*** *** ***
താലിബാന്റെ സ്വാദ് വീണ്ടും അറിഞ്ഞുവരികയാണ് അഫ്്ഗാൻ ജനത. ഇതേക്കുറിച്ച് മലയാള ടിവി സ്റ്റേഷനുകളിൽ നിത്യേന സംവാദങ്ങൾ നടക്കുന്നു. വിദഗ്ധന്മാർ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന വിധത്തിൽ പലതും വിളിച്ചു കൂവുന്നു. താലിബാൻ ഇച്ചിരി മോഡേണായിട്ടുണ്ടെന്ന് മുൻ നയതന്ത്രജ്ഞനും പത്രാധിപരും മറ്റും പറയുന്നത് കേട്ടു. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അഭിമുഖം ദ ക്യു സംപ്രേഷണം ചെയ്തത് കണ്ടു. ദ ഹിന്ദു പത്രത്തിന്റെ വിദേശകാര്യ എഡിറ്റർ സ്റ്റാൻലി ജോണിയായിരുന്നു അതിഥി. താലിബാൻ പഴയതിൽ നിന്ന് മാറിയിട്ടുണ്ടോയെന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ശ്രദ്ധേയമായി. അങ്ങനെ സംഭവിച്ചതായി താലിബാൻ ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെന്തടിസ്ഥാനത്തിൽ അങ്ങനെ കരുതണം? ഞങ്ങളിതാ 2021 ഓഗസ്റ്റ് 15 മുതൽ വളരെ ഡീസന്റായിരിക്കുമെന്ന് അവർ ന്യൂയോർക്ക് ടൈംസിലോ അൽ ജസീറയിലോ പരസ്യം കൊടുത്തിട്ടുമില്ല. പിന്നെന്തിന് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള ടി.വി സ്റ്റുഡിയോയിലിരുന്ന് വെറുതെ അനുമാനിക്കണം?
ഇക്കഴിഞ്ഞ ഞായറാഴ്ച കാബൂൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന അമേരിക്കൻ വിമാനത്തിന്റെ കാഴ്ച അടുത്തൊന്നും ആരും മറക്കില്ല. രക്ഷപ്പെടാൻ അഫ്ഗാനിസ്ഥാൻ തലസ്ഥാനത്തെ വിമാനത്താവളത്തിലേക്ക് പതിനായിരങ്ങളാണ് ഓടിയെത്തിയത്. വിമാന ചിറകിലും, ചക്രത്തിന്റെ അരികിലും, മുകളിലുമൊക്കെയായി കയറുകൊണ്ട് ബന്ധിക്കപ്പെട്ട് രക്ഷപ്പെടാൻ ശ്രമിച്ചവരുടെ ദയനീയ കാഴ്ച. പറന്നുയരുമ്പോൾ, അപ്പൂപ്പൻത്താടി പോലെ ഉതിർന്ന് വീണ മനുഷ്യർ. മരണത്തെക്കാൾ അവർക്ക് പേടി നാട്ടിലെ പുതിയ ഭരണാധികാരികളെയായിരുന്നു.
കഷ്ടി 150 പേർക്ക് യാത്ര ചെയ്യാവുന്ന അമേരിക്കൻ വ്യോമസേനയുടെ ചരക്ക് വിമാനത്തിന്റെ പൈലറ്റ് ഹീറോയായത് ഈ സന്ദർഭത്തിലാണ്. വിമാനത്തിൽ ഉൾക്കൊള്ളാവുന്ന യാത്രക്കാരുടെ അഞ്ചിരട്ടിയുമായാണ് മർക്കസ് വെയ്സ്ജോർബെർ എന്ന പൈലറ്റ് വിമാനം പറത്തിയത്. 1600 ചതുരശ്ര അടിയിൽ എഴുനൂറിലേറെ യാത്രക്കാർ.
വിമാനം തകർന്നാൽ താനുൾപ്പെടെ എല്ലാവരും മരിക്കുമെന്ന് അറിഞ്ഞു തന്നെയായിരുന്നു ഈ സാഹസിക യാത്ര. വിമാനത്തിൽ കയറി പറ്റിയവരുടെ ദയനീയമായ നോട്ടങ്ങൾ, നിലവിളികൾ, അതിൽ പലരും പിന്നാലെ വരുന്ന ശത്രുവിനെ കണ്ട്, മരണം കണ്ട് ഓടിയതാണ്. അഞ്ചാൾ ഉയരമുള്ള വിമാനത്താവളത്തിന്റെ സുരക്ഷ മതിലൊന്നും അവർക്കൊരു പ്രശ്‌നമായില്ല. അതും ചാടികടന്ന് വിമാനത്തിൽ കയറി പറ്റിയതാണവർ. കോക്പിറ്റിലിരുന്ന് വിമാനത്തിന്റെ അകത്തേക്ക് നോക്കി, എല്ലാം നഷ്ടപ്പെട്ടവരുടെ മുഖങ്ങൾ ഒന്നിച്ച് തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി വർദ്ധിച്ച ആത്മ ധൈര്യത്തോടെ ആകാശനൗകയെ മർക്കസ് വെയ്സ്ജോർബെർ ജീവിതത്തിലേക്ക് പറത്തി. യാത്രയ്ക്കിടെ മൊബൈലിൽ പകർത്തിയ ചിത്രം ഇടക്ക്് എടുത്ത് നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയ കാര്യവും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സിഎൻഎൻ ലേഖിക ഈ സാഹസിക യാത്രയ്ക്ക് എങ്ങനെ ധൈര്യം ലഭിച്ചുവെന്ന് ചോദിച്ചപ്പോൾ പൈലറ്റ് പറഞ്ഞു: പകർച്ചവ്യാധി പടർന്നു പിടിച്ച നാട്ടിൽനിന്ന് എല്ലാ ഡോക്ടർമാരും മരണഭയത്തിൽ രക്ഷപ്പെട്ടപ്പോൾ മനുഷ്യരെ സേവിക്കാൻ അവിടെ തന്നെ നിലയുറപ്പിച്ച അഛനാണെന്റെ പ്രചോദനം. കാർഗോ കംപാർട്ടുമെന്റിൽ തിങ്ങിക്കൂടിയിരിക്കുന്ന യാത്രക്കാരായ 760 പേരിൽ തന്റെ അമ്മയേയും ഭാര്യയേയും സഹോദരനേയും മകനേയും കണ്ടാണ് യന്ത്രപ്പക്ഷിയെ പറപ്പിച്ചത്.
*** *** ***
താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുത്തതോടെ സർക്കാർ ഉടമസ്ഥതയിലുള്ള മീഡിയ സ്ഥാപനങ്ങളിലുള്ള വനിതാ ജീവനക്കാർക്ക് ആദ്യം ലഭിച്ച സന്ദേശം ഇനി ജോലിക്ക് വരേണ്ടതില്ലെന്നാണ്. ടിവി അവതാരകയായ ശബ്‌നം ദാവ് റാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാജ്യത്ത് സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച് അവർ പറഞ്ഞത്.
കാബൂളിൽ താലിബാൻ വന്നതിന് ശേഷം അഫ്ഗാനിസ്ഥാനിലെ ജോലി ചെയ്തിരുന്ന സ്ത്രീകൾ അനുഭവിക്കുന്നതിന്റെ ഒരു നേർസാക്ഷ്യമാണ് ശബ്‌നത്തിന്റെ വാക്കുകൾ. താലിബാൻ അധികാരം ഏറ്റെടുത്തെങ്കിലും അഫ്ഗാനിലെ സ്ത്രീകൾക്ക് അവരുടെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാൻ ബ്രിട്ടനിലെ പ്രീതി പട്ടേലുൾപ്പെടെ പലരും തയ്യാറായിട്ടില്ല. സർക്കാരിന് കീഴിലുള്ള മാധ്യമസ്ഥാപനമായ ആർടിഎ പഷ്‌തോയിലെ മാധ്യമപ്രവർത്തകയാണ് ശബ്‌നം. ‘
താലിബാൻ കാബൂൾ ഏറ്റെടുത്തതിന്റെ, പിറ്റേദിവസം രാവിലെ ഞാൻ എന്റെ ഓഫീസിലേക്ക് പോയി, ഇനിമുതൽ അവിടെ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞു. കാരണം എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ, അവർ പറഞ്ഞു, ഇപ്പോൾ നിയമങ്ങൾ മാറിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് ഇനി ആർടിഎയിൽ ജോലി ചെയ്യാൻ അനുവാദമില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. സ്ത്രീകളെ പഠിക്കാനും ജോലിക്ക് പോകാനും അനുവദിക്കുമെന്ന് താലിബാൻ നേരത്തെ പ്രഖ്യാപിച്ചപ്പോൾ, ഞാൻ ആവേശഭരിതനായി. പക്ഷേ, എന്റെ ജോലിസ്ഥലത്ത് സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ അതിന്റെ യാഥാർത്ഥ്യം എനിക്ക് മനസ്സിലായി. ഞാൻ എന്റെ തിരിച്ചറിയൽ കാർഡുകൾ അവരെ കാണിച്ചു, എന്നിട്ടും, അവർ എന്നോട് വീട്ടിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. സർക്കാരിന് കീഴിലുള്ള മാധ്യമസ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്കാണ് ഈ നിയന്ത്രണങ്ങളുള്ളത്. തന്റെ സഹപ്രവർത്തകനെ ജോലിക്ക് പോകാൻ അനുവദിച്ചു. എന്നാൽ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് താലിബാൻ തീർത്തുപറഞ്ഞു. താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതോടെ ഇനി ഇവിടെ ജോലി ചെയ്യാൻ കഴിയില്ല. ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ജീവിക്കാൻ പ്രയാസമാണ്. എനിക്ക് എന്തെങ്കിലും പിന്തുണ ലഭിച്ചാൽ, അതെ, ഞാൻ പോകുമെന്നും ശബ്‌നം പറഞ്ഞു. തന്റെ ജീവനേക്കാൾ കുടുംബത്തിന്റെ സുരക്ഷയുടെ കാര്യത്തിലാണ് ആശങ്കയെന്നും ശബ്‌നം അഭിപ്രായപ്പെട്ടു. ഈ അഭിമുഖം സംപ്രേഷണം ചെയ്ത് മണിക്കൂറുകൾക്കകമാണ് ജർമൻ മാധ്യമ പ്രവർത്തകനെ തേടിയെത്തി കണ്ടെത്താനാവാതെ അയാളുടെ ബന്ധുവിനെ ശരിപ്പെടുത്തിയത്.
*** *** ***
അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചതിന് പിന്നാലെ ആഘോഷ പ്രകടനവുമായി താലിബാൻ. അമ്യൂസ്മെന്റ് പാർക്കിൽ ആഘോഷപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യന്ത്രകാറുകളിൽ സവാരി നടത്തുന്നതൊക്കെയാണ് വീഡിയോയിൽ. യന്ത്രക്കുതിരപ്പുറത്ത് കയറുന്നതിന്റെ മറ്റൊരു വീഡിയോയുമുണ്ടായിരുന്നു.
ഈ ദൃശ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു മലയാള മാധ്യമ സ്ഥാപനത്തിന്റെ പോസ്റ്റിന് കീഴിൽ കണ്ട കമന്റ് രസകരമായി. ഇതായിരുന്നു കാര്യമെങ്കിൽ ഇവർക്ക് കുറച്ച് വീഗാലാന്റുണ്ടാക്കി കൊടുത്താൽ മതിയായിരുന്നുവല്ലോയെന്നാണ് ഒരു രസികൻ പ്രതികരിച്ചത്. ഈ വിനോദം അത്രയധികം നീണ്ടു നിന്നില്ല. കഥയുടെ രണ്ടാം ഭാഗത്തിൽ അമ്യൂസ്മെന്റ് പാർക്കിന് താലിബാൻ പോരാളികൾ തീയിട്ടുവെന്നാണ് കേട്ടത്. ഷബർഗാനിലെ ബോക്ദി അമ്യൂസ്മെന്റ് പാർക്ക് രാത്രിയിൽ തീയിട്ട് നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമകളും സ്തൂപങ്ങളുമാണ് പാർക്ക് നശിപ്പിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
*** *** ***
മുസ്്‌ലിം ലീഗിലെ കുഴപ്പങ്ങൾ ടെലിവിഷൻ സംവാദങ്ങളെ സജീവമാക്കുന്നുണ്ട്. മാതൃഭൂമി ന്യൂസ്, റിപ്പോർട്ടർ, മീഡിയ വൺ എന്നിവയാണ് വൈവിധ്യം പുലർത്തിയത്. കാലിക്കറ്റ് പ്രസ് ക്ലബിൽ ഹരിത നേതാവ് ഫാത്തിമ തഹ്്‌ലിയ നടത്തിയ വാർത്താ സമ്മേളനത്തിന്റെ സായാഹ്നത്തിൽ റിപ്പോർട്ടർ ചാനലിൽ ഫെമിനിസ്റ്റിന്റെ പങ്കാളിത്തം കാണികളിൽ പലർക്കും രസിച്ചില്ല.
പലപ്പോഴും ആങ്കറിന്റേയും ജസ്്‌ലയുടേയും ശബ്ദം കൂടിയപ്പോൾ പറയുന്നതൊന്നും കേൾക്കാൻ വയ്യെന്നുമായി. മീഡിയ വണ്ണിലെ സംവാദത്തിൽ ബി.ജെ.പി വക്താവ് ഗോപാലകൃഷ്ണൻ അബുൽ കലാം ആസാദ് തികഞ്ഞ മതേതരവാദിയാണെന്ന് അറിയാവുന്നത് കൊണ്ടാണ് തങ്ങൾ രാഷ്ട്രപതിയാക്കിയതെന്ന് തട്ടിവിട്ടത് പാനലിസ്റ്റുകൾക്കും കണ്ടിരിക്കുന്നവർക്കും നല്ല കോളായി. ഡോ:എ.പി.ജെ അബ്ദുൽ കലാമിനെയാവും അദ്ദേഹം ഉദ്ദേശിച്ചിരിക്കുക.






