കേരളാ യൂണിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ് വിഭാഗത്തിൽ അയ്യപ്പപ്പണിക്കർ സാറിന്റെ ഗവേഷണ വിദ്യാർത്ഥിനിയായിരുന്നപ്പോഴാണ് ആദ്യമായി ഹാരിസിനെ കാണുന്നത്. സിസ്റ്റർ ഷീല, രാധാകൃഷ്ണൻ നായർ, ഹേമാ മുരളി, പ്രദീപ് കുമാർ, കൊച്ചുത്രേസ്യ, വത്സലാ രാജൻ, പാർവതീ ദേവി, അജിത് കുമാർ തുടങ്ങി പത്തോളം ഗവേഷകരുണ്ട് ഞങ്ങൾ. ഒത്തുകൂടിയാൽ ഗവേഷണത്തേക്കാളേറെ ചിരിയും കളിയുമാണ് ഞങ്ങളുടെ ഹാളിൽ. ശബ്ദം കൂടുമ്പോൾ പണിക്കർ സാർ പ്യൂൺ വഴി തന്റെ ക്രോധം അറിയിക്കും. പിന്നെ കുറച്ചുസമയം മൊട്ടുസൂചി നിശ്ശബ്ദത.
രാധാകൃഷ്ണൻ നായരാണ് വാർത്ത കൊണ്ട് വന്നത്. ഈയിടെയായി ഒരു പുതിയ പയ്യൻ പണിക്കർസാറിനു ചുറ്റും കറങ്ങുന്നുണ്ട്. കണ്ടിട്ട് ബുജിയാണ്. നമുക്ക് പാരയാകുന്ന സർവലക്ഷണവുമുണ്ട്. കട്ടി പുസ്തകങ്ങളും ചുമന്നാണ് വരുന്നത്.
ഞാൻ ഇറങ്ങുന്ന സ്റ്റെയർകേസിന്റെ പടികൾ കയറി അവൻ വരുമ്പോൾ ഞങ്ങൾ കണ്ടു. വിളറിയ വെളുപ്പുനിറവും പൊക്കവുമുള്ള അവന്റെ ഇടതൂർന്ന നീഗ്രോച്ചുരൾ മുടി എന്നെ പിടിച്ചു നിർത്തി. ''ഞാൻ വി.സി.ഹാരിസ്. പണിക്കർ സാറിന്റെ ഗവേഷണ വിദ്യാർത്ഥിയായി അടുത്താഴ്ച ജോയ്ൻ ചെയ്യുന്നു.
- നൈസ് റ്റു മീറ്റ് യു.. ഞാൻ പറഞ്ഞു.
എന്റെ പേര്..
എനിക്കറിയാം, ചന്ദ്രിക. പകച്ചുനിന്ന എന്നോട് ചിരിച്ചുകൊണ്ടവൻ പറഞ്ഞു.
'ഞാൻ കഥകളൊക്കെ വായിച്ചിട്ടുണ്ട്'.
ഒരു ആജീവനാന്ത സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. അക്ഷരാർത്ഥത്തിൽ ഒരു ബുദ്ധിജീവിയായിരുന്നു ഹാരിസ്. ഒപ്പം ഹൃദയത്തിൽ നൈർമല്യവും നിഷ്‌കളങ്കതയും പേറുന്ന ഒരു കൊച്ചുകുട്ടിയും. പിന്നീട് അവന്റെ ജീവിതം ആകെ മാറിമറിഞ്ഞപ്പോൾ ആ കൊച്ചുകുട്ടിയെ ഞാൻ ഓർത്തുപോയിട്ടുണ്ട്. ഞങ്ങളുടെ ബൗദ്ധിക സദസ്സുകളിലും കുസൃതി സദിരുകളിലും ഹാരിസ് ഒരേ ആർജവത്തോടെ പങ്കെടുത്തു. ദെറിദയെ കുറിച്ച് ആദ്യമായി ഞങ്ങൾ കേൾക്കുന്നത് ഹാരിസിൽ നിന്നാണ്. കടിച്ചാൽ പൊട്ടാത്ത ഏത് തിയറിയും ലളിതമാക്കി കയ്യിൽ തരാൻ മിടുക്കനായിരുന്നു. അതുകൊണ്ടൊക്കെയാവണം അയ്യപ്പപ്പണിക്കർ സാർ അവന് ഒരു പ്രത്യേക സ്ഥാനം കൊടുത്തിരുന്നത്.
ആയിടെ അവൻ വിവാഹിതനായി. അന്നത്തെ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ മകളും എന്റെ വിദ്യാർത്ഥിനിയുമായിരുന്നു വധു. ആ വിവാഹവും സോനയുടെ ജനനവുമൊക്കെ ഞങ്ങൾ ഗവേഷക സംഘം ശരിക്കും ആഘോഷിച്ചു.
മതത്തിനും ദേശത്തിനുമൊക്കെ അതീതമായി ചിന്തിക്കുന്നയാളായിരുന്നു ഹാരിസ്. നോമ്പു കാലത്ത് പകൽ സമയം ഭക്ഷണം കഴിക്കാതിരിക്കുക അവന് പ്രയാസമായിരുന്നു. ഓരോ ദിവസവും അവന്റെ ഉച്ചഭക്ഷണം ഞങ്ങൾ ഓരോരുത്തർ കൊണ്ടുകൊടുത്തു. എന്റെ വീട്ടിൽ ഹാരിസ് പലപ്പോഴും വന്നിട്ടുണ്ട്. അവന്റെ ചുരുൾമുടിയിൽ ഒന്ന് തൊടാൻ എന്റെ ചെറിയ കുട്ടിയായിരുന്ന മകൾക്ക് വലിയ ആഗ്രഹം തോന്നി. 'തൊട്ടോളൂ' എന്ന് പറഞ്ഞ് അവൻ തലകുനിച്ചപ്പോൾ നാണിച്ച് അവൾ ഓടിക്കളയുകയും പകരം തന്റെ കുഞ്ഞനുജനെ പറഞ്ഞയക്കുകയും ചെയ്തു. മുടിയിൽ സ്പർശിച്ച മകനെ വാരിയെടുത്ത് മടിയിലിരുത്തി വാത്സല്യം പകർന്ന ഹാരിസ് അപ്പോൾ ബുജിയോ സൈദ്ധാന്തികനോ അല്ലായിരുന്നു. ഞാൻ നിലവിളക്ക് കൊളുത്തിയപ്പോൾ എഴുന്നേൽക്കാതിരുന്ന ഹരിസിനോട് എന്റെ മകൾ ' അങ്കിൾ എണീറ്റുനിന്നു തൊഴുതില്ലെങ്കിൽ ദൈവം കോപിക്കും' എന്നു പറഞ്ഞപ്പോൾ 'ഇല്ല എന്നോട് കോപിക്കില്ല' എന്നവൻ ഗൗരവത്തിൽ പറഞ്ഞു.
ഓർമയിൽ ഒരു യാത്രയുണ്ട്. പാർവതി ടീച്ചറിന്റെ ഗവേഷണ വിഷയം സരോജിനി നായിഡുവും കമലാദാസുമായിരുന്നു. ആ വർഷത്തെ ഓൾ ഇന്ത്യാ ഇംഗ്ലീഷ് ടീച്ചേഴ്‌സ് കോൺഫറൻസ് പൂനെയിൽ വച്ചാണെന്നും ഞങ്ങൾ ഗവേഷകർ പ്രബന്ധം അവതരിപ്പിക്കണമെന്നും അയ്യപ്പപ്പണിക്കർ സർ അറിയിച്ചു. ഞങ്ങൾ ഉത്സാഹത്തോടെ യാത്രപരിപാടികൾ പ്ലാൻ ചെയ്തു. അപ്പോൾ സർ പാർവ്വതി ടീച്ചറോട് പറഞ്ഞു. 'സരോജിനി നായിഡുവിന്റെ സഹോദരൻ ഹരീന്ദ്രനാഥ് ഛതോപാധ്യായ ബോംബേയിലുണ്ട്. പൂനെയിൽ നിന്നും മടങ്ങുമ്പോൾ അദ്ദേഹത്തെ കണ്ട് ഇന്റർവ്യൂ ചെയ്യണം. തനിയേ യാത്രചെയ്തു ശീലമില്ലാത്ത ടീച്ചർ ആകെ വിഷമത്തിലായതുകണ്ട് ഹാരിസ് പറഞ്ഞു.'നമുക്ക് റിട്ടേൺ ട്രിപ്പ് ബോംബേ വഴിയാക്കിയാലോ? ടീച്ചറിന്റെ പ്രോഗ്രാം നടക്കും' ഞാനുൾപ്പെടെ കുറച്ചു പേർ അതിന് തയ്യാറായിരുന്നു. പക്ഷെ ബോംബേയിലെ താമസം പ്രശ്‌നമാകും. സിസ്റ്റർ ഷീല പറഞ്ഞു. 'അതു പേടിക്കണ്ട കോൺവെന്റ് വഴി അതു ഞാൻ ശരിയാക്കിത്തരാം.'താമസം മാത്രമല്ല യാത്രയിലുടനീളം ഭക്ഷണപ്പൊതികളും കോൺവെന്റുകാർ സ്റ്റേഷനുകളിൽ എത്തിച്ചുതരുമായിരുന്നു. കന്യാസ്ത്രീയുടെ വേഷം അണിഞ്ഞിരുന്നെങ്കിലും ഞങ്ങളെക്കാൾ കുസൃതിക്കാരിയായിരുന്നു സിസ്റ്റർ. അതുകൊണ്ടു തന്നെ യാത്ര ഒരു പാട് സദ്മുഹൂർത്തങ്ങൾ നിറഞ്ഞതായി. ബോംബേയിൽ ഛതോപാധ്യായയുടെ വീട്ടിലേക്ക് പാർവതിടീച്ചറിനോടൊപ്പം ഹാരിസും ഞാനും പോയി. രണ്ടു ദിവസം നീണ്ട ആ ഇന്റർവ്യൂ മുഖ്യമായും നടത്തിയത് ഹാരിസായിരുന്നു. ചരിത്രത്തിലും രാഷ്ട്രീയത്തിലും അവനുള്ള അപഗ്രഥനപാടവം എന്നെ അത്ഭുതപ്പെടുത്തി. മതിപ്പുതോന്നിയ ഹരീന്ദ്രനാഥ് ഛതോപാധ്യായ തന്റെ നാടകം കാണാനുള്ള പാസ് ഞങ്ങൾക്ക് നൽകി. തിരികെ എത്തിയപ്പോൾ പാർവതി ടീച്ചർ അയ്യപ്പപ്പണിക്കർ സാറിനോട് പറഞ്ഞു: 'ഹാരിസ് ഉള്ളത്‌കൊണ്ട് എല്ലാം ഭംഗിയായി നടന്നു'. സാർ പറഞ്ഞു ''ഹാരിസ് തന്നെ എല്ലാം ചെയ്തു എന്നുപറയുന്നതല്ലേ ഭംഗി?' അതെങ്ങനെ സാർ അറിഞ്ഞുവെന്ന് ഞങ്ങൾ അതിശയിച്ചു.

വി.സി. ഹാരിസ്
ഫാറൂഖ് കോളേജിൽ ജോലികിട്ടി പോയിട്ടും ഹാരിസ് സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചു.
പിന്നീട് അവൻ എം.ജി.യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ അധ്യാപകനായി. ഡയറക്ടർ സ്ഥാനം വരെ ഉയർന്നു. തൽപരകക്ഷികളാൽ ആ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടപ്പോൾ വിദ്യാർത്ഥികൾ ഉയർത്തിയ പ്രതിഷേധം അവന്റെ മികച്ച അധ്യാപനത്തിനും കഴിവിനും സ്‌നേഹത്തിനും തെളിവാണ്. പ്രതിഷേധം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ശക്തിപ്രാപിക്കുകയും ചെയ്തപ്പോൾ അധികൃതർക്ക് ഹാരിസിനെ തിരിച്ചെടുക്കേണ്ടിവന്നു.
സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ വിവർത്തനത്തെപറ്റി ഒരു പ്രഭാഷണം നടത്താൻ ഹാരിസ് എന്നെ ക്ഷണിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ നീണ്ട പ്രഭാഷണത്തിനും സംവാദത്തിനും ശേഷം അവൻ എന്നെ ഊണുകഴിക്കാൻ ഒരു വലിയ ഹോട്ടലിലേക്ക് കൊണ്ട് പോയി. അവിടെ വച്ച് തന്റെ തകർന്ന വിവാഹത്തെക്കുറിച്ച്, പുതിയ കൂട്ടുകാരിയെകുറിച്ച് ഹൃദയം തുറന്ന് സംസാരിച്ചു. 'പരാജയത്തിൽത്തന്നെ 'ജയവു'മുണ്ടല്ലോ' എന്ന വാചകം ഞാനിപ്പോഴും സൂക്ഷിക്കുന്നു.
തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിനു വരുമ്പോഴൊക്കെ ഫോൺ ചെയ്യുമായിരുന്നു. അവസാനം ഞങ്ങൾ സംസാരിച്ചത് 2017 ഓഗസ്റ്റ് അഞ്ചാം തീയതി ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിലായിരുന്നു. അന്നവൻ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട സമയം. 'ഒക്കെ സ്റ്റുപ്പിഡ് പ്രോബഌസാണ്. ഒന്നുരണ്ടു ദിവസത്തിനകം തീരും' എന്തൊരാത്മവിശ്വാസമാണ് അവൻ പ്രകടിപ്പിച്ചത്!പിന്നെ അവനെ ചാറ്റിലൊന്നും കണ്ടില്ല. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നറിഞ്ഞു. അവനെ ഇനി ഒരിക്കലും കാണാനൊക്കില്ല എന്ന്.ജലമർമ്മരം സിനിമ, സാമുവൽ ബെക്കറ്റിന്റെ ക്രാപ്പ്‌സ് ലാസ്റ്റ് ടേപ്പ് എന്ന നാടകത്തിന്റെ രംഗാവതരണം. തിയേറ്റർ തൊറാപ്പിയിലെ അക്ഷരങ്ങൾ, ബെക്കറ്റിന്റെയും ബഷീറിന്റെയും പിന്നെ മേതിലിന്റെയും മാധവിക്കുട്ടിയുടെയും വിവർത്തനങ്ങൾ, ഇതിലൊക്കെയുപരി ഹാരിസിന്റെ സ്മാരകം അവന് ലഭിച്ച ആദരവും സ്‌നേഹവുമാണ്.
അമിതമായ ബുദ്ധിപരതയുള്ളവർ അസാധാരണമായും ക്രമവിരുദ്ധമായും പെരുമാറാറുണ്ട്. അതാവാം അവൻ മദ്യത്തിന് അടിമയായിപ്പോയത്. തന്നോടൊപ്പം മണ്ണിനടിയിലേക്ക് ഹാരിസ് കൊണ്ടുപോയ അഗാധമായ വിജ്ഞാനം അക്ഷരങ്ങളായി പങ്ക് വയ്ക്കപ്പെട്ടിരുന്നുവെങ്കിൽ എന്നു വെറുതെ ആഗ്രഹിച്ചുപോകുന്നു. പുതിയ തലമുറയ്ക്ക് അവ വിലപ്പെട്ട സമ്മാനങ്ങളായേനെ..






