Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇശലുകളുടെ ഇഷ്ട തോഴൻ

പീർ മുഹമ്മദ്, എ.ടി. ഉമർ (ഫയൽ)

പൂങ്കുയിൽ കണ്ഠത്തിലൊളിച്ച ഗായകൻ
എന്ന് മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ
വിശേഷിപ്പിച്ച പീർ മുഹമ്മദിന്റെ 
സംഗീത ജീവിതത്തിലൂടെ..


കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടുവന്നാട്ടെ
കാരക്ക കായ്ക്കുന്ന നാടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ.....' 

ഈ ഈരടികൾ ഗായകനായ പീർ മുഹമ്മദിന്റെ കണ്ഠത്തിൽ നിന്നും ഒഴുകിയിറങ്ങുമ്പോഴേക്കും സദസ്സ് ആഹ്ലാദത്തിന്റെ അലകടലായി ഇളകി മറിയാൻ തുടങ്ങും. സംഗീതാസ്വാദകരെ അനിയന്ത്രിതമാം വിധം കോരിത്തരിപ്പിക്കുന്ന അസാധാരണമായ സ്വര മാധുര്യത്തിന്റെ ഒരിക്കലും വറ്റാത്ത തേൻകുടമായി ഈ ഭാവഗായകൻ മാറുന്നത് അതുകൊണ്ടാണ്. വർഷങ്ങൾ ഒരുപാടായി അദ്ദേഹം പാടുന്നു. പക്ഷേ, കാലത്തിന്റെ കറുത്ത തിരശ്ശീലയ്ക്ക് ആ പാട്ടുകളെ മൂടുപടമിട്ട് മറയ്ക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. അവ എത്ര കേട്ടാലും മതിവരാത്തവണ്ണം നിത്യയൗവനത്തിന്റെ മാസ്മരികത തുളുമ്പുന്ന നിറകുടമായി മാറുന്നു. പീർ മുഹമ്മദിനെ ദൈവാനുഗ്രഹം പോലെ വന്നു പൊതിയുന്ന മഹാഭാഗ്യവും അതു തന്നെ!
ലോകമെങ്ങുമുള്ള മലയാളികൾ നെഞ്ചിലേറ്റി പാടിയും മൂളിയും നടന്ന് പ്രശസ്തമായ ഒരു പിടി മാപ്പിളപ്പാട്ടുകളുണ്ട് അഭിമാനത്തോടെ പീർ മുഹമ്മദിന് സ്വന്തമെന്നു പറയാൻ. ജാതി-മത ചിന്തകൾക്കതീതമായി അന്നുമിന്നും അവ നമ്മുടെ ഹൃദയങ്ങളിൽ കുളിർമഴയായി പെയ്തിറങ്ങുന്നു. ഒട്ടകങ്ങൾ വരിവരിവരിയായ്, നിസ്‌കാരപ്പായ പൊതിർന്ന് പൊടിഞ്ഞല്ലോ, മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ പോയെന്നും, പടവാള് മിഴിയുള്ളോള് പഞ്ചാര മൊഴിയുള്ളോള്, പുതുമാരൻ സമീറിന്റെ പൂമാല ചൂടിയ പെണ്ണേ, നോമ്പിൽ മുഴുകിയെൻ മനസ്സും ഞാനും, അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാൻ, അറഫാ മലക്ക് സലാം ചൊല്ലി പാഞ്ഞുവരും പൂങ്കാറ്റേ തുടങ്ങി നമ്മുടെ മനസ്സിൽ മാരിവില്ലായി മാറി, മായാതെ മറയാതെ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഗാനങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്. 
അഞ്ചര പതിറ്റാണ്ടിലേറെക്കാലമായി മാപ്പിളപ്പാട്ടിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ഈ സംഗീത പ്രതിഭ മുഴപ്പിലങ്ങാട്ടെ 'സമീർ മൻസിലിൽ ഇ രുന്ന് ഒരുപാടു കാലത്തിന് ശേഷം തന്റെ മനസ്സ് തുറക്കുന്നു. ഓർമയുടെ അടരുകളിൽ ഇടക്കിടെ മറവി എത്തി മറ തീർക്കുന്നുണ്ട്. എങ്കിലും തളരാതെ, പണിപ്പെട്ട് ഓർമകൾ വ്യക്തമായി വീണ്ടെടുക്കാനും അവ അടുക്കോടെയും ചിട്ടയോടെയും വിവരിക്കാനും അദ്ദേഹത്തിന് കഴിയുന്നുമുണ്ട്. 
വാക്കുകൾ വെറും വാക്കുകളായി വരികളുടെ വീറു നഷ്ടപ്പെടുത്തുകയും സംഗീതം സംശുദ്ധിയുടെ സമ്പുഷ്ടതയിൽ നിന്നും സാരമായി വ്യതിചലിക്കുകയും ഗായകർ ശാരീരത്തെ മറന്ന് ശരീരത്തിന്റെ പ്രകടന പരതയിൽ അഭിരമിക്കുകയും ചെയ്യുന്ന വർത്തമാന കാല സംഗീതത്തിന്റെ അവസ്ഥ തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു എന്ന് പീർ മുഹമ്മദ് പറയുന്നു. അങ്ങനെ നോക്കുമ്പോൾ അർഥവത്തായ വാക്കുകൾ കൊരുത്ത് വരികളെഴുതിയ രചയിതാക്കളും, ആ വരികൾ ഉൾക്കൊള്ളുന്ന അന്തരീക്ഷത്തിന്റെ സത്തയറിഞ്ഞ് സംഗീതം നൽകിയ മഹാപ്രതിഭകളും അവയിലെ ഭാവങ്ങളുടെ തീവ്ര ത മുഴുവൻ മനസ്സിലാവാഹിച്ച് പാടുകയും അങ്ങനെ ഗാനങ്ങൾക്ക് അമരത്വം നൽകുകയും ചെയ്ത ഗായകരും സംഗീത രംഗം ധന്യമാക്കിയ ഒരു കാലത്ത് ജീവിച്ചു എന്നത് ഒരു വലിയ പുണ്യമായി തന്നെ അദ്ദേഹം കരുതുന്നു. പി.ടി. അബ്ദുറഹിമാൻ, ഒ. അബു, ഒ.വി. അബ്ദുല്ല, സി.എച്ച്. വെള്ളിക്കുളങ്ങര, ഒ.എം.കരുവാരക്കുണ്ട് എന്നീ പ്രഗത്ഭ ഗാനരചയിതാക്കളുടെയും എ.ടി. ഉമ്മർ, കെ. രാഘവൻ, ചാന്ദ് പാഷ, ടി.സി. ഉമ്മർ തുടങ്ങി പ്രതിഭാധനരായ സംഗീതജ്ഞൻമാരുടെയും ഒപ്പം പാടുകയും പ്രവർത്തിക്കുകയും ചെയ്ത ഒരു നല്ല ഇന്നലെകളെ കുറിച്ചുള്ള ഓർമപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പുഷ്പ വാടിയായി അദ്ദേഹത്തിന്റെ മനസ്സ് മാറുന്നു.

 

എരഞ്ഞോളി മൂസയോടൊത്ത്

1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള 'സുറണ്ടൈ'  ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബൽക്കീസായിരുന്നു മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോൾ പിതാവുമൊത്ത് അദ്ദേഹം തലശ്ശേരിയിലെത്തി. തായത്തങ്ങാടി താലിമുൽ അവാം മദ്രസ യു.പി സ്‌കൂൾ, തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബിരുദം.
സംഗീതം അതിനിടയിൽ എപ്പൊഴോ അറിയാതെ ആത്മാവിന്റെ ആവേശമായി മാറിക്കഴിഞ്ഞിരുന്നു. നാല്-അഞ്ച് ക്ലാസുകളിൽ പഠിക്കുമ്പോൾ കവിതകൾ ചൊല്ലിക്കൊണ്ടാണ് തുടക്കം എന്ന് പീർ മുഹമ്മദ് ഓർക്കുന്നു. വയലാർ രാമവർമയുടെ കവിതകളോടായിരുന്നു ഏറെ കമ്പം. ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദർഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അധ്യാപകരുടെയും ഇടയിൽ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി.
എന്നാൽ പറയത്തക്ക ഒരു സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല പീർ മുഹമ്മദിന്റേത്. പിതാവ് നല്ലൊരു സംഗീതാസ്വാദകനായിരുന്നു എന്നത് നേര്. അമ്മായിയായിരുന്ന ഡോ. ആമിന ഹാഷിം വല്ലപ്പോഴും പിയാനോ വായിക്കും. അവിടെ തീർന്നു അദ്ദേഹത്തിന്റെ സംഗീത പാരമ്പര്യം. എന്നിട്ടും എങ്ങനെ സംഗീത വാസനയുണ്ടായി എന്നത് പലപ്പോഴും തന്നെ ഇരുത്തിച്ചിന്തിപ്പിക്കുന്ന കാര്യമാണെന്ന് പീർ മുഹമ്മദ് പറയുന്നു. അപ്പോൾ ലഭിച്ച ഉത്തരം ഇതാണ്- സംഗീതം ദൈവത്തിന്റെ വരദാനമാണ്. ദൈവം അവർക്കേറെ പ്രിയപ്പെട്ടവരെ അനുഗ്രഹിക്കുന്നത് സംഗീത സിദ്ധി നൽകിയാണ്. ഞാൻ ദൈവത്തിന് പ്രിയപ്പെട്ടവനാണ്. അതു മറന്നു കൊണ്ട് ഒന്നും പ്രവർത്തിച്ചുകൂടാ. 
ഈ തത്വചിന്തയാണ് അന്നുമിന്നും പീർ മുഹമ്മദ് എന്ന ഗായകന്റെ ജീവിതത്തെ വെളിച്ചമായി വഴികാട്ടുന്നത്. വലിയവനെന്നോ ചെറിയവനെന്നോ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വിവേചനമില്ലാതെ ഇടപഴകുന്ന എല്ലാവവരെയും സമഭാവനയോടെ കാണാനുള്ള വലിയ മനസ്സാണ് അദ്ദേഹത്തിന്റേത്. ശത്രുക്കളെ പോലും മിത്രങ്ങളാക്കുന്ന, എന്നാൽ മിത്രങ്ങളെ ഒരിക്കലും ശത്രുക്കളാക്കാത്ത കറകളഞ്ഞ സ്വഭാവ ശുദ്ധിയും അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയാണ്. ക്രമേണ കവിതകളിൽ നിന്നും പീർ മുഹമ്മദ് പതുക്കെ ഹിന്ദി സിനിമാ ഗാനങ്ങളിലേക്കു ചുവടു മാറ്റി. ഹിന്ദി സിനിമകളിൽ അന്നു ഹിറ്റുകളായ ഏതാണ്ട് എല്ലാ പാട്ടുകളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. തലശ്ശേരിയിലെയും പരിസരത്തെയും മുസ്‌ലിം വിവാഹ വീടുകളിൽ ഗാനമേള ഒഴിച്ചുകൂടാനാവാത്ത ഒരു പ്രധാന ഐറ്റമായിരുന്ന കാലം. പീർ മുഹമ്മദും സംഘവും തലശ്ശരിയുടെ രാവുകളെ സംഗീത സാന്ദ്രമാക്കി. അന്നത്തെ തലമുറയെ കോരിത്തരിപ്പിച്ച മുഹമ്മദ് റഫി തന്നെയായിരുന്നു പീറിന്റെയും ഇഷ്ട ഗായകൻ. റഫിയുടെ ഗാനങ്ങൾ പാടി കല്യാണ സദസ്സുകളെ അദ്ദേഹം കൈയിലെടുത്തു. തലശ്ശരിയിലെ സംഗീത സദസ്സുകളിൽ പീർ മുഹമ്മദ് അവിഭാജ്യ ഘടകമായി മാറി.
ഇതിനിടയിൽ തന്നെ അദ്ദേഹം തലശ്ശേരിയിലെ 'ജനത മ്യൂസിക് ക്ലബ്ബിൽ അംഗമായി ചേർന്നിരുന്നു. ടി.സി. ഉമ്മർ, ഒ.വി. അബ്ദുല്ല, സിനിമാ സംഗീത സംവിധായകൻ എ.ടി. ഉമ്മർ എന്നിവരാണ് അന്ന് ക്ലബ്ബിന്റെ തലപ്പത്തുണ്ടായിരുന്നത്. അവരുടെ പ്രോത്സാഹനം തനിക്ക് ആവോളം കിട്ടി എന്ന് പീർ മുഹമ്മദ് നന്ദിയോടെ ഓർക്കുന്നു. പിൽക്കാലത്ത് താനൊരു ഗായകനായി വളർന്നതിൽ എ.ടി. ഉമ്മർ നൽകിയ പിന്തുണ വളരെ വലുതാണ് എന്നദ്ദേഹം പറയുന്നു. അങ്ങനെ അദ്ദേഹത്തിന് കടപ്പാടും നന്ദിയുമുള്ള മറ്റൊരാൾ സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററാണ്. എ.ടി. ഉമ്മറിന്റെയും രാഘൻ മാസ്റ്ററുടെയും നിർബന്ധത്തിന് വഴങ്ങി ഏതാനും മലയാള സിനിമകളിലും പീർ മുഹമ്മദ് പാടിയിട്ടുണ്ട് -അന്യരുടെ ഭൂമി, തേൻതുള്ളി, സുറുമയും സിന്ദൂരവും...അവിടെ നിർത്തി. കാരണം സിനിമയിൽ പാടുക എന്നത് തന്റെ ആഗ്രഹമേ അല്ലായിരുന്നു എന്ന് ചങ്കുറപ്പോടെ അദ്ദേഹം പറയുന്നു. അന്നുമതെ, ഇന്നുമതെ. ആറു പാട്ടു പാടിയാൽ അടുത്തത് സിനിമ എന്നു ചിന്തിക്കുന്നവരുടെ ലോകത്ത് പീർ മുഹമ്മദ് വേറിട്ടു നിൽക്കുന്നതും അതുകൊണ്ടു തന്നെയാണ്.

പീർ മുഹമ്മദ് (അന്നും ഇന്നും)


1957 ലാണ് പീർ മുഹമ്മദിന്റെ ആദ്യ ഗാനം ഗ്രാമഫോൺ റെക്കോർ ഡായി പുറത്തിറങ്ങുന്നത്. അന്നദ്ദേഹം അഞ്ചാം ക്ലാസിൽ പഠിക്കുകയാണ് എന്നോർക്കുക. മദ്രാസിൽ അന്ന് പ്രസിദ്ധമായ എച്ച് എം വി ആണ് റെക്കോർഡിംഗ് നടത്തിയത്. മകന്റെ സംഗീത വാസന തിരിച്ചറിഞ്ഞ പിതാവു തന്നെയാണ് അതിനു കളമൊരുക്കിയത്. ഒ.വി. അബ്ദുല്ല രചിച്ച് ടി.സി. ഉമ്മർ ഈണം നൽകിയ നാലു പാട്ടുകളാണ് അതിലുണ്ടായിരുന്നത്. ഏറനാട്ടിലെ മാപ്പിള പെണ്ണിന്റെ നർത്തനം കണ്ടോളെ, കാമുകൻ വന്നു കാമുകിയെ കണ്ടു, വരുമോ മക്കളെ പുതിയൊരു ലോകം കാണാനായ്, ചുകപ്പേറും യവനിക പൊന്തിടുമ്പോൾ എന്നിവയാണ് ആ ഗാനങ്ങൾ. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 200 ലേറെ ഗ്രാമഫോൺ റെക്കോർഡുകൾ.. 1000 ലേറെ കാസറ്റുകൾ...അവയിലൊക്കെയായി 10,000 ലേറെ ഗാനങ്ങൾ... ഇവയിലൊന്നും സമാഹരിക്കപ്പെടാതെ കിടക്കുന്ന പാട്ടുകൾ വേറെയും.
സർ സയ്യിദ് കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞിറങ്ങിയ ഉടനെ 'ജനത മ്യൂസിക് ക്ലബ്ബിന്റെ യുവഗായക വിഭാഗമായ 'ബ്ലൂ ജാക്‌സ്' ടീമിൽ പീർ മുഹമ്മദ് അംഗമായി. സിനിമാ ഗാനങ്ങളും മാപ്പിളപ്പാട്ടുകളുമായി ഏതാനും വർഷങ്ങൾ. സംഗീത രംഗത്ത് തന്നെ തിരിച്ചറിയാനായി എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന ചിന്ത ആ കാലത്താണ് കലശലായത്. ട്രൂപ്പിലെ ഒരു ഗായകനായി മാത്രം നിന്നാൽ ഒന്നും സാധ്യമാകില്ല എന്നു ബോധ്യമായപ്പോൾ 1976 ൽ ട്രൂപ്പ് വിട്ടു. തുടർന്ന് 'പീർ മുഹമ്മദ് ആന്റ് പാർട്ടി' എന്ന പേരിൽ സ്വന്തമായി ഒരു ട്രൂപ്പ് ആരംഭിച്ചു. അതോടെയാണ് മാപ്പിളപ്പാട്ടിന്റെ ലോകത്ത് പൂർണമായും അദ്ദേഹം തന്റെ ജീവിതം അർപ്പിക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വേദികളിൽ ഗാനമേളകൾ... ഒപ്പം പാടാൻ എസ്.പി. ശൈലജയും സിബല്ലാ സദാനന്ദനും രഞ്ജിനിയും പ്രകാശിനിയും. കൂടെ ഗ്രാമഫോൺ-കാസറ്റ് റെക്കോർഡിംഗ്. നിന്നു തിരിയാൻ സമയമില്ലാത്ത വിധം തിരക്കിന്റെ നാളുകൾ. ഒരിക്കൽ ഇദ്ദേഹത്തിന്റെ പാട്ട് കേട്ട് മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ പറഞ്ഞു: പൂങ്കുയിൽ കണ്ഠത്തിലൊളിച്ചിരിക്കുന്ന മഹാഗായകനാണ് പീർമുഹമ്മദ്! 
അഖില കേരള മാപ്പിളപ്പാട്ടു മത്സരത്തിൽ മൂന്നു തവണ സ്വർണ മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റോക്കോർഡുണ്ട് പീർ മുഹമ്മദിന്റെ പേരിൽ. 1988 ൽ ദുബായിൽ നടന്ന മാപ്പിളപ്പാട്ടു മത്സരത്തിലും ഒന്നാം സമ്മാനം അദ്ദേഹത്തിനായിരുന്നു. മാപ്പിളപ്പാട്ടിന്റെ ഈറ്റില്ലമായ, ഗസൽ രാവുകളുടെ താളമേളങ്ങൾ സമ്പന്നമാക്കിയ തലശ്ശേരിയുടെ തലയെടുപ്പും ഖ്യാതിയും കേരളത്തിനു പുറത്തു പരത്തുന്നതിൽ പീർ മുഹമ്മദിന്റെ പങ്ക് വളരെ വലുതാണ്. പ്രേംനസീറിന്റെ മകൻ ഷാനവാസിന്റെ വിവാഹച്ചടങ്ങിൽ പ്രേംനസീറിന്റെ പ്രത്യേക ക്ഷണപ്രകാരം തിരുവനന്തപുരത്തെ വീട്ടിൽ പീർ മുഹമ്മദ് ഗാനമേള നടത്തുകയുണ്ടായി. 

പീർ മുഹമ്മദ്‌ യേശുദാസിനും എ.ടി. ഉമറിനുമൊപ്പം


1979 ലാണ് പീർ മുഹമ്മദ് ആദ്യമായി ഗൾഫിൽ എത്തുന്നത്. സിനിമാ സംഗീത സംവിധായകനായ എ.ടി. ഉമ്മറിന്റെ കൂടെ അബുദാബിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ഗാനമേള. പിന്നീട് യു എ ഇയിലെ എല്ലാ എമിറേറ്റുകളിലും പാടാൻ ചെന്നു. കൂടാതെ ഒമാൻ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ എന്നിങ്ങനെ ഒട്ടു മിക്ക ഗൾഫ് രാജ്യങ്ങളിലും പാടിയിട്ടുണ്ട്. പല ഗൾഫ് നാടുകളിലും ഗാനമേളക്കായി അനേകം തവണ സന്ദർശനങ്ങൾ നടത്തി. ഗൾഫ് രാജ്യങ്ങളിൽ മാത്രം പാടിയ സ്റ്റേജുകളുടെ എണ്ണം ആയിരത്തിലധികം വരും എന്ന് പീർമുഹമ്മദ് അഭിമാനത്തോടെ പറയുന്നു. ഇടയ്ക്ക് പക്ഷാഘാതം പിടിപെട്ട് ചികിൽസയിലായി ഈ മഹാഗായകൻ. 
കുടുംബമാണ് എന്നും പീർ മുഹമ്മദിന് താങ്ങും തണലും നൽകിയത്. പാട്ടിന്റെ തിരക്കിൽ പലപ്പോഴും കുടുംബ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പെരുന്നാളിനും പുതുവർഷത്തിനും മറ്റു നല്ല നാളുകളിലുമൊക്കെ ഗാനമേളകളുമായി അദ്ദേഹം വീട്ടിൽ നിന്നും അകലെയായിരുക്കും. ആ സമയത്തൊക്കെ കുടുംബ കാര്യങ്ങൾ കൃത്യമായി നടത്തിക്കൊണ്ടു പോയിരുന്നത് ഭാര്യ രഹ്‌നയായിരുന്നു. നല്ലൊരു സ്വരത്തിനുടമയായ അവർ  കുടുംബ സദസ്സുകളിൽ പാടാറുമുണ്ട്. പി.ടി. അബ്ദുറഹിമാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' സംഗീത ശിൽപമാക്കിയപ്പോൾ അതിലെ ഗാനങ്ങൾ ആലപിച്ചത് അവരായിരുന്നു. സമീർ, നിസാം, ഷെറിൻ, സാറ എന്നിവരാണ് മക്കൾ. നിസാം, പീർ മുഹമ്മദിനൊപ്പവും തനിച്ചും നിരവധി വേദികളിലും കാസറ്റുകളിലും പാടി ശ്രദ്ധേയനായ പാട്ടുകാരനാണ്.

പീർ മുഹമ്മദ്, എസ്.പി. ഷൈലജ

മാപ്പിളപ്പാട്ടിനെ ജീവനും ജീവിതവുമായി കൊണ്ടുനടക്കുന്ന സംഗീത പ്രതിഭയാണ് പീർ മുഹമ്മദ്. കേരളത്തിലും പുറത്തും വിദേശത്തും ജനകീയാടിത്തറയുള്ള ഒരു സംഗീത രൂപമായി മാപ്പിളപ്പാട്ടിനെ വളർത്തിയെടുക്കുന്നതിൽ ഈ ഗായകൻ വഹിച്ച പങ്ക് മറക്കാനോ അവഗണിക്കാനോ കഴിയാത്തതാണ്. പക്ഷേ, അത് നാം വേണ്ടവിധം തിരിച്ചറിഞ്ഞോ എന്ന കാര്യത്തിൽ സംശയം ബാക്കിയാകുന്നു. മാപ്പിളപ്പാട്ടുകൾക്ക് നൽകിയ സംഭാവനകളുടെ കനത്തിന്റെ കണക്കിൽ അംഗീകാരങ്ങളോ ആദരവുകളോ പീർ മുഹമ്മദിനെ തേടിയെത്തിയിട്ടില്ല എന്നതാണ് നേര്. എങ്കിലും കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, കേരള മാപ്പിള കലാ അക്കാദമി അവാർഡ്, മഹാകവി മോയിൻ കുട്ടി വൈദ്യർ സ്മാരക അവാർഡ്, ഉബൈദ് ട്രോഫി, ഗൾഫ് മാപ്പിള അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്നു ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉത്തരം മൗനമാണ്. അപ്പോൾ ആ മനസ്സിന്റെ ആഴങ്ങളിൽ അലയടിക്കുന്ന വേദനയുടെ നിഴൽ മുഖത്ത് പരക്കുന്നതു കാണാം. ആ സമയത്ത് പി.ടി. അബ്ദുറഹിമാൻ രചിച്ച് പീർ മുഹമ്മദ് തന്നെ ഈണമിട്ടു പാടി പ്രസിദ്ധമാക്കിയ ഒരു പാട്ടിന്റെ ഈരടികൾ അദ്ദേഹം വീണ്ടും മൂളുന്നതായി തോന്നി-
അല്ലാഹുവേ നീ തുണയാണ്
എല്ലാമറിഞ്ഞത് നീയാണ്... 




 

 

 

 

Latest News