ഓയിൽ പെയിന്റിംഗിൽ വിസ്മയം തീർക്കുന്ന കലാകാരനാണ് ബിർള പബ്ളിക് സ്‌കൂളിലെ ആർട്ട് അധ്യാപകനായ റെജിന്റ് വർഗീസ്. കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം പെയിന്റിംഗിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തിയാണ് റെജിന്റ് ശ്രദ്ധേയനാകുന്നത്. വ്യത്യസ്ത സൈസിലുള്ള സ്പോഞ്ചുകൾ ഉപയോഗിച്ച് റെജിന്റ് ചെയ്ത ലൈവ് പെയിന്റിംഗ് ഈ കലാകാരന്റെ ഭാവനാവിലാസവും കലാനിർവഹണത്തിലെ സൂക്ഷ്മതയും ബോധ്യപ്പെടുത്തും.

എന്നും വെല്ലുവിളി നിറഞ്ഞ പരീക്ഷണങ്ങൾ നടത്താനാണ് റെജിന്റിന് താൽപര്യം. സമയമെടുത്താണ് വർക് പൂർത്തിയാക്കുക. ഓരോ വശത്തിന്റേയും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ഒറിജിനാലിറ്റി ഉറപ്പുവരുത്തുന്നുവെന്നതാണ് ഈ കലാകാരന്റെ ഏറ്റവും വലിയ സവിശേഷത.
ചായവും ബ്രഷും മാത്രമല്ല കാൽപനിക ഭാവനയും ഈ കലാകാരന്റെ വർക്കുകളുടെ ചാരുത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കടലാസുകൾ വെട്ടിയൊട്ടിച്ചും അൽപം പോലും പെയിന്റോ ബ്രഷോ ഉപയോഗിക്കാതെ റെജിന്റ് പണി തീർത്ത പല വർക്കുകളും നമ്മെ അദ്ഭുതപ്പെടുത്തും. അത്ര പരിപൂർണതയോടെയാണ് അദ്ദേഹം ഓരോ വർക്കും പൂർത്തിയാക്കുന്നത്.

ആപ്പിളിൽ മഞ്ഞു കണങ്ങൾ പൊടിഞ്ഞു നിൽക്കുന്ന ചിത്രവും വെള്ളം തെറിപ്പിച്ചു കാളകൾ ഓടുന്ന ചിത്രവുമൊക്കെ ഏറെ സുന്ദരമായാണ് റെജിന്റ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പൂർണതയിൽ ശ്രദ്ധിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങളോടെ വരച്ചുവെക്കുമ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ രൂപപ്പെടുകയാണ് .

സാധാരണ ചിത്രങ്ങൾ ആരും വരയ്്ക്കും. എളുപ്പം വരക്കാവുന്ന ചിത്രങ്ങളാണ് അധികമാളുകളും വരക്കാൻ ഇഷ്ടപ്പെടുക. എന്നാൽ വെറൈറ്റി ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന റെജിന്റ് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ വർക്കുകൾ ചെയ്യാനാണ് താൽപര്യപ്പെടുന്നത്. റിയലിസവും ഹൈപ്പർ റിയലിസവും ഏറെ ഇഷ്ടപ്പെടുന്ന റെജിന്റ് ഒഴിവ് സമയങ്ങളിൽ കലാനിർവഹണത്തിന്റെ പുതിയ പരീക്ഷണങ്ങൾ നടത്തിയാണ് പ്രവാസ ജീവിതം ധന്യമാക്കുന്നത്. നൈഫ് പെയിന്റിംഗ്, ചാർക്കോൾ പെൻസിൽ വർക്കുകൾ എന്നിവയും അദ്ദേഹത്തിന്റെ പരീക്ഷണ മേഖലയിൽപ്പെടും.

നിഴലും വെളിച്ചവുമുള്ള ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ട മേഖല. കൊളാഷിലും സ്വന്തമായ പല പരീക്ഷണങ്ങളും നടത്തി വിജയിച്ച കലാകാരനാണ് റെജിന്റ്. 97 മാഗസിനുകളുപയോഗിച്ച് റെജിന്റ് തീർത്ത ഫോട്ടോ കൊളാഷ് മനോഹരമായൊരു കലാസൃഷ്ടിയാണ്.
പോർട്രെയിറ്റാണ് റെജിന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു പ്രധാന മേഖല. ആവശ്യമനുസരിച്ച് നിരവധി പോർട്രെയിറ്റുകൾ വരച്ചിട്ടുണ്ട്. ഈയിടെ വരച്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ പോർട്രെയിറ്റ് അദ്ദേഹത്തിന്റെ കരവിരുതും പ്രൊഫഷണലിസവും തെളിയിക്കുന്നതാണ്.

കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്ത് വെട്ടിമുകൾ സ്വദേശിയായ വർഗീസിന്റേയും മേരിയുടേയും ഇളയമകനാണ് റെജിന്റ്. വരയിലും നാടകത്തിലുമൊക്കെ സജീവമായിരുന്നു അച്ഛൻ.
അമ്മയും നാടകവുമായി ബന്ധപ്പെട്ടിരുന്നു. വരയുടെ ബാലപാഠങ്ങളൊക്കെ അഭ്യസിച്ച് തുടങ്ങിയത് അച്ഛനിൽ നിന്നാണ്. സ്‌കൂൾ തലത്തിൽ പല മൽസരങ്ങളിലും സമ്മാനം നേടിയിരുന്നു. പ്ലസ് ടുവിന് ശേഷം ശേഷം പാലയിലെ കൈരളി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫൈൻ ആർട്സിൽ ഡിപ്ളോമക്ക് ചേർന്നപ്പോൾ അവിടുത്തെ പ്രധാനാധ്യാപകനായിരുന്ന പ്രഭ സാറാണ് റെജിന്റിലെ ശരിയായ കലാകാരനെ കണ്ടെത്തിയത്.
പോർട്രെയിറ്റിലും മറ്റു ചിത്രങ്ങൾ മനോഹരമാക്കുന്നതിലുമൊക്കെ പരിശീലനം നൽകുകയും നിരവധി വർക്കുകൾ പൂർത്തിയാക്കുവാൻ അവസരം ലഭിക്കുകയും ചെയ്തത് വളരാൻ സഹായകമായി. അദ്ദേഹത്തിന്റെ പ്രോത്സാഹനവും മാർഗനിർദേശങ്ങളും എന്നും വിലമതിക്കുന്നതാണെന്ന് റെജിന്റ് നന്ദിപൂർവം ഓർക്കുന്നു.

പിന്നീടാണ് ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പൂർത്തിയാക്കുന്നത്. ഒമ്പത്് വർഷത്തോളം നാട്ടിൽ ആർട് ടീച്ചറായി ജോലി ചെയ്ത ശേഷമാണ് ഖത്തറിലെ ബിർള പബ്ളിക് സ്‌ക്കൂളിൽ ചേർന്നത്. കഴിഞ്ഞ 10 വർഷത്തോളമായി ബിർള പബ്ളിക് സ്‌ക്കൂളിൽ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി തുടരുകയാണ്.
സ്‌കൂൾ പ്രിൻസിപ്പൽ എ.പി. ശർമ, വൈസ് പ്രിൻസിപ്പൽ രാജേഷ് പിള്ള, ബിർള പബ്ളിക് സ്‌ക്കൂൾ മാനേജ്മെന്റ് എന്നിവരുടെ പ്രോൽസാഹനവും പിന്തുണയുമാണ് ഖത്തറിലെ തന്റെ കലാപ്രവർത്തനങ്ങളുടെ ചാലക ശക്തി. നേരത്തെ റേഡിയോ നാടകങ്ങളടക്കം പല നാടകങ്ങളിലും റെജിന്റ് സജീവമായിരുന്നു. ജൂബിയാണ് ഭാര്യ. ഏബൽ, എയ്ഡൻ എന്നിവർ മക്കൾ.






