മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് മഞ്ചേരി. ജില്ലാ സെഷൻസ് കോടതിയും മറ്റുമവിടെയാണ്. പത്ത് നാൽപത് കൊല്ലങ്ങൾക്കപ്പുറം മഞ്ചേരിയിൽ ഒറ്റ ബസ് സ്റ്റാന്റ് മാത്രമാണുണ്ടായിരുന്നത്. ഇത്രയേറെ ബൈപ്പാസുകളും റിംഗ് റോഡുകളും വന്നിട്ടില്ല. നാലും കൂടിയ ജംഗ്ഷനിലെ കുരിക്കൾ സൗധമായിരുന്നു ഏറനാടൻ പട്ടണത്തിലെ ഏക ബസ് സ്റ്റേഷൻ. കൊരമ്പയിലും കോലാടെക്‌സും പോലുള്ള വസ്ത്രാലയങ്ങൾ കൊടികുത്തി വാണ നാളുകൾ. ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് മഞ്ചേരിയിലെത്തുന്നവരെ ആകർഷിച്ചാലേ കച്ചവടം ഉഷാറാവൂ. ദിനപത്രങ്ങളിൽ പ്രാദേശിക പരസ്യങ്ങളൊന്നും വന്നു തുടങ്ങിയിട്ടില്ല. മഞ്ചേരിയിലെ കസ്റ്റമേഴ്‌സിനെ ആകർഷിക്കാൻ ലോക്കലായി വാണിജ്യ സ്ഥാപനത്തിന്റെ മേന്മ ഉച്ചഭാഷിണിയിലൂടെ അനൗൺസ് ചെയ്യുകയേ നിർവാഹമുള്ളു. സീനിയർ വക്കീൽ മേനോന്റെ ജൂനിയറായി കൊച്ചിക്കാരൻ മുഹമ്മദ് കുട്ടി ജില്ലാ കോടതിയിൽ തുടക്കം കുറിച്ച കാലമായിരുന്നു അത്. വക്കീൽ പണി കൊണ്ട് ലഭിക്കുന്ന തുഛമായ വരുമാനം ഒന്നിനും തികയാത്തതിനാൽ വൈകുന്നേരങ്ങളിൽ ബസ് സ്റ്റാന്റ് പരിസരത്തെ കെട്ടിടത്തിൽ അനൗൺസ് ചെയ്യാൻ പോകാറുണ്ടായിരുന്നുവെന്ന് ഏതാനും വർഷങ്ങൾക്കപ്പുറം വെളിപ്പെടുത്തിയത് ഇന്നത്തെ മെഗാ താരം മമ്മൂട്ടി തന്നെയാണ്. മലപ്പുറം ജീവിത അനുഭവം അനുസ്മരിച്ച് മാതൃഭൂമിയിലാണ് മമ്മൂട്ടി ഇതേക്കുറിച്ചെഴുതിയത്. അഭിഭാഷകനായി യോഗ്യത നേടിയ മമ്മൂട്ടി രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. വെള്ളിത്തിരയിലെത്തിയതിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.
1971 ഓഗസ്റ്റ് 6ന് റിലീസ് ചെയ്ത് 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിൽ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. മലയാളത്തിന്റെ അനശ്വര നടൻ സത്യൻ അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി അരങ്ങേറ്റം കുറിച്ച കെ.എസ് സേതുമാധവൻ ചിത്രം.
തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സിനിമാലോകത്ത് തന്റെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973ൽ അഭിനയിച്ച കാലചക്രത്തിലാണ്. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത 'ദേവലോകം' എന്ന മലയാള സിനിമയാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചിത്രം. എന്നാൽ ഇതിന്റെ ചിത്രീകരണം പൂർത്തിയായില്ല.
50 വർഷത്തെ അഭിനയ കാലയളവിൽ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. 1998ൽ പത്മശ്രീ നൽകി ആദരിച്ചു. ഇതുവരെ നാനൂറിലധികം സിനിമകൾ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.
വെള്ളിത്തിരയിലെത്തിയതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന മഹാനടൻ മമ്മൂട്ടിക്ക് ഹൃദയസ്പർശിയായ ആശംസയുമായി മകനും താരവുമായ ദുൽഖർ സൽമാൻ. 50 വർഷം ഏറ്റവും തിളക്കമാർന്നതും മഹത്വമേറിയതുമായ കരിയർ കൊണ്ടുനടക്കാൻ കഴിഞ്ഞു എന്നത് ചെറിയ നേട്ടമല്ലെന്നും സെല്ലുലോയ്ഡിന് അപ്പുറത്തുള്ള മമ്മൂട്ടിയെ എന്നും കാണാനും അറിയാനും കഴിയുന്നത് തന്റെ അനുഗ്രഹമാണെന്നും ദുൽഖർ പറയുന്നു. ഇത്തരം ആഘോഷങ്ങൾ വാപ്പച്ചിക്ക് ഇഷ്ടമല്ലെന്ന് അറിയാമെന്നും എന്നാൽ വാപ്പച്ചിയുടെ നേട്ടം വളരെ വലുതാണെന്നും ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ വാരം തുടങ്ങിയത് ഫ്രണ്ട്ഷിപ്പ് ഡേയോടെയാണ്. ഞായറാഴ്ച രാവിലെ കണ്ട മാതൃഭൂമി ദിനപത്രം മലയാള മനോരമയ്ക്ക് സൗഹൃദ ദിനമാശംസിച്ചത് വലിയ ചർച്ചയായി. അതേ പോലെ മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻലാൽ ഇച്ചാക്കയ്ക്ക് ജൂബിലി ആശംസ നേർന്നു. ഇനിയും ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ചഭിനയിക്കാനാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കഠിനാധ്വാനത്തിലൂടെയാണ് മമ്മൂട്ടി ഈ പടവുകൾ പിന്നിട്ടതെന്ന് എല്ലാവർക്കുമറിയാം. മലയാളികൾക്കാകെ പ്രചോദനമാണ് മെഗാ സ്റ്റാർ. അച്ചടി മാധ്യമങ്ങളുടെ സുവർണ കാലത്ത് കൊച്ചിയിൽ കാർട്ടൂണിസ്റ്റ് യേശുദാസൻ നടത്തിയിരുന്ന കട്ട് കട്ട് കാർട്ടൂൺ-സിനിമാ മാസികയിലേക്ക് പുതിയ നടൻ എത്തിയ കാര്യം മുതിർന്ന മാധ്യമ പ്രവർത്തകൻ കൃഷ്ണൻ ചേലേമ്പ്ര അനുസ്മരിക്കുന്നുണ്ട്. ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു കിട്ടുകയായിരുന്നു ഉദ്ദേശ്യം. വെള്ളിത്തിരയിലേക്കുള്ള എൻട്രി പാസാണ് അക്കാലത്ത് ഇത്തരം കുറിപ്പുകൾ. കോടതി മുറിയിൽ നിന്ന് ക്യാമറ മുഖത്തേക്കെന്ന ശീർഷകത്തിലെ കുറിപ്പിലാണ് മറ്റൊരു മുതിർന്ന മാധ്യമ പ്രവർത്തകൻ ജമാൽ കൊച്ചങ്ങാടി മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെടുത്തിയത്. നാനയിൽ അച്ചടിച്ചു വന്ന പ്രൊഫൈലിനായി മുഹമ്മദ് കുട്ടി തന്നെ കാണാനെത്തിയ കാര്യം അദ്ദേഹവും സോഷ്യൽ മീഡിയയിൽ അനുസ്മരിച്ചിട്ടുണ്ട്. 1990ന് മുമ്പ് സ്‌ഫോടനം സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ പേര് സാജൻ എന്നായിരുന്നുവെന്നതും കൃഷ്ണൻ ചേലേമ്പ്ര ഓർമപ്പെടുത്തുന്നു.
കോവിഡ് കാലത്ത് സുദീർഘമായ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പങ്കെടുത്ത പൊതു ചടങ്ങ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേതാണ്. ഇതിപ്പോൾ കേസുമായി. മമ്മൂട്ടിയും നടൻ രമേശ് പിഷാരടിയും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന പേരിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
*** *** ***
ലഹരിമരുന്ന് ഉപയോഗത്തിനു ശേഷം ട്രാഫിക് സിഗ്‌നലിന്റെ തൂണിൽ പിടിച്ച് നൃത്തം ചെയ്ത ടെലിഫിലിം സംവിധായകൻ വാരാദ്യത്തിൽ തൃശൂരിൽ അറസ്റ്റിലായി. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് ആണ് അറസ്റ്റിലായത്. ഇയാളുടെ വസ്ത്രത്തിനുള്ളിൽനിന്ന് രണ്ടു ഗ്രാം മെത്തലിൻ ഡയോക്‌സി ആഫിറ്റാമിൻ (എംഡിഎംഎ) എന്ന ന്യൂജനറേഷൻ ലഹരി മരുന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷും സംഘവും കൊച്ചിയിൽനിന്ന് പുലർച്ചെ രണ്ടരയോടെ മടങ്ങുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ വാഹനം ചിറങ്ങര ജംഗ്ഷനിൽ എത്തിയപ്പോൾ സർവീസ് റോഡിൽ ഒരു കാർ നിർത്തിയിട്ടിരുന്നു. കാറിന്റെ മുന്നിൽ ഒരാൾ നിൽക്കുന്നുണ്ട്. ട്രാഫിക് സിഗ്‌നലിന്റെ തൂണിൽ പിടിച്ച് ഇയാൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ കാറിന്റെ അടുത്തെത്തി കാര്യങ്ങൾ ചോദിച്ചു. കാറിനുള്ളിൽ ഒരു യുവതിയെ കണ്ടു. മോഡലിങ് ആണ് ജോലിയെന്ന് പറഞ്ഞു. ഭർത്താവും ഒപ്പമുണ്ടായിരുന്നു. നൃത്തം ചെയ്തിരുന്നയാൾ വിഷ്ണുരാജായിരുന്നു. രണ്ടു ഹ്രസ്വചിത്രങ്ങൾ ലഹരിയ്‌ക്കെതിരെ സംവിധാനം ചെയ്തിട്ടുണ്ട് വിഷ്ണുരാജ്. ലഹരി മരുന്ന് ഉപയോഗിച്ചതിന്റെ പ്രകടനമായിരുന്നു സിഗ്‌നൽ തൂണിലെ നൃത്തം.
പുതിയ ഹ്രസ്വചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്റെ വീട്ടിലേക്കുള്ള വഴിയാണ് ലഹരി ഉപയോഗിച്ചതും നടുറോഡിൽ നൃത്തം ചെയ്തതും. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാറിലായിരുന്നു ഇവരുടെ യാത്ര. ലഹരിമരുന്ന് കിട്ടിയതോടെ വിഷ്ണുരാജിനെ കൊരട്ടി ഇൻസ്‌പെക്ടർ ബി.കെ.അരുണും സംഘവും കസ്റ്റഡിയിലെടുത്തു. കാറും പിടിച്ചെടുത്തു. യുവാക്കളെ ലഹരി ഉപയോഗത്തിൽനിന്ന് പിൻതിരിപ്പിക്കാൻ ഹ്രസ്വചിത്രമെടുത്ത ആൾതന്നെയാണ് ലഹരിയുമായി പിടിയിലായത്. ദമ്പതികൾക്ക് ലഹരി ഉപയോഗത്തിൽ പങ്കില്ലാത്തതിനാൽ പോലീസ് വിട്ടയക്കുകയും ചെയ്തു.
**** **** ****
സി.പി.എം അധികാരത്തിലുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ത്രിപുരയിലും പശ്ചിമ ബംഗാളിലും എല്ലാം അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ, തുടർഭരണം നേടി റെക്കോർഡ് ഇട്ട സംസ്ഥാനമാണ് കേരളം. കേഡർ സംവിധാനത്തിൽ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും കേരളത്തിലെ സിപിഎം ഏറെ മുന്നിലാണ്. കേരളത്തിലെ സിപിഎമ്മിന് മറ്റൊരു ബഹുമതി കൂടി ലഭിച്ചിരിക്കുകയാണ്. യൂട്യൂബിന്റെ 'സിൽവർ ബട്ടൺ' ആണ് പാർട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് ഇത്തരമൊരു നേട്ടം. യൂട്യൂബിന്റെ സിൽവർ ബട്ടൺ ലഭിച്ച കാര്യം സിപിഎം അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ സിൽവർ ബട്ടൺ പിടിച്ചു നിൽക്കുന്ന ഒരു ചിത്രവും സിപിഐഎം കേരള എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. നാലര വർഷം മുമ്പ് 2017 മാർച്ച് 14 -നാണ് കേരളത്തിലെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ടാണ് ഈ കാലഘട്ടത്തിനുള്ളിൽ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നത്. ഇതിനെ ഒരു ചെറിയ നേട്ടമായി കണ്ടുകൂടാ. ഭൂരിപക്ഷം പേരും വിനോദത്തിന് മാത്രം യൂട്യൂബ് പോലുള്ളവ ഉപയോഗിക്കുന്ന കാലത്ത് രാഷ്ട്രീയം പറഞ്ഞ് സബ്‌സ്‌ക്രൈബർമാരെ പിടിച്ചു നിർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. കേരളത്തിൽ സിപിഎമ്മിന് അഞ്ച് ലക്ഷത്തിലേറെ പാർട്ടി അംഗങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. 2019 ൽ ഔട്ട് ലുക്ക് പ്രസിദ്ധീകരിച്ച വാർത്തയിൽ അങ്ങനെയാണ് പറയുന്നത്. ഈ കണക്ക് വച്ച് നോക്കുമ്പോൾ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം അൽപം കുറവാണോ എന്ന് സംശയം തോന്നിയേക്കാം. സിപിഎമ്മിന്റെ പ്രാഥമികാംഗത്വമുള്ള ബഹുഭൂരിപക്ഷം പേരും സാധാരണക്കാരിൽ സാധാരണക്കാരാണ്. അതുകൊണ്ട് കൂടിയാകാം സബ്‌സ്‌ക്രൈബർമാരുടെ എണ്ണം പാർട്ടി അംഗങ്ങളുടെ എണ്ണത്തിന്റെ അഞ്ചിൽ ഒന്നായി നിൽക്കുന്നത്.
*** *** ***
മുകേഷ് -മേതിൽ ദേവിക വിവാഹ മോചന വാർത്തകൾക്കും വിവാദങ്ങൾക്കും പിന്നാലെ മുകേഷിന്റെ ടിവി പരിപാടികളിലും പ്രശ്‌നങ്ങൾ. നേരത്തെ ഷൂട്ടിങ്ങ് ആരംഭിച്ച് നാല് എപ്പിസോഡ് വരെ പൂർത്തിയാക്കിയ മലയാളത്തിലെ ഒരു പ്രമുഖ ചാനൽ റിയിലിറ്റി ഷോയിൽ നിന്നും മുകേഷിനെ ഒഴിവാക്കി. വിവാഹ മോചനവും തുടർന്നുള്ള വിവാദങ്ങളുമാണ് കാരണമെന്നാണ് റിപ്പോർട്ട്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മുകേഷിന് റേറ്റിങ്ങ് കുറഞ്ഞു. എന്നാൽ പുതിയ വിവാദങ്ങൾക്ക് ചെവികൊടുക്കാതെ മുകേഷ് തന്നെ നേരിട്ട് ചാനലുമായുള്ള കരാറിൽ നിന്നും ഒഴിവായതായും പറയപ്പെടുന്നു. എന്തായാലും മേതിൽ ദേവിക- മുകേഷ് ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ മുകേഷിന്റെ കരിയറിലും ഒഴിയാ ബാധയാകുന്നു. ഇത് ചെറുത്. അങ്ങ് ബോളിവുഡിലെ മാഡത്തിന്റെ കരച്ചിലാണ് കരച്ചിൽ. രാജ് കുന്ദ്രയുടെ യഥാർഥ ബിസിനസ് അങ്ങാടിപ്പാട്ടായപ്പോൾ ശിൽപയ്ക്ക് കോടികളുടെ അവസരങ്ങളാണ് നഷ്ടമാകുന്നത്. ഇന്ത്യയിലെ കൺസ്യൂമേഴ്‌സ് ഷെട്ടിക്കുട്ടിയുടെ പടം ടെലിവിഷനിൽ കണ്ട് ഉൽപന്നങ്ങൾ വാങ്ങുന്ന പരിപാടി നിർത്തിയെന്നാണ് വൻകിട കമ്പനികളുടെ നിഗമനം.
*** *** ***
സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വീണാ ജോർജ് വാർത്ത വായിക്കാൻ കൊള്ളാം, എന്നാൽ ഈ പണിക്ക് പറ്റില്ല, സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത് അശാസ്ത്രീയമായാണ്- അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ കേരളത്തിൽ ആണ്. കോവിഡിന്റെ കാര്യത്തിൽ കേരളം സമ്പൂർണ പരാജയമാണ്. നടപ്പിലാക്കുന്നത് വിഡ്ഢിത്തങ്ങളാണ്. അതേസമയം, വീണാ ജോർജ് പുറപ്പെടുവിച്ച ഇളവുകളിലെ നിബന്ധനകൾ വിമാന യാത്രയ്ക്കാർക്ക് പറ്റിയതാണെന്ന് സോഷ്യൽ മീഡിയ. വീണയ്‌ക്കെതിരെ വ്യാപക വിമർശനമുയർന്ന ദിവസം തന്നെ നല്ല കളർഫുൾ വസ്ത്രമണിഞ്ഞ് മാ്‌സ്‌ക് ധരിക്കാതെ മന്ത്രി പോകുന്ന ചിത്രങ്ങളും വാട്ട്‌സപ്പിൽ കണ്ടു. വല്ല ദുഷ്ടന്മാരും പഴയതെടുത്തിറക്കിയതാണോ എന്നറിയില്ല. ഡിസയറബിൾ അതായത് അഭിലഷണീയം എന്ന് മന്ത്രി എഴുതി കൊടുത്ത ഉത്തരവിൽ നിർബന്ധം എന്നെഴുതി ചേർത്ത ഉദ്യോഗസ്ഥരുടെ ധൈര്യം ഭയങ്കരം.
*** *** ***
കൊച്ചിയിൽ ചെന്ന് തല്ല് സംഘടിപ്പിച്ച് ഐ.എൻ.എൽ അങ്ങനെ ആളാകേണ്ടെന്ന് കരുതി മുസ്‌ലിം ലീഗിന്റെ സംസ്ഥാനത്തെ ആസ്ഥാന മന്ദിരമായ കോഴിക്കോട്ടെ ലീഗ് ഹൗസിലും നല്ല കലാപരിപാടി അരങ്ങേറി. പാർട്ടി സംസ്ഥാന അധ്യക്ഷന്റെ മകനാണ് പ്രവർത്തകന്റെ സ്‌നേഹോപഹാരം ലഭിച്ചത്. അതോടെ തീർന്നു വാർത്താ സമ്മേളനം. ഇപ്പോഴത്തെ ന്യൂജെൻ സിനിമകൾ മുടങ്ങാതെ കണ്ടാൽ നാവിൽനിന്ന് ഇത്തരം ഡയലോഗുകളേ വരൂ, തീർച്ച.






