യൂണിഫോമും തോക്കുമേന്തിയ വനിതകളെ കണ്ടപ്പോൾ നാട്ടുകാർക്ക് ഭയമായിരുന്നു. ആദ്യമായാണ് അവർ വനിതാ സൈനികരെ കാണുന്നത്. ആദ്യമെല്ലാം അവർക്ക് വലിയ പേടിയായിരുന്നു. കാണുമ്പോൾതന്നെ വീട്ടിനകത്തേക്ക് പോകും. അങ്ങോട്ട് ചെന്നു സംസാരിച്ചാലും മറുപടിയുണ്ടാകില്ല. പിന്നീട് അവരോടൊപ്പം ചേർന്ന് അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു തുടങ്ങിയതോടെ സൗഹൃദമായി. പ്രത്യേക സാഹചര്യത്തിൽ വീടുകളിൽ പരിശോധന നടത്തുമ്പോൾ ഈ സൗഹൃദം തുണയാകുമെന്ന് അവർ കണ്ടെത്തി.
രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലെ മഞ്ഞുപുതച്ചുകിടക്കുന്ന പ്രദേശമാണ് കശ്മീർ. തടാകങ്ങളും മഞ്ഞുമലകളും ഹരിതാഭമായ താഴ്വരകളും മനോഹരമാക്കുന്ന ഇവിടം നിരനിരയായുള്ള പൈൻമരങ്ങളും ദേവദാരുക്കളും പാതയൊരുക്കുന്നു. ഗ്രാമത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും കാവലൊരുക്കുന്നത് ഒൻപതു സ്ത്രീകളടങ്ങുന്ന ഒരു സംഘമാണ്. അക്കൂട്ടത്തിലാണ് കായംകുളം സ്വദേശിയായ ആതിരയുമുള്ളത്. വെടിയൊച്ചയിൽ വിറങ്ങലിച്ചുനിൽക്കുന്ന ഇവിടത്തെ ജനതയ്ക്ക് സാന്ത്വന സ്പർശമാവുകയാണ് ഈ മലയാളി പെൺകുട്ടി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിയന്ത്രണ രേഖയ്ക്കിപ്പുറം ദേശവാസികളും സൈനികരും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുക എന്ന ദൗത്യമാണ് ഈ വനിതാ സംഘത്തിനുള്ളത്.
രാജ്യസ്നേഹിയായിരുന്ന അച്ഛന്റെ പാത തന്നെയാണ് ആതിരയും സ്വീകരിച്ചത്. അസം റൈഫിൾസിൽ ഹവിൽദാറായിരിക്കേ അകാലത്തിൽ പൊലിഞ്ഞുപോയ അച്ഛന്റെ പിൻഗാമിയായി, കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ പെൺകുട്ടി. അസം റൈഫിൾസിലെ ഒൻപതു വനിതാ പടയാളികളിൽ ഏകമലയാളിയാണ് ആതിര. ബുള്ളറ്റ്്് പ്രൂഫ് ജാക്കറ്റും എ.കെ. 47 തോക്കുമായി ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിൽ മറ്റ്്് സൈനികർക്കൊപ്പമാണ് സേവനം. ഗന്ധർബാലിയിലെ വീടുകളിൽ സൈന്യം പരിശോധന നടത്തുമ്പോൾ അവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സഹകരണം ഉറപ്പുവരുത്തുകയാണ് ഇവരുടെ ചുമതല. ലഡാക്കിനടുത്തുള്ള വുഷാനിലെ അഞ്ഞൂറു പേരടങ്ങുന്ന ക്യാമ്പിൽ ആകെയുള്ളത് ഒൻപത് വനിതകൾ മാത്രം. ബിഹാർ, അസം, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുമാണ് മറ്റു വനിതകളെത്തിയത്.

പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രദേശമാണെങ്കിലും ഗന്ധർബാലിയിൽ ജനവാസം തീരെ കുറവാണ്. മണിപ്പൂരിൽനിന്നും അതിർത്തിയിലേക്കുള്ള സ്ഥലംമാറ്റത്തിൽ ബന്ധുക്കൾക്കെല്ലാം തികഞ്ഞ ആശങ്കയുണ്ടായിരുന്നു. എന്നാൽ വെല്ലുവിളികളെ നേരിടുന്നതിലായിരുന്നു ആതിരയ്ക്ക് താൽപര്യം.
യൂണിഫോമും തോക്കുമേന്തിയ വനിതകളെ കണ്ടപ്പോൾ നാട്ടുകാർക്ക് ഭയമായിരുന്നു. ആദ്യമായാണ് അവർ വനിതാ സൈനികരെ കാണുന്നത്. ആദ്യമെല്ലാം അവർക്ക് വലിയ പേടിയായിരുന്നു. കാണുമ്പോൾതന്നെ വീട്ടിനകത്തേക്ക്് പോകും. അങ്ങോട്ട് ചെന്നു സംസാരിച്ചാലും മറുപടിയുണ്ടാകില്ല. പിന്നീട് അവരോടൊപ്പം ചേർന്ന് അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു തുടങ്ങിയതോടെ സൗഹൃദമായി. പ്രത്യേക സാഹചര്യത്തിൽ വീടുകളിൽ പരിശോധന നടത്തുമ്പോൾ ഈ സൗഹൃദം തുണയാകുമെന്ന് അവർ കണ്ടെത്തി.
അസം റൈഫിൾസിൽ ഹവിൽദാറായിരുന്ന അച്ഛൻ കേശവപിള്ള നൽകിയ ഊർജമാണ് ആതിരയ്ക്ക് കരുത്തായത്. നാടിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈനികരുടെ ത്യാഗനിർഭരമായ ജീവിതം ആതിരയ്ക്ക് എന്നും പ്രചോദനമായിരുന്നു. അതിനിടയിലാണ് 2007 - ലെ ഒരവധിക്കാലത്ത് നാട്ടിലെത്തിയ അച്ഛൻ ഹൃദയസ്തംഭനം മൂലം മരണമടയുന്നത്. അച്ഛന്റെ അകാലവിയോഗം അമ്മയെ തളർത്തി. സമ്പാദ്യമൊന്നുമില്ലാതിരുന്ന അച്ഛന്റെ വിയോഗത്തോടെ ആതിരയെയും അനുജനെയും വളർത്തി വലുതാക്കാൻ ആ അമ്മയ്ക്ക് നന്നായി അധ്വാനിക്കേണ്ടിവന്നു. ജീവിതസാഹചര്യങ്ങളാണ് ആതിരയെ ധൈര്യവതിയാക്കിയത്. അന്നേ ആ പന്ത്രണ്ടുകാരി മനസ്സിലുറപ്പിച്ചത് അച്ഛന്റെ പിൻഗാമിയാവുക എന്നതായിരുന്നു. അമ്മ ജയലക്ഷ്മിയും സഹോദരൻ അഭിലാഷും പിന്തുണ നൽകിയപ്പോൾ ലക്ഷ്യപ്രാപ്തിക്കായുള്ള പോരാട്ടമാണ് പിന്നീട് കണ്ടത്. ചാരുംമൂട് പ്രസിഡൻസി കോളേജിൽനിന്നും ബി.കോം പഠനത്തിനുശേഷം ജോലിക്കായി അസം റൈഫിൾസിലേയ്ക്ക് വണ്ടി കയറുകയായിരുന്നു. മേഘാലയയിലെ ഷില്ലോങ്ങിൽവച്ചായിരുന്നു റിക്രൂട്ട്മെന്റ് നടന്നത്. മൂന്നുമാസത്തിനുശേഷമാണ് ആശ്രിതനിയമനമായി ജോലി ലഭിച്ചത്.

നാഗാലാന്റിലെ ക്യാമ്പിലായിരുന്നു ആദ്യപരിശീലനം. അഞ്ചു കിലോമീറ്റർ ഓട്ടം. വലിയ കാരിബാഗും റൈഫിളുമായി മുപ്പത്തിരണ്ടു മിനിട്ടുകൊണ്ട് അത്രയും ദൂരം ഓടണം. പത്തു പന്ത്രണ്ടു മിനിട്ടിനുള്ളിൽ രണ്ടര കിലോമീറ്റർ ഓട്ടം വേറെയുമുണ്ട്. ഒന്നര വർഷത്തോളം നീണ്ട പരിശീലനം.
മണിപ്പൂർ ഇൻഫർമേഷൻ വാർ വിഭാഗത്തിലായിരുന്നു ആദ്യനിയമനം. വനാന്തരങ്ങളിൽ തീവ്രവാദ ഭീഷണി ശക്തമായിരുന്ന സമയത്ത് അവരെ നേരിടാൻ നിയോഗിച്ച ടീമിൽ ആതിരയുമുണ്ടായിരുന്നു. കൊടുംകാട്ടിൽ ദിവസങ്ങളോളം താമസിച്ചുകൊണ്ടുള്ള ഒളിപ്പോർ ഓപ്പറേഷനൊടുവിൽ തീവ്രവാദികൾ പിൻവാങ്ങി. മികച്ച സേവനത്തിന് കരസേനയുടെ പുരസ്കാരം നേടിയാണ് ആതിര അവിടെനിന്നും മടങ്ങിയത്. 2019 - ലെ റിപ്പബഌക് ദിനത്തിൽ വനിതകൾക്ക് മാത്രമായി നടത്തിയ പരേഡിലും പങ്കെടുത്തു.
'രാജ്യസേവനം തെരഞ്ഞെടുത്തതിൽ ഏറെ അഭിമാനമാണുള്ളത്. ഒരിക്കലും ഭയന്ന് പിന്മാറിയിട്ടില്ല. ഏറെ സംഘർഷസാധ്യതയുള്ള പ്രദേശത്താണ് ജോലി ചെയ്യുന്നത്. എങ്കിലും നാടിന്റെ പ്രതിനിധിയായി യുദ്ധമുഖത്തു നിൽക്കുമ്പോൾ അഭിമാനം തോന്നിയിട്ടുണ്ട്. 2017 ജൂലൈ അഞ്ചിനാണ് ജോലിയിൽ പ്രവേശിച്ചത്. അച്ഛൻ മരിച്ചിട്ട് പതിമൂന്നു വർഷം കഴിഞ്ഞു. അച്ഛന്റെ ജോലി ഏറ്റെടുക്കാൻ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ട്. ഇതെല്ലാം കണ്ട് അച്ഛൻ സന്തോഷിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. മൂന്നുമാസം മുൻപ് നാട്ടിലെത്തിയിരുന്നു. ലീവ് കിട്ടിയാൽ അടുത്ത മാസം ഓണത്തിന് നാട്ടിലെത്താനാവുമെന്നാണ് പ്രതീക്ഷ.' - ആതിര പറയുന്നു.

മകളുടെ ആഗ്രഹം സഫലമായതിൽ അമ്മ ജയലക്ഷ്മിയും ഏറെ സന്തോഷവതിയാണ്. ''കുട്ടിക്കാലംതൊട്ടേ അച്ഛനെപ്പോലെ പട്ടാളത്തിൽ ചേരണമെന്നു പറയുമായിരുന്നു. ജോലി കിട്ടിയപ്പോൾ ഏറെ സന്തോഷിച്ചു. എന്നാൽ പരിശീലനകാലത്തെ പ്രയാസങ്ങൾ ഫോണിൽ വിളിച്ചു പറയുമായിരുന്നു. കഷ്ടപ്പാട് കേൾക്കുമ്പോൾ പരിശീലനം അവസാനിപ്പിച്ച് മടങ്ങാൻ പറയും. അതുകേൾക്കുമ്പോൾ അതിനല്ലല്ലോ ഇത്രയും കഷ്ടപ്പെട്ട് ഇവിടെവരെ എത്തിയത് എന്നവൾ മറുപടി പറയും. അതു കേൾക്കുമ്പോൾ എനിക്കും ആശ്വാസം...''- ജയലക്ഷ്മി പറയുന്നു.

ആദ്യ നിയമനം മണിപ്പൂരിലായിരുന്നു. രണ്ടര വർഷത്തോളം അവിടെയായിരുന്നു ഡ്യൂട്ടി. അതിനിടയിലായിരുന്നു വിവാഹം. കായംകുളത്തുകാരനായ സ്മിതീഷ്, ആതിരയുടെ സൈനിക സേവനത്തിന് പൂർണ പിന്തുണയുമായി കൂട്ടിനുണ്ട്. പ്രവാസിയാണ് സ്മിതീഷ്. സൈനികനാകാൻ മോഹിച്ച് ജീവിത സാഹചര്യങ്ങൾമൂലം ഗൾഫ്്് പ്രവാസിയായിത്തീർന്നയാളാണ് സ്മിതീഷ്. കുവൈത്തിലെ നാസർ അൽ ഹതിറിൽ ഇൻസ്ട്രുമെന്റേഷൻ സൈറ്റ് സൂപ്പർവൈസറാണ്. പത്തുവർഷമായി ഖത്തറിലും കുവൈത്തിലുമായി ജോലി നോക്കുന്ന സ്മിതീഷ് ഇപ്പോൾ നാട്ടിലുണ്ട്. മണിപ്പൂരിൽ ക്വാർട്ടേഴ്സെടുത്ത് ഒന്നിച്ചുകഴിയാമെന്നു കരുതിയതായിരുന്നു. അപ്പോഴാണ് കശ്മീരിലേയ്ക്ക് സ്ഥലംമാറ്റമുണ്ടായത്.

രാജ്യസേവനം ജീവിതവൃത്തിയായി തിരഞ്ഞെടുത്ത ഒരു വനിതയെ ജീവിതസഖിയായി ലഭിച്ചതിൽ ഏറെ സന്തോഷവാനാണ് ഈ യുവാവ്. ജോലിസമയത്ത് ഫോൺ ഉപയോഗിക്കാൻ കഴിയാത്തതും നെറ്റ്്്വർക്കിലെ കുഴപ്പങ്ങളുമെല്ലാം സംസാരിക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടെങ്കിലും സ്മിതീഷിന് വിഷമമില്ല. ഉത്തരവാദിത്തം ഏറെയുള്ള ഒരു ജോലിയാണ് ആതിരയുടേതെന്ന് അദ്ദേഹത്തിനറിയാം.

സ്ത്രീകൾ പട്ടാളത്തിൽ ചേരുന്നത് ആശങ്കയോടെ കണ്ടവരുണ്ടെന്ന് ആതിര പറയുന്നു. ''എന്നാൽ എന്റെ ആഗ്രഹത്തിനൊപ്പമായിരുന്നു അമ്മയും അനുജനുമെല്ലാം നിലകൊണ്ടത്. കൂടാതെ എന്നെ സ്നേഹിക്കുന്നവരും കൂടെനിന്നു. ഇപ്പോൾ ഭർത്താവും താങ്ങും തണലുമായി കൂടെയുണ്ട്. അവരോടെല്ലാം നന്ദിയും കടപ്പാടുമുണ്ട്. സൈനിക സേവനം ആഗ്രഹിക്കുന്ന പെൺകുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളു. നമുക്കൊരു ലക്ഷ്യം വേണം. അതിനായി കഠിനാധ്വാനം ചെയ്യുക. നിരന്തര പരിശീലനവും ആവശ്യമാണ്. കഠിനാധ്വാനവും മനസ്സുമുണ്ടെങ്കിൽ നമ്മുടെ സ്വപ്നം സാർത്ഥകമാവും.''- ആതിര പറഞ്ഞുനിർത്തുന്നു.






