Sorry, you need to enable JavaScript to visit this website.

നീണ്ട കാത്തിരിപ്പിനൊടുവില്‍  ഒളിംപിക്‌സിന് തുടക്കം

ഫുകുഷിമ - ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ഫുകുഷിമയില്‍ ജപ്പാന്റെ സോഫ്റ്റ്‌ബോള്‍ താരങ്ങള്‍ ആദ്യ പിച്ചെറിഞ്ഞപ്പോള്‍ ആഘോഷത്തെക്കാളേറെ ആശ്വാസമായിരുന്നു. നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമൊടുവില്‍ മുപ്പത്തിരണ്ടാം ഒളിംപിക്‌സ് തുടങ്ങി എന്നതു തന്നെ ഏറ്റവും വലിയ വാര്‍ത്ത. അവസാന നിമിഷവും റദ്ദാക്കല്‍ ഭീഷണിയിലായിരുന്നു ഗെയിംസ്. വെള്ളിയാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനമെങ്കിലും വനിതാ സോഫ്റ്റ്‌ബോള്‍ മത്സരങ്ങളോടെ ് ഗെയിംസ് ആരംഭിച്ചു. ചരിത്രത്തിലെ വേറിട്ട ഗെയിംസായിരിക്കും മഹാമാരിക്കാലത്തെ ഒളിംപിക്‌സ്. 2020 ജൂലൈ 22 ന് തുടങ്ങേണ്ട ഗെയിംസാണ് ഒരു വര്‍ഷത്തിനു ശേഷം ആരംഭിക്കുന്നത്. ഏറ്റവും നന്നായി ഒരുങ്ങിയ ആതിഥേയരായി 2020 ല്‍ ആഘോഷത്തോടെ ഒളിംപിക്‌സിനെ വരവേല്‍ക്കാനിരിക്കുകയായിരുന്നു ടോക്കിയൊ. മഹാമാരി എല്ലാം തകിടം മറിച്ചു. ഒരു വര്‍ഷത്തിനു ശേഷം കാണികളില്ലാതെ, ആഘോഷമില്ലാതെ ആന്റിക്ലൈമാക്‌സായാണ് ഗെയിംസ് ആരംഭിക്കുന്നത്. ജപ്പാനിലെ ഭൂരിപക്ഷം പേരും ഗെയിംസിന് എതിരാണ്. 
ടോക്കിയോക്ക് 240 കി.മീ അകലെയാണ് ആദ്യ മത്സരം അരങ്ങേറിയ ഫുകുഷിമ ബെയ്‌സ്‌ബോള്‍ അരീന. 2011 ല്‍ ആണവദുരന്തമുണ്ടാ ഫുകുഷിമ ദായ്ചി ആണവനിലയത്തില്‍ നിന്ന് 68 കിലോമീറ്റര്‍ മാത്രം ദൂരെ. 
ഒളിംപിക്‌സ് അരങ്ങേറുമോയെന്ന ആശങ്കയില്‍ നിരവധി ഉറക്കമില്ലാത്ത രാവുകളിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്ന് ഐ.ഒ.സി അധ്യക്ഷന്‍ തോമസ് ബാക് വെളിപ്പെടുത്തി. ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് നീട്ടിവെക്കുകയെന്ന തീരുമാനമെടുത്ത ശേഷം പ്രതീക്ഷിച്ചതിന്റെ എത്രയോ ഇരട്ടി സങ്കീര്‍ണതകളാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 മാസം പല തീരുമാനങ്ങളെടുമെടുത്തത് നാളയെന്താവുമെന്ന ഉറപ്പില്ലാതെയാണ്. പക്ഷെ ആത്മവിശ്വാസം പ്രകടിപ്പിക്കേണ്ടതുണ്ടായിരുന്നു. പ്രതിസന്ധിയില്‍ നിന്ന് പുറത്തേക്കൊരു മാര്‍ഗം കാണേണ്ടതുണ്ടായിരുന്നു. ഒടുവില്‍ തുരങ്കത്തിന് പുറത്ത് നാം വെളിച്ചം കാണുകയാണ്. റദ്ദാക്കുന്ന കാര്യം ഞങ്ങള്‍ പരിഗണിച്ചതേയില്ല. അത്‌ലറ്റുകള്‍ക്കു വേണ്ടിയാണ് ഐ.ഒ.സി നിലകൊള്ളുന്നത്. അവരെ ഉപേക്ഷിക്കില്ല -അദ്ദേഹം പറഞ്ഞു. 
68,000 പേര്‍ക്കായി തയാറാക്കിയ ഒളിംപിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് മുതല്‍ ഗെയിംസിന്റെ പ്രധാന വേദികളിലൊന്നും കാണികള്‍ക്ക് പ്രവേശനമുണ്ടാവില്ല. 
 

Latest News