Sorry, you need to enable JavaScript to visit this website.

ഈർക്കിലിൽ ഉയർന്ന ഈഫൽ ഗോപുരങ്ങൾ

രമേശൻ
രമേശൻ നിർമാണപ്രവർത്തനത്തിനിടയിൽ 

ദുരന്തത്തെ കരുത്തിന്റെ ഉറവിടമായി ഉപയോഗപ്പെടുത്തണം. എന്തുതരം ബുദ്ധിമുട്ടുകൾ ഉണ്ടായാലും, അത് വേദനാജനകമായ അനുഭവമാണ്. എന്നാൽ നമ്മുടെ പ്രതീക്ഷ നഷ്ടപ്പെടുകയാണെങ്കിൽ അതാണ് യഥാർത്ഥ ദുരന്തം. - ദലൈലാമ

വേദനകൾ ശരീരത്തെ കാർന്നുതിന്നാൻ തുടങ്ങുമ്പോൾ രമേശൻ ഈർക്കിലുകൾ കൈയിലെടുക്കും. ശക്തമായ വേദന തോളിൽനിന്നും കൈകളിലേയ്ക്കും കാലുകളിലേയ്ക്കും അരിച്ചിറങ്ങുന്നത് അറിയാതിരിക്കാനുള്ള പോരാട്ടം. ഇത്തരം പോരാട്ടങ്ങൾക്കൊടുവിൽ മനോഹരമായ ശിൽപങ്ങൾ പിറവികൊള്ളുന്നു. ശംഖും നിലവിളക്കും മിനാരങ്ങളും വാൽക്കിണ്ടിയുമെല്ലാം രൂപംകൊള്ളുന്നതു കാണുമ്പോൾ രമേശൻ വേദന മറക്കുന്നു.


വടകര പച്ചക്കറിമുക്കിനടുത്ത് മേപ്പയിൽ മൂരിയോടൻ കണ്ടിയിൽ രമേശൻ എന്ന നാൽപത്തേഴുകാരന് ജീവിതം സമ്മാനിച്ചത് വേദനകൾ മാത്രം. പാരമ്പര്യമായി സ്വർണപ്പണിയെടുത്ത് ജീവിച്ചിരുന്ന കുടുംബത്തിൽനിന്നാണ് രമേശന്റെ വരവ്. പതിനഞ്ചാം വയസ്സിൽ രമേശനും തന്റെ കുലത്തൊഴിലിൽ മുഴുകി. വൈവിധ്യമാർന്ന ആഭരണങ്ങൾ നിർമ്മിച്ചുകൊണ്ടിരുന്ന ഈ ചെറുപ്പക്കാരന് അധികനാൾ തന്റെ ജോലിയിൽ തുടരാനായില്ല.


ഇരുപത്തിനാലാം വയസ്സിൽ വലതുകൈയ്ക്ക് നേരിട്ട അസഹ്യമായ വേദനയോടെയായിരുന്നു രോഗത്തിന്റെ തുടക്കം. ക്രമേണ കൈ ഉയർത്താൻ കഴിയാതെയായി. പിന്നീട് ഇടതുകാലിലേയ്ക്കും വലതുകാലിലേയ്ക്കുമെല്ലാം വേദന പടർന്നുകയറി. സന്ധികളിൽപോലും കഠിനമായ വേദന. കാൽമുട്ടുകൾപോലും വളഞ്ഞുപോയി. എഴുന്നേറ്റുനിൽക്കാൻപോലും കഴിയാത്ത അവസ്ഥ. വേദന തുടങ്ങിയ കാലംതൊട്ട് ചികിത്സ തുടരുന്നുണ്ട്. എന്നാൽ രോഗകാരണം കണ്ടുപിടിക്കാനായിട്ടില്ല. സന്ധിവാതമാണെന്നാണ് പല ഡോക്ടർമാരും വിലയിരുത്തിയിട്ടുള്ളത്.
മരുന്നുകളുടെ മനംമടുക്കുന്ന ഗന്ധവുമായി വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടാനായിരുന്നു രമേശന്റെ വിധി. പരസഹായമില്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥ. എങ്കിലും ചികിത്സ തുടർന്നുപോന്നു. മാസം മൂവായിരത്തിൽപ്പരം രൂപ മരുന്നിനുതന്നെ വേണം. ലക്ഷങ്ങളാണ് ഇതിനകം ചെലവാക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാമാണ് തുണയായി നിൽക്കുന്നത്. അത്യാവശ്യത്തിന് വീട്ടിനകത്ത് എഴുന്നേറ്റു നടക്കുന്നതുപോലും വാക്കിങ് സ്റ്റിക്കിന്റെ ബലത്തിൽ മാത്രം.


അഞ്ചുവർഷങ്ങൾക്കു മുൻപ് ഒരു ക്രിസ്മസ് കാലത്ത് ചേട്ടന്റെ മകൾ സൂര്യനന്ദ ഒരു നക്ഷത്രമുണ്ടാക്കിത്തരുമോ എന്നു ചോദിച്ചു. എന്തുപയോഗിച്ച് നക്ഷത്രമുണ്ടാക്കുമെന്നാലോചിച്ചപ്പോൾ മുറ്റത്ത് കണ്ട ഈർക്കിലാണ് കണ്ണിലുടക്കിയത്. ആഭരണങ്ങൾ ഡിസൈൻ ചെയ്ത പരിചയമല്ലാതെ മറ്റു പരിചയമൊന്നുമില്ലെങ്കിലും ഈർക്കിൽകൊണ്ട് മനോഹരമായ ഒരു നക്ഷത്രമുണ്ടാക്കിയെടുത്തു. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം അത് വലിയ കൗതുകമായി മാറി. ഈർക്കിലിനുമുകളിൽ വർണ്ണക്കടലാസ് ഒട്ടിക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ ഈർക്കിൽ കൊണ്ടുണ്ടാക്കിയ നക്ഷത്രത്തിന്റെ മനോഹാരിത നഷ്ടപ്പെടുമെന്നു തോന്നിയപ്പോൾ അങ്ങനെത്തന്നെ വീടിനുമുന്നിൽ തൂക്കിയിട്ടു.


നക്ഷത്രം കണ്ടവരെല്ലാം അഭിനന്ദനങ്ങൾ ചൊരിഞ്ഞപ്പോൾ പുതിയ പരീക്ഷണങ്ങൾക്ക് പ്രചോദനമായി. ആ ഊർജത്തിൽനിന്നാണ് പിന്നീടുള്ള പല ശിൽപങ്ങളും പിറവികൊണ്ടത്. കത്തികൊണ്ട് കോറിയെടുത്ത് മിനുസപ്പെടുത്തിയ ഈർക്കിലുകൾ മുറിച്ചെടുത്തും വളച്ചുമെല്ലാം പശയൊട്ടിച്ച് നിരവധി ശില്പങ്ങൾ രൂപപ്പെടുത്തുകയായിരുന്നു. ഒരു മീറ്റർ ഉയരമുള്ള നിലവിളക്കും മിനാരവുമാണ് ഇതുവരെ ഉണ്ടാക്കിയവയിൽ ഏറ്റവും വലുത്. ആരേയും ആകർഷിക്കുന്ന നിർമ്മാണ ചാരുത വെളിവാക്കുന്ന നിലവിളക്ക് നാലുമാസം കൊണ്ടാണ് രൂപപ്പെടുത്തിയെടുത്തത്. മറ്റൊരു ആകർഷണമായ മിനാരം നിർമ്മിക്കാൻ അഞ്ചുമാസം വേണ്ടിവന്നുവെന്നും രമേശൻ പറയുന്നു.


പഴുത്തുവീഴുന്ന തെങ്ങോലയിലെ ഈർക്കിലുകളാണ് കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഇവ വീണ്ടും ഉണക്കി കെട്ടിവയ്ക്കും. മനസ്സിൽ പുതിയൊരു ആശയമുദിക്കുമ്പോൾ മിനുക്കിയെടുത്ത് സ്വർണ്ണവർണ്ണമാക്കിയ ഈർക്കിൽ പശയുപയോഗിച്ച് നിർമ്മിച്ചുതുടങ്ങും. ക്ഷമയും ശ്രദ്ധയും ഏറെ വേണ്ട പ്രവൃത്തിയാണിത്. ദിവസങ്ങൾ നീണ്ട സാധനയിലൂടെയാണ് ഓരോ രൂപവും പിറവിയെടുക്കുന്നത്. ഒരു ദിവസം പത്തുമണിക്കൂറെങ്കിലും ഈർക്കിലുമായി യുദ്ധം ചെയ്യും. മനസ്സു മുഴുവൻ നിർമ്മാണ പ്രക്രിയയിൽ മുഴുകുമ്പോൾ വേദന മറക്കും. ശില്പങ്ങൾ പൂർത്തിയാവാൻ മൂന്നും നാലുമാസമെടുക്കുമെന്നതിനാൽ അത്രയും ആശ്വാസം ലഭിക്കുമെന്നതും രമേശനെ ഈ തൊഴിലിൽ വ്യാപൃതനാക്കുന്നു. ശില്പം പൂർത്തിയായാൽ പോളിഷ് ചെയ്തു മനോഹരമാക്കുന്നു. സൂര്യനന്ദയാണ് എല്ലാ കാര്യങ്ങൾക്കും സഹായിയെന്ന് രമേശൻ പറയുന്നു.


രമേശന്റെ ശില്പങ്ങളുടെ പെരുമയറിയാൻ പോകുന്നതേയുള്ളു. ഗിന്നസ് ബുക്കിൽ ഇടം നേടാൻ ശ്രമിച്ചെങ്കിലും ഈർക്കിൽ കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ കാറ്റഗറിയില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഒടുവിൽ യൂണിവേഴ്‌സൽ റെക്കോർഡ്‌സ് ഫോറത്തിന്റെ ഏഷ്യൻ റെക്കോർഡ് വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കുകയയിരുന്നു. നാലുമാസത്തോളം നീണ്ട പ്രയത്‌നത്തിനൊടുവിൽ രൂപപ്പെട്ട നിലവിളക്കാണ് അവർ തിരഞ്ഞെടുത്തത്. അന്തിമ പരിശോധനയ്ക്കായി വടകരയിൽ വേദി നിശ്ചയിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. വൈകാതെ വേദി കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് രമേശൻ. കൂടാതെ കേന്ദ്ര ടെക്‌സ്‌റ്റൈൽ കോർപ്പറേഷന്റെ കരകൗശല മത്സര വിഭാഗത്തിൽ ദേശീയ അവാർഡിനും അപേക്ഷ നൽകിയിട്ടുണ്ട്. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിൽ ഇക്കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിന് അപേക്ഷ സമർപ്പിച്ചതിന്റെയും ഫലപ്രഖ്യാപനത്തിന് കാത്തുനിൽക്കുകയാണ് ഈ കലാകാരൻ.


കാൽനൂറ്റാണ്ടോളമായി വേദനയുടെ ലോകത്താണ് ഈ കലാകാരൻ. അച്ഛൻ കണ്ണൻ നേരത്തെ മരിച്ചു. ഏറെക്കാലമായി കിടപ്പിലായിരുന്ന അമ്മ നാരായണി രണ്ടുമാസം മുൻപാണ് ഈ ലോകം വിട്ടുപോയത്. അലോപ്പതി, ആയുർവ്വേദം തുടങ്ങി എല്ലാ വിഭാഗം ചികിത്സകളും ഇതിനകം നടത്തി. ആശുപത്രികൾ കയറിയിറങ്ങിയതും സാമ്പത്തിക ബാധ്യതകളുണ്ടായതും മാത്രം മിച്ചം. സ്വർണപ്പണിക്കാരനായിരുന്ന ചേട്ടൻ രവീന്ദ്രൻ ജോലിയില്ലാതെ ജീവിതായോധനത്തിനായി ഓട്ടോഡ്രൈവറായി മാറിയിരിക്കുകയാണിപ്പോൾ. ചേട്ടൻ ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനമാണ് ജീവിക്കാനും ചികിത്സയ്ക്കുമുള്ള ഏകമാർഗ്ഗം.


വൈകല്യങ്ങളെ അതിജീവിച്ചുകൊണ്ടുള്ള രമേശന്റെ ജീവിതസമരം തുടർന്നുകൊണ്ടിരിക്കുന്നു. കുടുംബം പോറ്റാൻ പെടാപാടു പെടുമ്പോഴും തന്റെ കലയേയും കഴിവിനേയും നെഞ്ചോടു ചേർക്കുകയാണ് ഈ ശില്പി. കരകൗശലരംഗത്തെ തന്റെ വൈദഗ്ധ്യം ജനങ്ങളെ ബോധ്യപ്പെടുത്താനും നിർമ്മിച്ച ശില്പങ്ങൾ വിറ്റഴിക്കാനുമുള്ള വേദിയില്ലാത്തതാണ് രമേശനെ ഏറെ അലട്ടുന്നത്. തന്റെ ശില്പങ്ങളെക്കുറിച്ച് അടുത്തറിഞ്ഞ് ആരെങ്കിലും ഇവിടെയെത്തി വാങ്ങുകയാണെങ്കിൽ ഉപജീവനത്തോടൊപ്പം മികച്ച ചികിത്സയും സാധ്യമാക്കാമെന്ന് ഈ കലാകാരൻ ഉറച്ചുവിശ്വസിക്കുന്നു. രമേശന്റെ ഫോൺ നമ്പർ: 9539851585.

 

Latest News