Sorry, you need to enable JavaScript to visit this website.
Tuesday , November   30, 2021
Tuesday , November   30, 2021

ബീമാപ്പള്ളിക്കാർക്കെതിരായ രണ്ടാം വെടിവെപ്പാണ്  മാലിക്

ബീമാപ്പള്ളി വെടിവെപ്പ് പോലീസും ഭരണകൂടവും നടത്തിയ ഏകപക്ഷീയമായ കടന്നാക്രമണം ആയിരുന്നു എന്ന കാര്യം  സത്യസന്ധമായി പറയുന്നു എന്നത് മാറ്റി നിർത്തിയാൽ സിനിമയിലുടനീളം ബീമാപ്പള്ളിക്കാരെ അധോലോക, മാഫിയ സംഘമായിട്ടാണ് അവതരിപ്പിക്കുന്നത്. ഐ.യു.ഐ.എഫ് എന്ന സമുദായ പാർട്ടി നേതാവിനെയും അലീക്കാ എന്ന അപരനെയും സൃഷ്ടിച്ചത് പോരാഞ്ഞിട്ട് ബീമാപ്പള്ളിക്കാരെ ഭീകരവാദികളുമായി കണക്ട് ചെയ്യാൻ തോക്കും ഇറക്കുമതി ചെയ്യുന്നുണ്ട്. യന്ത്രത്തോക്കുകൾ കൊണ്ട് അവർ കളക്ടറെയും പോലീസുകാരെയും തിരിച്ചു വെടിവെച്ച് പകരം ചോദിക്കുന്നുണ്ട്. ബീമാപ്പള്ളിക്കാരെക്കൊണ്ട് ഇടക്കിടെ ബോലോ തക്ബീർ വിളിപ്പിക്കുന്നതും അത്ര നിഷ്‌കളങ്കമാണെന്ന് കരുതാനാവില്ല.

വേണ്ടി വന്നാൽ ആയുധമെടുക്കണമെന്ന് ബീമാപ്പള്ളിയിലെ ഒരു നേതാവും പറഞ്ഞിട്ടില്ല. സിനിമയിൽ അതുണ്ട്. സുനാമിയിൽ സർവ്വവും തകർന്ന് എത്തുന്ന മനുഷ്യരെ പള്ളിയിലേക്ക് കയറ്റാത്ത ജമാഅത്ത് ബീമാപ്പള്ളിയിൽ എന്നല്ല, കേരളത്തിൽ എവിടെയുമില്ല. പ്രളയകാലത്ത് ഇതര മതസ്ഥരുടെ മൃതദേഹം കുളിപ്പിക്കാൻ പോലും സൗകര്യമൊരുക്കിയ പള്ളികളുള്ള കേരളമാണിത്. മുസ്ലിം പള്ളി കോവിഡ് കെയർ സെന്ററാക്കിയ കേരളമാണ്. ബിരിയാണിച്ചെമ്പിൽ തുടങ്ങുന്ന മുസ്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ സ്റ്റീരിയോ ടൈപ്പുകളെ കടുകിട തെറ്റാതെ അവതരിപ്പിക്കുന്ന സിനിമ കൊച്ചിന്റെ മാമോദീസ മുക്കാൻ മാത്രമാണ് ക്രിസ്ത്യൻ പള്ളിയിലൊന്ന് കയറിയത്. 

''പോലീസുണ്ടാക്കിയ ലഹള. അല്ലാതെ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിൽ ഇവിടെയൊരു ലഹളയില്ല.'' - അത് മാത്രമാണ് ഈ സിനിമയിൽ കേട്ട സത്യസന്ധമായ ഒരു ഡയലോഗ്. ഐ.യു.ഐ.എഫ് എന്ന സമുദായ പാർട്ടിയെ മാത്രം രാഷ്ട്രീയ പാർട്ടിയായി അവതരിപ്പിക്കുമ്പോൾ ആ വെടിവെപ്പിന് കാരണക്കാരനായ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരിയോ ഇടതു സർക്കാരോ ചിത്രത്തിൽ എവിടെയുമില്ല. 

ഒരു സിനിമ എന്ന നിലയിൽ മഹേഷിന്റെ ടേക്കോഫ് പോലെത്തന്നെ അപാരമാണ് മാലിക്. ശ്വാസമടക്കി കണ്ടിരിക്കാം. കഥാപാത്രത്തിനു വേണ്ടി ശരീരം വിട്ടുകൊടുക്കുന്ന ഫഹദിന്റെ മേക്കോവർ അതിഗംഭീരമാണ്. വിനയ് ഫോർട്ടും നിമിഷയും ഉൾപ്പെടെ എല്ലാവരും അതിൽ ജീവിച്ചു. പക്ഷേ, സുലൈമാൻ ഇറക്കുമതി ചെയ്യുന്ന കള്ളക്കടത്ത് സാധനങ്ങൾ എന്താണെന്നറിയാത്തതു പോലെ കാഴ്ചക്കാരിലേക്ക് ചില ഇറക്കുമതികൾ നടത്താൻ സംവിധായകൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ തങ്ങളുടെ മക്കൾ എന്തിനാണ് കൊല്ലപ്പെട്ടത് എന്നു പോലും അറിയാത്ത ബീമാപ്പള്ളിക്കാർക്കു നേരെയുള്ള സിനിമാക്കാരന്റെ രണ്ടാം വെടിവെപ്പ് എന്നു തന്നെ മാലികിനെ വിശേഷിപ്പിക്കേണ്ടി വരും. ഇതൊരു കല്പിത കഥയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സമുദായത്തിന്റെയോ വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമല്ലെന്നുമുള്ള സിനിമ തുടങ്ങുമ്പോഴുള്ള ഡിസ്‌ക്ലൈമർ സംവിധായകന്റെ മുൻകൂർ ജാമ്യാപേക്ഷ മാത്രമാണ്. ചെയ്ത കുറ്റം കുറ്റമല്ലാതാകുന്നില്ല. 

2009 മെയ് 17നാണ് ബീമാപ്പള്ളി വെടിവെപ്പ് നടന്നത്. ആറ് പേർ കൊല്ലപ്പെട്ടു. 70 റൗണ്ട് വെടിയുതിർത്തിട്ടും അരിശം തീരാതെ പരിക്കേറ്റ് വീണവരെ പൊലീസ് പൊതിരെ തല്ലി. 40 റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. ഒരാളെ തല്ലിക്കൊന്നത് തോക്കിന്റെ പാത്തികൊണ്ടാണ്. 52 പേർക്ക് പരിക്കേറ്റു. അവരിൽ പലരും ഇന്നും ആ വേദന തിന്നാണ് ജീവിക്കുന്നത്. അന്വേഷണ റിപ്പോർട്ടുകളൊന്നും പുറത്തു വന്നില്ല. ഈ അരും കൊലക്കെതിരെ ഒരിറ്റ് കണ്ണീരു വീഴ്ത്താനോ കവിതയെഴുതാനോ ഒരു മനുഷ്യസ്നേഹിയും കേരളത്തിലുണ്ടായിട്ടില്ല. ആകെയുണ്ടായത് ഈ സിനിമയാണ്. അതാണെങ്കിൽ ഈ കോലത്തിലും.
 

Latest News