Sorry, you need to enable JavaScript to visit this website.
Monday , December   06, 2021
Monday , December   06, 2021

കിറ്റെക്സ്‌ ‘മഴു എറിഞ്ഞു’ ഉണ്ടാക്കിയതല്ല കേരളം

കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന മനുഷ്യാധ്വാനമാണ് വസ്ത്രനിർമ്മാണരംഗത്തെ ലാഭം പലപ്പോഴും നിര്‍ണ്ണയിക്കുന്നത്. പിഞ്ചുകുട്ടികളുടെ വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നതിനു ഒരുപാട് ക്വാളിറ്റി കണ്‍ട്രോള്‍ പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്. അതുകൊണ്ട്, ഉത്പാദനപ്രക്രിയയില്‍ നിലവാരം കുറയ്ക്കുക എന്നത് അസാധ്യമാണ്. ഇക്കാരണം കൊണ്ടു തന്നെ, ഏറ്റവും കുറഞ്ഞ നിരക്കില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്ന തൊഴിലാളികളെ കിട്ടുന്നതും, സര്‍ക്കാര്‍ തൊഴില്‍ പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നത് കിഡ്സ്‌വെയര്‍ ഗാര്‍മെന്റ് ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ഒരാള്‍ക്ക്‌ ഇന്ന് അന്താരാഷ്ട്രവിപണിയില്‍ ലാഭം കണ്ടെത്താനുള്ള സ്വപ്‍നതുല്യമായ മാർഗ്ഗമാണ്. പ്രത്യേകിച്ചും റീട്ടെയിൽവിപണന മേഖലയിലെ ഈ ഇലപൊഴിയും കാലത്ത്!

അത് കൊണ്ട് നൂറായിരം കാരണങ്ങള്‍ പറഞ്ഞാലും, എത്രയെത്ര ഇരവാദം നിരത്തിയാലും സാബു ജേക്കബ് വിലകുറഞ്ഞ നാടകം കളിച്ചു തെലുങ്കാനയിലേക്ക് പോയതിന്റെ പിന്നില്‍ ഉള്ളത് കേരളത്തിലെ ഇന്നത്തെ ഉയര്‍ന്ന സാമൂഹ്യനിലവാരത്തില്‍ അദ്ദേഹം മനസ്സില്‍ കാണുന്ന ലേബര്‍കോസ്റ്റ് ഏറെക്കുറെ അസാധ്യം ആണെന്ന തിരിച്ചറിവ് തന്നെ ആയിരിക്കണം. മൂന്ന് വർഷം മുൻപ് ഒരു ഇന്റർവ്യൂവിൽ ലേബർ കോസ്റ്റ് കുറക്കേണ്ടത് പ്രധാന മുൻഗണന ആണെന്ന രീതിയിൽ അദ്ദേഹം സംസാരിച്ചിരുന്നു.

സ്വന്തമായി രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി ഒരു വിലപേശല്‍ ശക്തിയാകാം എന്നുള്ള ആഗ്രഹം പൊലിഞ്ഞു പോയതും മറ്റൊരു കാരണം ആകാം. തെലുങ്കാനയില്‍ കേരളത്തെക്കാളും കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ ധാരാളം പേരെ കിട്ടും.‘പരിശോധനയേ ഉണ്ടാവില്ല’ ‘ഒരിക്കലും ബുദ്ധിമുട്ടിക്കില്ല’ എന്ന് പറയുന്ന തരത്തില്‍ നിക്ഷേപകന്റെ ബിസിനസ് ‘ഈസിയാക്കുന്ന’ ജനാധിപത്യബോധമാണ് ചില സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഉള്ളതെങ്കില്‍ ആ മാതൃക പിന്തുടരാതിരിക്കുന്നതാണ് കേരളത്തിനു അഭികാമ്യം.

നിക്ഷേപകര്‍ക്ക് വേണ്ടി എന്ത് സൌജന്യങ്ങളും ചെയ്യുക എന്നതാണോ അഭിലഷണീയമായ മാതൃക? തൊഴില്‍ ഉണ്ടാകണമെങ്കില്‍, സാമ്പത്തിക വളർച്ച ഉണ്ടാകണമെങ്കിൽ തീര്‍ച്ചയായും നിക്ഷേപം വേണം. അതോടൊപ്പം ഏതു തരം തൊഴിൽ ആണ് സൃഷ്ടിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചും സോഷ്യൽ ഓഡിറ്റിംഗ് വേണ്ടേ?

ലിബറലൈസേഷന് ശേഷം ഇന്ത്യന്‍ തൊഴില്‍ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്ഥിരജോലി കുറഞ്ഞു വരികയും, ‘കോണ്‍ട്രാക്റ്റ്‌ ലേബര്‍’ അത്ഭുതകരമായ വിധത്തില്‍ വര്‍ദ്ധിക്കുകയും ചെയ്തു എന്നുള്ളതാണ്. തൊഴിലിന്റെ അസ്ഥിരവൽക്കരണവും, തൊഴിൽ സ്ഥാപനത്തിൽ നിന്നുള്ള തൊഴിലാളിയുടെ അന്യവൽക്കരണവും ആണ് വാസ്തവത്തിൽ ഈ

നിക്ഷേപകസൗഹൃദനയങ്ങൾ ഉണ്ടാക്കിയെടുത്തത്.

നിക്ഷേപസൌഹൃദം എന്നറിയപ്പെടുന്ന പല സംസ്ഥാനങ്ങളിലും കൊട്ടിഘോഷിക്കപ്പെട്ട പദ്ധതികള്‍ വഴി മാന്യമായ,അന്തസ്സുള്ള ജോലികള്‍ ഉണ്ടായിട്ടില്ല. പകരം അവ സൃഷ്ടിച്ചത് വിയര്‍പ്പുശാലകള്‍ മാത്രമാണ്. കുറഞ്ഞ കൂലിയില്‍, യാതൊരു സമൂഹ്യസുരക്ഷയും ഇല്ലാതെ ജോലി ചെയുന്ന അടിമകള്‍. തൊഴിലാളികള്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നത്തിന്റെ മൂല്യത്തിനു അനുസരിച്ചും, കമ്പനികളുടെ ലാഭത്തിനു ആനുപാതികമായും ഇന്ത്യയിൽ കൂലിവര്‍ദ്ധന ഉണ്ടാവുന്നില്ലെന്നു ധാരാളം പഠനങ്ങള്‍ കാണിക്കുന്നുണ്ട്. കൂടുതല്‍ കമ്പനികള്‍ ലാഭകരമായ ഈ ‘താല്‍ക്കാലികജോലി’ മോഡലിലേക്കു ചുവടുമാറിക്കഴിഞ്ഞു. അതുകൊണ്ടു, തൊഴിലാളികളുടെ ‘സോഷ്യല്‍ പ്രൊട്ടക്ഷന്‍’ മിക്കപ്പോഴും നിക്ഷേപസൌഹൃദസംസ്ഥാനങ്ങളുടെ ചര്‍ച്ചകളില്‍ ഒരിക്കലും കടന്നു വരാറില്ല.കേരളത്തിന്റെ പാരമ്പര്യം അതല്ല.

‌അതുകൊണ്ടു, ഒരു കിറ്റെക്സ് പോയത് കൊണ്ട് കേരളം വിലപിക്കേണ്ട കാര്യമൊന്നുമില്ല. മറ്റെല്ലാ രംഗത്തും ഉള്ളതുപോലെ കേരളത്തിന് അനന്യമായ മാതൃകകള്‍ ഈ മേഖലയിലും ഉണ്ടാക്കാന്‍ കഴിയും. അതിനായുള്ള കൂട്ടായ ശ്രമം ആണ് ഇപ്പോൾ ആവശ്യം.

എനിക്ക് പറയാനുള്ളത് ഈ സമയത്ത് കേരളം ചെയ്യേണ്ടത് ‘സാമൂഹ്യപ്രതിബദ്ധതയുള്ള നിക്ഷേപം’ (Socially Responsible Investment models) എന്ന മാതൃകക്ക് ഒരു കേരളാമോഡല്‍ ഉണ്ടാക്കുക എന്നതാണ്. ടൂറിസത്തില്‍, ITയില്‍, കൃഷിയില്‍, ആരോഗ്യരംഗത്ത് ഒക്കെ നല്ല സാധ്യതയുള്ള ഒന്നാണ് ഇത്. യുറോപ്പിലും അമേരിക്കയിലും ഒക്കെ ‘എത്തിക്കല്‍ കണ്‍സ്യൂമറിസം’/ ഫെയര്‍ ട്രേഡ് ഒക്കെ ഒരു വലിയ ട്രെന്‍ഡ് ആയി വളരുന്നുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാനം കേരളമാണ്. കാരണം അവര്‍ നിഷ്ക്കര്‍ഷിക്കുന്ന ഉയര്‍ന്ന കൂലിയും തൊഴില്‍ രംഗത്തെ അന്തസ്സും ഇപ്പോഴേ ഒരു പരിധിവരെ കേരളത്തില്‍ ഉണ്ട്.

കിറ്റെക്സ്‌ ‘മഴു എറിഞ്ഞു’ ഉണ്ടാക്കി എടുത്ത ഒന്നല്ല കേരളാ ബ്രാന്‍ഡ്. അതുകൊണ്ട്, കേരളത്തിന്റെ നിലപാടും, നമ്മുടെ ജനപ്രതിനിധികളുടെ ഇടപെടലും ‌ ശരിയെന്നു വിശ്വസിക്കാന്‍ ആണിഷ്ടം. തീര്‍ച്ചയായും, കേരളം നിക്ഷേപസൌഹൃദ സംസ്ഥാനം ആകണം. നമ്മൾ മാറുന്ന കാലത്തിനു അനുസരിച്ചു മാറേണ്ടതുണ്ട്. പക്ഷേ, അത് ജനാധിപത്യ സര്‍ക്കാര്‍ ഒരു വ്യവസായിയുടെ എല്ലാ അനാവശ്യങ്ങളും അഹങ്കാരങ്ങളും അംഗീകരിച്ചു കൊടുത്തു കൊണ്ടാവരുത്. തെലുങ്കാന അല്ല കേരളം. നമ്മുടെ പ്രകൃതിക്കും, സ്ഥലപരിമിതിക്കും, വിഭവശേഷിക്കും അനുസരിച്ച നല്ല മാതൃകകള്‍ ഇവിടെ ഉണ്ടാവട്ടെ.

Latest News