Sorry, you need to enable JavaScript to visit this website.
Monday , December   06, 2021
Monday , December   06, 2021

പ്രിയപ്പെട്ട കോഴിക്കോട്ടുകാരെ, സ്ഥാനമൊഴിയുമ്പോള്‍ കലക്ടർക്ക് പറയാനുള്ളത്

വളരെ സന്തോഷത്തോടെയും കൃതാർത്ഥതയോടെയും ആണ് കോഴിക്കോട് ജില്ലയിൽ നിന്നും പടിയിറങ്ങുന്നത്. കഴിഞ്ഞ രണ്ടര വർഷകാലത്തെ അനുഭവങ്ങൾ കൂട്ടായ പ്രവർത്തനങ്ങളുടെയും സഹകരണത്തിന്റേതും ആയിരുന്നു എന്നത് എക്കാലവും ഓർത്തിരിക്കും. കോഴിക്കോടിന്റെ സമഗ്ര വികസനം മുൻനിർത്തി എല്ലാ മേഖലകളെയും ഉൾപ്പെടുത്തി കൊണ്ട് വിശദമായ ചർച്ചകളിലൂടെ വികസിപ്പിച്ച മിഷൻ കോഴിക്കോട് വികസന മാർഗരേഖ രൂപീകരിക്കുന്നതിൽ പങ്കാളികളായ ഏവരെയും ഈ അവസരത്തിൽ ഓർക്കുന്നു. ജില്ലയുടെ വികസന പദ്ധതികൾ കഴിഞ്ഞ രണ്ടര വർഷത്തോളമായി ഈ മാർഗ്ഗ രേഖയെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്.
 
"സംയോജിതമായ വികേന്ദ്രീകൃത ഭരണം" എന്ന മാതൃക ജില്ലാ ഭരണകൂടത്തിന്റെ മേധാവി എന്ന നിലയിൽ നടപ്പിലാക്കുവാൻ സാധിച്ചു എന്നതിൽ തികഞ്ഞ ചാരിതാർഥ്യം ഉണ്ട്. ഈ ഉദ്യമം സാക്ഷാത്ക്കരിക്കുവാൻ കൈമെയ്യ് മറന്നു കൂടെ നിന്നവരാണ് കോഴിക്കോടിന്റെ ജനപ്രതിനിധികളായ ബഹുമാനപെട്ട മന്ത്രിമാർ, എം എൽ എ മാർ, എം പി മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികൾ എന്നിവർ. ജനപ്രതിനിധികൾ ഒരുമിച്ചു നിന്ന് കൊണ്ട് ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയും അതോടൊപ്പം പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ വേണ്ട മികച്ച പിന്തുണയും സഹായവും സ്വാതന്ത്ര്യവും നൽകിയ എല്ലാ ജനപ്രതിനിധികളോടുമുള്ള നന്ദി ഈ അവസരത്തിൽ പറയുവാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ വളരെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ നൂതനമായ പദ്ധതികൾ ആസൂത്രണം ചെയ്തു കൊണ്ടും അവ കൃത്യമായി നടപ്പിലാക്കി കൊണ്ടും മാതൃകാപരമായ പ്രവർത്തിക്കുകയും ചെയ്തു.
ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾക്കു അനുസൃതമായി ജീവിക്കുവാനുള്ള ഏറ്റവും മികച്ച സാഹചര്യങ്ങൾ ജനങ്ങൾക്ക് ഒരുക്കികൊടുക്കുക എന്നത് സദ്ഭരണത്തിന്റെ പ്രധാന കർത്തവ്യമാണെന്നുള്ള നിലപാടിൽ ഉറച്ചു നിന്ന് കൊണ്ട് പ്രവർത്തിക്കുവാൻ ശ്രദ്ധിച്ചിരുന്നു. പൊതുജനസേവകർ ജനങ്ങളോട് ഉത്തരവാദിത്തം ഉള്ളവരും ജനങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചു മികച്ച ജീവിത സാഹചര്യങ്ങളും സേവനങ്ങളും ലഭ്യമാക്കേണ്ടവരും സുതാര്യത്തിലും തുല്യതയിലും ഊന്നിയ പ്രവർത്തനങ്ങൾ നടത്തേണ്ടിവരും. വികസന പ്രക്രിയയിലെ പ്രധാന കണ്ണികളായി എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തേണ്ടവരും ആണെന്ന ജനാധിപത്യത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടു കൊണ്ടാണ് നമ്മുടെ കോഴിക്കോട് പദ്ധതി തുടക്കമിട്ടത്. അതോടൊപ്പം വിവിധ മേഖലകളുടെ വികസനം മുൻനിർത്തി അംഗനവാഡികളുടെ വികസനത്തിനായി ദി ക്രാഡിൽ പദ്ധതി, വിദ്യാഭ്യാസ മേഖലയിൽ എഡ്യുമിഷൻ, ആശുപത്രികളുടെ വികസനത്തിനായി മെഡിക്കൽ കോളേജിൽ PMSSY ബ്ലോക്ക്, ബീച്ച് ആശുപത്രിയുടെയും മറ്റു പ്രധാന ആശുപത്രികളുടെയും ICU ഉൾപ്പെടുന്ന എമർജൻസി നെറ്റ്വർക്ക്, ഇ ഹെൽത്ത് പദ്ധതി, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനായി ധനുഷ് സമൃദ്ധി, കാർഷിക വികസനത്തിനായി സഫലം പദ്ധതി, ടൂറിസം മേഖലയിൽ മികച്ച അനുഭവം നൽകുവാൻ ഉതകുന്ന സൗത്ത് ബീച്ച്, ഭട്ട് റോഡ് ബ്ലിസ് പാർക്ക്, തളി ഹെറിറ്റേജ് പദ്ധതി, കാപ്പാട് ബീച്ച്, തോണിക്കടവ് തുടങ്ങിയ പദ്ധതികളും പൂർത്തിയാക്കുവാൻ സാധിച്ചു. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായുള്ള പദ്ധതികളായ ഉദയം പദ്ധതി (തെരുവ് നിവാസികളുടെ പുനരധിവാസം), ഭിന്ന ശേഷിക്കാരായ ആളുകൾക്ക് വേണ്ടി എനാബിളിങ് കോഴിക്കോട്, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കുള്ള ഉയരാം ഒന്നിച്ചു, ഒപ്പം പോലെയുള്ള ജനകീയ പരിപാടികൾ എന്നിവ നടപ്പിലാക്കുവാൻ സഹായിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു.
 
ഭരണകൂടത്തോട് ഒപ്പം നിന്ന് എല്ലാ പ്രവർത്തനങ്ങളിലും മികച്ച പങ്കാളിത്തം നൽകിയ മുഴുവൻ കോഴിക്കോട്ടുകാരെയും അഭിമാനത്തോടെ മാത്രമേ ഓർക്കുവാൻ സാധിക്കൂ. ജില്ലാ കലക്ടർ എന്ന നിലയിൽ ഏവരും നൽകിയ സഹകരണത്തിനും സ്നേഹത്തിനും ഒരിക്കൽ കൂടി നന്ദി പറയുവാൻ ഈ അവസരം ഉപയോഗിക്കുന്നു. അതോടൊപ്പം പുതിയ ജില്ലാ കളക്ടർ ആയി നിയമിതനായ ശ്രീ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്ക് എല്ലാ ആശംസകളും നേരുകയും തുടർന്നുള്ള ജില്ലയുടെ എല്ലാ വികസനപ്രവർത്തനങ്ങളിലും എല്ലാവരുടെയും പൂർണ്ണ പങ്കാളിത്തം ഉണ്ടാകുമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
നമ്മൾ ഒന്നിച്ചു അണിനിരന്നപ്പോൾ സംഭവിച്ച അത്ഭുതങ്ങൾ നമുക്ക് മുന്നിൽ തന്നെയുണ്ട്.. ഈ കൂട്ടായ്മയ നമുക്ക് തുടരാം... നമ്മുടെ കോഴിക്കോടിനായി.
സാംബശിവ

Latest News