ചരിത്രം മിടിക്കുന്ന പുരാവ്‌സതുക്കൾ തേടി

ബീശയിലെ അൽഅബ്‌ല അസീർ പ്രവിശ്യയിലെ മറ്റൊരു പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രമാണ്. ദക്ഷിണ, പശ്ചിമ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട ഖനന കേന്ദ്രമായിരുന്ന അൽഅബ്‌ല സാമ്പത്തിക നഗരത്തിന് സമാനമായ പങ്കാണ് വഹിച്ചിരുന്നത്. ഇസ്‌ലാമിക കാലഘട്ടത്തിനു മുമ്പും ഇസ്‌ലാമിക യുഗത്തിലും ലോഹ അസംസ്‌കൃത വസ്തുക്കൾ ഇവിടെ ഉൽപാദിപ്പിച്ചിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. 

പുരാവസ്തു ഉത്ഖനനത്തിനും അതുവഴി വിനോദ സഞ്ചാര വ്യവസായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് വിദേശ ഗവേഷക സംഘങ്ങളുമായി സഹകരിച്ചുള്ള സംയുക്ത സംരഭങ്ങൾക്ക് തുടക്കമിട്ടിട്ട് നാളേറെയായി. ഭൂതകാലത്തെ പുരാവസ്തു അവശേഷിപ്പുകൾ ഉള്ള ഭൂപ്രദേശങ്ങൾ തിരയുകയും കണ്ടെത്തിയ പ്രദേശങ്ങളിൽ ഉത്ഖനനം നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്നതിലൂടെ പൂർവ ചരിത്രവുമായി പുതിയ കാലത്തെ ബന്ധപ്പെടുത്താനും അതുവഴി ചരിത്ര, സാംസ്‌കാരിക, വിജ്ഞാന മേഖലയെ വിപുലീകരിക്കുന്നതിനും അവസരം ലഭിക്കുന്നു. സൗദിയിൽ പുരാവസ്തു ഉത്ഖനനവും പര്യവേക്ഷണവും നടക്കുന്ന പ്രധാന പ്രവിശ്യകളിൽ ഒന്നാണ് അസീർ. 
അസീർ പ്രവിശ്യയിലെ നാലു പുരാവസ്തു കേന്ദ്രങ്ങളിൽ വിദേശ, പ്രാദേശിക സംഘങ്ങൾ സർവേകളും ഖനനങ്ങളും നടത്തുന്നുണ്ട്. സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് മേധാവി സുൽത്താൻ ബിൻ സൽമാൻ രാജകുമാരന്റെ നിർദേശാനുസരണം ദിവസങ്ങൾക്കു മുമ്പാണ് പ്രാദേശിക, വിദേശ ഗവേഷണ സംഘങ്ങൾ അസീർ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിൽ സൈറ്റ് സർവേകളും ഖനനവും ആരംഭിച്ചത്. അൽബിർകിലെ തീരപ്രദേശം, തത്‌ലീത്തിലെ പുരാവസ്തു കേന്ദ്രം, ബീശയിലെ അൽഅബ്‌ല, അഹദ് റുഫൈദയിലെ ജറശ് എന്നിവിടങ്ങളിലാണ് സൗദി, വിദേശ ഗവേഷണ സംഘങ്ങൾ ഉത്ഖനനങ്ങളും സർവേകളും നടത്തുന്നതെന്ന് അസീർ പ്രവിശ്യ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് അൽഅംറ പറഞ്ഞു. സൗദി, വിദേശ വിദഗ്ധരുടെയും ഗവേഷകരുടെയും പങ്കാളിത്തത്തോടെ പുരാവസ്തു കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും പുരാവസ്തു കേന്ദ്രങ്ങൾക്കു വേണ്ടിയുള്ള ഉത്ഖനനങ്ങൾക്കും ടൂറിസം, ദേശീയ പൈതൃക വകുപ്പ് നിരവധി പദ്ധതികൾ നടപ്പാക്കിവരികയാണ്. 
ഗവേഷക സംഘങ്ങളുടെ ദൗത്യം എളുപ്പമാക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ടൂറിസം, ദേശീയ പൈതൃക വകുപ്പ് നൽകുന്നുണ്ട്.  ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്റെ പ്രാധാന്യം മൂലം അസീർ പ്രവിശ്യയിൽ നിരവധി ചരിത്ര, പുരാവസ്തു കേന്ദ്രങ്ങളുണ്ട്. പഴയ കാലത്ത് ഹജ് തീർഥാടകരും വാണിജ്യ സംഘങ്ങളും ഉപയോഗിച്ച പാതകളും നിരവധി ചരിത്ര ശേഷിപ്പുകളും പര്യവേക്ഷണ പദ്ധതികളിലൂടെ അസീർ പ്രവിശ്യയിൽ കണ്ടെത്തിയിട്ടുണ്ട്. ,പുരാവസ്തു കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും പ്രവിശ്യയിൽ വിനോദ സഞ്ചാര വ്യവസായത്തിനും സാമ്പത്തിക വളർച്ചക്കും ഗുണകരമായ പദ്ധതികൾക്കും പ്രവിശ്യ ഗവർണർ സർവ പിന്തുണകളും നൽകുന്നുണ്ടെന്നും മുഹമ്മദ് അൽഅംറ പറഞ്ഞു. 


അസീർ പ്രവിശ്യയിൽ ടൂറിസം, ദേശീയ പൈതൃക വകുപ്പ് മുമ്പും ചരിത്ര, പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് നിരവധി ഉത്ഖനനങ്ങളും സർവേകളും നടത്തിയിട്ടുണ്ടെന്ന് സെന്റർ ഫോർ റിസർച്ച് ആന്റ് ആർക്കിയോളജിക്കൽ സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽസഹ്‌റാനി പറഞ്ഞു. പ്രവിശ്യയിൽ നാൽപതു വർഷം മുമ്പു മുതൽ പുരാവസ്തു കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് ഉത്ഖനനങ്ങളും സർവേകളും ആരംഭിച്ചിട്ടുണ്ട്. അബഹ, ഖമീസ് മുഷൈത്ത്, ദഹ്‌റാൻ അൽജുനൂബ്, തത്‌ലീത്ത്, അൽനമാസ് എന്നിവിടങ്ങളിലെല്ലാം ഖനനങ്ങളും സർവേകളും നടത്തിയിട്ടുണ്ട്. ശിലായുഗം മുതൽ ഇസ്‌ലാമിക കാലഘട്ടത്തിന്റെ അവസാന യുഗം വരെയുള്ള കാലത്തെ നിരവധി പുരാവസ്തു കേന്ദ്രങ്ങൾ സർവേകളിൽ കണ്ടെത്തിയിട്ടുണ്ട്. അസീർ പ്രവിശ്യയിൽ ശിലാ ചിത്രങ്ങൾ അടങ്ങിയ നിരവധി കേന്ദ്രങ്ങളും പുരാതന ഖനികളും ഗുഹകളും കെട്ടിടങ്ങളുടെ അടിത്തറകളും ജലസേചന സംവിധാനങ്ങളും പുരാതന വാണിജ്യ പാതകളും കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണ അറേബ്യൻ ഉപദ്വീപിന്റെ പുരാതന ചരിത്രത്തിലേക്കും നാഗരിക സംസ്‌കാരത്തിലേക്കും വെളിച്ചം വീശുന്ന നിരവധി കണ്ടെത്തലുകൾ സർവേകളിൽ അനാവൃതമായിട്ടുണ്ട്. 
ശിലാചിത്രങ്ങളും പുരാതന അറബി ശിലാ ലിഖിതങ്ങളും എമ്പാടുമുള്ള തത്‌ലീത്തിലെ സർവേ ഈ വർഷം പൂർത്തിയാക്കുന്നതിനാണ് പദ്ധതി. അസീർ പ്രവിശ്യയിൽ പുരാവസ്തു ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന സംയുക്ത സംഘം സൗദി, ബ്രിട്ടീഷ് സംഘമാണ്. യോർക്, ലിവർപൂൾ യൂനിവേഴ്‌സിറ്റികളുടെ പങ്കാളിത്തത്തോടെയാണ് അൽബിർകിലെ തീരപ്രദേശങ്ങളിൽ പുരാവസ്തു പര്യവേക്ഷണവും ഉത്ഖനനങ്ങളും നടത്തുന്നത്. ജിസാൻ മുതൽ അസീർ പ്രവിശ്യ വരെയുള്ള ദക്ഷിണ, പശ്ചിമ സൗദി തീരങ്ങളിലെ പുരാവസ്തു പര്യവേക്ഷണത്തിന്റെ തുടർച്ചയാണ് ഈ പദ്ധതി. അൽബിർകിലെ വാദി ദബ്‌സയിലും ദഹബാനിലും ദീർഘകാലം സർവേകൾ നടത്തിയിട്ടുണ്ട്. ചെങ്കടലിന്റെ തീരപ്രദേശങ്ങളിൽ പുരാതന നാഗരിക സംസ്‌കാരങ്ങളുടെയും കോളനികളുടെയും അടയാളങ്ങൾ കണ്ടെത്തുന്നതിനും പുരാതന മനുഷ്യൻ കടലും കടൽ വിഭവങ്ങളും എത്രമാത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നതിനുമാണ് സൗദി-ബ്രിട്ടീഷ് സംഘം ശ്രമിക്കുന്നത്. തീരദേശത്ത് ശിലായുഗത്തിൽ നിന്നുള്ള ശേഷിപ്പുകൾ കണ്ടെത്തുന്നതിനും സംഘം ശ്രമിക്കുന്നു. 
അഹദ് റുഫൈദയിലെ പുരാവസ്തു പ്രദേശമായ ജറശിലെ ഉത്ഖനന പ്രക്രിയ പത്തു വർഷത്തോളം നീണ്ടിട്ടുണ്ട്. ദക്ഷിണ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു പ്രദേശമാണ് ജറശ്. പഴയ കാലത്ത് ഹജ് തീർഥാടകരുടെയും വാണിജ്യ സംഘങ്ങളുടെയും സഞ്ചാരപഥത്തിലെ ഇടത്താവളമായിരുന്നു ഇവിടം. ഇസ്‌ലാമിനു മുമ്പുള്ള പുരാവസ്തുക്കൾ ഇവിടെയുണ്ട്. പുരാതന കാലത്തെ മസ്ജിദും കോട്ടയും വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. 
പുരാവസ്തു ഉത്ഖനനം അടുത്തറിയുന്നതിനും പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്ന രീതിയും ഖനനത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും മനസ്സിലാക്കുന്നതിനും കഴിഞ്ഞ വർഷം കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി വിദ്യാർഥികൾ പുരാവസ്തു പര്യവേക്ഷണ ദൗത്യത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു. സന്ദർശകരെ സ്വീകരിക്കുന്നതിനും ആവശ്യമായ സേവനങ്ങളും സഹായങ്ങളും നൽകുന്നതിനും പ്രദേശത്ത് പ്രത്യേക സെന്റർ സജ്ജീകരിച്ചുവരികയാണ്. അസീർ പ്രവിശ്യയെയും ഇവിടുത്തെ പുരാവസ്തുക്കളെയും കുറിച്ച് അറിയുന്നതിന് ആഗ്രഹിക്കുന്ന ഗവേഷകർക്ക് ഏറെ പ്രയോജനപ്രദമാകും പുതിയ സെന്റർ. 
ബീശയിലെ അൽഅബ്‌ല അസീർ പ്രവിശ്യയിലെ മറ്റൊരു പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രമാണ്. ദക്ഷിണ, പശ്ചിമ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട ഖനന കേന്ദ്രമായിരുന്ന അൽഅബ്‌ല സാമ്പത്തിക നഗരത്തിന് സമാനമായ പങ്കാണ് വഹിച്ചിരുന്നത്. ഇസ്‌ലാമിക കാലഘട്ടത്തിനു മുമ്പും ഇസ്‌ലാമിക യുഗത്തിലും ലോഹ അസംസ്‌കൃത വസ്തുക്കൾ ഇവിടെ ഉൽപാദിപ്പിച്ചിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഖനന ജോലികൾക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും സംഭരിക്കുന്നതിന് ഉപയോഗിച്ചിരുന്ന കൂറ്റൻ കലങ്ങളും മൺപാത്രങ്ങളുടെയും ചില്ല് പാത്രങ്ങളുടെയും അവശിഷ്ടങ്ങളും കഴിഞ്ഞ വർഷം നടത്തിയ ഖനനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കിംഗ് സൗദ് യൂനിവേഴ്‌സിറ്റി, കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി, ഹായിൽ യൂനിവേഴ്‌സിറ്റി, ജിസാൻ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പുരാവസ്തു വിഭാഗങ്ങളുമായും അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും സർവകലാശാലകളുമായും പുരാവസ്തു ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ച് ടൂറിസം, ദേശീയ പൈതൃക വകുപ്പ് പുരാവസ്തു പര്യവേക്ഷണ മേഖലയിൽ സംയുക്ത പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പഠന, ഗവേഷണ ഫലങ്ങൾ പുസ്തക രൂപത്തിലും മറ്റും ടൂറിസം, ദേശീയ പൈതൃക വകുപ്പ് പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഡോ. അബ്ദുല്ല അൽസഹ്‌റാനി പറഞ്ഞു. 

Latest News