Sorry, you need to enable JavaScript to visit this website.

പെൺകുട്ടികളെ മരിക്കാൻ വിടരുത്; അവർക്ക് ജീവിക്കാൻ മാർഗമുണ്ടാക്കണം

പെൺകുട്ടികൾ മരിച്ചതിനു ശേഷമുള്ള ശിക്ഷണ നടപടികൾ തികച്ചും അപഹാസ്യമാണെന്നും പെൺകുട്ടികളെ മരിക്കാൻ വിടരുതെന്നും എഴുത്തുകാരി എച്മുകുട്ടി. പെണ്‍കുട്ടികള്‍ക്ക് ജീവിക്കാൻ മാർഗമുണ്ടാക്കണം..കോവിഡിനെ നേരിട്ടത്‌ പോലെ യുദ്ധകാലാടിസ്ഥാനത്തിൽ നേരിടേണ്ട ഒരു ദുരന്തമാണിത്.വനിതശിശുക്ഷേമ വകുപ്പിന്റെ അടിയന്തര ശ്രദ്ധ വേണ്ട വീടുകൾ ഉണ്ടാകട്ടെയെന്നും അവർ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
 
https://www.malayalamnewsdaily.com/sites/default/files/2021/06/23/echmu.jpg
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..
 
പെൺകുട്ടികളെ മരിക്കാൻ വിടരുത്...
സ്ത്രീകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ വേണം സർക്കാരിന്റെ വീടുകൾ. ഭക്ഷണവും വെളിച്ചവും സാനിറ്ററി സൗകര്യങ്ങളും വൈഫൈയും ഒക്കെ ഉള്ളവ..
കുട്ടികളെ സുരക്ഷിതമായി ഏൽപ്പിച്ചു ജോലിക്ക് പോകാൻ അമ്മമാർക്ക് സാധിക്കണം. പോലീസ് ആ വീട്ടിൽ വന്ന് വേണം സ്ത്രീകളുടെ പരാതി കേൾക്കാനും മൊഴിയെടുക്കാനും.
പീഡനം അനുഭവിക്കുന്നേടത്ത് നിന്ന് പെണ്ണുങ്ങൾക്ക് എത്തിച്ചേരാൻ പറ്റുന്ന ഇടം. പെണ്ണുങ്ങൾ വിവരമറിയിച്ചാൽ പോലീസ് സഹായത്തോടെ ആ വീടിന് പെണ്ണുങ്ങളേയും കുട്ടികളേയും പീഡനമനുഭവിക്കുന്ന ഇടത്ത് നിന്ന് കൂട്ടിക്കൊണ്ടു വരാൻ കഴിയണം. പെണ്ണുങ്ങൾ ഇത്തരം വീടുകളിൽ എത്തി എന്നത് തന്നെ അവർ പീഡിപ്പിക്കപ്പെട്ടതിൻറെ പ്രധാന തെളിവായി കോടതിയും അംഗീകരിക്കണം.
സർക്കാരിന് പീഡനമനുഭവിക്കുന്ന സ്ത്രീകളെയും കുട്ടികളേയും സംരക്ഷിക്കാനുള്ള ധാർമ്മിക ബാധ്യതയുണ്ട്.
ആ ബാധ്യത നിവർത്തിക്കാതെ വരുമ്പോഴാണ്, സ്യൂഡോ ഫെമിനിസ്റ്റുകളും കപട രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും ഇക്കിളി ചാനലുകളും പൊതുസമൂഹവും പെണ്ണിനെ അധിക്ഷേപിക്കാൻ കൂട്ടു നില്ക്കുന്നത്. പോക്കെടമില്ലാത്ത പെണ്ണിനെ ചുട്ടും കെട്ടിത്തൂക്കിയും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും ചവുട്ടിയും ഇടിച്ചും വെട്ടിയും കുത്തിയും ഒക്കെ കൊല്ലുന്നത്.
സ്വന്തം കുഞ്ഞിന് വേദനയും വിഷമവും സങ്കടവും പീഡനവും ആണെന്നറിഞ്ഞാൽ പോലും അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാൻ പറ്റാത്ത പെൺവീട്ടുകാർ, യഥാർത്ഥ ത്തിൽ പെണ്ണുങ്ങളെ ദ്രോഹിക്കുന്ന വരാണ്. അവരിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
പീഡനക്കേസ്, വിവാഹ മോചനം, സ്വത്ത് തിരിച്ചു നല്കൽ ഇത്തരം കാര്യങ്ങളിൽ തീർപ്പാകുന്നത് വരെ പുരുഷനെ ജോലിയിൽ നിന്ന് സസ്പെൻഡു ചെയ്യുകയും അയാൾ നാടുവിടാതിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയും വേണം. പീഡനം, വിവാഹമോചനം. കുട്ടികളുടെ കസ്റ്റഡി, സ്വത്തിൻറെ തീരുമാനം ഇവ മാത്രം കൈകാര്യം ചെയ്യുന്ന മാട്രിമോണിയൽ കോർട്ടുകൾ കൂടി സർക്കാർ ആരംഭിക്കണം. അപ്പോൾ കേസുകൾക്ക് പൊടുന്നനെ തീർപ്പുണ്ടാവും.
പെൺകുട്ടികൾ മരിച്ചതിനു ശേഷമുള്ള ശിക്ഷണ നടപടികൾ തികച്ചും അപഹാസ്യമാണ്. പെൺകുട്ടികളെ മരിക്കാൻ വിടരുത്....അവർക്ക് ജീവിക്കാൻ മാർഗമുണ്ടാക്കണം...
കോവിഡിനെ നേരിട്ടത്‌ പോലെ യുദ്ധകാലാടിസ്ഥാനത്തിൽ നേരിടേണ്ട ഒരു ദുരന്തമാണിത്.
വനിതശിശുക്ഷേമ വകുപ്പിന്റെ അടിയന്തര ശ്രദ്ധ വേണ്ട വീടുകൾ ഉണ്ടാവട്ടേ.

Latest News