പയ്യമ്പള്ളി അസര്‍പ്പും പൈനാക്കുര്‍ശ്ശി അയമോട്ടീം

കെ. സുധാകരനും പിണറായി വിജയനും തമ്മിലുള്ള വാക്‌പോര് സമൂഹ മാധ്യമങ്ങളിലും നിറയുകയാണ്. നിലപാടായും വിമര്‍ശമായും മാത്രമല്ല കഥയായും  കവിതയായും അത് സോഷ്യല്‍ മീഡിയയില്‍ വെളിച്ചം കാണുന്നു. പുതിയ സംഭവ വികാസങ്ങളുടെ പ്ശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെട്ട മിനിക്കഥ ഇങ്ങനെയാണ്.

 

യ്യമ്പിളിഅസര്‍പ്പും പൈനാക്കുര്‍ശ്ശി
അയമോട്ടീം ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ചാണ് പഠിച്ചത്.

 ഉദരംപൊയില്‍
എല്‍ പി സ്‌കൂളിലും പുല്ലങ്കോട് ഹൈസ്‌കൂളിലും
 മമ്പാട് കോളജിലും അവര്‍ മത്സരിച്ച് തന്നെ പഠിച്ചു.

പിന്നീട് രണ്ട് പേരും  വലിയ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ഉന്നത വിദ്യാഭാസം നേടി.

ജോലി നേടുന്നതിലും അവര്‍ ആ മിടുക്ക് കാണിച്ചു.

രണ്ടു പേരും പേരെടുത്ത
വലിയരണ്ട് കമ്പനികളുടെ
 സി ഇ ഒ മാരാണ്.

ഉന്നത ജോലിയിലെത്തിയ ഒരാള്‍.
'പികെ അഹമ്മദ് കുട്ടി.'
മറ്റെയാള്‍
'പിബി അഷ്‌റഫ്. '

പഠിത്തത്തിലും ബിരുദങ്ങള്‍ നേടുന്നതിലും എന്തിന് ജോലിയില്‍ പോലും അവര്‍ മത്സരിച്ചു.
അപരനെ ഇകഴ്ത്താന്‍ കിട്ടുന്ന ഒരവസരവും രണ്ടു പേരും പാഴാക്കിയില്ല.

അവനവന്റെ
കമ്പനിയുടെ വളര്‍ച്ചക്ക് വേണ്ടി രണ്ടു പേരും മരിച്ചു പണിയെടുത്തു. .
ഇരുകൂട്ടരുടെയും തൊഴിലാളികള്‍ കമ്പനിക്കു വേണ്ടി ആത്മാര്‍ത്ഥമായി ജോലി ചെയ്തു.

ഒരു സുപ്രഭാതത്തില്‍ തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന  മാധ്യമ പ്രവര്‍ത്തകനോട് അഹമ്മദ് കുട്ടി എന്ന അയമോട്ടി പറഞ്ഞു.

'ഓന്, ഇപ്പളല്ലേ വല്ല്യേ  അഷ്‌റഫൊക്കെ ആയത്.ഞങ്ങള് ഓനെ വിള്‍ച്ചീനത് അസര്‍പ്പ് ന്നാണ്..മാത്തരല്ല മൂന്നാം ക്ലാസ് ന്ന് ഓനെ ഞാം പെന്‍സിലോണ്ട് ചന്തിക്ക് നല്ലോണം കുത്തീനു.'

വലിയ പ്രാധാന്യത്തോടെ
ഈ വാര്‍ത്ത അച്ചടിച്ചുവന്നു.

ഇതറിഞ്ഞ  അഷ്‌റഫ് അടിയന്തിരമായി
പത്രസമ്മേളനം വിളിച്ചു.

'ഹും അയമോട്ടി. ഓന്റെ തല സിലെയ്‌റ്റോണ്ട് തച്ച് പൊട്ടിച്ച്ക്ക്ണ് ഞാം രണ്ടാം ക്ലാസ്ന്ന്. ആ മുറിന്റെ കല ഇപ്പളും ഓന്റെ തലീല്ണ്ടാവും.'

ഈ വാര്‍ത്ത കൂടി പുറത്ത് വന്നതോടെ പ്രശ്‌നം ആളിക്കത്തി.

അയമോട്ടി അസര്‍പ്പിനെ മൂന്നാം ക്ലാസില്‍ വെച്ച് പെന്‍സില് കൊണ്ട് കുത്തിയത് എന്തിനാണ് എന്ന ചോദ്യവുമായി ചാനലുകളുടെ അന്തിച്ചര്‍ച്ചയില്‍ അവതാരകരെത്തി.
രണ്ടാം ക്ലാസില്‍ വെച്ച് അയമോട്ടിയെ സ്ലേറ്റ് കൊണ്ട് തലതല്ലിപ്പൊട്ടിച്ചതിനാണെന്ന മറുവാദവുമായി
കലാ സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും ചാനലുകളില്‍ നിറഞ്ഞു.
ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങളിലൊക്കെ ചര്‍ച്ച ഇതു മാത്രമായി.

 ഇരുകമ്പനികളുടെയും പ്രവര്‍ത്തനം നിന്നു. രണ്ടു വിഭാഗം തൊഴിലാളികളും തങ്ങളുടെ മുതലാളിമാര്‍ക്ക് വേണ്ടി തെരുവുകളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സമൂഹമാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ അവനവന്റെ വാദമുഖങ്ങള്‍ ന്യായീകരിച്ചു കൊണ്ട് പോസ്റ്റുകള്‍ നിറഞ്ഞു.

ചര്‍ച്ചക്ക് തുടക്കമിട്ട അഷ്‌റഫും അയമോട്ടിയും എതിരാളിയെ ജയിക്കാനായി പുതിയ മാര്‍ഗങ്ങള്‍ തിരഞ്ഞു കൊണ്ടേയിരുന്നു.

പ്രതിസന്ധിയിലായിപ്പോയ കമ്പനിക്കാര്യങ്ങളില്‍ നിന്ന് തൊഴിലാളികളുടെ ശ്രദ്ധ തിരിക്കാന്‍ ഇരുവരും കണ്ടെത്തിയ മാര്‍ഗങ്ങളാണതെന്ന് ആര്‍ക്കും മനസ്സിലായതേയില്ല.

അവര്‍ പരസ്പരം എറ്റുമുട്ടിക്കൊണ്ടേയിരുന്നു.

 

Latest News