Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

സുധാകരൻ പൊട്ടിത്തെറിക്കും, കാരണം ചോരയും മജ്ജയും മാംസവുമുള്ള മനുഷ്യനാണ് അയാൾ

ചിലതിൽ വിയോജിപ്പുകളുണ്ട്. പക്ഷേ, ഇന്നയാൾ നടത്തിയ പത്രസമ്മേളനം അയാളിലേക്കു കൂടുതൽ അടുപ്പിക്കുന്നതാണ്. കണ്ണൂരിൽ നിലനിൽപ്പിനു വേണ്ടി നടത്തിയ രാഷ്ട്രീയ പ്രവർത്തനം, അതിനിടെയുണ്ടായ ഒരു രാഷ്ട്രീയക്കൊലപാതകത്തിന്റെ മടിയില്ലാത്ത ഏറ്റുപറച്ചിൽ. സി.പി.ഐ.എം അക്രമത്തിൽ പിടഞ്ഞുവീണു മരിച്ച കുട്ടികളെ ഓർത്തുകൊണ്ടു ഹൃദയത്തിന്റെ ഭാഷയിലുള്ള അവസാന രണ്ടുവരി.

സുധാകരനും വിജയനും തമ്മിലുള്ള വ്യത്യാസം അവിടെയാണ്. പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവ് കഴിഞ്ഞ കുറെയേറെ വർഷങ്ങളായി സംസാരിക്കുന്നത് പി.ആർ ഏജൻസികളുടെ സഹായത്തോടെയാണ്. അവരുടെ കൈയിലുള്ള റിമോട്ട് കൺട്രോൾ നിയന്ത്രിക്കുന്ന വാക്ചാതുരി മാത്രമാണയാൾ. സുധാകരനിൽ നിയന്ത്രണമേർപ്പെടുത്താൻ ഇന്നേവരെ ഒരു യന്ത്രത്തിനോ, മനുഷ്യനോ കഴിഞ്ഞിട്ടില്ല. ജീവിതാനുഭവങ്ങളിൽ നിന്നാണയാൾ സംസാരിക്കുന്നതോരോന്നും. വൈകാരികമായെങ്കിലും അത്രമേൽ സൂക്ഷ്മമായാണ് അയാൾ സംസാരിച്ചത്.

ഈ വിഷയം തുടങ്ങിയത് അയാളാണെന്ന വാദം ഇന്നലെ മുതൽ കേട്ടിരുന്നു. അങ്ങനെയെങ്കിൽ അതു വേണ്ടിയിരുന്നില്ല എന്നു തന്നെയാണു കരുതിയിരുന്നതും. പക്ഷേ എങ്ങനെയാണ് ആ സംഭവത്തെ ഒരു മാധ്യമപ്രവർത്തകൻ അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചത് എന്നയാളിന്നു വിശദീകരിച്ചു. അപ്പോൾ അങ്ങനെ നടന്നിരുന്നോ എന്ന ആവർത്തിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അയാൾ അതു പറയാനെനിക്കു സൗകര്യമില്ല എന്നാണു മറുപടി പറഞ്ഞത്. അതു ധാർഷ്ട്യത്തിൽ നിന്നുയർന്നു വന്ന മറുപടിയാണെന്നു കരുതുന്നില്ല. ഓരോരുത്തരുടെ ചോദ്യങ്ങൾക്കും മറുപടിയുണ്ടാകും എന്നു വ്യക്തമാക്കിത്തുടങ്ങിയ പത്രസമ്മേളനത്തിൽ, തങ്ങൾക്കു വേണ്ടതു കിട്ടുന്നതുവരെ തിരിച്ചും മറിച്ചും ചോദ്യം ചോദിച്ചവരോടാണ് അയാൾ അങ്ങനെ മറുപടി പറഞ്ഞത്.

സുധാകരൻ പറഞ്ഞതായി പ്രചരിച്ചുവന്ന കാര്യങ്ങളിൽ സി.പി.ഐ.എം ഇത്രമേൽ അസ്വസ്ഥരായതിന്റെ, അതിനു വളരെയേറെ സമയമെടുത്തു പുതിയ കഥകൾ വെച്ചു പ്രതിരോധിക്കാൻ, സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പ്ലാൻ ചെയ്തിരുന്നു എന്നുവരെ പറയാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതിന്റെ കാരണം അതിന്റെ മെറിറ്റാണെന്നു കരുതുക വയ്യ. ഇതിൽ പൊളിഞ്ഞുവീണത് പി.ആർ ഏജൻസികൾ കെട്ടിപ്പൊക്കിവെച്ചിരുന്ന ഇരട്ടചങ്കനെന്ന ഇമേജാണ് എന്നതുകൊണ്ടു മാത്രമാണത്. ഒരേ സമയം ആണത്ത അധികാരങ്ങളെക്കുറിച്ചു വിമർശന ഭാഷയിൽ വാചാലരാകുന്ന ഇടതുപക്ഷ ബുദ്ധിജീവികൾ പോലും ആഘോഷിച്ച പിണറായി വിജയന്റെ പുരുഷ ശരീരഭാഷയെ പൊളിച്ചടുക്കാൻ സുധാകരന് ഒരൊറ്റ നിമിഷം കൊണ്ടായി എന്നതാണവരെ പ്രകോപിപ്പിച്ചത്. കടക്കു പുറത്തും മാറി നിൽക്ക് അങ്ങോട്ടും ബി.ജി.എം ഇട്ടാഘോഷിച്ച പാർട്ടി അണികൾക്ക് അതു താങ്ങാവുന്നതിലും അപ്പുറമായിരിക്കുമല്ലോ.

നയപരമായി, നിലപാടുകളെടുത്തുകൊണ്ടു മേൽക്കൈ നേടുന്ന പിണറായി വിജയനെയല്ല അവർക്കിഷ്ടമെന്നും അവരാഗ്രഹിക്കുന്നതെന്നും കാലങ്ങളായി വ്യക്തമാണ്. അതുകൊണ്ടാണല്ലോ പി ജയരാജന്റെ സ്തുതിഗീതങ്ങൾ കേട്ടപ്പോൾ വിറളി പിടിച്ചത്. അതിന്റെ തുടർച്ചയായാണല്ലോ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു സ്ഥിരമായി നീക്കി ലോക്സഭയിൽ മത്സരിപ്പിച്ചു പരാജയപ്പെടുത്തി ജയരാജനെ അപ്രസക്തനാക്കിയത്. തങ്ങളുടെ ഇരട്ട ചങ്കനേക്കാൾ ആണത്തഭാഷ മറ്റാർക്കും വേണ്ടെന്നു പാർട്ടി അണികളും തനിക്കു മുകളിൽ വേറാരും വേണ്ടെന്ന വിജയന്റെ വാശിയുമാണ് അതിലേക്കു നയിച്ചത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണല്ലോ കെ.കെ ശൈലജ എന്ന സ്ത്രീയിൽ നിന്നു പത്രസമ്മേളനം വാങ്ങി എല്ലാ വൈകുന്നേരങ്ങളും തന്റേതാക്കി, ഒടുവിൽ അവരെ മാറ്റാനായി മാത്രം മന്ത്രിസഭ അടിമുടി പൊളിച്ചുപണിയാൻ പിണറായി വിജയൻ തയ്യാറായത്.

തങ്ങളുടെ വീരേതിഹാസ കഥകൾ പ്രചരിപ്പിക്കലാണോ രാഷ്ട്രീയം എന്നൊരു ചോദ്യമുയരുന്നുണ്ട്. അങ്ങനെയല്ലാതെ മാത്രം അഞ്ചുവർഷക്കാലം പ്രവർത്തിച്ച ഒരു പ്രതിപക്ഷ നേതാവുണ്ടായിരുന്നു കേരളത്തിന്, രമേശ് ചെന്നിത്തല. സർക്കാർ നടത്തിയ ഓരോ അഴിമതികളും അയാൾ പുറത്തുകൊണ്ടുവന്നു, സർക്കാരിനെക്കൊണ്ട് യു ടേൺ അടിപ്പിച്ചു.

പക്ഷേ, അപ്പോഴും അയാളുടെ മെറിറ്റ് ചോദ്യം ചെയ്യപ്പെട്ടു. വൈകുന്നേരങ്ങളിൽ വാലും തുമ്പുമില്ലാതെ മുഖ്യമന്ത്രി അതിനു നൽകിയ മറുപടികൾ ശക്തമായ പ്രതിരോധമായിരുന്നു. ഒരൊറ്റ കാരണം കൊണ്ടാണ് സർക്കാരും സി.പി.ഐ.എമ്മും ഒരു വസ്തുതയും തൊട്ടുതീണ്ടാത്ത മുഖ്യമന്ത്രിയുടെ മറുപടികളെ മഹത്വവത്കരിച്ചത്. നേരത്തെ പറഞ്ഞ കെട്ടിയുയർത്തിവെച്ച ഇമേജ് കൊണ്ട്. നിപയും കൊറോണയും രണ്ടു പ്രളയവും തന്റെ രണ്ടു ചങ്കുകളും വിരിച്ചു പിണറായി വിജയനെന്ന മുഖ്യമന്ത്രി നേരിട്ടു എന്നു പ്രചരിപ്പിക്കാൻ പോലും അവർക്കു കഴിഞ്ഞു. അയാളുടെ കരുതൽ പത്രസമ്മേളനങ്ങൾ ഉഗ്രൻ പി.ആർ വർക്കുകളായി. കണക്കുകളിലെ പൊരുത്തക്കേടുകളെ ചോദ്യം ചെയ്യുമ്പോൾ ആടിനെ വിറ്റ പണം ദുരിതാശ്വാസ ഫണ്ടിലേക്കു നൽകിയ സാധാരണക്കാരെ ഓർമിപ്പിച്ചും ആരോപണങ്ങളിൽ മറുപടി പ്രതീക്ഷിച്ചുള്ള ചോദ്യങ്ങൾക്കു മടിയിൽ കനമില്ലാത്തവനെന്ന നന്മമരം ഇമേജ് ഉയർത്തിയും അയാൾ അഞ്ചുവർഷക്കാലം രക്ഷപ്പെട്ടു പോന്നു.

ആ കരുതലും പ്രതിഛായയും വെറും പൊള്ളയാണെന്നു പച്ചക്കു വിളിച്ചു പറഞ്ഞാണ് കെ സുധാകരൻ എന്ന നേതാവിന്റെ പുതിയ ദൗത്യത്തിലേക്കുള്ള രംഗപ്രവേശം തന്നെ. കണ്ണൂരിലെ പിണറായി വിജയനിൽ ഈ കരുതലൊക്കെ കാണുകയെന്നത് അസാധ്യമാണെന്നു സുധാകരൻ തെളിവുകളും സാക്ഷികളും മുൻനിർത്തി പറഞ്ഞുകഴിഞ്ഞു. വടിവാൾ വെച്ചു പിണറായി വിജയൻ വെട്ടിയ ജീവിക്കുന്ന രക്തസാക്ഷിയെ വരെ സുധാകരൻ നമ്മുടെ മുന്നിലേക്കു വെച്ചുനൽകിയിട്ടുണ്ട്. വിജയന്റെ രാഷ്ട്രീയ ജീവിതകാലം ഊരിപ്പിടിച്ച കത്തികൾക്കും ഉയർത്തിപ്പിടിച്ച വടിവാളുകൾക്കും ഇടയിലൂടെ മാത്രം നടന്നതല്ലെന്നും ഇവയൊക്കെ എടുത്തുപയോഗിച്ച 'പൊളിറ്റിക്കൽ ക്രിമിനൽ' ആണയാൾ എന്നും സുധാകരൻ പറയുമ്പോൾ അവരത്രമേൽ അസ്വസ്ഥരായേ മതിയാകൂ.

ഈ പിണറായി വിജയനെ പൊളിച്ചുകഴിയുമ്പോൾ മാത്രമേ മരംമുറിയും പിൻവാതിൽ നിയമനവും വിവരച്ചോർച്ചയുമൊക്കെ ചർച്ച ചെയ്യുന്നതിൽ ഫലമുണ്ടാകൂ. അപ്പോൾ മാത്രമാണ് ആരോപണങ്ങൾക്കു മറുപടി പറയാനുള്ള സംസ്ഥാന മുഖ്യമന്ത്രിയെ കേരളത്തിനു ലഭിക്കൂ. അതല്ലാത്തപക്ഷം അതിനു മറുപടി പറയുന്ന പിണറായി വിജയൻ ഇരട്ടച്ചങ്കൻ മാത്രമായിരിക്കും. അതയാൾ പൊളിക്കട്ടെ. അതിനുശേഷം രാഷ്ട്രീയമായി എന്തു സംഭവിക്കും എന്നു നോക്കിക്കാണാം.

മറ്റൊരാരോപണം കൂടിയുണ്ട്. സുധാകരനിൽ നിന്നു കണ്ണൂരിലെ പ്രേതം വിട്ടൊഴിഞ്ഞിട്ടില്ല എന്ന്. അതങ്ങനെ വിട്ടൊഴിയാൻ പാകത്തിനുള്ളതല്ല എന്ന് ഇന്നു കൃത്യമായി ബോധ്യപ്പെട്ടു. പത്രസമ്മേളനത്തിനൊടുവിൽ സുധാകരൻ പറഞ്ഞത് ഇങ്ങനെയാണ് - "ചുറ്റിലും നിന്നു കരുത്തുപകർന്ന എന്റെ പത്തിരുപത്തിയെട്ടു കുട്ടികളെ വെട്ടിനുറുക്കിക്കൊന്ന്, ആ കബന്ധങ്ങൾ മാഹിപ്പുഴയുടെ തീരത്തുനിന്ന് റീത്തു വെച്ച് ഏറ്റുവാങ്ങുമ്പോൾ വിങ്ങിത്തുടിച്ച മനസ്സുമായി നിന്ന ഒരു രാഷ്ട്രീയ നേതാവാണു ഞാൻ. എനിക്കു വികാരമുണ്ടാകും. എനിക്കു വിചാരമുണ്ടാകും. എന്നിട്ടും പിണറായി വിജയന്റെ, സി.പി.ഐ.എമ്മിന്റെ പത്താളെ കൊന്നു കളയാമെന്നു സുധാകരൻ ചിന്തിച്ചിട്ടില്ല."

അതുതന്നെയാണു പറയാനുള്ളത്. അരനൂറ്റാണ്ടിലധികം കാലം ചോരയും മൃതദേഹങ്ങളും കണ്ടുമടുത്ത ഒരു മനുഷ്യൻ എല്ലായ്പ്പോഴും സംയമനത്തോടും പൊളിറ്റിക്കൽ കറക്റ്റ്നസ്സോടും കൂടി മാത്രമേ സംസാരിക്കൂ എന്നു വാശി പിടിക്കരുത്. അയാൾ വൈകാരികമായി സംസാരിക്കും. അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കും. ചോരയും മജ്ജയും മാംസവുമുള്ള മനുഷ്യനാണ്, പി.ആർ ഏജൻസികളുടെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന പാവയല്ല.

Latest News