Sorry, you need to enable JavaScript to visit this website.

ഗണേഷ്: തളരാത്ത ഉൾക്കരുത്ത്

2006 മെയ് അഞ്ചിനായിരുന്നു ഗണേഷിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിത ദുരന്തം വാഹനാപകടത്തിന്റെ രൂപത്തിൽ വന്നത്. പ്രതിസന്ധികൾ ഓരോന്നായി കടന്നു വന്നപ്പോഴെല്ലാം അപാരമായ മനോധൈര്യം കാണിച്ചു. ശാരീരിക വിഷമതയുള്ളപ്പോഴും വിദ്യാലയങ്ങളിലും സാന്ത്വന ചികിത്സാലയങ്ങളിലും ഗണേഷ് പ്രചോദന ക്ലാസ്സുമായി വീൽചെയറിൽ കുതിച്ചെത്തി.

ജീവിതകാലം മുഴുവൻ ലോക്ഡൗണിലായിപ്പോയ മനുഷ്യരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരനുഭവിക്കുന്ന വേദനയും ഒറ്റപ്പെടലും എത്ര ദുസ്സഹമായിരിക്കുമെന്ന് ഈ ലോക്ഡൗണിലിരുന്ന് ഒരു നിമിഷമെങ്കിലും  ആലോചിച്ചിട്ടുണ്ടോ?
ഏഴു വർഷം ചലനമറ്റ് കിടന്ന ശേഷം പതുക്കെപ്പതുക്കെ ജീവിതത്തിലേക്ക് തിരികെ എത്തുകയും മോട്ടിവേഷനിലൂടെ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് സമൂഹത്തിന് കാണിച്ചു കൊടുക്കുകയും ചെയ്ത പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് കൈലാസ് വീട്ടിൽ ഗണേഷ് നമ്മോട് ചോദിക്കുന്നു.


പ്രചോദനാത്മക ക്ലാസുകളിലൂടെയും സാന്ത്വന സന്നദ്ധ പ്രവർത്തനത്തിലൂടെയും വീൽചെയർ മോട്ടിവേറ്റർ എന്ന നിലയിൽ പ്രശസ്തനാണ് ഒറ്റപ്പാലം മുന്നൂർക്കോട്  കൈലാസ് വീട്ടിൽ ഗണേഷ്.
2006 മെയ് അഞ്ചിനായിരുന്നു ഗണേഷിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിത ദുരന്തം വാഹനാപകടത്തിന്റെ രൂപത്തിൽ വന്നത്. പ്രതിസന്ധികൾ ഓരോന്നായി കടന്നു വന്നപ്പോഴെല്ലാം അപാരമായ മനോധൈര്യം കാണിച്ചു.
ശാരീരിക വിഷമതയുള്ളപ്പോഴും വിദ്യാലയങ്ങളിലും സാന്ത്വന ചികിത്സാലയങ്ങളിലും ഗണേഷ് പ്രചോദന ക്ലാസ്സുമായി വീൽചെയറിൽ ഓടിയെത്തി. ജീവിതം അങ്ങനെ ഒഴുകിത്തുടങ്ങിയപ്പോഴാണ് കോവിഡും ലോക്്്ഡൗണും കടന്നുവരുന്നത്. ജീവിതം നമ്മെ നയിക്കുന്നത് ചില അവിചാരിത കാര്യങ്ങളിലേക്കായിരിക്കും. മൂന്നു വർഷം മുമ്പ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഗണേഷ് മാറിയതും പെട്ടന്നായിരുന്നു. വിധിയെ തോൽപ്പിച്ച ഗണേഷ് മറ്റൊരു നിധി സ്വന്തമാക്കി. അത് മറ്റൊന്നുമല്ല പ്രിയതമ ശ്രീലേഖയാണ്.
മട്ടന്നൂർ ചെമ്പിലോട് ഹയർ സെക്കന്ററി സ്‌കൂൾ ജ്യോഗ്രഫി അധ്യാപികയാണ ഗണേഷിന്റെ ജീവിതത്തിൽ പ്രകാശമായി മാറിയ ശ്രീലേഖ. ഗണേഷിനെ തേടി വരികയായിരുന്നു അവർ.
ആ കഥ ശ്രീലേഖ തന്നെ പറയുന്നു:
ചിറ്റൂർ കോളേജിൽ സഹപാഠി ആയിരുന്ന കാലത്ത് ഞങ്ങൾ തമ്മിൽ അറിയാം. പിന്നീട് ജീവിതം രണ്ടുവഴിക്കായി. അതിനിടയ്ക്കാണ് ഗണേഷിന് വാഹനാപകടം സംഭവിച്ചതും കിടപ്പിലായതും അറിയുന്നത്. കോളേജിൽ പഠന കാലത്ത് സുമുഖനായിരുന്ന ഗണേഷിനെ കാത്തിരുന്ന വിധി വളരെ ക്രൂരമായിരുന്നു. പക്ഷേ ഗണേഷ് തളർന്നില്ല. അനങ്ങാനാകാത്ത കിടപ്പും ചികിത്സയുമായി ഏഴു വർഷം പിന്നിട്ട് ഗണേഷ് പ്രചോദനക്ലാസുകളിൽ സജീവമായിത്തുടങ്ങി. അങ്ങനെ ഞങ്ങളുടെ സൗഹൃദം വിവാഹാലോചനയിലെത്തി. ഞാൻ എന്റെ ബന്ധുക്കളോട് വിവരം പറഞ്ഞു.
അച്ഛനും അമ്മയും എന്റെ ഇഷ്ടത്തെ എതിർത്തില്ല. എന്നാൽ ആഗ്രഹം അറിഞ്ഞപ്പോൾ ചില സുഹൃത്തുക്കൾ എതിർത്തു. എന്നോടുള്ള സ്‌നേഹമായിരിക്കാം എതിർപ്പിന്റെ കാരണം. എന്നാൽ ഗണേഷിന്റെ സ്വഭാവ ഗുണങ്ങളും സേവന മനസ്ഥിതിയും അവരെ ആകർഷിച്ചു. അങ്ങനെ 2018 ഏപ്രിൽ 9 ഒരു ഹർത്താൽ ദിനത്തിൽ ഞങ്ങൾ ഗുരുവായൂരമ്പലത്തിൽ വിവാഹിതരായി.
90 - ശതമാനം ശാരീരിക വൈകല്യമുള്ള ആളാണെങ്കിലും അദ്ദേഹത്തെ കണ്ടാൽ അങ്ങനെ തോന്നുകയില്ല. അറിയപ്പെടുന്ന പ്രചോദക പരിശീലകൻ,സാമൂഹിക പ്രവർത്തകൻ, മദ്യപാനമോ പുകവലിയോഇല്ലാത്ത, ആരോടും പരിഭവമില്ലാത്ത ഗണേഷ്. മനസ്സു തുറന്നു ചിരിക്കുന്നവർ പൂത്തുലഞ്ഞു നിൽക്കുന്ന ചെടിയാണെന്നൊരു കവിവാക്യമുണ്ട്.
കുറവുകളെ നിറവുകളാക്കി ജീവിക്കാൻ പഠിപ്പിക്കുന്ന ഭർത്താവാണ് അദ്ദേഹം.
ഒന്നിനും ആരോടും പരാതിപ്പെടാറില്ല, പരിഭവിക്കാറില്ല. ആരോഗ്യമുള്ള ഒരു ശരീരത്തിൽ ദുർബലമായ ഒരു മനസ്സുണ്ടായിട്ട് കാര്യമില്ല എന്നാണ് അദ്ദേഹം പറയാറുള്ളത്.
എന്തും പ്രസന്നതയോടെ നേരിടാനാണ് അദ്ദേഹത്തിനിഷ്ടം. ആ ഇഷ്ടങ്ങൾക്ക് ഇപ്പോൾ ഞാനും കൂട്ടാകുന്നു. ദുർബലത ഒന്നുമില്ലാതിരുന്നിട്ടും സ്‌നേഹിക്കാനറിയാത്ത ഒരാളാണ് എന്റെ ഭർത്താവെങ്കിലോ? ആരെക്കാളും എന്നെയും മകൻ അശ്വിനെയും പരിപാലിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.


എല്ലാ പൊരുത്തത്തിലും വലുത് മനപ്പൊരുത്തമാണല്ലോ.
അക്കാര്യത്തിൽ ഞങ്ങൾ സന്തുഷ്ടരാണ് - ശ്രീലേഖ പറയുന്നു.
ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതും സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരിക്കണം - ഗണേഷ് അഭിപ്രായപ്പെടുന്നു.
സമ്മിശ്രമായൊരു  പരീക്ഷണത്തിന്റെ പേരാണ് ജീവിതം. ഓരോ നിമിഷവും പ്രയോജനകരമാവണം. എനിക്ക് മുമ്പിലെത്തുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്‌നേഹം കാണുമ്പോൾ ജീവിതത്തിന്റെ ഓരോ നേരവും ആഹ്ലാദകരമായി  തോന്നുകയാണ്. ഓരോ ക്ലാസ് കഴിഞ്ഞു വരുമ്പോഴും കൂടുതൽ സ്‌നേഹിതരെ കിട്ടുന്നു. സമൂഹത്തിലെ പല പ്രഗത്ഭരുടേയും പ്രോത്സാഹനവും പിന്തുണയും കിട്ടി.
ഇന്നും എന്നെ വിടാതെ ഫോൺ ചെയ്ത് സ്‌നേഹത്തിന്റെ രസച്ചരട് പൊട്ടിപ്പോകാതെ നോക്കുന്നവർ എല്ലായിടത്തുമുണ്ട്. കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ ചിലർ ക്ഷണിക്കാത്തതിൽ പരിഭവം പറഞ്ഞു.
പലരും സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ വിവാഹ ഫോട്ടോ കണ്ട് വിളിച്ചു. ഒരുപാട് പേർ ഷെയർ ചെയ്തു. എല്ലാവരുടെയും ആശംസയും പ്രാർത്ഥനയും കിട്ടി. ഏതായാലും ഇത്രയധികം പേർ എന്നെയും കുടുംബത്തെയും സ്‌നേഹിക്കുന്നുണ്ടല്ലോ. അതുമതി - ഗണേഷിന്റെ വാക്കുകളിൽ സംതൃപ്തി.


ജീവിതം എന്നെ സമ്മർദ്ദത്തിലാക്കാറില്ല. ശരീരം ദുർബല മായതിനെക്കുറിച്ചോർത്ത് ഞാൻ ഇന്നുവരെ വിഷമിച്ചിട്ടില്ല. എന്നെ ഓർത്ത് കണ്ണീർ തുടച്ചിരുന്ന അമ്മ എന്നെ മനസ്സിലാക്കിയിടത്തു നിന്നും പുതിയ സ്വപ്നങ്ങൾ കണ്ടുതുടങ്ങി. ഈ കോവിഡ് കാലത്ത് ലോകത്തിന്റെ സമ്പൂർണ നിശ്ചലാവസ്ഥ, അപ്രതീക്ഷിതമരണങ്ങൾ.. മറ്റൊരു വിഷമവും എന്നെ അലട്ടുന്നില്ല.
 ജീവിതയാത്ര മുന്നോട്ട് നീങ്ങുകയാണ്. പുതിയ ലോകത്തിനും കാലത്തിനും ഉപകാരപ്രദമായ രീതിയിൽ ജീവിതരീതികളെ മാറ്റിപ്പണിയണം. മുമ്പിൽ വരുന്ന തടസ്സങ്ങളെല്ലാം അവസരങ്ങളാണ്. നമ്മൾ സ്വപ്‌നം കണ്ടതെല്ലാം ദൈവം നമുക്ക് നൽകണമെന്നില്ല. കോവിഡിന്റെ വിരസതയിൽ ഒരു പകിട്ടും പ്രദർശിപ്പിക്കാൻ ആർക്കും താൽപര്യമില്ല ഇപ്പോൾ. രോഗവും അവശതയും ഓർത്ത് നിരാശയോടെ ജീവിക്കണമെന്നല്ല, കയ്യിലുള്ള നിമിഷം സന്തോഷത്തോടെ ജീവിക്കണമെന്നതാണ് ഞങ്ങളുടെയും ആഗ്രഹം.
ഈ അസാധാരണ സമയം ജീവിതത്തെ മറ്റൊരു കാഴ്ചപ്പാടിലൂടെ കാണാൻ നമ്മെ പഠിപ്പിക്കുകയാവാം.
ഉവ്വ്, ഈ സമയവും കടന്നു പോകും.

Latest News