Sorry, you need to enable JavaScript to visit this website.
Friday , May   20, 2022
Friday , May   20, 2022

പ്രവാസികള്‍ ഗൗരവത്തിലെടുക്കണം, കുറ്റമെന്തെന്ന് പോലും അറിയാതെ ജയിലില്‍ പോകേണ്ടി വരും

പ്രവാസികള്‍ നാട്ടിലേക്കു പണം അയക്കുമ്പോള്‍ നിയമപരമായ സംവിധാനം ഉപയോഗിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഉണര്‍ത്തുകയാണ് കണ്ണൂരില്‍ അഭിഭാഷകനായ അഡ്വ.പി.പി. മുബശ്ശിര്‍ അലി ഇരിക്കൂര്‍.
പ്രവാസി സംഘടനകള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

 

https://www.malayalamnewsdaily.com/sites/default/files/2021/06/08/mubashir.jpg

രണ്ടാഴ്ച മുന്‍പ് എന്നെ ഒരു കക്ഷി വിളിച്ചു. അവന്റെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് നാലഞ്ചു ദിവസമായി ഉപയോഗിക്കുവാന്‍ കഴിയുന്നില്ല. അതെ തുടര്‍ന്ന് അയാള്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചു തകരാര്‍ പരിഹരിച്ചു തരാന്‍ ആവശ്യപ്പെട്ടു. അവര്‍ അന്വേഷിച്ചു വിവരം അറിയിക്കാമെന്നു പറഞ്ഞു. കുറച്ച് കഴിഞ്ഞ ശേഷം അവര്‍ വിളിച്ചു. നിങ്ങളുടെ അക്കൗണ്ട് ഇപ്പോള്‍ ഫ്രീസ് ചെയ്തിട്ടാണുള്ളതെന്നും നിങ്ങളുടെ അക്കൗണ്ടില്‍ ഫ്രോഡ്‌ലെന്റു ഇടപാട് നടന്നിട്ടുണ്ടെന്നും ബാങ്കില്‍ നേരിട്ട് ബന്ധപ്പെടണമെന്നും അറിയിച്ചു.

അതുപ്രകാരം അദ്ദേഹം ബാങ്കില്‍ പോയി കാര്യം അന്വേഷിച്ചു. അപ്പോള്‍ ആണ് ഞെട്ടിപ്പിക്കുന്ന വിവരം അറിയുന്നത്. എന്റെ കക്ഷിയുടെ അക്കൗണ്ടിലേക്ക് ഒരു ഫ്രോഡായ തുക വന്നിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രാദേശിലെ വിശാഖപ്പട്ടണം സൈബര്‍ ക്രൈം  പോലീസ് സ്‌റ്റേഷന്‍ ക്രൈം ഉണ്ടെന്നും അതില്‍ നിങ്ങള്‍ പ്രതിയാണെന്നും അവിടെ നിന്നും അക്കൗണ്ട് ഫ്രീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് ലഭിച്ചെന്നും പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിച്ചെന്നും അക്കൗണ്ട് ഫ്രീസ് ചെയ്തത് ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ആണെന്നും അറിയിച്ചു.

ഇത് കേട്ട അദ്ദേഹം ആകെ ഞെട്ടിപ്പോകുകയും ഉടന്‍ തന്നെ എന്നെ ബന്ധപ്പെടുകയും ചെയ്തു.എന്റെ കക്ഷിക്ക് സംസ്ഥാനത്തിന് പുറത്ത് ബിസിനസ്സൊന്നും ഇല്ല. അക്കൗണ്ടില്‍ അത്തരം ഫണ്ടുകളൊന്നും വരുത്താറില്ല. ആകെ ശമ്പളയിനത്തില്‍ ലഭിച്ച ഏതാണ്ട് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ഉണ്ടായിരുന്നു. സംശയമുള്ള ഒരു ഇടപാടും അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ കണ്ടിട്ടില്ല. ഞാന്‍ ബാങ്ക് മാനേജെറുമായി ഫോണില്‍ ബന്ധപ്പെട്ടു. കാര്യം അന്വേഷിച്ചു. അദ്ദേഹം െ്രെകം നമ്പറും മറ്റും എനിക്ക് നല്‍കി. ഒപ്പം ഈ കേസ് അന്വേഷിക്കുന്ന പോലീസ് ഓഫിസറുടെ ഫോണ്‍ നമ്പറും നല്‍കി. ഞാന്‍ ഉടന്‍ തന്നെ ആ ഓഫിസറെ ഫോണില്‍ വിളിച്ച് സംസാരിച്ചു.

വളരെ മാന്യമായി അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.  അവര്‍ ചില ഡാറ്റകള്‍ എനിക്ക് നല്‍കി. ഒരു സ്ത്രീക്ക് ഒരു ടെലിവിഷന്‍ പരിപാടിയില്‍ സമ്മാനമായി കിട്ടിയ 6500000/(അറുപത്തഞ്ചു ലക്ഷം രൂപ) ഒരാള്‍ ഓണ്‍ലൈനായി തട്ടിയെടുത്തതായും ഈ സംഖ്യ രാജ്യത്തെ നിരവധി ബാങ്ക് അക്കൗണ്ടകളിലായി ട്രാന്‍ഫര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ 11500 രൂപ എന്റെ കക്ഷിയുടെ അക്കൗണ്ടിലേക്ക് 2021 ഫെബ്രുവരി മാസം 20 ന് വന്നിട്ടുണ്ടെന്നും അത് പ്രകാരം ആണ് ഇയാളെ കേസില്‍ പ്രതിയാക്കിയതെന്നും അവിടത്തെ പ്രമാദമായ കേസ് ആണിതെന്നും  പ്രതികളെ അറസ്റ്റ് ചെയ്യാനും തുക വീണ്ടെടുക്കാനും കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും സഹകരിക്കണമെന്നും അവര്‍ എന്നോട് ആവശ്യപ്പെട്ടു.

അതുപ്രകാരം ഞാന്‍ എന്റെ കക്ഷിയുമായി ഈ വിവരങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ പോലീസുകാര്‍ പറഞ്ഞത് പ്രകാരമുള്ള സംഖ്യ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. അത് ഇയാളുടെ സഹോദരന്‍ ഗള്‍ഫില്‍ നിന്നും ഒരിക്കല്‍ അടിയന്തിര ആവശ്യത്തിനായി അയച്ചുകൊടുത്തതാണെന്നും അറിയിച്ചു. പരിശോധനയില്‍ ഈ സംഖ്യ വന്നത് paytm ട്രാന്‍ഫര്‍ ആയിട്ടാണ് എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ കൂടുതല്‍ അന്വേഷണം നടത്തി.

ഈ സംഖ്യ വന്ന മാര്‍ഗ്ഗം സംബന്ധിച്ച കാര്യങ്ങള്‍ വിദേശത്തുള്ള  ഇയാളുടെ ജ്യേഷ്ഠനോട് അന്വേഷിച്ചു. അപ്പോള്‍ അറിഞ്ഞത് അയാള്‍ അയാളുടെ ഒരു സുഹൃത്തിനോട് ഇത്രയും സംഖ്യ അയക്കാന്‍ ആവശ്യപ്പെട്ടുവെന്നും ദിര്‍ഹം കൈമാറിയെന്നും അയാള്‍ വേറെ ഒരാളോട് പണമയക്കാന്‍ ചുമതലപ്പെടുത്തിയെന്നും  അതുപ്രകാരം  ഇന്ത്യയിലെ മറ്റേതൊരു ടീമിന് നിര്‍ദ്ദേശം കിട്ടിയത് പ്രകാരം അവര്‍ ആണ് paytm ട്രാന്‍ഫറായി ഫണ്ട് അയച്ചതെന്നും മനസ്സിലായി.  ഈ വിഷയം വളരെ ഗുരുതരമായ ചതിക്കുഴി ആണെന്ന് മനസ്സിലാക്കി കൂടുതല്‍ ആളുകളിലേക്ക് ബന്ധപ്പെട്ടു. അപ്പോള്‍ ചില സൂചനകള്‍ ലഭിച്ചു. ചില ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ അവര്‍ തട്ടിയെടുത്ത സംഖ്യ വിപണിയിലിറക്കാന്‍ ഗള്‍ഫു മലയാളികളെ ഉപയോഗിക്കുന്നുവെന്നും ഇതുകാരണം മാന്യമായി ജോലി ചെയ്തു സമ്പാതിച്ചു ജീവിക്കുന്ന നിരപരാധികള്‍ അറിയാതെ കേസില്‍ പ്രതിയാക്കപ്പെടന്നുവെന്നും അവരുടെ പണം നഷ്ടപ്പെടുന്നുവെന്നും മനസ്സിലാക്കുന്നത്.തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ അപകടകരമായ സംഭവങ്ങള്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നടക്കുന്നതയും ബോധ്യപ്പെട്ടു.  സമാന സംഭവങ്ങള്‍ എന്റെ കക്ഷിയെ പോലെ നിരവധി പേര്‍ക്ക് നിലവില്‍ സംഭവിച്ചതായി അറിയുവാന്‍ കഴിഞ്ഞു. വിശാഖപട്ടണം പോലീസുമായി വീണ്ടും ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത്  വലിയ തുക തട്ടിയെടുത്ത കേസുകള്‍ വേറെയുമുണ്ടെന്നും അത് കണ്ണൂര്‍ ജില്ലയില്‍ തന്നെ ഉണ്ടെന്നും ഗവണ്മെന്റ് പറയുന്നത് രാജ്യദ്രോഹവും യൂ എ പി എ ചുമത്തണമെന്നും ഒരു വാഹനത്തില്‍ കണ്ണൂരില്‍ വന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമൊക്ക ആണെന്നും ലോക്‌ഡോണ്‍ ആയതുകൊണ്ടാണ് പോലീസ് ടീം ഇപ്പോള്‍ ഇങ്ങോട്ട് വരാത്തതെന്നും അവര്‍ അറിയിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പ് സംഖ്യകള്‍ ഗള്‍ഫ് മലയാളികളിലൂടെ കേരളത്തില്‍ വിതരണം ചെയ്യപ്പെട്ട് തട്ടിപ്പ് സംഘങ്ങള്‍ നിയമസംവിധാനങ്ങളെ വെറും കാഴ്ചക്കാരാക്കി യത് എന്റെ പ്രിയപ്പെട്ട പ്രവാസികള്‍ മനസ്സിലാക്കണം. ഇപ്പോളും അക്കൗണ്ട് അണ്‍ഫ്രീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം സഹോദരന്‍ ഗള്‍ഫില്‍ നിന്നും വളരെ അത്യാവശ്യമായി അയച്ച പണം ഈ രൂപത്തില്‍ തട്ടിപ്പ് സംഘങ്ങളുടെ കയ്യിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തങ്ങളിലൂടെ paytm പോലെയുള്ള റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാത്ത ആ പ്പുകളിലൂടെ വന്ന് ഇങ്ങനെ ഒരു ദുരന്തം സമ്മാനിക്കുന്നത് ഒരു സാധാരണക്കാരന്റെ ജീവിതം തന്നെ തകര്‍ക്കും വിധം മാരകമായി മാറിക്കൊണ്ടിരിക്കുന്നു. അക്കൗണ്ടില്‍ വന്ന സംഖ്യ തിരിച്ചു നല്‍കി പോലീസുമായി അന്വേഷണത്തില്‍ സഹകരിച്ച് നിരപരാധിത്വം അവരെ ബോധ്യപ്പെടുത്തി തല്ക്കാലം അക്കൗണ്ട് അണ്‍ഫ്രീസ് ചെയ്തു കിട്ടാനുള്ള ശ്രമത്തിലാണിപ്പോള്‍. അത് കഴിഞ്ഞാല്‍ കേസില്‍ ഉടന്‍ വിശാഖപട്ടണത്ത് പോയി ജാമ്യം എടുക്കണം. പിന്നെയും തുടരണം നിയമനടപടികള്‍  കേസില്‍ നിന്നും രക്ഷപ്പെടാന്‍. ഇതൊരു സഹോദരന്റെ അവസ്ഥ.ഇതുപോലെ സംഭവിക്കാതിരിക്കുവാന്‍ പ്രവാസികള്‍ നാട്ടിലേക്കു പണം അയക്കുമ്പോള്‍ നിയമപരമായ സംവിധാനം ഉപയോഗിച്ച് ജാഗ്രതപാലിക്കുക. പ്രവാസി സംഘടനകള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണം. അല്ലെങ്കില്‍ ഒരു തീവ്രദിയെപ്പോലെ നമ്മുടെ സഹോദരങ്ങള്‍ ജയിലിലേക്ക് വരിവരിയായി പോകേണ്ടിവരും. അതും ചെയ്യാത്ത തെറ്റിനുവേണ്ടി. ദയവ് ചെയ്തു അതിന് ഇടവരുത്താതിരിക്കുക.
അഡ്വ. പി.പി. മുബശ്ശിര്‍ അലി ഇരിക്കൂര്‍
അഡ്വക്കേറ്റ് & നോട്ടറി, കണ്ണൂര്‍
07062021

 

Latest News