Sorry, you need to enable JavaScript to visit this website.

ഇരുട്ടിലാണ്ട ഇടനാഴികള്‍, കലപിലയില്ലാത്ത ക്ലാസ്സ് മുറികള്‍... ഒരു അധ്യാപികയുടെ സങ്കടക്കുറിപ്പ്

ഴിഞ്ഞ വര്‍ഷം, 2020 മാര്‍ച്ച് അഞ്ചിന് തികച്ചും അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വന്ന ഒരു അധ്യയനവര്‍ഷത്തിന്റെ ബാക്കിപത്രമെന്നോണം, സ്‌കൂള്‍ അലമാരയില്‍ കുടുങ്ങിപ്പോയ, കുട്ടികളുടെ മാര്‍ക്ക് ഷീറ്റുകളും സര്‍ട്ടിഫിക്കറ്റുകളും. ഇന്ന്, നാളെയെന്ന കാത്തിരിപ്പ് നീണ്ടിതാ ഒരാണ്ടു  പിന്നിട്ടു. കഴിഞ്ഞ ദിവസമാണ് ഒഫീഷ്യല്‍ ഗ്രൂപ്പില്‍ വന്ന സൂപ്പര്‍വൈസറുടെ മെസ്സേജ് അനുസരിച്ച് ഒക്കെ ഷെല്‍ഫില്‍നിന്നു എടുത്തു ക്ലാസ്സും ഡിവിഷനും എഴുതി ഓഫീസില്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ സ്‌കൂളിലേക്ക് ചെന്നത്.

ഇതിനിടക്ക് ഒന്ന് രണ്ടു ദിവസങ്ങളില്‍ ലെസ്സണ്‍ പ്ലാന്‍ സബ്മിഷനും മറ്റും ആയി സ്‌കൂളിലേക്ക് പോയിരുന്നെങ്കിലും ഓഫീസ് വരെ പോയി സോഷ്യല്‍ ഡിസ്റ്റന്‍സിംഗില്‍ തന്നെ നിന്നു മാഡത്തിനെ ഒന്ന് തല കാണിച്ചു തിരികെ വരികയായിരുന്നു. അടഞ്ഞു കിടന്ന ക്ലാസ്സ് മുറികളിലേക്ക് ഒന്നുനോക്കാന്‍ കൂടി എന്തുകൊണ്ടോ മനസ്സനുവദിച്ചില്ല.

https://www.malayalamnewsdaily.com/sites/default/files/filefield_paths/whatsapp_image_2021-06-07_at_9.05.55_pm.jpeg

പക്ഷേ ഇന്ന് അങ്ങനെയല്ലായിരുന്നു. ഷെല്‍ഫിന്റെ താക്കോലുമായാണ് ഞാന്‍ പോയത്, എനിക്ക് ക്ലാസ്സിലേക്ക് ചെന്നേ പറ്റൂ. ഷെല്‍ഫില്‍നിന്ന് ഒക്കെ എടുത്ത് മാഡത്തിനെ ഏല്‍പ്പിക്കണം. ഓഫീസിലേക്ക് കയറി മാഡത്തിനെ കണ്ട് വിഷ് ചെയ്തു, ഫസ്റ്റ് ഫ്‌ളോറില്‍ ആണ് എന്റെ ക്ലാസ്. കുട്ടികളുടെ കളിചിരികള്‍ നിറഞ്ഞുനിന്ന ഇടനാഴിയില്‍ ആകെ ഇരുട്ട്. 'ഡോണ്‍ റണ്‍ ത്രൂ ദ കോറിഡോര്‍ ചില്‍ഡ്രന്‍... ' കരുതലോടെ കുഞ്ഞുങ്ങളെ ശാസിച്ചിരുന്ന അധ്യാപക സുഹൃത്തുക്കളുടെ ശബ്ദങ്ങളില്ല ....

ഇടനാഴിക്ക് ഇരുവശവുമുള്ള ക്ലാസ്സ് മുറികള്‍ ഒക്കെയും അടഞ്ഞുകിടക്കുന്നു. ആദ്യം ഒന്ന് അറച്ച് നിന്നെങ്കിലും ലൈറ്റിട്ട് ഞാന്‍ മെല്ലെ മുന്‍പോട്ടു നടന്നു. ഇടനാഴിയുടെ ഇടതുവശത്തായി ഏറ്റവും ഒടുവിലത്തേതായിരുന്നു എന്റെ ക്ലാസ് മുറി. അടഞ്ഞു കിടന്ന വാതില്‍ മെല്ലെ തുറന്നു അകത്തേക്ക് കയറി. ഏറ്റവും ഒടുവിലത്തെ ക്ലാസ് റൂം ആയതിനാല്‍ പുറത്തേക്ക് തുറക്കുന്ന ഒരു ചെറിയ ഗ്ലാസ് ഡോറും ഒരു ബാല്‍ക്കണിയുംകൂടി ഉണ്ട്. അവിടെനിന്നു പകല്‍വെട്ടം ഗ്ലാസ് ഡോറിലൂടെ ആവശ്യത്തിലധികം ക്ലാസ്സിന് ഉള്ളിലേക്കെത്തിയിരുന്നു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/whatsapp_image_2021-06-07_at_9.05.56_pm_1.jpeg

അകത്തേക്ക് കയറിയതും വല്ലാത്തൊരു നെഞ്ചിടിപ്പ്. ഭംഗിയുള്ള നക്ഷത്രങ്ങളെപ്പോലെ കണ്ണ് ചിമ്മി എന്നെ നോക്കി നിന്നിരുന്ന കുഞ്ഞുമുഖങ്ങള്‍ ഇല്ല, അവരുടെ സ്‌നേഹനിര്‍ഭരമായ 'റ്റീച്ചര്‍ - റ്റീച്ചര്‍' വിളികളില്ല. പകരം പറഞ്ഞറിയിക്കാനാവാത്തൊരു ശൂന്യത  എനിക്ക് ചുറ്റും നിറഞ്ഞു. ഒന്നിനുമേല്‍ ഒന്നായി അടുക്കി ഒതുക്കി വെച്ചിരിക്കുന്ന കുഞ്ഞു കസേരകള്‍, മേശകള്‍...

ഞാന്‍  ബാല്‍ക്കണിയിലേക്ക് തുറക്കുന്ന ഗ്ലാസ് ഡോര്‍ തുറന്ന്  പുറത്തേക്കിറങ്ങി, കുഞ്ഞുങ്ങള്‍ തന്നെ കൊണ്ടുവന്ന ഐസ്‌ക്രീമിന്റയും തൈരിന്റേയും ഒക്കെ ഒഴിഞ്ഞ ടിന്നുകളില്‍ മണ്ണ് നിറച്ച് വെള്ളമൊഴിച്ച്  ഒരുമിച്ചു നട്ടുവളര്‍ത്തിയ പത്തുമണി പൂക്കളും തുളസിയും കറ്റാര്‍വാഴയും പനിക്കൂര്‍ക്കയും ഒക്കെ പട്ടുപോയിരിക്കുന്നു. പത്ത് മണി ചെടികളില്‍ ഒത്തിരി പൂ പിടിച്ചിരുന്നു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/whatsapp_image_2021-06-07_at_9.07.00_pm.jpeg

കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തില്‍  തന്നെ, ക്ലീനറായി നിന്ന കരീമിനോട് പൊടിപിടിച്ചു കിടന്ന ബാല്‍ക്കണി ഒന്ന് ക്ലീന്‍ ആക്കി തരുമോ എന്ന്  ചോദിച്ചപ്പോള്‍ സന്തോഷത്തോടെ അവനത്  സമ്മതിച്ചു. പിറ്റേന്ന് വന്നപ്പോള്‍ ബാല്‍ക്കണി തൂത്തു തുടച്ചു നല്ല ഭംഗിയാക്കി ഇട്ടിരിക്കുന്നു കരീം. അതിനു ശേഷമാണ് കുഞ്ഞുങ്ങളുമായി ചേര്‍ന്ന് ചെറിയൊരു ഗാര്‍ഡനിംഗ് പരിപാടി തുടങ്ങിയത്. അവരും അത് നന്നായി എന്‍ജോയ് ചെയ്തു. പത്തുമണിയില്‍ ഒരു പൂ വന്നപ്പോള്‍ തന്നെ എല്ലാവരും വല്ലാതെ എക്‌സൈറ്റഡ് ആയിരുന്നു. 'റ്റീച്ചര്‍ ദേര്‍ ഈസ് എ ഫ്‌ളവര്‍, ദെന്‍ വെയര്‍ ഈസ് ദ ബട്ടര്‍ഫ്‌ളൈ?' ചിത്രശലഭത്തിനെ പോലെ ഭംഗിയുള്ള എന്റെ സുനൈറ എപ്പോഴും എന്നോട് 'റ്റീച്ചര്‍ ബട്ടര്‍ഫ്‌ളൈ കബ്  ആയേഗീ?' ചോദിക്കുമായിരുന്നു പാഠപുസ്തകങ്ങളിലും, കാര്‍ട്ടൂണുകളിലുമൊക്കെ കാണാറുള്ള വര്‍ണാഭമായ പൂക്കളോടൊപ്പം എപ്പോഴും അവര്‍ ചിത്രശലഭങ്ങളേയും കണ്ടിരിക്കാം ....
 
ഇനി ഒരറിയിപ്പുണ്ടാകും വരെ  ഇങ്ങോട്ടേക്ക് വരേണ്ടതില്ല എന്ന് ഇന്‍സ്ട്രക്ഷന്‍ കിട്ടി സ്‌കൂളില്‍നിന്ന് ഇറങ്ങിയ അവസാനത്തെ ദിവസം കരീമിനോട് പറഞ്ഞേല്‍പ്പിച്ച് പോന്നതാണ് 'ചെടികള്‍ക്ക് വെള്ളമൊഴിച്ചേക്കണേ'. ഇന്നിതാ ചെടികളുമില്ല, കരീമുമില്ല. അപ്രതീക്ഷിതമായി അടഞ്ഞുപോയ വാതിലുകള്‍ എത്രയോ പേരുടെ അന്നം മുട്ടിച്ചിരിക്കണം. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഒട്ടുമിക്ക സ്റ്റാഫിനും ജോലി നഷ്ടമായി പോയിരുന്നു. ഒരുപക്ഷേ പോകുന്നത് വരെയും അവന്‍ ചെടികള്‍ക്ക് വെള്ളം പകര്‍ന്നിരിക്കാം. അധികനേരം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല, ഒരു ദീര്‍ഘനിശ്വാസത്തോടെ അകത്തേക്ക് കയറി ഗ്ലാസ് ഡോര്‍ അടച്ചു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/whatsapp_image_2021-06-07_at_9.05.56_pm_3.jpeg

ബാഗില്‍നിന്നു ഷെല്‍ഫിന്റെ താക്കോല്‍ എടുത്തു തുറന്നു, ഒരു നിമിഷം അതിനകത്തിരുന്ന സാധനങ്ങളൊക്കെ  തുറിച്ചു നോക്കുന്നതുപോലെ ..
എയര്‍ ഫ്രഷ്‌നര്‍ എടുത്ത് വെറുതെ ഒന്ന് സ്‌പ്രേ ചെയ്തു. അതു ഞാന്‍  ക്ലാസ്സില്‍ സ്‌പ്രേ ചെയ്യാറുള്ളപ്പോഴൊക്കെ  അതിന്റെ  ....ശ്ശ്ശ്ശ് ശബ്ദവും സുഖമുള്ള മണവും കൗതുകത്തോടെ ആസ്വദിച്ചിരിക്കുന്ന കുഞ്ഞുമുഖങ്ങളെ ഓര്‍ത്തു.
പലനിറങ്ങളിലുള്ള വലുതും ചെറുതുമായ ചോക്കുകള്‍ ഇട്ടു വച്ചിരുന്ന ചെറിയ ചോക്ക് ബോക്‌സ്. എഴുതി തീരാറാകുമ്പോള്‍ കൈയില്‍ നിന്നു താഴേക്കു വീണുപോകാറുള്ള ചെറിയൊരു ചോക്ക് പീസ്‌പോലും  നഷ്ടമാക്കാതെ ഓടിവന്ന് പെറുക്കിയെടുത്ത് അവര്‍ അതിലേക്കിട്ടിരുന്നതോര്‍ത്തു.

റൈറ്റിംഗ് പെന്‍സില്‍സും കളര്‍ പെന്‍സില്‍സും എറെയ്‌സേഴ്‌സും ഒക്കെ നിറച്ച വലിയൊരു ബോക്‌സ് എന്നും ഞാനെന്റെ മേശപ്പുറത്ത് അവര്‍ക്കായി വെക്കുമായിരുന്നത് 'ഷേയറിംഗ് ഈസ് കെയറിംഗ്' എന്ന നന്‍മയുടെ സന്ദേശം ഉള്‍ക്കൊണ്ട് അവര്‍ യഥേഷ്ടം എടുക്കുകയും ഉപയോഗിക്കുകയും      കൈമാറുകയും സൂക്ഷ്മതയോടെ അതില്‍ തന്നെ  തിരിച്ച് വെക്കുകയും ചെയ്യുമായിരുന്നു.

ചോക്ലേറ്റ് ബോക്‌സ്. ആദ്യമൊക്കെ ഞാന്‍ അതെടുക്കുമ്പോള്‍   'ടീച്ചര്‍ ഐ വാണ്ട് ദിസ് .... ഐ വാണ്ട് ദാറ്റ്' പറഞ്ഞു കലപില കൂട്ടി നിന്ന കുഞ്ഞുങ്ങള്‍
'ഡോണ്‍ഡ് ബി ഗ്രീഡി' സ്റ്റോറി പഠിച്ചതിനുശേഷം  ക്ഷമയോടെ തങ്ങളുടെ ഊഴം കാത്തുനിന്നിരുന്നതോര്‍ത്തു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/whatsapp_image_2021-06-07_at_9.05.56_pm.jpeg

അവരുടെ നോട്ടുബുക്കുകളില്‍ ഒട്ടിച്ച് ബാക്കിവന്ന വേര്‍ഡ്‌സ് ആന്‍ഡ് നമ്പേഴ്‌സ് സ്ട്രിപ്‌സും ഗ്ലൂ ബോട്ടിലും. ഞാനത് അവര്‍ക്കായി ചെയ്യാന്‍ ഇരിക്കുമ്പോഴൊക്കെ ഓരോരോ ബുക്ക്  ആയി തുറന്നു തരാനും. പിന്നെ അത് തിരികെ ഷെല്‍ഫിലേക്ക് അടുക്കി വയ്ക്കാനും കൂട്ടുകാരെ തിരികെ ഏല്‍പ്പിക്കാനും ഒക്കെ കുഞ്ഞുകുഞ്ഞ് സഹായഹസ്തങ്ങള്‍ നീട്ടി അവര്‍ തികഞ്ഞ അച്ചടക്കത്തോടെ അതിലേറെ ഇഷ്ടത്തോടെ എനിക്ക് ചുറ്റും നിന്നിരുന്നതോര്‍ത്തു.

സൂക്ഷ്മതയുടെ, ക്ഷമയുടെ,  അച്ചടക്കത്തിന്റെ,  പരസ്പര സ്‌നേഹത്തിന്റെ, കരുതലിന്റെ അങ്ങനെയങ്ങനെ വിദ്യാലയങ്ങളില്‍ നിന്ന് പകര്‍ന്നു കിട്ടേണ്ട എത്രയെത്ര  പാഠങ്ങളാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്  നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
 
അണുബാധയുടെ ആശങ്കകളും സംഘര്‍ഷങ്ങളും കാര്‍മേഘങ്ങള്‍ നിറച്ച വര്‍ത്തമാനകാലത്തിനപ്പുറം നാളെയുടെ നൈര്‍മല്യമുള്ളൊരു നീലാകാശത്തിലേക്ക് പറന്നുയരാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കഴിയട്ടെ. പ്രാര്‍ഥനയോടെ കാത്തിരിക്കാം...

(ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയാണ് ലേഖിക)

 

Latest News