നിയോം പദ്ധതി, ചെങ്കടൽ പദ്ധതി, ഖിദ്‌യ വിനോദ സഞ്ചാര പദ്ധതി, സബ്‌സിഡികൾ എടുത്തുകളഞ്ഞ് കുറഞ്ഞ വരുമാനക്കാരും ഇടത്തരം വരുമാനക്കാരുമായ സൗദി കുടുംബങ്ങൾക്ക് സബ്‌സിഡി ഇനത്തിലുള്ള ധനസഹായം നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്, സിഗരറ്റും പുകയില ഉൽപന്നങ്ങളും എനർജി ഡ്രിങ്കുകളും ശീതള പാനീയങ്ങളും അടക്കമുള്ള ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സ് നടപ്പാക്കിയത് എന്നിവയെല്ലാം സാമ്പത്തിക മേഖലയിൽ വമ്പിച്ച സ്വാധീനം ചെലുത്തുന്ന പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമാണ്.
രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, തൊഴിൽ മേഖലകളിൽ ആധുനിക സൗദി അറേബ്യയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് വിട വാങ്ങുന്നത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെ പദവിയിൽ നിന്ന് നീക്കി പകരം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ നിയമിച്ചതും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിച്ഛേദിച്ചതും റിയാദിൽ നടന്ന അറബ്-ഇസ്‌ലാമിക്-അമേരിക്കൻ ഉച്ചകോടിയും മന്ത്രിമാരും രാജകുമാരന്മാരും വ്യവസായ പ്രമുഖരും അടക്കമുള്ളവരെ അഴിമതി കേസുകളിൽ അറസ്റ്റ് ചെയ്തതും രാഷ്ട്രീയ തലത്തിൽ ഈ വർഷം സൗദി അറേബ്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സംഭവങ്ങളായിരുന്നു. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതിയും സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾക്ക് വനിതകൾക്ക് രക്ഷാകർത്താക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കിയതും ഫുട്‌ബോൾ സ്റ്റേഡിയങ്ങളിലേക്ക് വനിതകൾക്ക് പ്രവേശനം അനുവദിക്കാനും സിനിമാ തിയേറ്ററുകൾക്ക് ലൈസൻസ് നൽകാനുമുള്ള തീരുമാനങ്ങളും സാമൂഹിക തലത്തിൽ വലിയ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന ചരിത്രപരവും സുധീരവുമായ തീരുമാനങ്ങളാണ്.
നിയോം പദ്ധതി, ചെങ്കടൽ പദ്ധതി, ഖിദ്‌യ വിനോദ സഞ്ചാര പദ്ധതി, സബ്‌സിഡികൾ എടുത്തുകളഞ്ഞ് കുറഞ്ഞ വരുമാനക്കാരും ഇടത്തരം വരുമാനക്കാരുമായ സൗദി കുടുംബങ്ങൾക്ക് സബ്‌സിഡി ഇനത്തിലുള്ള ധനസഹായം നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്, സിഗരറ്റും പുകയില ഉൽപന്നങ്ങളും എനർജി ഡ്രിങ്കുകളും ശീതള പാനീയങ്ങളും അടക്കമുള്ള ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സ് നടപ്പാക്കിയത് എന്നിവയെല്ലാം സാമ്പത്തിക മേഖലയിൽ വമ്പിച്ച സ്വാധീനം ചെലുത്തുന്ന പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമാണ്. തടവും പിഴയും പ്രവേശന വിലക്കും അടക്കമുള്ള ശിക്ഷാ നടപടികൾ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് അവസരം നൽകുന്നതിന് നടപ്പാക്കിയ പൊതുമാപ്പ്, ആശ്രിത ലെവി, വിവിധ മേഖലകളിൽ നടപ്പാക്കിയ സമ്പൂർണ സൗദിവൽക്കരണം, സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കേണ്ട സ്വദേശിവൽക്കരണ അനുപാതം വലിയ തോതിൽ ഉയർത്തി നിതാഖാത്തിൽ വരുത്തിയ പരിഷ്‌കരണം എന്നിവ തൊഴിൽ മേഖലയിൽ നടപ്പാക്കിയ ഏറ്റവും പ്രധാന സംഭവങ്ങളാണ്.
2017 ൽ സൗദി അറേബ്യ സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങൾ
ജനുവരി 31: സൗദി യുദ്ധക്കപ്പലിനു നേരെ യെമനിലെ അൽഹുദൈദ തുറമുഖത്തിനു സമീപം വെച്ച് ഹൂത്തികളുടെ ആക്രമണം. സ്‌ഫോടക വസ്തുക്കൾ നിറച്ച ബോട്ടുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.
ഫെബ്രുവരി 26: സൽമാൻ രാജാവിന്റെ ഏഷ്യൻ പര്യടനത്തിന് തുടക്കം. രാജാവ് സന്ദർശിച്ചത് മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങൾ.
മാർച്ച് 27: ഇരുപത്തിയെട്ടാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് രാജാവ് ജോർദാനിൽ.
ഏപ്രിൽ 7: 334 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശത്ത്, ലോകത്തെ ഏറ്റവും വലിയ വിനോദ പദ്ധതിയായ ഖിദ്‌യ പദ്ധതി പ്രഖ്യാപനം.
ഏപ്രിൽ 22: മന്ത്രിസഭാ പുനഃസംഘടന. ഏതാനും മന്ത്രിമാരെയും ഗവർണർമാരെയും പദവിയിൽ നിന്ന് നീക്കി. യെമൻ യുദ്ധത്തിൽ പങ്കെടുക്കുന്ന മുഴുവൻ സൈനികർക്കും സുരക്ഷാ ഭടന്മാർക്കും രണ്ടു മാസത്തെ ശമ്പളം ബോണസ്.
മെയ് 17: സൗദി മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനി സ്ഥാപന പ്രഖ്യാപനം.
മെയ് 20: റിയാദിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ജി.സി.സി-അമേരിക്കൻ ഉച്ചകോടി, അറബ്-ഇസ്‌ലാമിക്-അമേരിക്കൻ ഉച്ചകോടി.
ജൂൺ 4: ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും അതിർത്തികൾ അടക്കുകയും ചെയ്തു.
ജൂൺ 11: ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സ് പ്രാബല്യത്തിൽ.
ജൂൺ 21: കിരീടാവകാശി, ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി പദവിയിൽ നിന്ന് മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെ നീക്കി. പകരം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായും അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനെ ആഭ്യന്തര മന്ത്രിയായും നിയമിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം വെട്ടിക്കുറക്കുകയോ റദ്ദാക്കുകയോ ചെയ്ത സർക്കാർ ജീവനക്കാരുടെ മുഴുവൻ അലവൻസുകളും മുൻകാല പ്രാബല്യത്തോടെ പുനഃസ്ഥാപിക്കുന്നതിന് രാജാവിന്റെ ഉത്തരവ്.
ജൂൺ 23: വിശുദ്ധ ഹറമിൽ ഭീകരാക്രമണം നടത്തുന്നതിനുള്ള ഐ.എസ് ഭീകരരുടെ പദ്ധതി സുരക്ഷാ വകുപ്പുകൾ പരാജയപ്പെടുത്തി.
ജൂലൈ 18: ഹറമൈൻ ട്രെയിൻ ആദ്യമായി ജിദ്ദയിലെത്തി.
ജൂലൈ 20: കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട നിസ്സാര പ്രശ്‌നത്തിന്റെ പേരിൽ വിദേശികൾ അടക്കമുള്ളവരെ ക്രൂരമായി മർദിച്ച സൗദ് ബിൻ അബ്ദുൽ അസീസ് ബിൻ മുസാഅദ് ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് അൽസൗദ് രാജകുമാരനെയും സഹായികളെയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് രാജാവിന്റെ ഉത്തരവ്.
ജൂലൈ 22: യാമ്പുവിൽ എണ്ണ റിഫൈനറി ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം.
ജൂലൈ 31: ചെങ്കടലിൽ ഉംലജിനും അൽവജിനും ഇടയിൽ 50 ലേറെ ദ്വീപുകളിൽ റിസോർട്ടുകൾ നിർമിക്കുന്നതിനുള്ള ചെങ്കടൽ പദ്ധതി പ്രഖ്യാപനം.
ഓഗസ്റ്റ് 14: പ്രതിവാര മന്ത്രിസഭാ യോഗം തിങ്കളാഴ്ചക്കു പകരം ചൊവ്വാഴ്ചകളിൽ നടത്തുന്നതിന് തീരുമാനം.
സെപ്റ്റംബർ 5: ലോക കപ്പ് ഫൈനലിലേക്ക് സൗദി ടീം യോഗ്യത നേടി.
നവംബർ 5: അസീർ ഡെപ്യൂട്ടി ഗവർണർ മൻസൂർ ബിൻ മുഖ്‌രിൻ രാജകുമാരനും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു.
ഒക്‌ടോബർ 17: ഹറമൈൻ ട്രെയിൻ ആദ്യമായി വിശുദ്ധ മക്കയിലേക്ക് പരീക്ഷണ സർവീസ് നടത്തി.
ഒക്‌ടോബർ 18: പ്രവാചക നഗരിയിൽ ഹദീസ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. കിംഗ് സൽമാൻ ഹദീസ് കോംപ്ലക്‌സ് എന്ന പേരിലാണ് സ്ഥാപനം അറിയപ്പെടുക.
ഒക്‌ടോബർ 24: 26,500 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത്, അര ലക്ഷം കോടി ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്ന, ലോകത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം ഫ്യൂച്ചർ ഡെസ്റ്റിനേഷൻ പദ്ധതി പ്രഖ്യാപനം.
നവംബർ 4: അഴിമതി വിരുദ്ധ പോരാട്ടത്തിന് കിരീടാവകാശിയുടെ അധ്യക്ഷതയിൽ സുപ്രീം കമ്മിറ്റി രൂപീകരിച്ചു. മന്ത്രിമാരും രാജകുമാരന്മാരും വ്യവസായികളും അടക്കമുള്ളവർ അഴിമതി കേസുകളിൽ അറസ്റ്റിൽ. റിയാദ് എയർപോർട്ടിനു നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണ ശ്രമം.
നവംബർ 14: അന്ത്യോഖ്യാ സിറിയൻ മരോനൈറ്റ് സഭ തലവൻ പാത്രിയാർക്കീസ് മാർബിശാറ പത്രോസ് അൽറായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി.
ഡിസംബർ 11: സിനിമാ തിയേറ്ററുകൾക്ക് ലൈസൻസ് നൽകുന്നതിന് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ ഡയറക്ടർ ബോർഡിന്റെ തീരുമാനം.
ഡിസംബർ 13: ശൂറാ കൗൺസിലിൽ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗം. പരിഷ്‌കരണങ്ങൾ തുടരുമെന്ന് വ്യക്തമാക്കിയ രാജാവ് പരിഷ്‌കരണങ്ങളെ എതിർക്കുന്ന തീവ്രവാദികൾക്കും പരിഷ്‌കരണങ്ങളെ ജീർണതകൾ പ്രചരിപ്പിക്കുന്നതിനുള്ള അവസരമായി കാണുന്നവർക്കും മുന്നറിയിപ്പ് നൽകി.
ഡിസംബർ 19: 978 ബില്യൺ റിയാൽ ചെലവും 783 ബില്യൺ റിയാൽ വരവും 195 ബില്യൺ റിയാൽ കമ്മിയും കണക്കാക്കുന്ന, സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് മന്ത്രിസഭ അംഗീകരിച്ചു. റിയാദിനു നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണ ശ്രമം.
ഡിസംബർ 21: വൈദ്യുതി, ഇന്ധന സബ്‌സിഡികൾ എടുത്തുകളയുന്നതിനു മുന്നോടിയായി അർഹരായ സൗദി പൗരന്മാർക്ക് അക്കൗണ്ടുകൾ വഴി സബ്‌സിഡി ഇനത്തിലുള്ള ധനസഹായം നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം.
വനിതകളുമായി ബന്ധപ്പെട്ട ചരിത്ര തീരുമാനങ്ങൾ
മെയ് 4: സർക്കാർ വകുപ്പുകളിൽ നിന്ന് സൗദി വനിതകൾക്കുള്ള സേവനങ്ങൾക്ക് രക്ഷാകർത്താവിന്റെ സമ്മതം വേണമെന്ന വ്യവസ്ഥ റദ്ദാക്കി.
സെപ്റ്റംബർ 26: വനിതകൾക്ക് ഡ്രൈവിംഗ് അനുമതി പ്രഖ്യാപനം.
ഒക്‌ടോബർ 29: സ്റ്റേഡിയങ്ങളിൽ വനിതകൾക്ക് പ്രവേശനം നൽകുന്നതിന് തീരുമാനം.
തൊഴിൽ മേഖലയുമായും വിദേശികളുമായും ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ
മാർച്ച് 29: ഇഖാമ, തൊഴിൽ നിയമ ലംഘകർക്കുള്ള പൊതുമാപ്പിന് തുടക്കം.
ജൂലൈ 1: സൗദിയിൽ ആദ്യമായി ആശ്രിത ലെവിൽ പ്രാബല്യത്തിൽ
സെപ്റ്റംബർ 3: നിതാഖാത്ത് അനുപാതത്തിൽ ഭേദഗതികൾ നിലവിൽവന്നു.
സെപ്റ്റംബർ 21: അൽഖസീം പ്രവിശ്യയിൽ ഷോപ്പിംഗ് മാൾ സൗദിവൽക്കരണത്തിന് തുടക്കം
ഒക്‌ടോബർ 21: മൂന്നാം ഘട്ട വനിതാവൽക്കരണം പ്രാബല്യത്തിൽ
ഡിസംബർ 3: ജ്വല്ലറി സൗദിവൽക്കരണം പ്രാബല്യത്തിൽ
നവംബർ 14: പൊതുമാപ്പ് അവസാനിച്ചു.






