Sorry, you need to enable JavaScript to visit this website.

പാദരക്ഷയുടെ കഥ  -  പാപ്പാസ് 

ഖത്തറിലെ പ്രവാസികൾ നിർമിച്ച പാപ്പാസ് എന്ന മലയാള ചലച്ചിത്രം ഇന്നലെ ഗുഡ്ഷോ ഒ.ടി.ടി. പ്ലാറ്റ് ഫോമിൽ റിലീസായി. മിന്നും താരങ്ങളുടെ സാന്നിധ്യമില്ലാതിരുന്നിട്ടും ഏതൊരു സാധാരണക്കാരന്റേയും മനസ്സിൽ ഗൃഹാതുര സ്മരണകളുണർത്തുന്ന ഈ ചിത്രം കലയുടെ സാമൂഹിക ധർമം അടയാളപ്പെടുത്തുന്നുവെന്നതാകാം ഏറ്റവും വലിയ സവിശേഷത. കോവിഡിന് മുമ്പ് തന്നെ തിയേറ്ററുകളിൽ റിലീസായെങ്കിലും പല കാരണങ്ങളാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഈ ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ കൂടുതൽ സഹൃദയരിലേക്കെത്തുമെന്നാണ് പിന്നണി പ്രവർത്തകർ കണക്കുകൂട്ടുന്നത്. സിനിമയിൽ നിന്നും ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുമെന്ന നിർമാതാക്കളുടെ നിലപാട് ഏറെ പ്രശംസനീയമാണ്.


ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, ഒപ്പം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തറിൽ രൂപം കൊണ്ട കൂട്ടായ്മയുടെ പ്രതിനിധികളാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. രാം ലീല പ്രൊഡക്ഷൻസിന്റെ ബാനറിൽ ഖത്തർ പ്രവാസികളായ പ്രശാന്തൻ വി.ടി.വി, അഭിലാഷ് പി. നായർ എന്നിവരാണ് നിർമാതാക്കൾ. ഉണ്ണികൃഷ്ണൻ ചടയമംഗലം, മിഥുൻ എം. നായർ, കാലേഷ് മുവാറ്റുപുഴ (അസോസിയേറ്റ് പ്രൊഡ്യൂസർമാർ), ആദർശ് കൂവേരി, സജ്ഞയ് രവീന്ദ്രൻ, മനു അന്നപൂർണ ചേർക്കുന്ന് (എക്സിക്യൂട്ടീവ് പ്രൊഡൂസർമാർ) രഞ്ജിത് പഠവിൽ, ശിവനേശൻ മുരുകൻ ( കോ പ്രൊഡ്യൂസർമാർ) എന്നിവരാണ് ചിത്രത്തിന്റെ സാക്ഷാൽക്കാരം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ഖത്തർ പ്രവാസിയായിരുന്ന സന്തോഷ് കല്ലാറ്റ് ആണ്. ആനുകാലിക പ്രസക്തിയുള്ള അമേച്വർ നാടകങ്ങളുടേയും, ഷോർട്ട് ഫിലിമുകളുടെ രചനയും സംവിധാനവും ചെയ്തിട്ടുള്ള, മഴവിൽ മനോരമയിലെ ജനപ്രീതി നേടിയ 'ഉടൻ പണം' എന്ന പരിപാടിയുടെ സ്‌ക്രിപ്റ്റും ഗവേഷണവും നടത്തുന്ന സന്തോഷ് കല്ലാറ്റ് ഇപ്പോൾ മിഡിൽ ഈസ്റ്റ് സിനിമ കമ്പനിയുടെ മാനേജറാണ്.
കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീക്ക് അഹമ്മദ്, ഡോ. ഗോപാൽ ശങ്കർ, യതീന്ദ്രൻ മാസ്റ്റർ എന്നിവരുടെ വരികൾ യേശുദാസ്, വിജയ് യേശുദാസ്, ഡോ. ഗോപാൽ ശങ്കർ, ശ്രേയ ജയദീപ് എന്നിവർ ആലപിച്ച് മനോഹരമാക്കിയ നാല് ഗാനങ്ങൾ ഈ ചിത്രത്തെ ആകർഷകമാക്കുന്നു. ഖത്തർ പ്രവാസിയായ ഡോ. ഗോപാൽ ശങ്കർ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.


പാപ്പാസ് ചെരുപ്പ് എന്നാണ് അർത്ഥം. ഒരു പക്ഷേ മലയാളി മനപ്പൂർവ്വമല്ലാതെ മറന്നുപോയ ഒരു വാക്ക്. നമ്മൾ പിന്നിട്ട ബാല്യവും, പോയ് മറഞ്ഞ ജീവിതവും, മറന്ന് പോയ മാനുഷ്യരും, ഒപ്പം പിന്തിരിഞ്ഞ് നോക്കുമ്പോൾ കാണുന്ന സത്യമുള്ള, നൻമയുള്ള, ചെറിയ സന്തോഷങ്ങൾ തരുന്ന നിമിഷങ്ങളുടെ, വേദനയുടെ, പശ്ചാത്താപത്തിന്റെ, ജീവിത ഗന്ധിയായ ഒരു സിനിമ. ലോന എന്ന വിളിപ്പേരുള്ള ലോനപ്പന്റെയും അവന്റെ തേഞ്ഞു പഴകിച്ച ഒരു ചെരുപ്പും തമ്മിലുള്ള ബന്ധത്തിന്റെയും കഥയായി പാപ്പാസ് അഭ്രപാളികളിൽ നിറയുമ്പോൾ പലരുടേയും ജീവിതാനുഭവമായി തോന്നാം.
ബാല്യം മുതൽ വാർദ്ധക്യം വരെ മനുഷ്യന്റെ സന്തത സഹചാരിയായ ഒരു വസ്തു. രൂപ മാറ്റങ്ങളും ഉപേക്ഷിക്കപ്പെടലും ഏറ്റുവാങ്ങുന്ന ചെരുപ്പിനും പറയാനുണ്ടായിരിക്കും ഒരു പാട് കഥകൾ. വെറുപ്പിന്റെയും, സന്തോഷത്തിന്റെയും, ദുഃഖത്തിന്റെയും, നഷ്ടപ്പെടലുകളുടെയും, പ്രതികരണങ്ങളുടേയും നീണ്ട അനുഭവങ്ങളുടെ കഥകൾ. ബാല്യത്തിൽ ഒരു ചെരുപ്പിനെ സ്നേഹിച്ച ഒരു കുട്ടിയുടേയും, അത് പകർന്ന് നൽകിയ ആഹ്ലാദത്തിന്റെയും, ഉപേക്ഷിക്കപ്പെടുമ്പോഴുള്ള നിരാശയുടേയും തുടർന്നുള്ള ജീവിതത്തിന്റെയും കഥ ഒരു ചെരുപ്പ് പറയുന്നു. 


ഗ്രാമത്തിലെ മീൻ കച്ചവടക്കാരനായ, ലാസറിന്റെയും ത്രേസ്യയുടേയും മകനായ, ആറാം ക്ലാസ്സിൽ പഠിക്കുന്ന ലോനക്ക് തന്റെ തേഞ്ഞ് പഴകിച്ച ചെരുപ്പിനോട് എന്നും വെറുപ്പാണ്. എവിടേയും, എല്ലായിടത്തും തന്നെ അപഹാസ്യനാക്കുന്ന ഈ ചെരുപ്പ് മാറ്റി ഒരു പുതിയ ചെരുപ്പ് എന്നൊരാഗ്രഹം മദ്യപാനിയായ അപ്പൻ നിവൃത്തിച്ച് കൊടുക്കാത്ത സാഹചര്യത്തിൽ, ജീവിതത്തിലെ ഒരു വലിയ തെറ്റ് ലോന ചെയ്യുന്നു. ലോന ഒരു ചെരുപ്പ് മോഷ്ടിക്കുന്നു. ഇതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും, അതിന്റെ പശ്ചാത്താപങ്ങളും തുടർന്ന് കൊച്ചു ലോനയുടെ ജീവിത ഗതിയിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ്, 1984 കാലഘട്ടത്തിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയിട്ടുള്ള ഈ ചിത്രത്തിന്റെ പ്രമേയം.


പ്രധാന കഥാപ്രാത്രമായ ലോനയെ അവതരിപ്പിക്കുന്നത് ജ്യോതിസ് എന്ന കുട്ടിയാണ്. ഈ സിനിമക്ക് മുൻപ് ഒരു അരങ്ങത്തും അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചിട്ടില്ലാത്ത ജ്യോതിസ്, പാപ്പാസിലെ അഭിനയത്തിലൂടെ മലയാള സിനിമയിൽ വരും കാലങ്ങളിൽ ഏറ്റവും നല്ല അഭിനയ പ്രതിഭക്കുള്ള പ്രേക്ഷക പ്രശംസ നേടിയേക്കും. ജ്യോതിസ് അവതരിപ്പിക്കുന്ന ലോന എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരിയായി മീനു എന്ന വളരെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രമായി മാറുന്നത്, രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കഥകളിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം, പ്രസിദ്ധരായ കലാകാരൻമാരുടെ ഒപ്പം അറുപതോളം വേദികളിൽ കഥകളി അവതരിപ്പിച്ച അസാമാന്യ പ്രതിഭയായ, ലോക റെക്കോർഡിന് അരികിൽ നിൽക്കുന്ന, അഭിനയവും തനിക്ക് വളരെ എളുപ്പത്തിൽ വഴങ്ങും എന്ന് തെളിയിച്ച വിശ്രുത വിജയകുമാറാണ്.


ഹാസ്യവും, സീരിയസ്സ് കഥാപാത്രങ്ങളും മിഴിവോടെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള മിഥുൻ (ചെരുപ്പ് കച്ചവടക്കാരൻ), ഭാവിയുള്ള ഒരു പുതുമുഖ താരമാകും എന്ന പ്രതീക്ഷ നൽകുന്ന അഭിനയ പ്രതിഭ ശിവ (സുരേന്ദ്രൻ മാസ്റ്റർ), റേഡിയോവിലെ നിത്യ ഹരിത ശബ്ദവും, മലയാളത്തിലെ നാടകാചാര്യൻമാരുടെ ഒപ്പം നിരവധി നാടക വേദികളിൽ അരങ്ങിലെത്തിയിട്ടുള്ള, 2016-ലെ ഏറ്റവും നല്ല ഡബ്ബിങ്ങ് ആർടിസ്റ്റിനുള്ള സംസ്ഥാന ഫിലിം അവാർഡ് ജേതാവുമായ എം. തങ്കമണി (ഖദീജുമ്മ), ഒട്ടനവധി സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്ത പരിചയ സമ്പത്തുമായി ദാസ് പെരിന്തൽമണ്ണ (പള്ളിയിലെ അച്ചൻ), ബാംഗ്ലൂരിലെ വ്യവസായ പ്രമുഖനും സിനിമ നിർമ്മാതാവും, അഭിനേതാവുമായ എം.കെ. സോമൻ (സ്‌ക്കൂൾ ഹെഡ്മാസ്റ്റർ), ഫീച്ചർ ഫിലിമിലും ഷോർട്ട് ഫിലിമിലും നിറ സാന്നിധ്യമായി മാറി കൊണ്ടിരിക്കുന്ന ചന്ദ്രൻ പട്ടാമ്പി (റേഷൻ ഷോപ്പ് ഉടമ), തീയറ്റർ നാടക സങ്കൽപ്പങ്ങളുടെ സന്തത സഹചാരിയായും നാടക നടനും, സംവിധായകനുമായ വിഷ്ണു (സൈക്കിൾ റിപ്പയർ), സംസ്ഥാന സ്‌ക്കൂൾ യുവജനോത്സവ വേദികളിൽ മികച്ച നാടകത്തിനുള്ള പുരസ്‌ക്കാരങ്ങൾ നിരവധി തവണ നേടിയ നാടകങ്ങളുടെ സംവിധാനം നിർവഹിച്ചിട്ടുള്ള, ആരോഗ്യ പ്രവർത്തകൻ കൂടിയായ ബിഞ്ചു ജേക്കബ് (വാർഡ് മെമ്പർ), നിരവധി നാടകങ്ങളുടേയും ഷോർട്ട് ഫിലിമുകളുടേയും രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള വിക്ടർ ലൂയി മേരി തുടങ്ങിയവർ  ചിത്രത്തിൽ അഭിനയിക്കുന്നു.


മഴവിൽ മനോരമ ടി.വി. ചാനലിലെ 'മറിമായം' എന്ന പ്രോഗ്രാമിന്റെയും, നിരവധി ഷോർട്ട് ഫിലിമുകളുടേയും, ഓട്ടോർഷ, വിശ്വവിഖ്യാതമായ ജനാല എന്നീ സിനിമകളുടേയും തിരക്കഥാകൃത്തായ ജയരാജ് മിത്ര (ഫാദർ മേനാച്ചേരി) മികച്ച ഒരു കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നു.

Latest News