മധുരശബ്ദവും ആകർഷകമായ പെരുമാറ്റവും കൊണ്ട് ഖത്തറിലെ വേദികൾ കീഴടക്കിയ താരമാണ് മഞ്ജു മനോജ്. ഏത് തരം ഓഡിയൻസിനേയും കയ്യിലെടുക്കാനുള്ള മിടുക്കും അവതരണ ചാരുതയും തന്നെയാകാം കുറഞ്ഞ കാലം കൊണ്ട് ഖത്തറിലെ കലാസാംസ്‌കാരിക വേദികളിലെ ഏറ്റവും പോപ്പുലറായ അവതാരകയായി മഞ്ജുവിനെ മാറ്റിയത്. ചെറുതും വലുതുമായ നിരവധി പരിപാടികൾ അവതരിപ്പിച്ച് വേദികളിൽ നിന്നും വേദികളിലേക്ക് പറന്നുനടക്കുന്ന ഈ ചങ്ങനാശ്ശേരിക്കാരി സ്‌കൂളിൽ പഠിക്കുമ്പോൾ സഭാകമ്പം കൊണ്ട് പ്രസംഗം മറന്ന് പൊട്ടിക്കരഞ്ഞ കിങ്ങിണിക്കുട്ടിയായിരുന്നുവെന്നറിയുമ്പോൾ നാം അത്ഭുതപ്പെടും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തറിൽ നടന്നപ്രധാനപ്പെട്ട മിക്ക പരിപാടികളുടേയും ഭാഗമാവാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായാണ് മഞ്ജു കരുതുന്നത്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് മൃത്യുഞ്ജയന്റേയും സൗദാമിനിയുടേയും സീമന്ത പുത്രിയായ മഞ്ജു പെരുന്ന എൻ.എസ്.എസ്. സ്‌കൂളിലും കോളേജിലുമാണ് പഠിച്ചത്. അധ്യാപകരുടെയൊക്ക സ്നേഹവാൽസല്യങ്ങളേറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചെങ്കിലും വേദികളോട് ഭയമായിരുന്നു. പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ഇംഗ്ളീഷ് പ്രസംഗം മറന്ന് സ്റ്റേജിൽ നിന്നും കരഞ്ഞ് ഇറങ്ങി പോരേണ്ടി വന്നത്. കോളേജ് കാലഘട്ടത്തിൽ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും കലാപരിപാടികളിലോ സാംസ്‌കാരിക പ്രവർത്തനത്തിലോ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷം എം.ബി.എക്ക് ചേർന്നതാണ് മഞ്ജുവിന്റെ വ്യക്തിത്വരൂപീകരണത്തിൽ വഴിത്തിരിവായത്. സ്റ്റേജ് നിയന്ത്രിക്കാനും നല്ലൊരു അവതാരകയാകാനുമൊക്കെ എം.ബി.എ കോഴ്സ് ഏറെ സഹായിച്ചു.

പത്തനംതിട്ട പ്രക്കാനം സ്വദേശി മനോജിനെ ജീവിത പങ്കാളിയായി ലഭിച്ചതിനെ തുടർന്ന് 2008 ൽ ദോഹയിലെത്തിയ മഞ്ജു തികച്ചും യാദൃച്ഛികമായാണ് അവതാരകയായി മാറിയത്. സീനിയർ സിസ്റ്റം എഞ്ചിനീയറായ ഭർത്താവ് ജോലി ചെയ്യുന്ന ബെൽജിയം കമ്പനിയുടെ ഓണാഘോഷത്തോടെയാണ് മഞ്ജു അരങ്ങേറ്റം കുറിച്ചത്. അധികവും ഇംഗ്ലീഷുകാർ മാത്രമുണ്ടായിരുന്ന ഒരു വേദിയിൽ ഓണാഘോഷത്തെ പരിചയപ്പെടുത്തി ലളിതമായ ഇംഗ്ളീഷിൽ പരിപാടി അവതരിപ്പിച്ചാണ് മഞ്ജു അവതരണ രംഗത്ത് ഹരിശ്രീ കുറിച്ചത്.
കോഴിക്കോട് പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡണ്ട് ഗഫൂർ കോഴിക്കോടാണ് ഖത്തർ മലയാളികൾക്ക് മഞ്ജുവിനെ പരിചയപ്പെടുത്തിയത്. കെ.പി.എ.ക്യൂവിന്റെ രണ്ട് മൂന്ന് പൊതുപരിപാടികളിലൂടെ മലയാളി സമൂഹത്തിന്റെ കയ്യടി വാങ്ങിയ മഞ്ജുവിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

തിരുമുറ്റം ഖത്തർ സ്ഥാപകൻ സൈനുദ്ധീൻ വന്നേരിയാണ് തനിക്ക് ഖത്തറിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയത്. കലാസാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തിരുമുറ്റം ഖത്തറിന്റെ എല്ലാ പരിപാടികളുടേയും അവതാരകയാകാൻ അവസരം ലഭിച്ചുവെന്നുമാത്രമല്ല ഒരു കൊച്ചു സഹോദരിയെപ്പോലെയുള്ള കരുതലും പ്രചോദനവും കൊണ്ട് അദ്ദേഹം വല്ലാതെ സ്വാധീനിച്ചു. ക്യൂ ബിസിന്റെ മേധാവി നിഷാദ് ഗുരുവായൂർ, അവതാരകനായ അരുൺ പിള്ള പ്രവീൺ, ഗായകൻ മുത്തു, എൽദോ മാമലശ്ശേരി, അക്ബർ തുടങ്ങിയവരും ഈ രംഗത്ത് നൽകിയ പ്രോൽസാഹനവും പിന്തുണയും അവിസ്മരണീയമാണ്. ഖത്തറിലുണ്ടായിരുന്ന സഹോദരൻ വിപിൻ മൃത്യുഞ്ജയൻ, റഹ്മത് മനോജ്, അനു ശ്രീജിത്ത് എന്നിവരും മഞ്ജുവിന്റെ കലാജീവിതത്തിലെ മറക്കാനാവാത്തവരാണ്. ഇപ്പോൾ സ്റ്റേജ് മാനേജ്മെന്റ് മഞ്ജുവിന് വല്ലാത്തൊരു ഹരമാണ്. കുറേ നല്ല മനുഷ്യരെ കാണാനും അവരുമായും സംവദിക്കാനും അവസരം ലഭിക്കുമെന്ന് മാത്രമല്ല നല്ല സൗഹൃദങ്ങളും ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്നു. പലപ്പോഴും ജീവിതത്തിലെ സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ അവതാരക വേഷം സഹായിക്കാറുണ്ട്. പ്രിയതമൻ മനോജിന്റെ പൂർണ പിന്തുണയാണ് തന്റെ എല്ലാ വിജയങ്ങളുടേയും അടിസ്ഥാനം.

കഴിഞ്ഞ അഞ്ച് വർഷത്തോളമായി തന്റെ കുഞ്ഞുങ്ങളെ വേണ്ട രൂപത്തിൽ പരിചരിക്കുന്ന മേഴ്സി എന്ന ഹൗസ് മെയിഡും എന്റെ കരിയറിൽ മറക്കാനാവില്ല. എന്റെ അഭാവത്തിൽ അവരുടെ കരങ്ങളിൽ കുട്ടികൾ പൂർണസുരക്ഷിതരാണെന്ന ധൈര്യമാണ് മനസ്സമാധാനത്തോടെ പരിപാടികൾ ചെയ്യാൻ സഹായിക്കുന്നത്.
ചിലപ്പോഴെങ്കിലും അവതാരകയുടെ റോൾ വെല്ലുവിളികൾ നിറഞ്ഞതാകും. സംഘാടകർ പൊടുന്നനെ പ്രോഗ്രാമിന്റെ ക്രമം മാറ്റുകയോ അതിഥികളെ മാറ്റുകയോ ഒക്കെ ചെയ്യുമ്പോൾ പ്രയാസപ്പെടുന്നത് അവതാരകരാണ്. പരിപാടി വിചാരിച്ച നിലവാരമില്ലാതെ വരുമ്പോഴും ബുദ്ധിമുട്ടും. എല്ലാ സന്ദർഭങ്ങളേയും പുഞ്ചിരിയോടെ അഭിമുഖീകരിച്ച് പൊതുജനങ്ങളുടെ കയ്യടിവാങ്ങുകയെന്നത് വിചാരിക്കുന്നത്ര എളുപ്പമല്ലെന്നാണ് മഞ്ജുവിന്റെ കാഴ്ചപ്പാട്.
ഖത്തർ മലയാളികൾക്ക് പുതിയ സിനിമകളുടെ പ്രീമിയർ ഷോ നടത്താനും സംവിധായകർ, നടന്മാർ എന്നിവരോടൊപ്പം സമയം ചെലവഴിക്കാനുമൊക്കെയായി രൂപീകൃതമായ ഫൺഡേ ക്ലബ്ബിന്റെ ഉപാധ്യക്ഷയാണ് മഞ്ജു. നേരത്തെ ഏഷ്യാനെറ്റിലും വോയിസ് ഓഫ് കേരളയിലും ഖത്തറിൽ നിന്നുള്ള പരിപാടികൾ അവതരിപ്പിച്ചിരുന്ന മഞ്ജു യുട്യൂബർ എന്ന നിലക്കും സജീവമാണ്. ആദിത്രി, അൻവിത എന്നിവരാണ് മക്കൾ. നല്ല വായനക്കാരായ മക്കൾ ഇംഗ്ലീഷ് ഭാഷയിൽ നല്ല കഴിവും താൽപര്യവുമുള്ളവരാണ്.






