Sorry, you need to enable JavaScript to visit this website.

നഷ്ടസൗഭാഗ്യം

കൈക്കുമ്പിളിൽനിന്നും ഊർന്നുപോയ ജലകണങ്ങൾപോലെയാണ് ഭാഗ്യം ക്രിസ്റ്റഫറിൽനിന്നും അകന്നുപോയത്. ക്രിസ്റ്റഫർ അത്രയൊന്നും പരിചിതനല്ല. ലോഹിതദാസ്, സുന്ദർദാസ് കൂട്ടുകെട്ടിൽ ഒരുക്കിയ സല്ലാപത്തിൽ ക്രിസ്റ്റഫർ പാടിയ ഗാനങ്ങൾ അതേപടി നിലനിർത്തിയിരുന്നെങ്കിൽ ഇന്ന് സംഗീതപ്രേമികളുടെ ഇഷ്ടഗായകനാകുമായിരുന്നു ഇദ്ദേഹം. എന്നാൽ നിയോഗം മറ്റൊന്നായിരുന്നു. താൻ പാടിയ പാട്ടുകൾ പിന്നീട് യേശുദാസിനെക്കൊണ്ട് പാടിക്കുകയായിരുന്നു അണിയറ പ്രവർത്തകർ.
ക്രിസ്റ്റഫറിന് നിരാശയില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒട്ടേറെ ഗാനമേള ട്രൂപ്പുകളുടെ പ്രിയഗായകനെന്നതിലുപരി, തുഷാര എന്ന പേരിൽ സ്വന്തമായി ഒരു ഗാനമേള ട്രൂപ്പുമുണ്ടായിരുന്നു ഈ കൊല്ലത്തുകാരന്. ആ ശബ്ദമികവിൽ ആകൃഷ്ടനായാണ് തിരക്കഥാകൃത്ത് ലോഹിതദാസ് ക്രിസ്റ്റഫറിനെ സല്ലാപത്തിലേയ്ക്ക് പാടാൻ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് പാടുകയും ചെയ്തു. ഫലമോ സംഗീതലോകത്തുനിന്നുതന്നെ അന്യനായി മാറുകയായിരുന്നു ഈ ഗായകൻ.
കാൽനൂറ്റാണ്ടു പിറകിലേയ്ക്ക് നടത്താം. അവിടെ മൈക്കിനു മുന്നിൽ പാടുന്ന വട്ടക്കണ്ണടയിട്ട ഒരു സുന്ദരരൂപം. ''ചന്ദനച്ചോലയിൽ മുങ്ങിനീരാടിയെൻ...''- എന്ന പ്രണയാതുരമായ ഗാനം പാടുകയാണയാൾ. തൊട്ടുപിന്നാലെ ''പൊന്നിൽകുളിച്ചുനിന്നു ചന്ദ്രികാവസന്തവും...''- പാടി.


മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ അന്നുനടന്ന ഗാനചിത്രീകരണം ഓർക്കുമ്പോൾ ക്രിസ്റ്റഫറിന്റെ നെഞ്ചിടിപ്പേറും. പാടിത്തീർത്ത വരികൾക്ക് മറ്റൊരാൾ ആധിപത്യം സ്ഥാപിക്കാനെത്തുക. ഇന്ന് യേശുദാസിന്റെ ശബ്ദത്തിൽ ആ ഗാനം കേൾക്കുമ്പോൾ ക്രിസ്റ്റഫറിന്റെ മനമിടറും. മണിക്കൂറുകൾക്കുള്ളിൽ പാടിപ്പഠിച്ച വരികളും സംഗീതവുമെല്ലാം കൈവിട്ടുപോയതോർത്ത് നെടുവീർപ്പിടാനേ ഈ ഗായകന് കഴിഞ്ഞുള്ളു.
കൊല്ലം ജില്ലയിലെ പട്ടത്താനത്ത് ഫെർണാണ്ടസിന്റെയും ഐറിന്റെയും മകനായി ജനിച്ച ക്രിസ്റ്റഫറിന് സംഗീതം പാരമ്പര്യത്തിന്റെ വരദാനമായിരുന്നു. പാട്ടുകാരനും കഥാപ്രസംഗികനുമെല്ലാമായിരുന്നു അച്ഛൻ. നന്നായി പാടുമായിരുന്ന അമ്മയായിരുന്നു ആദ്യഗുരു. പിന്നീട് തങ്കപ്പൻ ഭാഗവതരിൽനിന്നും സംഗീതം പഠിച്ചു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ബിരുദപഠനം. എട്ടാം വയസ്സു മുതൽ വേദികളിൽ പാടിത്തുടങ്ങിയ ക്രിസ്റ്റഫർ ജവഹർ ബാലഭവനിലൂടെ ആൾ ഇന്ത്യാ റേഡിയോയിലും എത്തി. പ്ലസ് ടു പഠനകാലത്താണ് തുഷാര എന്ന പേരിൽ സ്വന്തമായി ഗാനമേള ട്രൂപ്പുണ്ടാക്കുന്നത്. കൊല്ലം കൊറ്റക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് സ്വന്തമായി ഗാനമേള അവതരിപ്പിക്കാനായിരുന്നു ട്രൂപ്പുണ്ടാക്കിയത്.
തിരുവനന്തപുരം അജന്ത, സിത്താര, ബീറ്റ്‌സ് തുടങ്ങി പത്തോളം ട്രൂപ്പുകളിൽ പാടിയ ക്രിസ്റ്റഫർ കൊച്ചിൻ ഹരിശ്രീ, കലാഭവൻ, മൂവാറ്റുപുഴ ഏയ്ഞ്ചൽ, കോട്ടയം ജനനി, ആലപ്പുഴ ബഌഡയമണ്ട്... തുടങ്ങി നിരവധി ട്രൂപ്പുകളിലായി എണ്ണായിരത്തിലേറെ വേദികളിൽ പാടിത്തകർത്തിട്ടുണ്ട്.  കൊല്ലം ക്രിസ്റ്റഫർ-ലതിക ടീം ഒരുക്കുന്ന ഗാനമേള എന്നു കേൾക്കുമ്പോൾ ശ്രോതാക്കൾ തിങ്ങിനിറഞ്ഞ സമ്പന്നമായ ഒരു ഭൂതകാലമുണ്ടായിരുന്നു ഈ ഗായകന്.


ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്ന ക്രിസ്റ്റഫർ പിന്നീട് ബി ഹൈ ഗ്രേഡും നേടിയിരുന്നു. ആൾ ഇന്ത്യാ റേഡിയോയിൽനിന്നും ദൂരദർശനിലെത്തി. ദൂരദർശനിൽ ഒട്ടേറെ ഗാനങ്ങൾ പാടിയെങ്കിലും വി.സി. ജോർജിന്റെ ''പ്രണയവതീ പ്രാണസഖീ...''- എന്ന ഗാനം വലിയ ഹിറ്റായി. അതുകേട്ടാണ് ലോഹിതദാസിന്റെ മക്കൾ പുതിയ ചിത്രമായ സല്ലാപത്തിൽ ക്രിസ്റ്റഫർ അങ്കിളിനെക്കൊണ്ട് പാടിച്ചൂടെ എന്നു ചോദിച്ചത്. ലോഹിതദാസും സിബി മലയിലും ചേർന്ന് സംവിധായകൻ സുന്ദർദാസിനോട് ക്രിസ്റ്റഫറുമായി ബന്ധപ്പെടാൻ പറഞ്ഞു. അയൽവീട്ടിലെ ഫോണിലൂടെയാണ് ക്രിസ്റ്റഫറിന് ക്ഷണമെത്തുന്നത്. അടുത്ത ദിവസം രാവിലെ ഒറ്റപ്പാലം റെസ്റ്റ്്്് ഹൗസിലെത്താനായിരുന്നു നിർദ്ദേശം. കൊല്ലത്തുനിന്നും വേണാട് എക്‌സ്പ്രസിൽ കയറി ഉച്ചയോടെ ഒറ്റപ്പാലത്തെത്തി. സിബി മലയിലും ലോഹിതദാസും ജോൺസൺ മാഷും കൈതപ്രവുമെല്ലാം മുറിയിലുണ്ട്. ഒന്നുരണ്ടു പാട്ടുകൾ പാടൂ എന്നു പറഞ്ഞത് ജോൺസൺ മാസ്റ്റർ. ''സംഗീതമേ അമരസല്ലാപമേ...'',- ''-ഏഴുസ്വരങ്ങളും...''- എന്നീ പാട്ടുകൾ പാടി. ഇഷ്ടമായതുകൊണ്ടാകാം സല്ലാപത്തിലെ രണ്ടു പാട്ടുകളെഴുതിയ പേപ്പർ കൈതപ്രം ക്രിസ്റ്റഫറിന് നൽകി. ജോൺസൺ മാസ്റ്റർ ഹാർമോണിയത്തിൽ ഈണമിട്ടു. ആ ഈണംകേട്ടാണ് പാട്ട് പഠിച്ചെടുത്തത്. കാസറ്റ്്്  പ്‌ളെയറിൽ പാടി റെക്കോർഡ് ചെയ്തു. അറിയിക്കാം എന്ന് ജോൺസൺ മാസ്റ്റർ പറഞ്ഞു. അടുത്തദിവസം രാവിലെ വീട്ടിലെത്തി. ക്ഷീണം കാരണം ഉറങ്ങിപ്പോയി. അപ്പോഴാണ് അയൽപക്കത്തെ ഫോണിലേക്ക് വീണ്ടും വിളിയെത്തുന്നത്. ഉച്ചയ്ക്കുള്ള മദ്രാസ് മെയിലിൽ കയറി നാളെത്തന്നെയെത്തണം. ടിക്കറ്റെല്ലാം ശരിയാക്കിയിട്ടുണ്ട്.
പെട്ടെന്നു തന്നെ ഒരുങ്ങി അടുത്ത ദിവസം രാവിലെ കോടമ്പാക്കത്തെ സാലിഗ്രാമിലുള്ള എ.വി.എം സ്റ്റുഡിയോയിലെത്തി. ചിത്രത്തിന്റെ പൂജയും റെക്കോർഡിംഗും നടക്കുന്ന ദിനം. എഴുപതോളം വയലിനുകളും മാനുവൽ വൈബ്രോയുമെല്ലാം കൺസോളിലുണ്ടായിരുന്നു. രാജാമണിയായിരുന്നു ഓർക്കസ്ട്ര കണ്ടക്ടർ. ഹമ്മിംഗ് പാടിയ ആൽബി എന്ന പെൺകുട്ടിക്ക് വരികൾ കിട്ടാതെ വന്നു. ക്രിസ്റ്റഫറിനോട് തുടർന്നോളൂ എന്ന് രാജാമണി ആംഗ്യം കാണിച്ചു. പാടിക്കഴിഞ്ഞപ്പോൾ ജോൺസൺ മാസ്റ്റർ വോയ്‌സ് ബൂത്തിലെത്തി കെട്ടിപ്പിടിച്ചത് ഇന്നും ക്രിസ്റ്റഫറിന് മറക്കാനാവില്ല. 
പൊടുന്നനെയായിരുന്നു കാര്യങ്ങൾ കൈവിട്ടുപോയത്. മൂന്നാം ദിവസം യേശുദാസ് എത്തിയിട്ടുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞു. നിർമാതാവായ കിരീടം ഉണ്ണിയും സിബി സാറും ജോൺസൺ മാഷുമെല്ലാം ദാസേട്ടനെ കാണാൻ പോയപ്പോൾ അവരോടൊപ്പം ഞാനുമുണ്ടായിരുന്നു. ദാസേട്ടനെ തൊഴുതു. ഭാവമാറ്റമൊന്നും കാണിക്കാതെ അദ്ദേഹം എന്നോട് ചോദിച്ചത് ''നീ ഇവിടെയും 
വന്നോ. നിന്റെ പേരുള്ള വേറെ ഗായകനുണ്ടോ?''- എന്നായിരുന്നു. ചിത്രത്തിലെ രണ്ടുപാട്ട് ക്രിസ്റ്റഫർ ആണ് പാടുന്നതെന്ന് ജോൺസൺ മാസ്റ്റർ അദ്ദേഹത്തോടു പറഞ്ഞു. അതൊന്നു കേൾക്കണമെന്നായി ദാസേട്ടൻ. സ്റ്റുഡിയോയിലെത്തി പാട്ടു കേട്ടു. ചിത്രത്തിലെ ക്ലാസിക്കലായ ''പാദസ്മരണസുഖം...''- എന്ന ഗാനമായിരുന്നു ദാസേട്ടന് വേണ്ടി മാറ്റിവെച്ചത്. ഉടനെ അദ്ദേഹം ചോദിച്ചത് ഇതിലെ മൂന്നുപാട്ടും ഞാൻ പാടണോ എന്നായിരുന്നു. എല്ലാവരും ഒരു നിമിഷത്തേയ്ക്ക് നിശ്ശബ്ദരായി. നാളെകൂടി ഞാൻ ഇവിടെയുണ്ടാകും. ആലോചിച്ച് പറയൂ എന്നുപറഞ്ഞ് ദാസേട്ടൻ പോയി.
പിന്നീടുണ്ടായ സംഭവങ്ങളൊന്നും ക്രിസ്റ്റഫറിന് അറിയില്ല. നിർമ്മാതാവും സംവിധായകനും സംഗീതസംവിധായകനുമെല്ലാം തിരക്കിട്ട ചർച്ചകൾ. അപ്പോഴേക്കും ഞാൻ വുഡ്‌ലാന്റ്‌സ് ഹോട്ടലിലേയ്ക്ക് താമസം മാറിയിരുന്നു. കൂട്ടിന് ദിലീപും മനോജ് കെ. ജയനും. ഒരാഴ്ച കഴിഞ്ഞുകാണും. ഒരു ദിവസം മനോജ് കെ.ജയനാണ് സിബി സാർ വിളിക്കുന്നുണ്ടെന്നു പറഞ്ഞത്. സിബിസാറിന്റെ മുറിയിലെത്തി. സംഭവം പറയാൻ നിർമാതാവ് ലോഹിസാറിനോടു പറഞ്ഞു. എന്നാൽ ലോഹി സാർ ഒഴിഞ്ഞുമാറി. നിർമ്മാതാവുതന്നെ ഒടുവിൽ പറഞ്ഞു. 
''ഭാഗ്യനിർഭാഗ്യങ്ങളുടെ ലോകമാണ് സിനിമ. ഈ സിനിമയിൽ അഭിനയിക്കുന്നവർ മുഴുവൻ പുതുമുഖങ്ങളാണ്. അങ്ങനെയുള്ള ഒരു ചിത്രത്തിൽ പിന്നണി പാടാൻ യേശുദാസിനെ കിട്ടുക എന്നത് ഭാഗ്യമാണ്. വിഷമം തോന്നരുത്. ഇതിലെ പാട്ടുകളെല്ലാം ദാസേട്ടൻ പാടട്ടെ.'' എന്നു പറഞ്ഞ് മൂവായിരം രൂപ അദ്ദേഹം പോക്കറ്റിലിട്ടുതന്നു. കുറച്ചുദിവസം ഇവിടെ തങ്ങിക്കോളൂ. നാട്ടിൽ പോകുമ്പോൾ പറയണം എന്നും പറഞ്ഞു.
നെഞ്ചിൽ വലിയൊരു ഭാരം കയറ്റി വെച്ച വേദനയായിരുന്നു അപ്പോൾ. സംഭവമറിഞ്ഞ് രാജാമണി പറഞ്ഞു. രണ്ടാഴ്ച  ഇവിടെ തങ്ങുകയാണെങ്കിൽ തെലുങ്കു ചിത്രത്തിൽ അവസരം ഒരുക്കിത്തരാം. അതൊന്നും ചെവികൊള്ളാതെ അടുത്ത ദിവസംതന്നെ നാട്ടിലേയ്ക്കു വണ്ടി കയറി. അമ്മയുടെ അസുഖവും നാട്ടിലേയ്ക്ക് മടങ്ങാൻ പ്രേരണയായി.
മലയാള സിനിമയിലെ പുതുശബ്ദം എന്നു പരിചയപ്പെടുത്തിയവർപോലും പിന്നീട് ആശ്വാസവാക്കുകളുമായെത്തി. ഒരു വർഷം കഴിഞ്ഞ് ലോഹിസാർ ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിൽ ഒരു ഗാനം പാടാൻ അവസരം ലഭിച്ചു. അതൊരു പ്രായശ്ചിത്തമായിരുന്നു. ജോൺസൺ മാസ്റ്റർ ഈണമിട്ട ''തലചായ്ക്കാനൊരു താഴ്‌വാരം....''- എന്ന ഗാനമായിരുന്നു പാടിയത്. കൂടാതെ സുന്ദർദാസ് സംവിധാനം ചെയ്ത കുടമാറ്റം എന്ന ചിത്രത്തിലെ ''നിറനാഴി പൊന്നും പൂവും...''- എന്ന ഗാനത്തിന്റെ ആദ്യ നാലുവരിയും പാടി.
പിന്നീട് സംഗീതസംവിധായകരോടെല്ലാം അവസരം ചോദിക്കാൻപോലും മടിയായി. ആരെ വിശ്വസിക്കും എന്നായി ചിന്ത. ഗാനമേള ട്രൂപ്പുകാരാകട്ടെ പിന്നണിഗായകനല്ലേ. നല്ല പ്രതിഫലം ആവശ്യപ്പെട്ടാലോ എന്നുകരുതി അവരും വിളിക്കാതായി. സത്യത്തിൽ അനുഗ്രഹം ശാപമാകുന്ന അവസ്ഥ. ആരോടും വിലപേശാതെ തരുന്ന പ്രതിഫലം വാങ്ങുക എന്നതായിരുന്നു ശീലം.
മകന്റെ ജനനവും അമ്മയുടെ മരണവുമെല്ലാമായി നാട്ടിൽനിന്നും വിട്ടുനിൽക്കാൻ കഴിയാതായതോടെ സംഗീതരംഗത്തുനിന്നും പിന്മാറിത്തുടങ്ങി. ഒടുവിൽ ഗാനമേള ട്രൂപ്പിൽ കൂടെ പാടിയിരുന്ന സംഗീതയാണ് ബഹ്‌റൈനിലേയ്ക്കുള്ള അവസരം ഒരുക്കിയത്. സംഗീതപരിപാടികളുമായി നാലുമാസത്തോളം അവിടെ കഴിഞ്ഞു. എന്നാൽ കുടുംബപ്രശ്‌നങ്ങൾ കാരണം നാട്ടിലേക്കു മടങ്ങേണ്ടിവന്നു. പിന്നീട് ദുബായിലും അബുദാബിയിലും അജ്മാനിലുമെല്ലാം സംഗീതപരിപാടികളുമായെത്തിയെങ്കിലും കൃത്യമായി പ്രതിഫലം ലഭിക്കാത്തതിനാൽ തിരിച്ചുപോന്നു.
ലോഹിതദാസിന്റെയും ജോൺസൺ മാസ്റ്ററുടെയും ആകസ്മിക വേർപാടും സംഗീതജീവിതത്തിന് തിരിച്ചടിയായി. സംഗീതത്തെ ജീവവായുപോലെ കരുതിയ നല്ല ദിനങ്ങൾ ഇന്നും ക്രിസ്റ്റഫറിന്റെ ഓർമ്മയിലുണ്ട്. ഒട്ടേറെ ക്രിസ്തീയ ആൽബങ്ങൾക്ക് ശബ്ദം പകർന്ന ഈ ഗായകൻ നൂറിലേറെ നാടകങ്ങൾക്കുവേണ്ടിയും പാടിയിട്ടുണ്ട്. കെ.പി.എ.സിയുടെ തുലാഭാരം എന്ന നാടകത്തിന്റെ റീമേക്കിൽ കുമരകം രാജപ്പൻ ഒരുക്കിയ പാട്ടുകൾ പാടിയതും ക്രിസ്റ്റഫറായിരുന്നു.
സംഗീതാധ്യാപകനായി ജീവിതം തള്ളിനീക്കുകയാണ് ക്രിസ്റ്റഫർ ഇപ്പോൾ. സംഗീതാധ്യാപികയായ മണി ടീച്ചറാണ് അവസരം ഒരുക്കിയത്. വീട്ടമ്മയായ ഭാര്യ ദീപ്തിയും ബിരുദധാരിയായ മൂത്ത മകൻ അഭിജിത് ക്രിസ്റ്റഫറും പ്ലസ് ടുകാരനായ അഭിഷേക് ക്രിസ്റ്റഫറും ചേർന്ന് സന്തുഷ്ടമായ ജീവിതം. ക്രിസ്റ്റഫറിന്റെ ഫോൺ നമ്പർ: 9847722011.

Latest News