ദൂരദർശൻ കേന്ദ്രത്തിന്റെ അഡീഷണൽ ഡയരക്ടർ ജനറലായി വിരമിച്ച പ്രസിദ്ധ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനും കാർഷിക ഗവേഷണരംഗത്തെ പ്രതിഭാശാലിയുമായ കെ. കുഞ്ഞിക്കൃഷ്ണൻ തന്റെ ടെലിവിഷൻ ജീവിതത്തിലെ
അനുഭവങ്ങൾ പങ്ക് വെക്കുന്നു.
1984 ഒക്‌ടോബർ 31 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളായിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് മലയാളം ടെലിവിഷൻ പരിപാടികൾ തുടങ്ങാൻ പറ്റുമോ എന്ന് അന്വേഷിച്ച് ഒരു റിപ്പോർട്ട് ഡൽഹിയിൽ ഡയറക്ടർ ജനറലിന് അയക്കാനായി ഞാൻ മദ്രാസിൽ നിന്ന് വന്നിറങ്ങിയ ദിവസം. ദൂരദർശൻ കേന്ദ്രം കഴിയുന്നത്ര നേരത്തെ തുടങ്ങണമെന്ന് ഇന്ത്യാ ഗവൺമെന്റ് വാർത്താവിതരണ മന്ത്രി കാര്യാലയത്തിൽ കേരള മുഖ്യമന്ത്രി കെ. കരുണാകരൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും, അതിനാൽ യഥാർത്ഥ സ്ഥിതിഗതികൾ അദ്ദേഹത്തെയും അറിയിക്കണമെന്നും എനിക്ക് നിർദ്ദേശമുണ്ടായിരുന്നു. പരിപാടികൾ നിർമ്മിക്കുന്നതിനായി ഏഴ് പ്രൊഡ്യൂസർമാരെയും അനുബന്ധ വിഭാഗങ്ങളിൽപ്പെടുന്ന മറ്റ് കുറെ സാങ്കേതിക വിദഗ്ധരെയും നിയമിക്കുകയും (ബോംബെ ദൂരദർശൻ കേന്ദ്രമാണ് അത് ചെയ്തത്) അവർക്ക് ഹ്രസ്വകാല പരിശീലനം നൽകുകയും ചെയ്തിരുന്നു. അവരെല്ലാം രണ്ടോ മൂന്നോ മാസമായി കുടപ്പനക്കുന്നിലെ കെട്ടിടത്തിലെത്തി അലഞ്ഞു നടക്കുകയും ചെയ്യുന്നുണ്ടെന്നും (അവർക്കിരിക്കാനുളള സൗകര്യം പോലുമായിട്ടില്ല) എന്നെ മേലധികാരികൾ അറിയിച്ചിരുന്നു.

വണ്ടിയിറങ്ങി, കേരള സർക്കാരിന്റെ അതിഥി മന്ദിരത്തിലെ മുറിയിൽനിന്ന് കുളിച്ച് വേഷം മാറി, ഞാൻ കുടപ്പനക്കുന്നിലെത്തി ഒരു കിലോവാട്ട് ശേഷിയുളള സംപ്രേഷിണി (ട്രാൻസ്മിറ്റർ) ഡൽഹിയിൽ നിന്നുളള ഹിന്ദി ദേശീയ പരിപാടികൾ റിലെ ചെയ്യുന്നതിനാൽ സ്റ്റേഷൻ എൻജിനീയർ പി.ആർ.എസ് നായരുടെ നേതൃത്വത്തിലുളള കുറെ ഉദ്യോഗസ്ഥൻമാർ കുടപ്പനക്കുന്നിലുണ്ട്. ദൂരദർശൻ കേന്ദ്രത്തിലെ സ്റ്റുഡിയോവിന്റെ സാങ്കേതിക സജ്ജീകരണങ്ങളൊരുക്കുന്നതിന് എൻ.സി.പിളളയുടെ നേതൃത്വത്തിലുളള എൻജിനീയർമാരുടെ ഒരു സംഘവും കുടപ്പനക്കുന്നിലുണ്ട്. മദിരാശിയിൽ നിന്ന് വന്ന എന്നെ വിളിക്കാൻ വന്നത് മുൻപ് അവിടെ എന്റെ പേഴ്‌സനൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന ജനാർദ്ദനൻ പിളളയായിരുന്നു. ഞങ്ങൾ സഞ്ചരിച്ചിരുന്ന ടാക്‌സി കുടപ്പനക്കുന്നിലേക്കുളള കയറ്റം കയറുമ്പോൾ കേടായി.
എന്തോ ഒരശുഭസൂചനയാണതെന്ന് അപ്പോൾ തന്നെ തോന്നി! ഞങ്ങൾ നടന്ന് കയറി. പി.ആർ.എസ്.നായരും പിളളയും എന്നെ സ്വീകരിക്കാനായി ഗേറ്റിൽ തന്നെ കാത്തുനിന്നിരുന്നു. ഞങ്ങൾ ഉളളിൽ കയറിയിരുന്ന ഉടനെ പിളള പറഞ്ഞു: 'ഡൽഹിയിൽനിന്ന് വളരെ ദുഃഖകരമായ വാർത്ത കേട്ടു. ഉറപ്പ് പറയുന്നില്ല, ആരും' എന്താണ് വാർത്തയെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയെ അവരുടെ അംഗരക്ഷകർ വെടിവെച്ചിരിക്കുന്നു. മരിച്ചു കഴിഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത വാർത്ത! ഞങ്ങളെല്ലാം ഞെട്ടലിലാണ്. ഉച്ചസമയം ആകാശവാണി ദുഃഖകരമായ വാർത്ത പ്രക്ഷേപണം ചെയ്തിട്ടില്ല. കാരണം ഔദ്യോഗികമായി മരണം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടില്ല. നടപടികൾ പൂർത്തിയായാലേ പ്രക്ഷേപണം പാടുളളൂ. ഔദ്യോഗിക പ്രഖ്യാപനമില്ലാതെ ദേശീയ നേതാക്കളുടെ മരണവാർത്ത പാടില്ല. ഞങ്ങൾ നിശ്ശബ്ദരായി ദുഃഖത്തോടെ കാത്തിരുന്നു.

ഒരു മണിക്കൂറിന് ശേഷം ഡൽഹിയിൽ നിന്ന് ഫോൺ വന്നു. ഡയറക്ടർ ജനറൽ ശിവശർമ്മയായിരുന്നു വിളിച്ചത്. വിളി എനിക്കായിരുന്നു. തിരുവനന്തപുരത്തു നിന്ന് ഉടനെ മദിരാശിയിലേക്ക് മടങ്ങാനാവുമോ എന്നായിരുന്നു ആദ്യം ചോദിച്ചത്. ഞാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അത് വേണ്ട, തിരുവനന്തപുരത്ത് തന്നെ തുടരൂ എന്നും അവിടെ രണ്ട് പുതിയ ക്യാമറ യൂണിറ്റുകളുണ്ടെന്നും (അക്കാലത്തെ ലോ ബാൽഡ് ഇ.എൻ.ജി ക്യാമറ) അവ പെട്ടെന്ന് തന്നെ പ്രവർത്തന സജ്ജമാക്കി വെക്കണമെന്നും തുടർന്നെന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കാമെന്നും, ബന്ധപ്പെടാവുന്ന ഫോണിനടുത്തു തന്നെയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പുറത്ത് പറയരുതെന്ന കർശന നിർദ്ദേശത്തോടെ വാർത്ത അനൗദ്യോഗികമായി സ്ഥിരീകരിച്ചു.
നവംബർ ഒന്നാം തീയതി ഉച്ചയ്ക്ക് കരുണാകരന്റെ വീട്ടിൽ ചെന്ന് കാണാനായിരുന്നു. മദിരാശിയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് എന്നെ അറിയിച്ചിരുന്നത്. അദ്ദേഹം പക്ഷേ വാർത്ത കേട്ട ഉടനെ തന്നെ ഡൽഹിക്ക് തിരിച്ചിരുന്നു. ഡൽഹിയിൽ നിന്നുളള തുടർ നിർദ്ദേശങ്ങളും കാത്ത് ഞങ്ങൾ മൂന്ന് പേരും സ്റ്റേഷൻ എൻജിനീയറുടെ ഓഫീസിൽ തന്നെ കാത്തിരുന്നു.

വൈകുന്നേരത്തോടെ ക്യാമറ യൂണിറ്റുകൾ രണ്ടും പ്രവർത്തനസജ്ജമാക്കി. അതിനിടയിൽ വാർത്ത കാട്ടുതീ പോലെ പരന്നിരുന്നു. നഗരം നിശ്ചലമായിരുന്നു. ദൂരദർശൻ കേന്ദ്രത്തിന്റെ സംപ്രേഷണിയുടെ ടവർ നിർമ്മാണത്തിലേർപ്പെട്ട ഒരു സർദാർജിയുണ്ടായിരുന്നു. അയാൾ പുറത്തിറങ്ങിയാൽ ജനം കൈകാര്യം ചെയ്യും. ജീവൻ അപകടത്തിലാണെന്നറിഞ്ഞതിനാൽ അയാൾ ഞങ്ങളിരിക്കുന്ന മുറിയിൽ വന്ന് പൊട്ടിക്കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അയാളെ കെട്ടിടത്തിൽ തന്നെ താമസിപ്പിക്കാൻ ഏർപ്പാടുകൾ ചെയതു കൊടുത്തു. അയാളാവണം ആദ്യമായി ദൂരദർശൻ കേന്ദ്രത്തിൽ രാത്രിയിൽ താമസിച്ചയാൾ! രണ്ട് മൂന്ന് ദിവസം സഹപ്രവർത്തകർ കരുതലോടെ അയാളെ രക്ഷിച്ചു.
വളരെ വൈകി, ഡൽഹിയിൽ നിന്ന് നിർദ്ദേശങ്ങൾ വന്നു. മുഖ്യമന്ത്രിയുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും അനുശോചന സന്ദേശങ്ങൾ റെക്കോർഡ് ചെയ്ത് ഡൽഹിയിലെത്തിക്കണം. ടേപ്പുകൾ വിമാന മാർഗം അയക്കാൻ പിറ്റേന്ന് രാവിലെ തന്നെ മന്ത്രിമാരുമായും രാഷ്ട്രീയ നേതാക്കൻമാരുമായി ബന്ധപ്പെട്ട് തുടങ്ങി. ആദ്യം വേണ്ടിയിരുന്നത് ഇ.കെ. നായനാരുടെ സന്ദേശമായിരുന്നു. അദ്ദേഹം മുൻപ് മുഖ്യമന്ത്രിയായിരുന്നപ്പോൾ മദിരാശിയിൽ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഒരു യോഗം നടന്നിരുന്നു. തമിഴ്‌നാട്ടിൽ എം.ജി.രാമചന്ദ്രനും, കർണാടകത്തിൽ രാമകൃഷ്ണ ഹെഗ്‌ഡെയും, ആന്ധ്രപ്രദേശിൽ എൻ.ടി.രാമറാവുമായിരുന്നു മറ്റ് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർ. യോഗത്തിൽ പങ്കെടുത്ത ശേഷം നായനാർ മറ്റ് മന്ത്രിമാരായ ആർ. ബാലകൃഷ്ണപിളള, കെ.എം.മാണി എന്നിവരോടൊപ്പം മദിരാശി ദൂരദർശൻ കേന്ദ്രത്തിൽ വന്നിരുന്നു.

അവരെ ദൂരദർശൻ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതനുസരിച്ച്. അപ്പോഴദ്ദേഹം കുറെയധികം നേരം എന്നോട് സംസാരിക്കുകയും ഞങ്ങളുടെ ഗ്രാമത്തിൽ താമസിച്ച കാര്യം പരാമർശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് എന്റെ വീട്ടുകാരെ അറിയാമായിരുന്നു. കേന്ദ്രത്തിൽ നിന്നിറങ്ങുമ്പോൾ തിരുവനന്തപുരത്ത് വരുമ്പോൾ തന്നെ കണ്ടിരിക്കണമെന്നും ചെറുപ്പത്തിൽ തന്നെ ഈ ജോലിയിൽ കയറിയത് നന്നായി എന്നു പറഞ്ഞ് ആശംസിക്കുകയും ചെയ്തിരുന്നു. അനുശോചനത്തിയായി ബന്ധപ്പെടാൻ എ.കെ.ജി സെന്ററിൽ വിളിക്കാൻ പറഞ്ഞു.
അദ്ദേഹം അവിടെയുണ്ട്, പക്ഷേ, ഫോൺ എടുക്കുന്ന ആൾ എന്തുവന്നാലും അദ്ദേഹവുമായി നേരിട്ട് സംസാരിക്കാനനുവദിക്കുകയില്ല! കാര്യം പറഞ്ഞാൽ താൻ നായനാരെ അറിയിക്കും. അതല്ലാതെ അദ്ദേഹം അങ്ങനെ എല്ലാവരോടും സാംസാരിച്ച് സമയം കളയാറില്ല എന്നും അറിയിച്ചു. അദ്ദേഹത്തിന്റെ സൗകര്യം നോക്കി ഒരു സമയം അനുശോചന സന്ദേശം റെക്കോർഡ് ചെയ്താൽ അതനുസരിച്ച് മറ്റുളളവരെ വിളിക്കാമല്ലോ എന്ന് കരുതിയാണ് സംസാരിക്കാനാവശ്യപ്പെട്ടത്.
തിരുവനന്തപുരത്ത് നിന്ന് ദൂരദർശനു വേണ്ടി റെക്കോർഡിംഗ് നടക്കില്ലെന്നും (അങ്ങനെയൊരു സംഭവമുണ്ടെങ്കിൽ നാട്ടുകാരറിയുമല്ലൊ) ആരോ കളിപ്പിക്കാൻ വിളിക്കുകയാണെന്നുമായിരുന്നു മുരളീധരൻ നായർ കരുതിയത്. തിരിച്ചു വിളിക്കാനൊരു നമ്പർ ചോദിച്ച് അദ്ദേഹം ഫോൺ താഴെവെച്ച് പത്തു മിനിട്ട് കഴിഞ്ഞ് വിളിവന്നു. റെക്കോർഡിംഗിന് നായനാർ വരുന്ന സമയം അറിയിച്ചു. ഞാൻ അദ്ദേഹത്തെ സ്വീകരിച്ച് റെക്കോർഡിംഗിനായി സജ്ജമാക്കിയിരുന്ന പണി നടക്കുന്ന സ്റ്റുഡിയോവിലേക്കു നയിച്ചു. എന്നെ കണ്ട ഉടനെ അദ്ദേഹം ചോദിച്ച്, 'അല്ല, നീയെന്താ ഇവിടെ?' ഞാൻ സാഹചര്യം വിശദീകരിച്ചപ്പോൾ ഉടൻ വന്നു അടുത്തചോദ്യം, 'എന്നിട്ടെന്താ എന്നെ വിളിക്കാത്തത്' ഞാൻ നടന്ന കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ സെക്രട്ടറി മുരളീധരൻ നായർ ഇടയിൽ കയറി ചോദിച്ചു: നിങ്ങൾ തമ്മിൽ 'നേരത്തെ അറിയുമായിരുന്നോ?' അദ്ദേഹത്തിന്റെ മറുപടി' ഇവൻ എനിക്ക് വളരെ വേണ്ടപ്പെട്ടയാളാണ്'. ഇ.എൻ.മുരളീധരൻ നായരുടെ മാസികയായ 'യുഗരശ്മി'യിൽ ഞാൻ ലേഖനങ്ങളെഴുതിരുന്നെങ്കിലും മുരളീധരൻ നായരെ നേരിട്ട് കണ്ടിരുന്നില്ല. പിന്നീട് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. നായനാർ മറ്റൊരാളെ കുറിച്ചും പറഞ്ഞു, 'ആ വാരിയരോടും പറയണം, ഇവൻ വിളിച്ചാൽ കണക്ട് ചെയ്യാൻ'
അനുശോചന സന്ദേശത്തിന്റെ റെക്കോർഡിംഗ് ജീവിതത്തലൊരിക്കലും മറക്കാനാവാത്ത അനുഭവമാണ്. നായനാരെ അത്രയും തരളിതനായി ആരും കണ്ടിട്ടുണ്ടാവില്ല.
താൻ മറ്റ് രണ്ട് മൂന്നു പേരോടൊപ്പം ഇന്ദിരാഗാന്ധിയെ കാണുകയും വളരെ ക്ഷുഭിതനായി ഒച്ചയെടുത്ത് അവരോട് കേന്ദ്രം കേരളത്തെ അവഗണിക്കുന്നതിനെ കുറിച്ചും മുതലാളിത്തത്തിന്റെ ദൂഷ്യത്തെക്കുറിച്ചുമൊക്കെ സംസാരിച്ച കാര്യം പറഞ്ഞു; താൻ ഒച്ചയെടുത്ത് സംസാരിച്ചത് വീണ്ടും ആവർത്തിച്ചു. എല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ, 'മിസ്റ്റർ നായനാർ, ഒരു മിനുട്ട് ഇരിക്കൂ' എന്ന് ഇന്ദിരാഗാന്ധി പറഞ്ഞു. അതു കഴിഞ്ഞ് അവർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റിയും കഴിക്കുന്ന മരുന്നുകളെ പറ്റിയും ചോദിച്ചറിഞ്ഞു.

പിന്നെ കാണുമ്പോഴൊക്കെ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ആരോഗ്യം ശ്രദ്ധിക്കണമെന്നവർ പ്രത്യേകം പറയുമായിരുന്നുവെന്ന് പറയുമ്പോൾ നായനാർ പൊട്ടിക്കരഞ്ഞ് കണ്ണീരൊഴുക്കി. ഇന്ദിരാഗാന്ധിയുടെ മരണത്തിൽ അനുശോചനമറിയിച്ച് പലരും സന്ദേശങ്ങൾ ആ നാളുകളിൽ വരെ പരിമിതമായ സംവിധാനങ്ങളിൽ റെക്കോർഡ് ചെയ്തിരുന്നു. പക്ഷെ നായനാരുടെ ഉളളിൽ തട്ടിയ, ആത്മാർത്ഥമായ അനുശോചനം വേറെയാരിൽ നിന്നും ഉണ്ടായിട്ടില്ല.
ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമായി വന്ന വി.ജി.ജോസഫ് എന്ന പ്രഗത്ഭനായ ക്യാമറാമാനായിരുന്നു റെക്കോർഡിംഗ് നടത്തിയത്.
റെക്കോർഡിംഗ് കഴിഞ്ഞ് നായനാർ പോയിക്കഴിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ഏതാനും ചിലരുമായി ജീവിതത്തിലെ ആ വലിയ അനുഭവത്തിന്റെ വൈകാരിക തീവ്രത അദ്ദേഹം പങ്കുവെച്ചു. ഞങ്ങൾക്കെല്ലാ വർക്കും അതേ വൈകാരികാനുഭവമായിരുന്നു. പിന്നീട് ഇടയ്്‌ക്കൊക്കെ സ്റ്റുഡിയോവിൽ പരിപാടികൾക്കായി മുഖ്യമന്ത്രി നായനാർ വരുമ്പോഴൊക്കെ യുളള നർമ്മം നിറഞ്ഞ പൊട്ടിച്ചിരിയും, ക്ഷോഭം വരുമ്പോൾ ഉച്ചത്തിൽ വർത്തമാനം പറയുന്നതും സ്റ്റുഡിയോവിലുളളവർക്ക് നല്ല അനുഭവമായിരുന്നു. രാഷ്ട്രീയത്തിനപ്പുറമുളള മനുഷ്യത്വം നായനാർ പ്രകടിപ്പിച്ച തോർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ആ വലിയ മനുഷ്യനോടുള്ള ആദരവ് നിറയുന്നു.






