നവജാത ശിശുക്കള്‍ക്ക് ജനന തീയതി മുതല്‍ സൗദി ആശ്രിത ഫീ ബാധകം 

ജിദ്ദ-സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ ആശ്രിതരില്‍നിന്ന് ഈടാക്കുന്ന ലെവി നവജാത ശിശുക്കള്‍ക്ക് ജനന തീയതി മുതല്‍ തന്നെ ബാധകമാണെന്ന് ജവാസാത്ത് അധികൃതര്‍ വിശദീകരിക്കുന്നു. സൗദി അറേബ്യയില്‍ വിദേശികളായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഇഖാമ ഇഷ്യൂ ചെയ്തതു മുതല്‍ ലെവി അടച്ചാല്‍ മതിയെന്ന് കരുതി പലരും ഇഖാമ ഇഷ്യൂ ചെയ്യുന്നത് നീട്ടിവെച്ചിരുന്നു. നവജാത ശിശുകള്‍ക്ക് ഒരു വര്‍ഷത്തിനകം ഇഖാമ ഇഷ്യൂ ചെയ്താല്‍ മതി. 
ലെവി അതിനുശേഷം അടച്ചാല്‍ മതിയാകുമെന്ന് കരുതുന്ന രക്ഷിതാക്കള്‍ക്ക് ഇഖാമക്കായി ജവാസാത്തിനെ സമീപിക്കുമ്പോഴാണ് ജനന തീയതി മുതല്‍ തുക അടക്കേണ്ടതുണ്ടെന്ന് ബോധ്യമാകുന്നത്.
പിതാവിന്റെ ഇഖാമയും നവജാത ശിശുവിന്റെ ജനനതീയതിയും ചേര്‍ത്ത് ജനിച്ചതു മുതലുളള ലെവി അടക്കാന്‍ വിവിധ ബാങ്കുകളിലെ സദാദ് എം.ഒ.ഐ പേയ്‌മെന്റ് സംവിധാനത്തില്‍ സൗകര്യമുണ്ട്. കഴിഞ്ഞ ജൂലൈ മുതല്‍ പ്രതിമാസം 100 റിയാലും ജനുവരി മുതല്‍ 200 റിയാലുമാണ് ആശ്രിത ഫീ. എക്‌സിറ്റ് റീ എന്‍ട്രി, ഇഖാമ പുതുക്കല്‍ തുടങ്ങി ഏതെങ്കിലും സേവനത്തിനായി ജവാസാത്തിനെ സമീപിക്കുന്നതിനു മുമ്പ് ലെവി അടച്ചിരിക്കണമെന്നാണ് വ്യവസ്ഥ.
 

Latest News